Friday 21 September 2018 02:37 PM IST

ഇത് അൺലിമിറ്റഡ് കുട്ടിക്കുറുമ്പ്! മലയാളികളുടെ മനം കവർന്ന അൽസാബിത്തും ശിവാനിയും

Lakshmi Premkumar

Sub Editor

uppum_mulakum5
ഫോട്ടോ: സരിൻ രാംദാസ്

ശിവാനീ... ഒന്ന് വേഗം വാ... ഇവൾ അല്ലേലും ഇങ്ങനെയാ. കുറച്ച് ഒരുക്കം കൂടുതലാ... ഒരുപാട് കാര്യങ്ങൾ കുഞ്ഞ് തലയിലൂടെ പുകച്ചു കൊണ്ട് കേശു ആകെ ടെൻഷനിലാണ്. ഇന്റർവ്യൂ കഴിഞ്ഞ് ഫോട്ടോ എടുക്കാനുള്ളതാ. നല്ല മഴക്കാറുണ്ട്. മഴ പെ യ്യുമോ ആവോ. അതിനിടയിലാണ് അവൾടെ ഒരു മേക്കപ്പ്.

കേശു... പെൺകുട്ട്യോളായാൽ അൽപം ഒരുങ്ങുവൊക്കെ ചെയ്യും. അതിന് ഇങ്ങനെ ബഹളം വെക്കേണ്ട ഒരു കാര്യോം ഇല്ല. അല്ല, പിന്നെ. (മഞ്ഞയും വെള്ളയും നിറത്തിലുള്ള ഉടുപ്പിട്ട് കണ്ണെഴുതി, പൊട്ട് തൊട്ട്, ലിപ്സ്റ്റിക്കിട്ട് ദാ.. ശിവാനിയെത്തി. )

ഇത് അൽസാബിത്തും ശിവാനിയും. ‘ഉപ്പും മുളകും’ എന്ന സീരിയലിലൂടെ മലയാളികളുടെ മനം കവർന്ന കുഞ്ഞ് പ്രതിഭകൾ. ഇതിൽ ആരാണ് ഉപ്പ്, ആരാണ് മുളക് എന്ന് ചോദിച്ചാൽ ഒന്ന് ആലോചിക്കേണ്ടി വരും കുട്ടിത്തവും വികൃതിയും വലിയ വർത്തമാനങ്ങളുമായി രണ്ടുപേരും തകർക്കുകയാണ്. ഇടയ്ക്ക് കുസൃതിയുടെ കൂട്ടുള്ള തമാശകളും. ശിവാനിയുടെ മുടി കെട്ടിയിരിക്കുന്ന സ്റ്റൈലിലാണ് അൽസാബിത്തിന്റെ നോട്ടം

അൽസാബിത്ത്: ആഹാ, നീ ഇന്ന് തലമുടി രണ്ടായിട്ടേ കെട്ടിയുള്ളോ? സാധാരണ ഇവൾ ഈ കുഞ്ഞിത്തലയിൽ ആറേഴ് ‘മുടിഗോപുര’മൊക്കെ പണിത് വെക്കാറുണ്ട്. കണ്ടോ ഈ മുന്നിലെ കുഞ്ഞിമുടി വരെ കെട്ടി വയ്ക്കും.

(ശിവാനിയുടെ മുന്നിൽ വെട്ടിയിട്ടിരിക്കുന്ന മുടി പിടിക്കാൻ നോക്കുന്ന അല്‍സാബിത്തിന്റെ കൈ ശിവാനി തട്ടി മാറ്റുന്നു. )

ശിവാനി : കേശൂ നീ വേണങ്കിൽ പോയി കുറച്ച് പൗഡർ ഇട്ടിട്ട് വന്നോ. എന്റെ ഗ്ലാമറിനൊപ്പം പിടിച്ചു നിക്കേണ്ടേ ?

അൽസാബിത്ത് : കേരളത്തിലെ ആൺപിള്ളാർക്ക് എന്തിനാടീ ഗ്ലാമർർർ....

പഠനവും അഭിനയവും

uppum_mulakum02

ശിവാനി : ലേഡീസ് ഫസ്റ്റ്. ഞാൻ ആദ്യം പറയാം ഉത്തരം

അൽസാബിത്ത്: ഒന്നുവല്ലേല്ലും ഞാൻ നിന്റെ ചേട്ടനല്ലേടീ... ഞാൻ പറയട്ടെ?

ശിവാനി: ചേട്ടനോ, ആരാടാ മൂത്തത്. ഞാൻ അല്ലേ നിന്നേക്കാളും രണ്ട് മാസം മൂത്തത്. സീരിയലിൽ മാത്രം നീ ചേട്ടനായാൽ മതി.

അൽസാബിത്ത്: എന്റെ പൊന്നോ... പറ, പറ, നീ തന്നെ പറഞ്ഞോ, ആദ്യം. പക്ഷേ, ഒരു കാര്യമുണ്ട് ഇവൾ പറയുന്നത് പകുതിയേ മനസ്സിലാകൂ. നോൺ സ്‌റ്റോപ്പ് സ്പീഡാ.

ശിവാനി: പ്ലീസ്, നിന്റെ കത്തി കേൾക്കാൻ വയ്യാത്തോണ്ടാ ഞാൻ ആദ്യം പറയാം എന്ന് പറഞ്ഞേ. (അൽസാബിത്തിനെ നോക്കി കൈ കൂപ്പുന്നു)

അൽസാബിത്ത്: ഓകെ, ക്ഷമിച്ചിരിക്കുന്നു, നീ ത ന്നെ ആദ്യം പറ.

ശിവാനി: എന്റെ സീരിയലിലെ പേരും ഒറിജിനൽ പേരും ഒന്ന് തന്നെയാ ശിവാനി. ഇപ്പോൾ ബിലീവേഴ്സ് ചർച്ച് വിജയഗിരി പബ്ലിക് സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. സ്കൂളി ൽ എന്ന പേരെയുള്ളൂ, ക്ലാസിൽ പോവാൻ പറ്റാറില്ല. 22 ദിവസമൊക്കെ ഷൂട്ടുണ്ടാകും. അതുകൊണ്ട് വീട്ടിലിരുത്തി അമ്മ തന്നെ പഠിപ്പിക്കും. പരീക്ഷ എഴുതാൻ മാത്രമേ സ്കൂളിൽ പോകാറുള്ളൂ. ഫ്രണ്ട്സിന്റെയും ടീച്ചേഴ്സിന്റെയും പ്രിൻസിപ്പലിന്റേയുമെല്ലാം സപ്പോർട്ടുള്ളതു കൊണ്ട് നോട്ടുകളൊക്കെ കിട്ടും. പിന്നെ, രാത്രിയിലിരുന്നങ്ങ് കാണാതെ പഠിക്കും.

അൽസാബിത്ത് : എന്റെ കാര്യവും ഇങ്ങനെയൊക്കെ തന്നെ. അഞ്ചാം ക്ലാസിലാ പഠിക്കുന്നേ. സെന്റ് മേരീസ് റസിഡൻഷ്യ ൽ സ്കൂൾ. ഞങ്ങൾ രണ്ട് പേരും രണ്ട് സിലബസാണ്. അതല്ലെങ്കിൽ കംപെയിൻ സ്റ്റഡിയൊക്കെ നടത്താരുന്നു. രണ്ട് വയസ്സിലാണ് ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. ഭക്തിഗാനത്തിൽ അയ്യപ്പനായിട്ട് അഭിനയിച്ചു. സീരിയലിൽ വന്നതിന് ശേഷം അഞ്ച് സിനിമകളിൽ അഭിനയിച്ചു. ‘ലൗ ബേഡ്സ്’ എ ന്ന ചിത്രമാണ് അവസാനം ചെയ്തത്. ഷോർട് ഫിലിമുകളും ആൽബങ്ങളും ഇപ്പോഴും ചെയ്യുന്നുണ്ട്.

uppum_mulakum3

ശിവാനി: കേട്ടില്ലേ, അഭിനയ പാടവം കുറേയുള്ള കുട്ടിയാ കേശു. ‘കിലുക്കാംപെട്ടി’ എന്ന പരിപാടിയിൽ അവതാരകയായിട്ടാണ് ഞാൻ ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയത്. പിന്നെ, മോഡലിങ് ചെയ്തു.

‘കുട്ടിക്കലവറ’ എന്ന ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇവനെ കാണുന്നത്. അന്നു മുതൽ തുടങ്ങിയ കൂട്ടാണ് ഞങ്ങൾ.

uppum_mulakum4

അൽസാബിത്ത് : അന്ന് മുതൽ തുടങ്ങിയ കഷ്ടകാലമാണ് എന്നും പറയാം.

വീട്ടുവിശേഷങ്ങൾ

അൽസാബിത്ത് : ഞങ്ങളുടെ സ്വദേശം പത്തനംതിട്ടയിലെ ക ലഞ്ഞൂരാണ്. ഉപ്പ ഷാജഹാൻ വിദേശത്താണ്. ഉമ്മ ബീന. ഉമ്മയാണ്, ഷൂട്ടിനൊക്കെ കൂടെ വരുന്നത്. ഞാനും ശിവാനിയും വീട്ടിൽ ഒറ്റ മക്കളാണ്. ഒറ്റ മോളായതു കൊണ്ട് ഇവളെ കൊഞ്ചിച്ചാ വളർത്തിയേ. അതോണ്ടാ ഇങ്ങനെ. പക്ഷേ ഞാൻ ഭ യങ്കര സീരിയസാ...

ശിവാനി: ഓ... അതേ, ആരോട് ചോദിച്ചാലും അറിയാം. ഒന്ന് സൂക്ഷിച്ച് നോക്കിയാൽ മതി ഉടൻ ഇവൻ കരയും. ഇപ്പോൾ തന്നെ കരയാത്തത് എന്തോ ഭാഗ്യം കൊണ്ടാ. ഞാൻ പക്ഷേ, അങ്ങനെയല്ലാട്ടോ. അമ്മ പറഞ്ഞിട്ടുണ്ട്. മാക്സിമം സഹിച്ചിട്ടേ കരയാവൂ എന്ന്. ഞങ്ങൾ തൃശൂർകാര് വളരെ സ്ട്രോങ് ആളുകളാ. കിഴുത്താണിയിലാണ് വീട്. അച്ഛൻ ആനന്ദിന് എറണാകുളത്താണ് ജോലി. അമ്മ മീന ഹൗസ് വൈഫാണ്.

ഡോക്ടറും നായികയും

ശിവാനി: വലുതായിട്ട് വേണം എനിക്ക് നായികയാകാൻ. പിന്നെ, ഭാവിയെക്കുറിച്ച് അങ്ങനെ വലുതായിട്ടൊന്നും പ്ലാൻ ചെയ്തിട്ടില്ല. ഞാൻ ഇപ്പോൾ കുഞ്ഞല്ലേ... പിന്നെ, എനിക്ക് ഒരു ആഗ്രഹമുണ്ട്. വലുതാകുമ്പോൾ ഒരു ഡോക്ടറാകണം. ഗൈനക്കോളജിസ്റ്റ്. എനിക്ക് ചെറിയേ കുട്ട്യോളേ ഭയങ്കര ഇഷ്ടാണ്. എവിടെ കുട്ട്യോളെ കണ്ടാലും ഞാൻ ഓടിപ്പോയി കൊഞ്ചിക്കും. അതോണ്ട് എനിക്ക് ചെറിയ കുഞ്ഞുങ്ങളെ നോക്കുന്ന ഡോക്ടറാകണം.

അൽസാബിത്ത് : അയ്യോ... പാവം കുഞ്ഞുങ്ങളുടെ ഡോക്ടറാകാനാണെങ്കിൽ പീഡിയാട്രീഷൻ എന്ന് വേണം പറയാൻ. ശരിക്കും ഗൈനക്കോളജിസ്റ്റ് എന്ന് പറഞ്ഞാൽ എന്താണെന്ന് നി‌നക്കറിയോ? പിന്നെ നായികയാകുന്ന കാര്യം, എന്റെ പൊന്നു മോള് നായികയായിട്ട് ആ വഴി അങ്ങ് പൊയ്ക്കോണം. ദയവ് ചെയ്ത് എന്നെ ഉപദ്രവിക്കാൻ വരരുത്.

ശിവാനി : ഹലോ!!! ഗൈനക്കോളജിസ്റ്റ് എന്ന് ഞാൻ പറഞ്ഞത് അറിഞ്ഞോണ്ട് തന്നെയാ. എനിക്കറിയാം, കുഞ്ഞുങ്ങൾ ജനിക്കാൻ ഗൈനക്കോളജിസ്റ്റ് വേണം. അതാകണമെന്നാ ഞാൻ പറഞ്ഞേ. ദേ കേശൂ, എന്നെ കൂടുതൽ പഠിപ്പിക്കല്ലേ...

അൽസാബിത്ത് : ആഹ് മതി മതി.. ഇനിയിപ്പോൾ കൂടുതൽ പറഞ്ഞാൽ ഇവൾ പിണങ്ങി പോകും. എനിക്ക് വലുതാകുമ്പോള്‍ പൊലീസാകണം. ഡിജിപി ആയാൽ മതി. എന്നിട്ട് ദുഷ്ടൻമാരെയെല്ലാം അടിച്ചിടിച്ച് ഓടിക്കണം. നമ്മുടെ നാട്ടിൽ എന്തോരം ക്രൈമാ നടക്കുന്നേ. ഞാൻ ഡിജിപി ആയിട്ട് എല്ലാത്തിനേം ഇടിച്ച് ശരിയാക്കും.

ശിവാനി: രണ്ട് കൊല്ലമായി ‘ഉപ്പും മുളകും’ സീരിയലിന്റെ ഭാഗമായിട്ട്. സീരിയലിലൂടെയാണ് എല്ലാവരും തിരിച്ചറിയുന്നതൊക്കെ. സിനിമയിലും ഓഫറുകള്‍ വരുന്നുണ്ട്. അതുകൊണ്ട് അഭിനയം എന്തായാലും മുന്നോട്ട് കൊണ്ടുപോകും.

അൽസാബിത്ത്: എടീ നിനക്ക് വലുതാകുമ്പോൾ ആരുടെ കൂ ടെ അഭിനയിക്കാനാ ആഗ്രഹം ?

ശിവാനി: എനിക്ക് മമ്മൂട്ടി അങ്കിളിനേം ലാൽ അങ്കിളിനേം ഭയങ്കര ഇഷ്ടമാ. പിന്നെ, നിവിൻ പോളീം ദുൽഖറും. ഇവരുടെയെല്ലാം കൂടെ അഭിനയിക്കണമെന്നാ ആഗ്രഹം

അൽസാബിത്ത്: കണ്ടാ, ആരേം പിണക്കിയില്ല. നല്ല ഉത്തരം.

ശിവാനി: നിന്റെ ഇഷ്ടങ്ങൾ പറ.

അൽസാബിത്ത്: എന്റെയിഷ്ടങ്ങളൊന്നും അങ്ങനെ പറയാ ൻ പറ്റില്ല മോളേ. അതൊക്കെ ബുദ്ധിപരമായ കാര്യങ്ങളാ. പിന്നെ, എല്ലാവരും ചെയ്യുന്ന പൊലീസ് വേഷങ്ങളോട് എനിക്ക് കുറച്ച് സ്നേഹം കൂടുതലാ.

ശിവാനി: ഓഹോ , നീ വല്യ ബുദ്ധിമാനാണെങ്കിൽ ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ ? ഒരു ദിവസം ഒരാൾ സഹാറ മരുഭൂമിയിലൂടെ നടക്കുകയായിരുന്നു. അയാൾക്കാണെങ്കിൽ വിശന്നിട്ട് വയ്യ. കൈയിൽ ഒരു തീപ്പെട്ടിയും കുറച്ച് വെള്ളവും മാത്രേയുള്ളൂ. പെട്ടെന്ന് മുന്നിൽ ഒരു ഒട്ടകം. ഉടനേ അയാൾക്ക് ഒരു സൂത്രം തോന്നി. അയാൾ ബുദ്ധിയുപയോഗിച്ച് വിശപ്പ് മാറ്റി. ഇനി പറ, അയാൾ എങ്ങനെയാ വിശപ്പ് മാറ്റിയേ ? പ്രത്യേക ശ്രദ്ധക്ക് അയാൾ വെജിറ്റേറിയനാണ്.

അൽസാബിത്ത് : അയ്യോ, ദാരിദ്ര്യം. എന്തൊരു ശോകം ചോദ്യമാടീ ഇത്. എന്നാൽ കേട്ടോ. അയാൾ ആ ഒട്ടകത്തിനെ ആക്രമിച്ച് അടിച്ച് ഇടിച്ച് അതിന്റെ പരിപ്പെടുത്തു. എന്നിട്ട് ആ പരിപ്പ് വേവിച്ച് കഴിച്ചു. ഇനി പറ ബുദ്ധിയില്ലേ. എടീ ശിവാ, ഈ മരുഭൂമിയിലും വിശന്നപ്പോൾ അയാൾ വെജിറ്റേറിയൻ ഭക്ഷണം അന്വേഷിച്ച് നടന്നത് കുറച്ച് അഹങ്കാരമല്ലേ ?

ശിവാനി: അതൊക്കെ അയാളുടെ ഇഷ്ടമല്ലേടാ... നമ്മൾ എന്ത് പറയാനാ.

അൽസാബിത്ത് : എന്നാൽ ഞാൻ വേറെയൊരു കാര്യം ചോദിക്കട്ടെ ? ഒരു ദിവസം ഒരാൾ നടന്ന് ക്ഷീണിച്ച് വരികയായിരുന്നു. അയാൾക്ക് എവിടെയെങ്കിലും ഒന്ന് കിടന്ന് ഉറങ്ങിയാൽ മതിയെന്നായി. ചുറ്റും ഒരു വീടുപോലുമില്ല. പെട്ടെന്ന് അങ്ങ് ദൂരെ ഒരാളെ കണ്ടു. ഇയാൾ ഓടി അങ്ങോട്ട് പോയി.കുറച്ച് കഴിഞ്ഞപ്പോൾ അടിപൊളി എസി റൂമിൽ സുഖമായി കിടന്നു. എങ്ങനെ ?

ശിവാനി: ആ ദൂരെ കണ്ടയാളെ ഈ ദുഷ്ടൻ ഇടിച്ച് ഫ്ലാറ്റാക്കി. എന്നിട്ട് ആ ഫ്ലാറ്റിൽ കയറി എസി ഇട്ടു സുഖമായി കിടന്നു. എങ്ങനെയുണ്ട് ?

uppum_mulakum02

അത് അഭിനയം അല്ലായിരുന്നു

അൽസാബിത്ത്: ഷൂട്ടിങ് വിശേഷം ഒരുപാട് ഉള്ളതുകൊണ്ട് അങ്ങനെ ഓർത്ത് വയ്ക്കാറില്ല. ഓക്കെ, ഈ അടുത്ത ദിവസം നടന്ന കാര്യം പറയാം. ഞാൻ ഓടി വന്ന് തെന്നി വീഴേണ്ട ഷോട്ടായിരുന്നു എടുക്കുന്നത്. ഒന്ന് രണ്ട് തവണ പ്രാക്ടീസൊക്കെ ചെയ്തു. ടേക്ക് പറഞ്ഞപ്പോൾ കൈയീന്ന് കുറച്ച് അഭിനയം കൂടെയിട്ട് ഞാനങ്ങ് ഓടി. വീഴേണ്ട സ്ഥലത്തിന് മുന്നേ ദാ കിടക്കുന്നു നിലത്ത്. നാചുറാലിറ്റി എന്നൊക്കെ പറഞ്ഞാൽ അതാണ്. പക്ഷേ, എന്തായി അത് കഴിഞ്ഞ് എണീക്കാൻ വയ്യ. പിന്നെ എല്ലാവരും കൂടി ഒരു വിധത്തിൽ എടുത്തോണ്ട് പോവുകയായിരുന്നു. കരഞ്ഞ് കരഞ്ഞ് തളർന്ന് പോയി. (കാലിന്റെ മുട്ടിൽ തിരുമ്മികൊണ്ട് ) ഇപ്പോഴും നല്ല വേദന. ഒരിക്കലും അത് മറക്കില്ല.

ശിവാനി: ഞാൻ വല്ലപ്പോഴുമെ കരയാറുള്ളൂ. ഒരു ദിവസം ഷൂട്ടിനിടയിൽ സ്ക്രിപ്റ്റ് എഴുതുന്ന അങ്കിൾ എന്നോട് പറഞ്ഞു, ഇന്ന് നിനക്കിട്ട് ഒരു പണിയുണ്ടെന്ന്. ഞാൻ അത്ര മൈൻഡ് ചെയ്തില്ല. ഷൂട്ട് തുടങ്ങി കഴിഞ്ഞപ്പോൾ കാര്യം മനസ്സിലായി. അ ന്ന് ഞാൻ ഒരു പഴം തിന്നുന്നതാണ് സ്ക്രിപ്റ്റിൽ. എന്റെ ജീവിതത്തിൽ ഞാൻ കഴിക്കാത്ത ഒരേയൊരു സാധനമാണ് പഴം. അയ്യോ,പിന്നെ, ഒന്നും പറയണ്ട. ഞാൻ കരഞ്ഞ് ബഹളം വച്ചു. അതൊക്കെ അങ്ങനെ തന്നെ ഷൂട്ട് ചെയ്തു. എന്റെ ഒറിജിനൽ കരച്ചിലായിരുന്നു ആ എപ്പിസോഡിൽ കണ്ടത്.

അൽസാബിത്ത്: ഞങ്ങളുടെ വീട്ടിൽ നിന്ന് ആദ്യമായിട്ടാണ് ഒരാൾ അഭിനയ രംഗത്തേക്ക് വരുന്നത്. അതുകൊണ്ട് എല്ലാവ ർക്കും ഭയങ്കര സ്നേഹമാണ്. നാട്ടിലാണെങ്കിലും പല പരിപാടികൾക്കും വിളിക്കും. ഷൂട്ട് ഇല്ലാത്ത സമയം കുറവായ കൊണ്ട് എല്ലാത്തിലും പങ്കെടുക്കാൻ പറ്റാറില്ല. പിന്നെ, കുറച്ച് ഗൾഫ് പരിപാടികളൊക്കെയുണ്ട്. എല്ലായിടത്തും കുട്ടികളും അപ്പൂപ്പൻമാരും അമ്മൂമ്മമാരും എല്ലാം വന്ന് സംസാരിക്കും. ഭയങ്കര സ്നേഹമാണ്.

ശിവാനി: എനിക്ക് സ്കൂളിൽ പോകാനാ ഏറ്റവും ഇഷ്ടം. ത ലേ ദിവസമേ സ്വപ്നം കാണും. സ്കൂളിൽ ചെല്ലുന്നതും എല്ലാവരും ഓടി വരുന്നതുമൊക്കെ. ചെല്ലുമ്പോൾ ശരിക്കും അതുപോലെ തന്നെ. ടീച്ചർമാരും കുട്ടികളും വിശേഷം ചോദിക്കും.

അൽസാബിത്ത് : ഇവളുടെ വിശേഷങ്ങൾ കേട്ട് മടുത്ത് അവരു തന്നെ പോകും. ശിവ അപ്പോഴും നോൺസ്‌റ്റോപ്പായിരിക്കും.

ഞങ്ങൾക്ക് രണ്ട് പേർക്കും സ്‌റ്റേജ് ഫിയറില്ല. അതൊരു വ ലിയ കാര്യമായി തോന്നിയിട്ടുണ്ട്. എത്ര ആളുകളുള്ള വേദിയിലാണെങ്കിലും ഞങ്ങൾ വളരെ കൂളായി സംസാരിക്കും. ശിവാ നി കൂളായിട്ടാണ് സംസാരിക്കുന്നതെങ്കിൽ എനിക്കും ഭയങ്കര ത്രില്ലാണ്.

ശിവാനി: ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ വേവ്‌ലങ്ങത് ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞങ്ങൾക്ക് അരമണിക്കൂർ നേരം ഒരു ഷോട്ടിന് മുമ്പ് ഡയലോഗ് പഠിക്കാൻ ത രും. ഇവനുമായിട്ടാണ് കോംപിനേഷൻ സീനെങ്കിൽ ഞാൻ ഭയങ്കര കംഫർട്ടബിളാ. പഠിച്ച് പറയേണ്ട കാര്യമില്ല.

സീ... എനിക്ക് കുറച്ച് കാര്യങ്ങൾ വളരെ സീരിയസായി പറയാനുണ്ട്. എന്തൊക്കെയാ ഇന്നത്തെ ലോകത്ത് നടക്കുന്നെ. പെൺകുട്ട്യോൾക്കൊക്കെ സ്വസ്ഥമായി ഒന്ന് പുറത്തിറങ്ങാ ൻ പറ്റുമോ ? നിയമം ശക്തമാകണം.

അൽസാബിത്ത്: ഈ ഡയലോഗൊക്കെ നീ ഏതെങ്കിലും സിനിമേന്ന് അടിച്ചു മാറ്റിയതാണോ? കുട്ടി ഒന്നും കൊണ്ടും പേടിക്കണ്ട. ഞാൻ ഡിജിപി ആകുന്നത് തന്നെ ഇത്തരം പ്രശ്നങ്ങൾ തീർക്കാൻ വേണ്ടിയല്ലേ.

ശിവാനി : ഞാനൊരു ഡയലോഗും അടിച്ചു മാറ്റിയിട്ടില്ല. സീരിയസായി പറയുന്ന കാര്യങ്ങൾ മനസ്സിലാകണമെങ്കിലേ ബുദ്ധി വേണം, ബുദ്ധി. ഡിജിപി ആകുന്നത് ചോക്‌ലെറ്റ് കഴിച്ച് തീർക്കുന്ന പോലെ സിംപിളാന്നാ ഇവന്റെ വിചാരം.

ഒരു രഹസ്യം പറയട്ടെ

ശിവാനി: കേശുവിനൊരു ഗേൾഫ്രണ്ടുണ്ട്. പിന്നെ കുറേ ആ രാധികമാരും. പേരൊന്നും പറയില്ല. വലിയ രഹസ്യമാ...

അൽസാബിത്ത് :ഇവളു തന്നെ ഒരു രഹസ്യമാ .വേറെ എന്തൊന്ന് രഹസ്യം.

ശിവാനി: വേറെ ഒരു കാര്യം കൂടെയുണ്ട്. ഇവന്‍ ആരെ കണ്ടാലും ഓടിപ്പോയി ഉമ്മ കൊടുക്കും. വലിയവരായാലും ചെറിയവരായാലും. ഇവനോട് പത്തുമിനിറ്റ് സംസാരിച്ചിട്ട് ഉമ്മ കിട്ടാതെ രക്ഷപ്പെടുന്നവർ ചുരുക്കമാണ്.

അൽസാബിത്ത്: എസ്ക്യൂസ് മീ, ഞാൻ അങ്ങനെ ന്യൂലീ ആ യിട്ടുള്ളവര്‍ക്ക് ഉമ്മ കൊടുക്കുകയൊന്നുമില്ല. പരിചയപ്പെട്ട് ഒ രു ദിവസമൊക്കെ കഴിഞ്ഞേ ഉമ്മ കൊടുക്കൂ.

ശിവാനി: എന്തൊക്കെ പറഞ്ഞാലും കേശു പാവാട്ടോ...

(കുസൃതി ചിരികൾക്കിടയിൽ ഷോട്ട് റെഡിയെന്ന ശബ്ദത്തിന് ഇരുവരും കാതോർക്കുന്നു. അതുവരെയുള്ള കളിചിരിയെല്ലാം മാറ്റി. കേശു സീരിയസായി. ശിവാനിയുടെ കൈപിടിച്ച് നീങ്ങി.)

കേശു: ശിവാ പറയാനുള്ള ഡയലോഗൊക്കെ ഓർമയുണ്ടോ?

ശിവാനി: എന്തിനാടാ ടെൻഷനടിക്കുന്നേ...ഞാനല്ലേ നിന്റെയൊപ്പമുള്ളേ, നമുക്ക് എല്ലാം ശരിയാക്കാമെന്നേ...

അയ്യോ ഇന്റർവ്യൂ അല്ലേ കഴിഞ്ഞുള്ളൂ. ഫോട്ടോ എടുത്തില്ലല്ലോ ???

കേശു: (തിരിഞ്ഞു നോക്കിക്കൊണ്ട് ) ദാ... ഇപ്പോൾ ശരിയാക്കി തരാം. അഞ്ച് മിനിറ്റേ..

പറയുന്നത് കേശുവാണ്. കെ. ഫോർ കേശൂ...

ശിവാനി: അപ്പോൾ എസ് ഇല്ലേ ??? എസ് ഫോർ ശിവാനീീീ...