Thursday 14 February 2019 12:26 PM IST : By സ്വന്തം ലേഖകൻ

‘അച്ഛനമ്മമാരുടെ സമ്മതമില്ലാതെ കല്യാണം കഴിക്കില്ല’; പ്രണയദിനത്തിൽ കുട്ടികളെ കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ച് സ്കൂൾ

pledge പ്രതീകാത്മക ചിത്രം

പ്രണയദിനത്തിൽ സ്കൂളിലേക്കെത്തിയ വിദ്യാർത്ഥികളെ കാത്തിരുന്നത് പ്രത്യേക പ്രതിജ്ഞ. ‘അച്ഛനമ്മമാരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ല’ എന്ന പ്രതിജ്ഞയാണ് കുട്ടികളെ കൊണ്ട് ചൊല്ലിച്ചത്. സൂററ്റിലെ ഒരു സന്നദ്ധ സംഘടനയാണ് 12 സ്‌കൂളുകളിലായി 10,000 വിദ്യാർത്ഥികളെ കൊണ്ട് ഈ വേറിട്ട പ്രതിജ്ഞ ചൊല്ലിച്ചതിന് പിന്നിൽ.

ഹാസ്യമോവ ജയതേ എന്ന സംഘടനയാണ് ഈ നീക്കത്തിന് പിന്നിൽ. കുട്ടികൾ എടുത്തുചാടി ഒരു തീരുമാനം എടുക്കാതിരിക്കാനും ജീവിതത്തിൽ മാതാപിതാക്കൾക്ക് പ്രാധാന്യം നൽകുന്നതിനുമാണ് ഈ നീക്കമെന്ന് സംഘാടകൻ കംലേഷ് മസാലവാല പറയുന്നു.

അതേസമയം സംഘടനയുടെ നീക്കത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വലിയ എതിർപ്പാണ് ഉയരുന്നത്. അവനവന്റെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണ് ഇതെന്ന് ഒരു കൂട്ടർ പറയുന്നു. ഇവർ കുട്ടികളാണെന്നും വളർന്ന് വലുതാകുമ്പോൾ ആരെ ജീവിത പങ്കാളിയാക്കണമെന്നത് ഓരോരുത്തരുടേയും വ്യക്തി സ്വാതന്ത്ര്യമാണെന്നും സോഷ്യൽ മീഡിയ പ്രതിഷേധങ്ങൾ ചൂണ്ടിക്കാട്ടുന്നു. വ്യക്തി സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ആർക്കും സാധിക്കില്ലെന്നും പ്രതിഷേധക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.