Friday 06 November 2020 12:58 PM IST

കൂടുതൽ പഠിക്കാനും ചിന്തിപ്പിക്കാനും ‘ഹൈടെക്ക്’ പുരാണകഥകൾ ; വിവേക് റാമിന്റെ ‘വാനർസേന’ സൂപ്പർഹിറ്റായത് ഇങ്ങനെ

Shyama

Sub Editor

vanarasena

ഈ കഥകളിലൊക്കെ നമ്മളുണ്ട്, നമ്മൾ നമ്മളെ കണ്ടെത്തുന്ന ടൂളുകൾ ആകട്ടേ കഥകൾ!

‘വാനർസേന’യുടെ സേനാപതി മലയാളിയായ വിവേക് റാം , ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് കൂടി വരുന്ന സംരഭത്തിനു പിന്നിലെ കഥകൾ പറയുന്നു...

കൈ പൊള്ളിക്കുന്നതും തീയാണ് ഭക്ഷണമുണ്ടാക്കുന്നതും തീയാണ്– അതു പോലെ തന്നെയാണ് കഥകളും. വിവേക് റാമിന്റെ ‘വാനർസേന’ എന്ന ഇൻസ്റ്റഗ്രാം പെയ്ജിന് നിലവിൽ 59.6K ഫോളോവേഴ്സുണ്ട്, ദിനം പ്രതി അതു കൂടി വരികയും ചെയ്യുന്നു. ഗണപതി, ദ്രൗപതി, കൃഷ്ൻ, രാമൻ... എന്നു തുടങ്ങി നമ്മൾ കേട്ടതും കേൾക്കാത്തതുമൊക്കയായുള്ള ഇന്ത്യൻ കഥകളാണ് പെയ്ജിന്റെ അടിസ്ഥാനം. ഇക്കഥകളുടെ ചിത്രാവിഷ്കാരങ്ങളും അനിമേറ്റഡ് രൂപങ്ങളും ആളുകൾക്ക് നമുക്ക് മുന്നിലെത്തിക്കുന്നു. മത പഠനമല്ല മറിച്ച് നമ്മൾ കേട്ടുവളർന്ന ഈ കഥകളിലൂടെ നമ്മുക്ക് നമ്മെ തന്നെ കണ്ടെത്താനുള്ള വിത്തുകളാണ് വിവേക് ഇതിൽ പാകിയിടുന്നത്. സിജി, അനിമേഷൻ, വിഎഫ്എക്സ് ആട്ടിസ്റ്റായ വിവേക് റാം സൂപ്പർമാൻ റിട്ടേൺസ്, ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്, ആൽവിൻ ആന്റ് ദി ചിപ്മുക്സ്, ദി ഇൻക്രെഡിബിൾ ഹൾക്ക്, ദി മമ്മി 3, ലാന്റ് ഓഫ് ദി ലോസ്റ്റ്, പെൻഗ്വിൻസ് ഓഫ് മഡഗാസ്കർ... തുടങ്ങി പല ലോക ശ്രദ്ധ നേടിയ പ്രോജക്റ്റുകളിലും ഭാഗമായ പ്രതിഭയാണ്.

‘‘നന്നേ ചെറുപ്പം മുതൽ ധാരാളം കഥകൾ കേട്ടും വായിച്ചും വളർന്നൊരാളാണ് ഞാൻ. ബാംഗളൂരുവിലാണ് താമസമെങ്കിലും കണ്ണൂർ പയ്യന്നൂരാണ് നാട്. അറിഞ്ഞും അറിയാതെയും എന്നിലേക്ക് വന്ന കഥകളൊക്കെ വളർച്ചയുടെ പല ഘട്ടങ്ങളിലും സ്വാധീനിച്ചിട്ടുണ്ട്. അവയെ കുറിച്ചൊക്കെ കൂടുതൽ കൂടുതൽ അറിയാൻ താൽപര്യമായി. ഹോബിയായി തുടങ്ങിയ അനിമേഷൻ ജോലിയായി പേരുകേട്ട് പലയാളുകൾക്കും ഇന്റ്ർനാഷണൽ സ്ഥാപനങ്ങൾക്കും വേണ്ടി ജോലി ചെയ്തു. അപ്പോൾ മുതലാണ് നമ്മുടെ കഥകളും ഹൈ–ക്വാളിറ്റി സ്‌റ്റോറി ടെല്ലിങ്ങ് സാധ്യതകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തിയെടുക്കണം എന്ന ചിന്ത വരുന്നത്. അതിൽ നിന്നാണ് ‘വാനർസേനുടെ’ പിറവി. മൂന്ന് വർഷം മുൻപാണ് വാനർസേന തുടങ്ങിയത്. ഇന്ത്യയുടെ ‘രുചി’കിട്ടുന്നൊരു പേരാകണം എന്നുള്ളതു കൊണ്ടാണ് വാനർസേന എന്ന പേരിട്ടത്. ഞങ്ങളാണ് ആ സേന. സി. ഓ. എന്നൊക്കെ പറയുന്നതിലും നല്ലതാണ് സേനാപതി എന്ന് പറയുന്നത്. ഏത് ഗ്ലോബൽ പ്ലാറ്റ്ഫോമിൽ പോയാലും ഇതേ സംബന്ധിച്ച് ചോദ്യങ്ങൾ വരും അത് വിവരിച്ചുകൊടുക്കാൻ സന്തോഷമേയുള്ളൂ.

ഓരോ കഥ ചെയ്യുമ്പോഴും അത്രയധികം റിസേർച്ച് ചെയ്തിട്ടാണ് അതിന്റെ ഫൈനൽ ഔട്ട്പുട്ട് തയ്യാറാക്കുന്നത്. ഈ കഥകളൊക്കെ ഒരു പ്രത്യേക മതതിന്റേത് മാത്രമായിട്ടാണ് പലരും കരുതുന്നത്. അതിനൊക്കെ അപ്പുറം ഓരോ കഥയിൽ നിന്നും നമുക്ക് പഠിക്കാനും നമ്മളെ ചിന്തിപ്പിക്കാനും പോന്ന പലതും ഉണ്ട്. ഒരിക്കലും ബ്ലാക്ക് ആൻ വൈറ്റ് ആയിട്ടോ ഒറ്റ തരം വായനയ്ക്കോ വേണ്ടിയോ അല്ല ഈ കഥകൾ ഉണ്ടാക്കിയതു പോലും. ഇതിനൊക്കെ പല റീഡിങ്ങ് ഉണ്ട്, അതു കൊണ്ടാണ് ഒരേ കഥകൾക്ക് പല ആഖ്യാനങ്ങൾ നിലനിൽക്കുന്നത്. ഇതിൽ ഏത് തെറ്റ്, ഏത് ശരി എന്നു പറയാൻ നമ്മളാര്?

ഞങ്ങൾ കഥകൾ ചെയ്യുമ്പോൾ പല വെർഷൻസും ഉൾപെടുത്താൻ ശ്രമിക്കാറുണ്ട്. ആനുകാലിക സംഭവങ്ങളുമായി ചേർത്ത് വയ്ക്കാറുമുണ്ട്. ദൈവങ്ങള്‍ക്കും ദൈവികതകൾക്കുമപ്പുറം ഒരു സമൂഹം എങ്ങനെ നിലനിന്നിരുന്നു അവ പറഞ്ഞു തരുന്നുണ്ട്. ഞങ്ങൾ പറയുന്ന കഥകളിൽ രസത്തിനൊപ്പം വിജ്ഞാനം കൂടി മുറയ്ക്ക് ചേർക്കുന്നുണ്ട് എന്നതാണിതിന്റെ ഹൈലൈറ്റ്.

മാറ്റത്തെ ആളുകൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു

പത്ത് വർഷത്തിലേറെയായി ഞാൻ ക്യാരക്റ്റർ ഡിസൈനിങ്ങും സ്‌റ്റോറി കോൺസെപ്റ്റും ഒക്കെ ചെയ്യുന്നു. അതുകൊണ്ട് തന്നെ ആളുകൾ ഇത് പല തരത്തിലും എടുക്കും എന്നുള്ള നല്ല ബോധ്യം എനിക്കുണ്ടായിരുന്നു. അതിൽ സ്നേഹവും വെറുപ്പും ഒക്കെയുണ്ട്. ഇന്ത്യ പോലുള്ള ഒരു നാട്ടിൽ ആളുകൾ ഈ കഥകളെയൊക്കെ പല കാരണങ്ങൾ കൊണ്ട് ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ചില സമയത്ത് ഞങ്ങൾ ഒരേ കഥയുടെ പല വേർഷനുകളും കൊടുക്കാറുണ്ട്. അതിനൊക്കെ തിരിച്ചടികളും അഭിനന്ദനവും കിട്ടും, മനസ്സ് തുറക്കാനുള്ള തുറപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടേയിരിക്കും. ഉദാഹരണത്തിന് സൗത്ത് ഇന്ത്യയിൽ മുരുകന് രണ്ട് ഭാര്യമാരുണ്ട്. നോർത്ത് ഇന്ത്യയിൽ മുരുകൻ ബാച്ചിലറാണ്. അതിൽ തെറ്റുശരികൾ ഒന്നുമില്ല. അതാണ് മനസ്സിലാക്കേണ്ടത് അല്ലാതെ എന്റേത് മാത്രമാണ് ശരി എന്ന് മുറുകെപ്പിടിക്കലുകളല്ല.

ff

ആദ്യകാലത്തുണ്ടായത്ര വിദ്വേഷം ഇപ്പോഴില്ല, ഞങ്ങൾ എന്തു വായിച്ചു തുടങ്ങണം, എന്തൊക്കെ വായനകൾ ഇനിയും സാധ്യമാണ് എന്നൊക്കെയുള്ള അന്വേഷണങ്ങളാണ് ഇപ്പോൾ കൂടുതൽ വരാറ്. അത് സന്തോഷം തരുന്നു.

ഞങ്ങളുടെ കഥകളുടെ ആഖ്യാനം നോക്കിയാ‍ൽ അറിയാം, ആ രൂപങ്ങളിലൊക്കെയും നമുക്ക് നമ്മളെ തന്നെ കാണാം. കഥാപാത്രങ്ങളുടെ നിറവും ശരീരവും അവരുപയോഗിക്കുന്ന ആഭരണങ്ങൾ എന്തിന് വാക്കുകൾ പോലും നമുക്ക് കണക്റ്റ് ചെയ്യാൻ പറ്റുന്നവയാണ്. നിങ്ങൾക്കിഷ്ടമുള്ള വ്യക്തിത്വങ്ങളെയാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്. അവർക്കൊക്കെ നമ്മളെ പോലെ തന്നെ കുറ്റങ്ങളും കുറവുകളും ഒക്കെയുണണ്ട്. ദൈവികത എന്നത് മാത്രം നോക്കാതെ ഇതൊക്കെ പകർന്നു തരുന്ന അറിവിലേക്കാണ് ആഴത്തിൽ ഇറങ്ങേണ്ടത്.

പല കാര്യങ്ങളിലും വിവർത്തനത്തിൽ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. ദേവൻമാർ അസുരന്മാരേയും ദൈത്യന്മാരേയും ധാനവന്മാരേയും ഒക്കെയായി യുദ്ധം ചെയ്യുന്നു എന്നത് തർജ്ജിമ ചെയ്യുമ്പോൾ ദേവ എന്നത് ‘ഗോഡ്’ ആകുന്നു ബാക്കി ഒക്കെ ‘ഡീമൺസും’. എന്നാൽ അതൊന്നും ഒന്നല്ല. പല തരത്തിലുള്ള ആളുകളെ ഒറ്റ വാക്കിനുള്ളിലൊതുക്കുമ്പോൾ നഷ്ടപ്പെട്ട് പോകുന്ന പലതുമുണ്ട്.

മുൻപത്തെ ആളുകളെ സംബന്ധിച്ച് ഇന്നത്തെ പുതിയ തലമുറ കുറച്ച് കൂടി ചോദ്യങ്ങൾ ചോദിക്കുന്നവരാണ്. അവർക്ക് ഉത്തരങ്ങൾ കിട്ടുന്നതു വരെ അതേക്കുറിച്ച് അറിയാമുള്ള മാർഗങ്ങൾ നോക്കുന്നവരാണ്. ഈ പെയ്ജ് ഇൻസ്റ്റഗ്രാമിൽ തന്നെ തുടങ്ങാനുള്ള കാരണവും അതാണ്. അവർ കണ്ട് ഇഷ്ടപ്പെട്ട രീതിയിൽ അനിമെഷനിലൂടെ കഥകൾ അവതരിപ്പിക്കുക. നെടുനീളത്തിലുള്ള ലേഖനങ്ങൾ എഴുതി ചേർക്കാറില്ല. ഉപയോഗിക്കുന്ന ഭാഷയും സാധാരണക്കാരന്റേതാണ്. ഇവയുടെയൊകെ ദൈർഖ്യവും കുറവാണ്. അതൊക്കെയാണ് ഇന്നിന്റെ പൾ‍സ്.

വാനർസേനയിൽ കഴിഞ്ഞ വർഷം വരെ ഞാൻ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ മൂന്ന് വോളന്റീയേഴ്സിനെ കിട്ടി. കോവിഡ് തുടങ്ങി ഏപ്രിൽ മുതൽ ഞങ്ങൾ 90 പേർക്ക് ട്രെയ്നിങ്ങ് കൊടുക്കുന്നുണ്ട്, അവരൊന്നും പെയ്ജിലേക്ക് കോൺട്രിബ്യൂട്ട് ചെയ്ത് തുടങ്ങിയിട്ടില്ല. തൽക്കാലം ഞാൻ ആരുടേയും പേരെടുത്ത് പറയുന്നില്ല, ചീത്ത പറയുന്നവർക്ക് മുന്നിലേക്ക് അവരെ ഇട്ടുകൊടുക്കാൻ താൽപര്യമില്ല. മോശം പറയുന്നെങ്കിൽ എന്നെയാകാം. നല്ലത് ഞങ്ങൾ ഭാഗിച്ചെടുക്കും. സേനാപതി എന്ന പദവിക്ക് വിവേക് എത്ര അർഹനാണ് എന്നീ വാക്കുകൾ തെളിയിക്കുന്നു.

ടുഡി അനിമേഷനാണ് ചെയ്യുന്നത്. ഡിജിറ്റൽ മീഡിമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഞങ്ങൾ ഒരു പുതിയ ഫോർമാറ്റ് പരീക്ഷിക്കാനുള്ള ശ്രമത്തിലാണ്. അതിനോടൊപ്പം തന്നെ 9 മിനിറ്റ് നേരമുള്ളൊരു ഷൊട്ട് ഫിലിം ചെയ്യുന്നു, അത് ഡിസംബറിൽ ഇറങ്ങും.

Tags:
  • Spotlight