Tuesday 11 January 2022 04:24 PM IST : By സ്വന്തം ലേഖകൻ

അമ്മയെത്തി കുഞ്ഞു പുലികളിലൊന്നിനെ കൊണ്ടുപോയി; അടുത്ത പുലിക്കുഞ്ഞിനെയും സമാന രീതിയിൽ കൂട്ടിൽ സൂക്ഷിക്കും, കാത്തിരിപ്പ്

cub-tiger4455 ചിത്രം: ജിൻസ് മൈക്കിൾ, മനോരമ

പാലക്കാട് ധോണി ഉമ്മിനി പപ്പാടിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിൽ ഒരെണ്ണത്തിനെ അമ്മ പുലി കൊണ്ടുപോയതായി  വനംവകുപ്പ്. പുലിക്കുട്ടികളെ കണ്ടെത്തിയ പഴയ വീടിനോട് ചേർന്ന് പുലിക്കെണി സ്ഥാപിച്ച് അതിനുള്ളിൽ രണ്ട് കുട്ടികളെയും ഇന്നലെ രാത്രിയിൽ സൂക്ഷിച്ചിരുന്നു. ഒരെണ്ണത്തിനെ അമ്മ പുലി തന്നെ രാത്രിയിൽ കൊണ്ടുപോയെന്നാണ് വനപാലകർ പറയുന്നത്. 

ഒരാഴ്ച മാത്രം പ്രായമുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് കാട്ടിലേക്ക് തന്നെ അയക്കാനുള്ള സാധ്യത പരിശോധിച്ചത്. പകുതി വിജയിച്ചതിനാൽ ഇന്ന് രാത്രിയിൽ അടുത്ത പുലിക്കുഞ്ഞിനെയും സമാന രീതിയിൽ കൂട്ടിൽ സൂക്ഷിക്കും. ഇത്തവണയും അമ്മ പുലി കുഞ്ഞിനെ തേടിയെത്തുമെന്നാണ് വനപാലകരുടെ കണക്കുകൂട്ടൽ. 

ആനക്കുട്ടിയെ നോക്കിയിട്ടുണ്ട്; പുലിക്കുട്ടികളെ ആദ്യം

പെറ്റുവീണു ദിവസങ്ങൾ മാത്രം പിന്നിട്ട ആനക്കുഞ്ഞുങ്ങളെ നോക്കിയിട്ടുണ്ട്. പക്ഷേ, പുലിക്കുഞ്ഞുങ്ങളെ പരിപാലിക്കാൻ ആദ്യമായാണ് ഒലവക്കോട് റേഞ്ച് ഓഫിസിലെ ജീവനക്കാർക്ക് അവസരം കിട്ടുന്നത്.  ഒരു വലിയ പൂച്ചയുടെ വലുപ്പമുള്ള 2 കുഞ്ഞുങ്ങളും കാർ‍ഡ് ബോർഡ് പെട്ടിയിലാണു കിടപ്പ്. പൂച്ചയുടേതു പോലെത്തന്നെയാണു കരച്ചിലും. പ്രത്യേകമായി തയാറാക്കിയ ദ്രാവക രൂപത്തിലുള്ള മിശ്രിതം കുപ്പിയിലാക്കി നൽകുന്നുണ്ട്. കുട്ടികൾ രണ്ടു പേരും ആരോഗ്യമുള്ളവരാണെങ്കിലും അമ്മയിൽ നിന്നുള്ള പരിചരണം ലഭിക്കില്ലെന്നതിനാൽ അമ്മയ്ക്കൊപ്പം വിടാനുള്ള സാധ്യതകൾ തന്നെയാണു തേടുന്നത്. അണുബാധയുണ്ടാകുമെന്നതിനാൽ കുഞ്ഞുങ്ങളെ കാണാൻ ആരെയും അനുവദിക്കുന്നില്ല. ഡോ. ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണു പരിശോധന. 

palakkad-mother-leopard.jpg.image.845.440

പേടിപ്പെടുത്തും ‘പുലി പെറ്റ വീട്’ 

ഒരു വീട് കാട് ആയതുപോലെ തോന്നും ഉമ്മിനിയിൽ പുലി പെറ്റുകിടന്ന വീടു കാണാൻ. വനം വകുപ്പ് അധികൃതർ പരിസരമാകെ പരതി നോക്കിയെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല. റബർ തോട്ടങ്ങളിലൂടെയാകാം പുലിയുടെ സഞ്ചാരം എന്നാണു പ്രാഥമിക നിഗമനം. ഒന്നരക്കിലോമീറ്റർ അകലെയുള്ള വനത്തിൽനിന്നു റോഡരികിലുള്ള ഈ വീട്ടിലേക്കു പുലി വരാനുള്ള കാരണം അജ്ഞാതമാണ്. കാടു പിടിച്ചതാണെങ്കിലും ചുറ്റും മനുഷ്യസാന്നിധ്യമുള്ള ഈ സ്ഥലം എന്തുകൊണ്ട് സുരക്ഷിതമായി കരുതിയെന്നതും കുഴക്കുന്ന ചോദ്യമാണ്. പ്രദേശത്തുനിന്ന് വളർത്തുമൃഗങ്ങളെ ഇതുവരെ പുലിപിടിച്ചിട്ടില്ല. പ്രദേശത്ത് എന്താണ് പുലിയെ ആകർഷിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

വനംവകുപ്പിന്റെ കാത്തിരിപ്പു തുടരുന്നു

പാലക്കാട് ധോണി ഉമ്മിനി പപ്പാടിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ കണ്ടെത്തിയ പുലിക്കുട്ടികളുടെ അമ്മപ്പുലിയെ തേടി വനംവകുപ്പിന്റെ കാത്തിരിപ്പു തുടരുന്നു. കാടു മൂടിക്കിടക്കുന്ന വീടിന്റെ പരിസരത്തു പലയിടത്തായി ക്യാമറകൾ വച്ചിട്ടുണ്ട്. മണം പിടിച്ചു വരുമെന്നതിനാൽ കുഞ്ഞുങ്ങളുടെ വിസർജ്യമുള്ള തുണി കൂട്ടിൽ നിക്ഷേപിച്ചിരുന്നു. 

Tags:
  • Spotlight