Saturday 18 July 2020 11:41 AM IST : By സ്വന്തം ലേഖകൻ

ഭീഷണിപ്പെടുത്തിയെന്ന വർഷയുടെ പരാതി; ഫിറോസ് കുന്നുംപറമ്പിൽ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്തു!

foro456656

അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ചികിത്സാ സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന വർഷയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഫിറോസ്, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 

കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് വർഷ. ഫിറോസ് കുന്നുംപറമ്പിലും സംഘവും തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു വർഷയുടെ പരാതി. പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ഫിറോസിന്റെ ഹവാല, കുഴൽപ്പണ ബന്ധങ്ങളും പരിശോധിക്കും.

ചികിത്സയ്ക്കായി 30 ലക്ഷത്തിൽ താഴെയുള്ള തുകയ്ക്കാണ് യുവതി അഭ്യർഥന നടത്തിയത്. എന്നാൽ ആദ്യ ദിവസം 65 ലക്ഷം രൂപയിലേറെ അക്കൗണ്ടിൽ എത്തിയതോടെ ഇനി ആരും പണം അയയ്ക്കേണ്ട എന്ന് അറിയിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം കൂടുതൽ തുക അക്കൗണ്ടിൽ എത്തുകയായിരുന്നു. 

പെൺകുട്ടിയുടെ അക്കൗണ്ടിലേയ്ക്ക് 60 ലക്ഷം രൂപ വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണയായി നിക്ഷേപിച്ചതായി പെൺകുട്ടിയെ സഹായിച്ച യുവാവ് പറയുന്നു. ഇതിൽ അസ്വഭാവികത ഉള്ളതായാണ് പൊലീസ് വിലയിരുത്തൽ.

അക്കൗണ്ടിൽ അധികം വന്ന തുക മറ്റുള്ള രോഗികളെ സഹായിക്കാനാണ് ചെലവഴിക്കുക എന്ന് ഇവർ അവകാശപ്പെടുമെങ്കിലും ഇത് എന്താണു ചെയ്യുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. സമൂഹമാധ്യമങ്ങൾ വഴി ചാരിറ്റി തട്ടിപ്പ് നടക്കുന്നതായി നേരത്തേയും ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായിരുന്നില്ല.

Tags:
  • Spotlight