Monday 25 May 2020 04:10 PM IST : By സ്വന്തം ലേഖകൻ

ഉത്രയെ ഒഴിവാക്കാൻ ശ്രമിച്ചു, കൊലപ്പെടുത്തിയത് സ്വത്ത് തിരികെ നൽകേണ്ടി വരുമെന്ന് ഭയന്ന്

anjal-murder

അഞ്ചൽ കൊലപാതകത്തിൽ തെളിവെടുപ്പിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും പുറത്തുവരികയാണ്. ഉത്രയെ മൂർഖൻ പാമ്പിനെ വിട്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സൂരജിന്റെ ഉന്നം സ്വത്തു തന്നെയായിരുന്നു എന്ന അനുമാനങ്ങളെ ശരിവയ്ക്കുന്നതാണ് കണ്ടെത്തലുകൾ. സ്വത്ത് തിരികെ നൽകേണ്ടി വരുമെന്ന് ഭയന്നിട്ടാണ് താൻ ഉത്രയെ വകവരുത്തിയതെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ ഈ വാക്കുകളാണ് പ്രതി നിഷേധിച്ചത്.

98 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കാറും സ്ത്രീധനമായി വാങ്ങിയായിരുന്നു അടൂര്‍ സ്വദേശിയായ സൂരജ് അഞ്ചല്‍ സ്വദേശിയായ ഉത്രയെ വിവാഹം കഴിച്ചത്. ഇതിന് ശേഷവും പല ആവശ്യം പറഞ്ഞ് സൂരജ് ഭാര്യാവീട്ടില്‍ നിന്ന് പണം വാങ്ങിയിരുന്നു. സ്വകാര്യ ബാങ്കിലെ പണം ഇടപാടുമായി ബന്ധപ്പെട്ട ജോലിയുണ്ടെങ്കിലും ശമ്പളം കുറവെന്ന പേരിലായിരുന്നു പണം വാങ്ങല്‍. ഒടുവില്‍ എല്ലാ മാസവും എണ്ണായിരം രൂപ വീതം വാങ്ങുന്നതും പതിവാക്കി. സൂരജിന്റെ സഹോദരിയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പണം നല്‍കിയിരുന്നുവെന്ന് ഉത്രയുടെ അച്ഛൻ വെളിപ്പെടുത്തിയിരുന്നു. സഹോദരിക്ക് ടൂറിന് പോകാനുള്ള പണവും സെമസ്റ്റര്‍ പണവും അടച്ചിരുന്നതും താനായിരുന്നുവെന്നും ഉത്രയുടെ അച്ഛന്‍ കൂട്ടിച്ചേർത്തു.

പരമാവധി സ്വത്ത് കൈക്കലാക്കിയതോടെ ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വിവാഹമോചനം നേടിയാല്‍ വാങ്ങിയ പണമെല്ലാം ഉത്രയുടെ വീട്ടുകാര്‍ക്ക് തിരികെ നല്‍കേണ്ടിവരുമെന്ന് സൂരജ് ഭയപ്പെട്ടു. ഇതോടെയാണ് ഭാര്യയെ കൊലപ്പെടുത്തി ഒഴിവാക്കാം എന്ന തീരുമാനത്തിലേക്കെത്തിയത്. ചോദ്യം ചെയ്യലിന് ഒടുവില്‍ സൂരജ് തന്നെ ഇക്കാര്യം സമ്മതിച്ചതോടെ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എന്നാല്‍ പാമ്പിനെ നല്‍കിയ സുരേഷിനെതിരെ കൊലക്കുറ്റം ചുമത്തുന്നതില്‍ അന്തിമതീരുമാനമായില്ല. ഗൂഡാലോചന, സഹായം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാവും ചുമത്തുക.