Thursday 02 November 2023 02:23 PM IST

‘ശരിപ്പെടുത്തിക്കളയും...’: വയലാറിന്റെ വീട്ടിലേക്കു വന്ന ഭീഷണിക്കത്ത്! ഒടുവിൽ സംഭവിച്ചത്: ശ്രീകുമാരൻ തമ്പി–ശരത് സ്നേഹസംഗമം

V R Jyothish

Chief Sub Editor

sarath-thampi

വയലാറിന്റെ പ്രതിഷ്ഠയുള്ള ശ്രീകോവിലാണ് ശ്രീകുമാരൻ ത മ്പി. അവിടേക്കാണു ഭക്തന്റെ മനസ്സോടെ ഞാൻ കടന്നുവരുന്നത്.’ തിരുവനന്തപുരത്തു ശ്രീകുമാരൻ തമ്പിയുടെ വീടിനു മുന്നിലെത്തിയപ്പോൾ വയലാർ ശരത്ചന്ദ്രവർമ പറഞ്ഞു. അച്ഛന്റെ പേരിലുള്ള അവാർഡ് ഗുരുതുല്യനായ ശ്രീകുമാരൻ തമ്പിക്കു കിട്ടിയപ്പോൾ അദ്ദേഹത്തെ കാണാനെത്തിയതാണു ശരത്.

‘ഒരുപാടു നാളായുള്ള ആഗ്രഹമായിരുന്നു തമ്പിച്ചേട്ടനെ വീട്ടിലെത്തി കാണണമെന്നത്. ഇപ്പോഴൊരു കാരണവുമായി.’ പിതൃതുല്യനായ കവിയുടെ പാദങ്ങളിൽ ശരത്തിന്റെ സാഷ്ടാംഗപ്രണാമം. പിടിച്ചെഴുന്നേൽപ്പിച്ചു ശ്രീകുമാരൻ തമ്പി ശരത്തിനെ ആലിംഗനം ചെയ്തു.

‘രാഘവപ്പറമ്പിൽ ഞാൻ ഒരുപാടു പ്രാവശ്യം പോയിട്ടുണ്ടെങ്കിലും എ ന്റെ വീട്ടിലേക്കു ശരത് വരുന്നത് ആദ്യമായാണ്. ഞാനിന്നു സാക്ഷാൽ വ യലാറിന്റെ സാന്നിധ്യം അറിയുന്നുണ്ട്.’ ശ്രീകുമാരൻ തമ്പി സംഭാഷണത്തിനു തുടക്കമിട്ടു. സിനിമയും വ്യക്തിജീവിതവും കഴിഞ്ഞ കാലവും.. മനോഹരമായൊരു ഗാനം പോലെയായിരുന്നു അത്.

ശരത്: തിരുവനന്തപുരത്ത് ആയുർവേദ കോളജിനടുത്ത് ‘സ്വിസ്’ എന്ന പേരിൽ ഒരു ഹോട്ടലുണ്ടായിരുന്നു. അവിടെ ആഹാരം കഴിക്കാൻ വന്നപ്പോഴാണു ഞാൻ തമ്പിച്ചേട്ടനെ ആദ്യമായി കാണുന്നത്. ഞാനന്നു മാർ ഇവാനിയോസിൽ പഠിക്കുന്നു. തമ്പിച്ചേട്ടനാണ് അന്ന് എന്നെ ഹോസ്റ്റലിൽ കൊണ്ടാക്കിയത്. ഓർമയുണ്ടോ?

തമ്പി: ഓർമകളെല്ലാം അതേ പോലെ കൂടെയുണ്ട്. വയലാറിന്റെ കാലത്തുപാട്ടെഴുതാൻ പറ്റി എന്നതിലല്ല അദ്ദേഹത്തെ കാണാനും സംസാരിക്കാനും പറ്റി എന്നതു തന്നെ ഭാഗ്യമായി കാണുന്ന ആളാണു ഞാൻ.

മലയാള ഭാഷ തൻ മാദകഭംഗി

ശരത്: തമ്പിച്ചേട്ടന്റെ ആദ്യത്തെ കവിതാസമാഹാരത്തിന് അച്ഛൻ അ വതാരിക എഴുതിയ കാര്യം ചേട്ടൻ പറഞ്ഞിട്ടുണ്ടല്ലോ?

തമ്പി: ഹരിപ്പാട്ട് സമ്മേളനസ്ഥലത്തു വച്ചാണു ഞാൻ വയലാറിനെ ആദ്യമായി കാണുന്നത്. സുഹൃത്തു ചേർത്തല ഭാസ്കരൻ നായരുടെ സഹായത്തോടെ അദ്ദേഹത്തെ പരിചയപ്പെട്ടു. പിന്നീടാണു ഭാസ്കരൻ നായരേയും കൂട്ടി ഞാൻ രാഘവപ്പറമ്പിൽ ചെല്ലുന്നത്.

സ്വന്തം അനുജനോടെന്ന പോലെയാണ് അദ്ദേഹം എന്നോടു പെരുമാറിയത്. അമ്മയെ പരിചയപ്പെടുത്തി തന്നു. എന്റെ കവിതകൾ ഒന്നൊന്നായി വായിച്ചു. വായനയ്ക്കിടയിൽ എന്നെ നോക്കും. അർഥമുള്ള നോട്ടം. തിരികെപ്പോകാൻ നേരം ഊണു കഴിപ്പിക്കാനും അദ്ദേഹം മറന്നില്ല. പുളിശ്ശേരിയും മോരുമൊക്കെയുണ്ടായിരുന്നു. മോരിൽ കാന്താരിമുളക് ഉടച്ചുകഴിക്കാൻ പറഞ്ഞു. നല്ല സ്വാദായിരുന്നു അതിന്.

ശരത് : ചെറുപ്പത്തിൽ അച്ഛനെക്കാളും തമ്പിച്ചേട്ടനായിരുന്നു എന്നെ സ്വാധീനിച്ചത്. തമ്പിച്ചേട്ടന്റെ തലമുടി അന്നേ പ്രസിദ്ധമാണ്. അതുകണ്ടു ഞാനും മുടി വളർത്താൻ തുടങ്ങി.

‘നീ ശ്രീകുമാരൻ തമ്പിയാവാൻ പോകുകയാണോ’ എന്നൊക്കെ വീട്ടിൽ ചോദിച്ചു. ഞാൻ കുട്ടിയായിരുന്ന സമയത്തു ഞങ്ങളുടെ വീട്ടിലൊരു കത്തു വന്നു. അച്ഛനെ ശരിപ്പെടുത്തിക്കളയും എന്നൊക്കെയുള്ള ഒരു ഭീഷണക്കത്ത്. അമ്മമാരൊക്കെ പേടിച്ചു.

അച്ഛൻ പക്ഷേ, വളരെ നിസ്സാരമായാണു പ്രതികരിച്ചത്. കത്ത് ശ്രീകുമാരൻ തമ്പി പറഞ്ഞ് ആരോ അയച്ചതാണെന്നു ചിലർ അച്ഛനോടു പറഞ്ഞു. അച്ഛൻ ചിരി ച്ചതേയുള്ളു.

അഭിമുഖത്തിന്റെ പൂർണരൂപം വനിത നവംബർ ആദ്യ ലക്കത്തിൽ

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ