Monday 12 July 2021 04:59 PM IST

‘മൂന്നിലൊരു കുഞ്ഞിനെ കളയേണ്ടി വരും’: 21–ാം വയസിൽ ഗർഭിണി: കൺമണികൾക്കായി ദേവികയുടെ ജീവൻമരണ പോരാട്ടം

Binsha Muhammed

devika

‘മൂന്നിലൊരാളെ കളയേണ്ടി വരും ദേവികാ... ഇത്രയും വലിയൊരു റിസ്ക് നിങ്ങളുടെ ഗർഭപാത്രം താങ്ങിയെന്നു വരില്ല. ഇതുമായി മുന്നോട്ടു പോയാൽ ഉണ്ടാകുന്ന കോൺസീക്വൻസസ്...’

സ്കാനിങ്ങ് റിപ്പോർട്ടിൽ കണ്ണുകൾ പായിച്ച് ഡോക്ടർ പറഞ്ഞ വാക്കുകളെ മുഴുമിക്കാൻ ദേവികാ എസ് നായരെന്ന 21കാരി പെണ്ണ് അനുവദിച്ചില്ല. എടുക്കുന്ന തീരുമാനം അതെന്തായാലും ജീവന്റെ വിലയുള്ളതാണെന്ന് മാത്രമറിയാം. വയറ്റിൽ മിടിക്കുന്ന മൂന്ന് ജീവനുകളിലൊന്നിനെ കളഞ്ഞില്ലെങ്കിൽ എന്തും സംഭവിക്കുമെന്ന പ്രവചനം കൺമുന്നിലുണ്ട്. പക്ഷേ വൈദ്യശാസ്ത്രത്തിന്റെ എല്ലാ പ്രവചനങ്ങളേയും കാറ്റിൽപ്പറത്തി ഡോക്ടറുടെ മുഖത്തു നോക്കി തന്റേടത്തോടെ അവളതു പറഞ്ഞു.

‘കുഞ്ഞിനെ കളയാൻ വയ്യ ഡോക്ടറേ... അതിന്റെ പേരിലുള്ള എല്ലാ റിസ്കും ഞാൻ നേരിടും. ഒന്നുകിൽ മൂന്നു പേരെയും എനിക്കു നഷ്ടപ്പെടും.അതല്ലെങ്കിൽ മൂന്നു പേരെയും ഞാന്‍ തന്നെ പ്രസവിക്കും. എനിക്ക് ദൈവം തന്ന നിധികളാണ് മൂന്നുപേരും. അവരിലൊരാളെ തിരികെയെടുത്തു കൊണ്ടുള്ള സേഫ്റ്റി വേണ്ടാ...’

വൈദ്യശാസ്ത്രത്തെ വെല്ലുവിളിക്കുന്നതായിരുന്നില്ല ദേവികയുടെ ആ വാക്കുകൾ. മറിച്ച് ദൈവം തന്ന നിധിയെ തിരികെ എടുക്കുന്നതിലുള്ള ഒരമ്മയുടെ പിടച്ചിലായിരുന്നു അത്. നാമൊന്ന് നമുക്കൊന്ന് എന്ന പൊതുതത്വത്തിൽ നിന്നും ‘കുഞ്ഞുങ്ങളില്ലെങ്കിൽ എന്താ’ എന്ന പൊളിറ്റിക്കൽ കറക്റ്റനസിന്റെ പക്വതയിലേക്ക് നടക്കുന്ന പുതുതലമുറയ്ക്ക് ഈ കഥ പുതുമയല്ലെന്നറിയാം. പക്ഷേ കാത്തിരുന്നു കിട്ടിയ നിധികളെ കണ്ണിലെ കൃഷ്ണമണികളെ പോലെ ഏറ്റുവാങ്ങിയ ഒരമ്മയുടെ നിശ്ചയദാർഢ്യത്തിന്റെ കഥപറയാനുണ്ട് ദേവികയ്ക്ക്. മുൻവിധികളെ അപ്രസക്തമാക്കി ഒറ്റ പ്രസവത്തില്‍ മൂന്നു പേർക്ക് ജന്മം നൽകിയ കഥയും അതിനു വേണ്ടി അനുഭവിച്ച യാതനകളും ഓർക്കുമ്പോൾ ആലപ്പുഴ സ്വദേശിയായ ദേവികയുടെ കണ്ണുനിറയും. വൈഭവിന്റേയും വൈദേഹിന്റേയും വേദാന്തിന്റേയും അമ്മയായ കഥ ഹൃദയത്തിൽ തൊട്ട് ദേവിക ‘വനിത ഓൺലൈനോട്’ പറയുന്നു...

devika-5

നിനച്ചിരുന്നില്ല നിധികളെ

എന്റെയും വിഷ്ണുവേട്ടന്റെയും സംഭവബഹുലമായ പ്രണയം. അതിനു പിന്നാലെ 2019 മാർച്ചിൽ വിവാഹം. പഠിച്ചറങ്ങിയ ഉടൻ തന്നെ വിവാഹം കഴിഞ്ഞു. അന്നെനിക്ക് വയസ് 21. ജീവിതം പഠിച്ചു വരുന്നേയുണ്ടായിരുന്നുള്ളൂ. പുതുമോടിയിൽ ഞങ്ങൾ ഒത്തിരി യാത്ര ചെയ്തു. ഒരുപാട് സ്ഥലങ്ങളിൽ പോയി. അടിച്ചുപൊളിച്ചു നടക്കുന്നതിനിടയിൽ വൈഫിലെ ആ വലിയ നോട്ടിഫിക്കേഷനെത്തി. ഡബിൾ പിങ്ക് ലൈൻ! പ്രെഗ്നെന്റ് ആണെന്നുള്ള അറിയിപ്പ് പ്രെഗ്നനൻസി ടെസ്റ്റ് കിറ്റ് പറയുമ്പോൾ സന്തോഷത്തേക്കാളേറെ സർപ്രൈസ് ആയിരുന്നു. പാരന്റിങ്ങിന്റെ എബിസിഡി പോലുമറിയാത്ത പെണ്ണ് ഗർഭിണിയായിരിക്കുന്നു. പക്ഷേ വലിയ സര്‍പ്രൈസ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. എന്റെ വയറ്റിൽ വളരുന്നത് മൂന്ന് കുഞ്ഞുങ്ങളാണത്രേ.– ദേവിക പറഞ്ഞു തുടങ്ങുകയാണ്.

എന്റെ ടെൻഷനും നെടുവീർപ്പും ഇരട്ടിയാക്കാൻ പോന്ന കമന്റുകളായിരുന്നു ചുറ്റും നിറഞ്ഞത്. മൂന്നു കുഞ്ഞുങ്ങളെ എങ്ങനെ വളർത്തും, എങ്ങനെ പ്രസവിക്കും, ചെലവ് എങ്ങനെ താങ്ങും, പെൺകുട്ടികളാണെങ്കിൽ എന്തു ചെയ്യും?... ശ്വാസം മുട്ടിക്കുന്ന ചോദ്യശരങ്ങൾ അങ്ങനെ നീണ്ടു പോയി. എന്റെ ടെൻഷൻ അതൊന്നുമല്ലായിരുന്നു. ഒറ്റ പ്രസവത്തിലെ മൂന്ന് കുഞ്ഞുങ്ങളുടെ കഥകൾ വാർത്തകളിലും ഇന്റർനെറ്റിലും കണ്ടിട്ടുണ്ട് എന്നല്ലാതെ ഒരു അറിവുമില്ല. കുഞ്ഞിനെ എടുത്തു പോലും ശീലമില്ലാത്ത ഞാൻ എങ്ങനെ ഈ സ്റ്റേജിനെ ഫെയ്സ് ചെയ്യുമെന്നായി. പക്ഷേ വിഷ്ണുവേട്ടൻ എനിക്ക് ധൈര്യം തന്നു. ദൈവം തന്ന നിധികളെ വളർത്തുക തന്നെ ചെയ്യുമെന്ന് ഉറച്ച തീരുമാനമെടുത്തു. ഖത്തറിലെ ജോലിക്ക് അവധി നൽകി വിഷ്ണുവേട്ടൻ എനിക്കൊപ്പം നിന്ന നാളുകൾ മറക്കില്ല.

ഞാനും മാനസികമായി തയ്യാറെടുക്കുകയായിരുന്നു. അപ്രതീക്ഷിതമെങ്കിലും കിട്ടിയ നിധികൾ. അവരെ പ്രസവിക്കും, പരിഹാസിക്കുന്നവരുടെയും ചോദ്യശരങ്ങൾ എറിയുന്നവരുടേയും മുന്നിൽ തന്നെ അന്തസായി വളർത്തുമെന്നും ഉറപ്പിച്ചു. ടെസ്റ്റുകളും പരിശോധനകളുടേയും നാളുകളായിരുന്നു പിന്നീട്. ഏറെ പ്രതീക്ഷയോടെയുള്ള യാത്രയിൽ മറ്റൊരു തടസം കൂടി മുന്നിൽവന്നു. ഞങ്ങളുടെ കാത്തിരിപ്പിനെയും പ്രതീക്ഷകളെയുമാകെ തല്ലിക്കെടുത്തുന്ന ടെസ്റ്റ് റിസൾട്ട്....!

devika-2

മൂന്നിലൊരാൾ റിസ്ക്

ചെക്കപ്പും സ്കാനിങ്ങുമൊക്കെ റെഗുലർ ആയി നടക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് ഡോക്ടറുടെ അറിയിപ്പെത്തിയത്. എന്റെ യൂട്രസിന് മൂന്ന് കുഞ്ഞുങ്ങളേയും താങ്ങാനുള്ള ശേഷി ഇല്ലെന്നായിരുന്നു ടെസ്റ്റ് റിസൾട്ട്. മാത്രമല്ല എന്റെ പിസിഒഡിയും ഈ റിസ്ക് ഫാക്റ്റർ കൂട്ടുന്നുണ്ടത്രേ. അതിന് പരിഹാരമായി അവർ പറഞ്ഞത് മൂന്നിലൊരു കുഞ്ഞിനെ കളയണമെന്നാണ്. മൾട്ടി ഫേറ്റൽ പ്രെഗ്നന്‍സി റിഡക്ഷൻ എന്നാണ് അതിന് വൈദ്യശാസ്ത്രം നൽകുന്ന പേര്. ഉദരത്തിലുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യനില, ഹാർട്ട് ബീറ്റ്, ഗർഭിണികളുടെ സുരക്ഷ എന്നിവ പരിഗണിച്ചായിരിക്കും ഒരു കുഞ്ഞിനെ കളയുന്നത്. അതായത് മൂന്ന് കുഞ്ഞുങ്ങളിൽ ആരോഗ്യം ഏറ്റവും കുറവായ, ഹാർട്ട് ബീറ്റ് കുറവുള്ള, കുഞ്ഞുങ്ങളെയായിരിക്കും അവർ ഒഴിവാക്കുന്നത്.

എന്റെ കാര്യത്തിലും അങ്ങനെയൊരു ഓപ്ഷൻ വന്നു. ഗർഭപാത്രം കുഞ്ഞിനെ താങ്ങാതെ വരുമ്പോഴുള്ള പെട്ടെന്നുള്ള പ്രസവം ഉൾപ്പെടെയുള്ള കോൺസീക്വൻസസ് ഡോക്ടര്‌‍ പറഞ്ഞു മനസിലാക്കി. പക്ഷേ എന്റെ തീരുമാനം മറിച്ചായിരുന്നു. മൂന്നിലൊരാളെ ഉപേക്ഷിക്കാനുള്ള തീരുമാനം അമ്മയെന്ന നിലയിൽ എന്നെ കൊല്ലുന്നതിന് സമമായിരുന്നു. എന്റെ തീരുമാനം ഞാൻ ഡോക്ടറെ അറിയിച്ചു. മൂന്നു പേരുടെയും അമ്മയാകുക എന്നതാണ് തന്റെ തീരുമാനമെന്ന് ഡോക്ടറെ അറിയിച്ചു. വലിയൊരു റിസ്കാണ് എടുക്കുന്നതെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പിനെ ബഹുമാനിച്ചു കൊണ്ടു തന്നെ ഞാൻ മുന്നോട്ടു പോയി. അതിനു വേണ്ടി ശാരീരികമായും മാനസികമായും തയ്യാറെടുത്തു.

എല്ലാം എന്റെ കുഞ്ഞുങ്ങൾക്കു വേണ്ടി

ഓരോ രണ്ടു മാസത്തിലും സ്കാനിങ്ങ്, ടെസ്റ്റുകൾ എല്ലാം എന്റെ ശരീരത്തിൽ കയറിയിറങ്ങി. എല്ലാം ആഴ്ചയിലും ഒരു ഇഞ്ചക്ഷനുണ്ട്. ഗർഭധാരണം സുരക്ഷിതമാക്കാൻ വേണ്ടിയുള്ള ആ ഇഞ്ചക്ഷൻ എട്ടാം മാസം വരെ തുടർന്നു. ഫ്ലൂയിഡ് പൊട്ടി പുറത്തേക്ക് ഒലിക്കാനുള്ള സാധ്യതയായിരുന്നു മറ്റൊരു റിസ്ക് ഫാക്ടർ. ഒന്നിലധികം കുഞ്ഞുങ്ങളെ ഗർഭം ധരിക്കുമ്പോൾ ഗർഭപാത്രം താങ്ങാതെ മാസം തികയാതെ പ്രവസം സംഭവിച്ചിട്ടുണ്ടത്രേ. അതൊരു പേടിപ്പിക്കുന്നമുന്നറിയിപ്പായിരുന്നു എനിക്ക്. മാസം തികയാതെയുള്ള പ്രസവവും ഫ്ലൂയിഡിന്റെ പ്രശ്നവും മുന്നിൽ കണ്ട് സെർവിക്സ് സ്റ്റിച്ച് ചെയ്തു. അന്നൊക്കെ ഞാൻ അനുഭവിച്ചത് മരണതുല്യമായ വേദനയാണ്. അമിതമായ ബ്ലീഡിങ് ആയിരുന്നു മറ്റൊരു പ്രശ്നം. കാലിൽ നീരുകയറി ശാരീരികബുദ്ധിമുട്ടുകളും പേറി ഞാൻ കടന്നുപോയ നാളുകൾ ഓർക്കാൻ പോലും പേടിയാണ്. ഓരോ ദിവസത്തെ വേദനകൾക്കും ബുദ്ധിമുട്ടുകൾക്കും ഒരായുസിന്റെ ദൈർഘ്യമുണ്ടെന്ന് തോന്നിപ്പോകും. അത്രയും ഞാൻ അനുഭവിച്ചു. എല്ലാം കുഞ്ഞുങ്ങൾക്കു വേണ്ടി...

devika-1

അങ്ങനെ കാത്തിരുന്ന ദിവസമെത്തി. എട്ടാം മാസത്തിലെ ഒരു രാത്രി വാട്ടർ ലീക്കായി തുടങ്ങി. പതിയെ പതിയെ വേദനകളും അരിച്ചിറങ്ങി. ഉടൻ ആശുപത്രിയിലെത്തിയെങ്കിലും ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വന്നു. വയറ്റിലുള്ള കുഞ്ഞിനു വേണ്ടിയുള്ള ഇഞ്ചക്ഷൻ ഉൾപ്പെടെയുള്ള പ്രാരംഭ നടപടി ക്രമങ്ങൾ ആദ്യമേ നടന്നു. സിസേറിയൻ ആണ് സംഭവിക്കുക എന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. അതിനു വേണ്ടി ഞാൻ പ്രിപ്പയറും ആയിരുന്നു. പിറ്റേന്ന്, അതായത് മാർച്ച് 23ന് ജീവൻമരണ പോരാട്ടത്തിനൊടുവിൽ, വേദനയുടെ തീച്ചൂളകൾ താണ്ടി എന്റെ കൺമണികൾക്ക് ഞാൻ ജന്മം നൽകി. സംശയിക്കേണ്ട മൂന്നു പേരും ഇങ്ങു പോന്നു. എല്ലാ പ്രവചനങ്ങളേയും അസ്ഥാനത്താക്കി. പക്ഷേ അവരെ കാണാനുള്ള എന്റെ കാത്തിരിപ്പ് കുറച്ചു നാളുകൾ കൂടി നീണ്ടു.

ഒരു കൈപ്പത്തിയുടെ അത്രയും പോലും വലുപ്പമില്ലാതെയാണ് അവരെ കിട്ടിയത്. ഭാരക്കുറവ് തന്നെയായിരുന്നു പ്രശ്നം. മൂന്നുപേരും യഥാക്രമം, 1.700, 1.500, 1.600 കി.ഗ്രാം വീതമാണ് ഉണ്ടായിരുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടു തന്നെ അവരെ ഒരുനോക്കും കാണാനോ പാലൂട്ടാനോ പോലും കഴിഞ്ഞില്ല. കാണാതായപ്പോഴൊക്കെ അവരെ എനിക്ക് കിട്ടില്ലേ എന്ന പഴയ പേടി എന്നെ പിടികൂടി. ജനിച്ച് 18 ദിവസം അവർ എൻഐസിയുവിലായിരുന്നു.കാണാൻ കൊതിച്ചപ്പോഴൊക്കെ കാത്തിരിക്കാൻ അറിയിപ്പെത്തി. മറ്റൊരു ടെൻഷനെന്തെന്നാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഞങ്ങൾക്ക് മൂന്ന് കുഞ്ഞുങ്ങൾക്കും ഈടാക്കുന്ന ഐസിയു ചാർജ് താങ്ങാനുള്ള ശേഷിയില്ലായിരുന്നു. നിൽക്കക്കള്ളിയില്ലാതെ കടം മേടിച്ചാണ് അന്ന് പ്രശ്നത്തെ അതിജീവിച്ചത്. ഒടുവിൽ കൺകൊതിച്ച്... കൊതിച്ച്.. എന്റെ കൺമണികളെ കയ്യിൽ കിട്ടി. ഏതൊരമ്മയും കൊതിക്കുന്ന നിമിഷം. 18 ദിവസത്തിനു ശേഷം എന്റെ കുഞ്ഞുങ്ങള്‍ എന്റെ കൈകളിലേക്ക്... അവരെ മതിയാവോളം പാലൂട്ടി, ലാളിച്ചു, കൊഞ്ചിച്ചു. അതിലും വലിയൊരു മൊമന്റ് എന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല...

വൈഭവ്, വേദേഹ്, വേദാന്ത് എന്നിങ്ങനെയാണ് അവർക്കു പേരുകണ്ടത്. എന്റെയും വിഷ്ണുവേട്ടന്റെയും സ്നേഹപരിലാളനമേറ്റ് അവർ ഞങ്ങളുടെ വീട്ടിൽ വളരുമ്പോൾ പരിഹസിച്ചവർ ഡയലോഗ് അൽപം മാറ്റിപ്പിടിച്ചിട്ടുണ്ട്. ആണുങ്ങളല്ലേ... അതുകൊണ്ട് അൽപം ആശ്വസിക്കാം. ആണായാലെന്താ പെണ്ണായാലെന്താ എല്ലാം ദൈവം തരുന്ന നിധികളല്ലേ എന്ന് ‍ഞാനവരോട് തിരിച്ചു ചോദിക്കും– ദേവിക പറഞ്ഞു നിർത്തി.