Thursday 04 April 2024 11:21 AM IST : By സ്വന്തം ലേഖകൻ

രണ്ടു വയസ്സുകാരന്‍ 20 അടി താഴ്ചയിലുള്ള കുഴല്‍ക്കിണറില്‍ വീണു; കാലുകള്‍ അനങ്ങുന്ന ദൃശ്യങ്ങള്‍, 12 മണിക്കൂറായി രക്ഷാപ്രവര്‍ത്തനം

borewell.jpg.image.845.440

കര്‍ണാടകയില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ടു വയസ്സുകാരന്‍. ലചയാന്‍ ഗ്രാമത്തില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. 12 മണിക്കൂറോളമായി കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഏകദേശം ഇരുപതടി താഴ്ചയിലാണ് കുഞ്ഞുള്ളതെന്നാണ് വിവരം. വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു മൂടിയില്ലാത്ത കുഴല്‍ക്കിണറിലേക്ക് കുഞ്ഞ് വീണതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. 

ഇന്നലെ വൈകുന്നേരം ആറരയോടെ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍, താലൂക്കിലെയും പഞ്ചായത്തിലെയും ഉദ്യോഗസ്ഥര്‍, അഗ്നിരക്ഷാസേന, ആംബുലന്‍സ് അടക്കമുള്ള സേവനം തുടങ്ങി സര്‍വ സന്നാഹമായിട്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. കുഞ്ഞിനെ പുറത്തെടുക്കാനായി എല്ലാവിധത്തിലും ശ്രമങ്ങള്‍ നടന്നുവരുന്നതായി അഗ്നിരക്ഷാസേന അറിയിച്ചു. 

കുഴല്‍ക്കിണറിനുള്ളില്‍ നിന്ന് കുഞ്ഞിന്റെ കാലുകള്‍ അനങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കുഞ്ഞിന് ശ്വസിക്കാനാവശ്യമായ ഓക്സിജന്‍ പൈപ്പ് വഴി കുഴല്‍ക്കിണറ്റിലേക്ക് നല്‍കുന്നുണ്ട്. സമീപത്ത് തന്നെ മറ്റൊരു കുഴി കുഴിച്ച് തുരങ്കം നിര്‍മിച്ച് കുഞ്ഞിനെ പുറത്തെടുക്കാനാണ് ശ്രമം. അഞ്ചടിയുള്ള തുരങ്കമാണ് നിര്‍മിക്കുന്നത്. എന്നാല്‍ മണ്ണുകുഴിക്കുമ്പോള്‍ പാറയും കല്ലും പോലുള്ളവ തടയുന്നത് വെല്ലുവിളിയാണ്. ഇതിനായി വിദ്ഗധരായവരെ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്നാണ് വിവരം. 

അടിയന്തരമായി രക്ഷാപ്രവര്‍ത്തനം നടത്തി എത്രയും പെട്ടെന്ന് കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടന്നുവരികയാണെന്നും അതിനുവേണ്ട നിര്‍ദേശങ്ങള്‍ താന്‍ നല്‍കിയിട്ടുണ്ടെന്നും കര്‍ണാടക മന്ത്രി എം.ബി പാട്ടില്‍ വ്യക്തമാക്കി. കുഞ്ഞിനെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തി മാതാപിതാക്കള്‍ക്ക് അരികിലെത്തിക്കാനാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:
  • Spotlight