Wednesday 19 December 2018 03:23 PM IST : By സ്വന്തം ലേഖകൻ

കാഴ്ചയില്ല, പെങ്കൊച്ചല്ലേ എന്നുകരുതി ആരും തോണ്ടാൻ വരേണ്ട; ട്രെയിനിൽ യുവാവിന് കിട്ടിയത് ജീവിതകാലം മറക്കില്ല!

blind-girl-train12

മുംബൈ ലോക്കല്‍ ട്രെയിനില്‍ കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. തന്നെ അപമാനിക്കാൻ ശ്രമിച്ചയാളുടെ കൈവിരലുകൾ ഞെരിച്ച് ഒടിച്ചാണ് പെൺകുട്ടി പ്രതികരിച്ചത്. സ്വരക്ഷയ്ക്കായി കരാട്ടെ അടക്കമുള്ള ആയോധന മുറകളിൽ പരിശീലനം നേടിയ 15 വയസ്സുകാരിയാണ് പൂവാലനെ കൈകാര്യം ചെയ്തതോടെ ട്രെയിനിൽ താരമായത്.

രാത്രി 8.15 ഓടെ കല്യാണില്‍ നിന്നും ദാദറിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട് പിതാവിനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള കമ്പാര്‍ട്ടുമെന്റിലായിരുന്നു ഇവരുടെ യാത്ര. 24 വയസ്സുകാരനായ വിശാല്‍ ബലിറാം സിങ് എന്നയാളാണ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്.

പുറകിൽ നിന്നും ആരോ സ്പര്‍ശിക്കുന്നതായി തോന്നിയ പെണ്‍കുട്ടി ഒട്ടും പരിഭ്രമിച്ചില്ല. അവൾ യുവാവിന്റെ കൈവിരലുകളില്‍ കയറിപ്പിടിച്ചു. വിരലുകള്‍ ഞെരിച്ച് ഒടിക്കുന്ന പരുവത്തിലാക്കി. ഇതോടെ വേദനകൊണ്ട് പുളഞ്ഞ യുവാവ് അലറിക്കരഞ്ഞുകൊണ്ട് മുട്ടുകുത്തിയിരുന്നു. എന്നിട്ടും പെണ്‍കുട്ടി പിടിവിട്ടില്ല. തൊട്ടടുത്ത സ്‌റ്റേഷനില്‍ വച്ച് യുവാവിനെ പൊലീസിന് കൈമാറുകയും ചെയ്തു.

പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതിനും, ഭിന്നശേഷിയുള്ളവരുടെ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ചു കയറിയതിനും, ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിനും ഇയാള്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുലന്ദ് സ്വദേശിയായ വിശാൽ ഒരു സ്വകാര്യ സ്ഥാപനത്തില്‍ കംപ്യൂട്ടർ മെക്കാനിക്കാണ്.

ധൈര്യത്തോടെ പ്രതികരിച്ച പെണ്‍കുട്ടിയെ പൊലീസ് അഭിനന്ദിച്ചു. സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായി സ്വയം പ്രതിരോധത്തിന് പെൺകുട്ടികളെ കരാട്ടെ പരിശീലിപ്പിക്കുന്നുണ്ട്. ഇനിയൊരിക്കലും ഇയാൾ ആരോടും ഇത്തരത്തില്‍ പെരുമാറരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്ന് പെണ്‍കുട്ടി പ്രതികരിച്ചു.