Monday 20 August 2018 03:11 PM IST : By സ്വന്തം ലേഖകൻ

ദുരിതപ്പെയ്ത്തിനോട് ‘ഓ പോട്...ഓ ഹോ...’, ഇനി പുതിയ സ്വപ്നങ്ങൾക്ക് സ്വാഗതം; വൈറലായി വാസുകിയുടെ വാക്കുകൾ–വിഡിയോ

vasuki

പ്രതീക്ഷയുടെ ചിറകിലേറി പുതുജീവിതത്തിന്റെ കരപറ്റുകയാണ് മലയാളക്കര. ആയിരക്കണക്കിന് നന്മമനസുകളുടെ സർവ്വസ്വവും സമർപ്പിച്ചു കൊണ്ടുള്ള സഹായപ്രവാഹമാണ് ദുരിതപ്പേമാരിയിലും കേരളക്കരയെ താങ്ങിനിർത്തുന്നത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിന് ക്യാമ്പുകെ സ്നേഹക്കൂടുകളാക്കി മാറ്റിയും സഹായഹസ്തങ്ങൾ കൂട്ടിച്ചേർത്തും നാം ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്.

ഇപ്പോഴിതാ തിരുവനന്തപുരത്ത് രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ആത്മവിശ്വാസവും ഊർജ്ജവും പകർന്ന് രംഗത്തെത്തിയിരിക്കുകയാണ് ജില്ലാ കലക്ടർ വസുകി. കോട്ടൺഹിൽ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പിലെത്തിയാണ് കലക്ടർ വാളന്റിയർമാർക്ക് കരുത്തു പകരുന്ന വാക്കുകള്‍ പുറത്തെടുത്തത്. നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് രാജ്യസേവനമാണെന്നും ഇത് വിലമതിക്കാനാകാത്തതാണെന്നും കലക്ടർ പറഞ്ഞത് നിറകയ്യടിയോടെയാണ് ക്യാമ്പിലെ വാളന്റിയർമാർ സ്വീകരിച്ചത്.

‘നിങ്ങൾ എന്തുചെയ്യുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ..? നിങ്ങള്‍ ഇപ്പോൾ സൃഷ്ടിക്കുന്നത് ചരിത്രമാണ്. ഇങ്ങനെയൊരവസരത്തിൽ നമുക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ലോകത്തെ കാണിച്ചു കൊടുക്കുകയാണ്. ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ കേരളത്തിലെ രക്ഷാപ്രവർത്തിനെത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയാണ്.

സ്വാതന്ത്ര്യസമര കാലത്ത് പോരാടിയതുപോലെയാണ് ഇപ്പോൾ നമ്മൾ പ്രവർത്തിക്കുന്നത്. നമ്മുടെ നാട്ടിൽ നിന്ന് തന്നെ ഇത്രയേറെ സഹായങ്ങളും സാധങ്ങളുമെല്ലാം ക്യാമ്പിലേക്ക് ലഭിക്കുന്നുവെന്നത് ശരിക്കും പ്രശംസനീയമാണ്. എയർപോട്ടിലെത്തുന്ന സാധനങ്ങൾ എടുത്തുപൊക്കുക എന്നതുതന്നെ വലിയ പ്രയാസമുള്ള ജോലിയാണ്.

നിങ്ങൾ ഇപ്പോൾ സ്വമേധയാ ചെയ്യുന്ന ജോലികൾ കൂലിക്ക് ചെയ്യിക്കുകയാണെങ്കിൽ കോടികൾ നൽകേണ്ടി വന്നേനെ. സർക്കാർ ഒരുപാട് പണം ചെലവാക്കേണ്ടി വന്നേനെ. കോളജിൽ തങ്ങൾ ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഒാ പോട് എന്ന് ഉച്ചത്തിൽ ശബ്ദമുണ്ടാക്കാറുണ്ടെന്നും താന്‍ ഓ പോട് എന്ന് പറയുിമ്പോള്‍ ഓഹോ എന്ന് ഏറ്റുപറയാമോ എന്നും കലക്ടര്‍ ചോദിച്ചു. എല്ലാവരും ഉച്ചത്തിൽ ഒാഹോ എന്ന ശബ്ദമുണ്ടാക്കി. വിഡിയോ കാണാം.