Thursday 04 January 2024 10:05 AM IST : By സ്വന്തം ലേഖകൻ

‘പൊലീസ് സ്വാധീനത്തിന് വഴങ്ങി പ്രതികളെ പിടികൂടിയില്ല’; ഷെഹ്നയുടെ മരണം, കുഞ്ഞിനേയും കൊണ്ട് സമരത്തിനിറങ്ങേണ്ട ഗതികേടില്‍ കുടുംബം

shehna-demise

തിരുവനന്തപുരം തിരുവല്ലത്ത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഷെഹ്ന ആത്മഹത്യ ചെയ്ത കേസില്‍ പൊലീസിനെതിരെ കുടുംബം. സ്വാധീനത്തിന് വഴങ്ങിയാണ് പ്രതികളെ പിടികൂടാത്തതെന്ന് മാതാപിതാക്കള്‍. പ്രതികളെ സഹായിച്ച പൊലീസുകാരനെതിരായ നടപടിയില്ല. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ പ്രതികളെ പിടിച്ചില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം തുടങ്ങുമെന്നും മാതാപിതാക്കള്‍ പറഞ്ഞു. 

ഈ പീഡനങ്ങള്‍ക്കെല്ലാം ഒടുവിലാണ് 23 വയസുകാരിയും രണ്ട് വയസുകാരന്റെ അമ്മയുമായ ഷെഹ്ന ഒരു മുഴം കയറില്‍ ജീവനൊടുക്കിയത്. ഭര്‍തൃവീട്ടില്‍ അനുഭവിച്ച ദുരവസ്ഥയ്ക്ക് തെളിവായി മുറിപ്പാടുകള്‍ ഷെഹ്നയുടെ ദേഹത്തുണ്ട്. ഭര്‍ത്താവ് നൗഫലും ഭര്‍തൃമാതാവ് സുനിതയും ആത്മഹത്യാ പ്രേരണാക്കേസില്‍ പ്രതിയായിട്ട് 8 ദിവസം കഴിഞ്ഞെങ്കിലും പിടികൂടിയിട്ടില്ല. 

കടയ്ക്കല്‍ സ്റ്റേഷനിലെ സിപിഒ നവാസ് അന്വേഷണ വിവരം ചോര്‍ത്തി നല്‍കിയാണ് പ്രതികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് ഒളിവില്‍ പോയത്. നടപടിയെടുക്കാതെ ആ പൊലീസുകാരനെയും സംരക്ഷിക്കുന്നതോടെ മരണത്തിന്റെ കണ്ണീരുണങ്ങും മുന്‍പ് അമ്മയില്ലാതായ കുഞ്ഞിനേയുംകൊണ്ട് സമരത്തിനിറങ്ങേണ്ട ഗതികേടിലാണ് കുടുംബം. പ്രതികള്‍ക്കായി തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ അന്വേഷണം തുടരുന്നൂവെന്നാണ് പൊലീസിന്റെ വിശദീകരണം.

Tags:
  • Spotlight