Thursday 16 April 2020 02:46 PM IST

നടുന്ന മരങ്ങളുടെ എണ്ണമല്ല, അവയുടെ സംരക്ഷണമാണ് പ്രധാനം ; ‘ട്രീ ഫോർ ലൈഫു’മായി സന്നദ്ധ സംഘടന

Nithin Joseph

Sub Editor

nithin-1

'ഓരോ ദിവസം കഴിയുംതോറും അന്തരീക്ഷത്തിലെ ചൂട് കൂടിക്കൊണ്ടേയിരിക്കുന്നു. പുറത്തേയ്ക്ക് ഇറങ്ങാൻ പോലും പ്രയാസമാണ്. ഇനിയും ചൂട് കൂടിയാൽ ജീവിതം വളരെ പ്രയാസകരമാകും.' അനുദിനം നമ്മളോരോരുത്തരും ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന പരാതിയാണിത്. എന്നാൽ, അതിനെതിരെ എന്തെങ്കിലും ചെയ്യാൻ നമുക്ക് സാധിച്ചോ.? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കൊച്ചിയിലെ "ട്രീ ഫോർ ലൈഫ്" എന്ന സന്നദ്ധ സംഘടന. കാലാവസ്ഥാ വ്യതിയാനത്തിനും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും പ്രധാന കാരണമായ വനനശീകരണം തടയാൻ മരങ്ങൾ വച്ചുപിടിപ്പിക്കുക മാത്രമാണ് ഏക പോംവഴിയെന്ന് മനസിലാക്കിയ ഒരു കൂട്ടം വനിതകൾ ഒത്തുചേർന്ന കഥയാണ് ട്രീ ഫോർ ലൈഫിന്റെ സ്ഥാപകരിലൊരാളായ മഞ്ജു മാത്യുവിന് പറയാനുള്ളത്.

'ഒരു വാട്‌സ്ആപ്പ് വിഡിയോ ആണ് എല്ലാത്തിന്റെയും തുടക്കം എന്ന് പറയാം. ഞാൻ നേരത്തെ മിഡിൽ ഈസ്റ്റിൽ ബാങ്കിങ് മേഖലയിൽ ആയിരുന്നു. കുറച്ച് വർഷങ്ങൾക്കു മുൻപ് നാട്ടിൽ തിരിച്ചെത്തി എം.എസ്.ഡബ്ലൂ പഠിച്ചു. ആ സമയത്ത് ഏതോ സുഹൃത്ത് അയച്ചുതന്ന ഒരു ചെറിയ വിഡിയോ കാണാനിടയായി. 'നിങ്ങളുടെ നാടിനു വേണ്ടി നിങ്ങൾ എന്ത് ചെയ്തു' എന്നൊരു ചോദ്യമാണ് അതിന്റെ തീം. വിഡിയോ കണ്ടതിനു ശേഷം ഞാനും ആലോചിച്ചു, എന്റെ നാടിനു വേണ്ടി ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ.? ഇല്ല എന്നായിരുന്നു എനിക്ക് കിട്ടിയ ഉത്തരം. അങ്ങനെയാണ് ലോകത്തിനു വേണ്ടി എന്നാൽ കഴിയുന്ന എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ വന്നത്.

nithin-2

സമാനചിന്താഗതിക്കാരായ കുറച്ച് ആളുകളുമായി ചേർന്ന് ആലോചിച്ചു. റോസ് പോൾ, ബോബി ആന്റണി, സുമി തോമസ് എന്നീ സുഹൃത്തുക്കൾ കൂടി ചേർന്ന് 2016ലാണ് 'ട്രീ ഫോർ ലൈഫ്' സ്ഥാപിക്കുന്നത്. 2017ൽ രജിസ്റ്റർ ചെയ്തു.

വനനശീകരണം തടയാൻ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനൊപ്പം അതിന്റെ പ്രാധാന്യത്തെക്കുറിച്ച് വരുംതലമുറയ്ക്ക് ബോധവത്കരണം നല്കേണ്ടതും അത്യാവശ്യമായി തോന്നി. അങ്ങനെയാണ് സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചത്. ഓരോ സ്‌കൂളിലും പോയി മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് പറഞ്ഞുകൊടുത്തതിനു ശേഷം കുറച്ച് മരത്തൈകൾ അവിടെ നടും. നട്ട തൈകളെല്ലാം കുട്ടികൾ കൃത്യമായി പ്രതിപാലിക്കുന്നുണ്ടെന്ന് കൃത്യമായ ഇടവേളകളിൽ പോയി അന്വേഷിക്കും. വിവിധ സംഘടനകളുമായി ചേർന്ന് മരത്തൈകൾ വിതരണം ചെയ്യാറുമുണ്ട്.'

പ്രധാനമായും സ്‌കൂളുകളെ കേന്ദ്രീകരിച്ചാണ് ട്രീ ഫോർ ലൈഫിന്റെ പ്രവർത്തനങ്ങൾ. ഇതുവരെ അൻപതിലധികം സ്‌കൂളുകളിൽ ഇവർ ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

'നടുന്ന മരങ്ങളുടെ എണ്ണമല്ല, അവയുടെ സംരക്ഷണമാണ് പ്രധാനം. അതുകൊണ്ട് തന്നെ വെറുതെ വഴിയരികുകളിൽ മരങ്ങൾ നട്ടിട്ട് ആരും സംരക്ഷിക്കാതെ ഉണങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. വഴിയരികിൽ ഞങ്ങൾ മരങ്ങൾ നടാറില്ല. സംരക്ഷിക്കാം എന്ന് ഉറപ്പുള്ള ഇടങ്ങളിൽ മാത്രമേ ചെയ്യാറുള്ളൂ. ഫലവൃക്ഷങ്ങളായ മാവ്, പ്ലാവ്, ചാമ്പ, സപ്പോട്ട, ആത്ത, പോലെയുള്ള മരങ്ങളാണ് കൂടുതലും നടുന്നത്.'

nithin33

ഇതോടൊപ്പം തന്നെ, ഇവർ നേതൃത്വം നൽകുന്ന പുതിയ ശ്രമമാണ് "അർബൻ ഫോറസ്റ്റ്." അഞ്ച് സെന്റ് സ്ഥലത്ത് നിറയെ മരങ്ങൾ നട്ടുപിടിപ്പിച്ച് ചെറിയൊരു വനം നിർമിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഉദയംപേരൂരിലെ വി.ജെ.പി സ്‌കൂളിലാണ് ആദ്യത്തെ അർബൻ ഫോറസ്റ്റ് നിർമിച്ചത്. ഇനിയും ഏറെ മരങ്ങൾ നട്ട് പരിപാലിക്കുന്നതിനൊപ്പം മരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വരുംതലമുറയ്ക്ക് അറിവ് പകരുന്ന ഈ സംഘം ഇന്ന് ഒരുപാട് വളർന്നിരിക്കുന്നു. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നാൽപതോളം വനിതകൾ ഇന്ന് ട്രീ ഫോർ ലൈഫിന്റെ അംഗങ്ങളാണ്.

Tags:
  • Spotlight