Friday 05 October 2018 04:25 PM IST : By സ്വന്തം ലേഖകൻ

കു​ഞ്ഞു ‘ബാലഭാസ്കർ’ പിറന്നു; അമ്മത്തൊട്ടിലിൽ, ബാലു ഓർമയായ അതേ ദിവസം

baby-hold Representative Image

താരാട്ടിന്റെ ഈണങ്ങളും തീരാത്ത നൊമ്പരങ്ങളും ബാക്കിവച്ച് വയലിൻ വിസ്മയം ബാലഭാസ്കർ ഓർമയായ രാത്രിയിൽ ഒമ്പതു മണിയോടെ തിരുവനന്തപുരം അമ്മത്തൊട്ടിലിലെ മണികൾ കിലുങ്ങി. പുതിയ അതിഥിയെത്തിയിരിക്കുന്നു! കഷ്ടിച്ചു മൂന്നു ദിവസം പ്രായമുള്ള വാൽസല്യം തുടിക്കുന്ന ആൺകുഞ്ഞ്.

അവനെ എന്തു പേരു വിളിക്കണമെന്ന കാര്യത്തിൽ ശിശുക്ഷേമ സമിതി ഭാരവാഹികൾക്കു തെല്ലുപോലും ആലോചിക്കേണ്ടി വന്നില്ല: ‘ബാലഭാസ്കർ..!’ സമിതി ജന.സെക്രട്ടറി എസ്.പി. ദീപക് അവനെ കൈയിലെടുത്തു ലാളിച്ചു പേരുവിളിച്ചു. ഒരുപക്ഷേ, ബാലു ജീവിതത്തോട് വിട പറഞ്ഞ അന്നാകാം ഈ കുരുന്ന് ജീവിതത്തിലേക്കു പിറന്നു വീണത്. ബാലഭാസ്കറിന്റെ സുഹൃത്തും സംഗീതത്തിന്റെ വിസ്മയ പടവുകളിലേക്ക് ബാലു കയറിപ്പോയ യൂണിവേഴ്സിറ്റി കോളജിലെ മുൻ ചെയർമാനും കൂടിയാണു ദീപക്.

അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 251–ാമത്തെ കുട്ടിയാണു ‘ബാലഭാസ്കർ.’ 126–ാമത്തെ ആൺകുഞ്ഞും. തിരുവനന്തപുരം, മലപ്പുറം എന്നീ ദത്തെടുക്കൽ കേന്ദ്രങ്ങളിലായി നിലവിൽ 108 കുരുന്നുകൾ പരിചരണത്തിലുണ്ട്. പുതിയ അതിഥിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ ഈ കുഞ്ഞിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ ശിശുക്ഷേമസമിതിയുമായി ബന്ധപ്പെണമെന്ന് അധികൃതർ അറിയിച്ചു.