Tuesday 19 March 2024 09:40 AM IST : By സ്വന്തം ലേഖകൻ

അനുവിന്റെ അരുംകൊല: പ്രതി മുജീബിനെ കട്ടിലിനടിയിൽ ഒളിപ്പിച്ച് ഭാര്യ, വാതിൽ പൊളിച്ച് കണ്ടെത്തി പൊലീസ്

anu-crime

വാളൂരിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കാണാതായെന്ന് പരാതി വന്നപ്പോൾ തന്നെ പേരാമ്പ്ര ഡിവൈഎസ്പി കെ.എം.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നതായി റൂറൽ എസ്പി അരവിന്ദ് സുകുമാർ. നൂറോളം സിസിടിവികൾ പരിശോധിച്ചാണ് വാഹനവും പ്രതി മുജീബ് റഹ്മാനെയും കണ്ടെത്തിയത്. ഇത്തരം കേസുകളിൽപെട്ടവരെ മുഴുവൻ നിരീക്ഷിച്ചാണ് ഇയാളിൽ എത്തിയത്.

പൊലീസ് വീട്ടിൽ എത്തുമെന്നറിയാതെ ഇയാൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പെട്ടെന്ന് പൊലീസിനെ കണ്ട ഭാര്യ പ്രതിയെ വീട്ടിനുള്ളിൽ ഇട്ട് അടയ്ക്കുകയായിരുന്നു. വാതിൽ പൊളിച്ച് പൊലീസ് പ്രതിയെ തിരഞ്ഞെങ്കിലും കാണാനായില്ല. അടുത്ത മുറിയിലെ കട്ടിലിന് അടിയിൽ നിന്ന്  സാഹസികമായാണ് പിടികൂടിയത്. മൽപ്പിടുത്തത്തിനിടയിലാണ് പേരാമ്പ്ര സ്റ്റേഷനിലെ സിവി‍ൽ പൊലീസ് ഓഫിസർ സുനിൽ കുമാറിന് പ്രതിയുടെ കയ്യിലുണ്ടായിരുന്ന ജനൽച്ചില്ലു കൊണ്ട് കുത്തേറ്റത്. 

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്:

11 ന് പുലർച്ചെ കണ്ണൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് മുജീബ് റഹ്മാൻ വാളൂരിലെത്തിയത്. ഈ സമയത്താണ് അനു ഫോണിൽ സംസാരിച്ചു  നടന്നു പോകുന്നത് കണ്ടത്. തുടർന്ന് സഹായം വാഗ്ദാനം ചെയ്ത് ബൈക്കിൽ കയറ്റുകയായിരുന്നു.  വാളൂർ നടുക്കണ്ടി പാറയിലെ എഫ്എച്ച്‌സിക്കു സമീപത്തെ അള്ളിയോറതാഴെ തോടിനു സമീപം എത്തിയപ്പോൾ മൂത്രം ഒഴിക്കാനെന്നു പറഞ്ഞു വണ്ടി നിർത്തി ഇറങ്ങി.

ബൈക്കിൽ നിന്ന് യുവതിയും ഇറങ്ങിയതോടെ ഇയാൾ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. താഴെ വീണ യുവതിയെ സമീപത്തെ തോട്ടിലേക്കു തള്ളിയിട്ടു കീഴ്പ്പെടുത്തി തോടിനു സമീപത്തെ പാലത്തിനടിയിൽ എത്തിച്ചു. ഏറെ നേരം ദേഹത്ത് ചവിട്ടി നിന്നു തല ചെളിയിൽ മുക്കി, മരണം ഉറപ്പാക്കിയ ശേഷം ആഭരണങ്ങൾ കവർന്നു. 

ഡിവൈഎസ്പി കെ.എം.ബിജുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.എ.സന്തോഷും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച ബൈക്ക് നമ്പർ പരിശോധിച്ചതിൽ  മട്ടന്നൂരിൽ നിന്നു മോഷണം പോയതെന്നു തിരിച്ചറിഞ്ഞു.  28 ബൈക്കുകൾ പരിശോധിച്ചാണു പ്രതിയിലേക്കു എത്തിയത്. 

കൊണ്ടോട്ടിയിലെ വീട്ടിൽ നിന്നു കീഴ്പ്പെടുത്തിയ പ്രതിയെ ഞായറാഴ്ച അർധരാത്രി പേരാമ്പ്ര സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ആഭരണങ്ങൾ വീണ്ടെടുക്കാൻ കൊണ്ടോട്ടിയിലും ബൈക്ക് സൂക്ഷിച്ച എടവണ്ണപ്പാറയിലും തെളിവെടുപ്പ് നടത്തി. വിവിധ ജില്ലകളിലെ ഉൾപ്രദേശങ്ങളിലൂടെ വാഹനങ്ങളിൽ കറങ്ങി പിടിച്ചുപറി, വാഹന മോഷണം നടത്തുകയാണ് മുജീബ് റഹ്മാന്റെ രീതി.  വാഹന മോഷ്ടാവ് വീരപ്പൻ റഹീമിന്റെ സഹായിയാണ്. 

കാണാതായവരുടെ മരണം

കാണാതായവർ തിരിച്ചുവരാത്ത സംഭവങ്ങളിൽ നടത്തിയ അന്വേഷണത്തിൽ കൊലപാതകം തെളിയുന്നത് ജില്ലയിൽ 10 മാസത്തിനിടെ ഇതു രണ്ടാം തവണ. 2 കേസുകളിലെയും അന്വേഷണത്തിനു നേതൃത്വം നൽകിയത് ഡിവൈഎസ്പി കെ.എം.ബിജു. 2 കേസിലും പ്രതികൾ പിടിയിലായത് 5 ദിവസത്തിനകം. 10 മാസം മുൻപ്  ഹോട്ടലുടമ തിരൂർ എഴൂർ മേച്ചേരി വീട്ടിൽ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ വെട്ടി നുറുക്കി ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്തിയത് തിരൂർ ഡിവൈഎസ്പി ആയിരുന്ന കെ.എം.ബിജുവാണ്.