Thursday 10 August 2023 12:01 PM IST

‘വധുവിനുള്ള ആഭരണങ്ങളും ധനവും നിറച്ച് നൽകുന്ന സ്ത്രീധനപ്പെട്ടി’: ആരും അമ്പരന്നു പോകും! ഈ പാത്രക്കൂട്ടങ്ങൾക്ക് നൂറ്റാണ്ടുകൾ പഴക്കം

Easwaran Namboothiri H

Sub Editor, Manorama Traveller

veechar-

സബർമതിയുടെ തീരത്തെ വരണ്ട കാറ്റിന്റെ ചൂടിൽ നിന്ന് അൽപം ആശ്വാസം തേടി ആശ്രമമുറ്റത്തെ മാവിൻ ചുവട്ടിലിരിക്കുമ്പോഴാണ് മഹേന്ദ്ര ജയിൻ ചോദിക്കുന്നത്, ‘വിചാർ മ്യൂസിയം കണ്ടില്ലല്ലോ... അതു കാണാതെ അഹമ്മദാബാദിൽ നിന്നു പോയാൽ വലിയ നഷ്ടമായിരിക്കും.’ യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സിറ്റിയായ ഈ നഗരത്തിൽ അങ്ങനെയൊരു മ്യൂസിയമുണ്ടോ? ‘സാധാരണ വീട്ടുപകരണങ്ങളിലൂടെ സാംസ്കാരിക പരിണാമം വെളിപ്പെടുത്തുന്ന പ്രദർശനശാലയാണത്. വെള്ളം ശേഖരിക്കുന്ന കുടങ്ങൾ, പാത്രങ്ങൾ, കളിപ്പാവകൾ, പണിയായുധങ്ങൾ തുടങ്ങി ആഭരണപ്പെട്ടികൾ വരെ പലതും കാണാം അവിടെ. ആയിരം കൊല്ലം മുതൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ളവ വരെ...’ മുഖത്തെ അമ്പരപ്പ് കണ്ടിട്ടായിരിക്കും ജയിൻ വിശദീകരിച്ചു. വേറിട്ട ഈ പ്രദർശനശാലയുടെ ലൊക്കേഷനും പോകേണ്ട വിധവുമൊക്കെ ചോദിക്കാതെ തന്നെ വിശദീകരിച്ചു. അതോടെ ആ മ്യൂസിയമൊന്നു കണ്ടാ ലോ എന്ന വിചാരം മനസ്സിൽ മൊട്ടിട്ടു.

ഗാന്ധി ആശ്രമത്തിൽ നിന്നു പുറത്തിറങ്ങിയപ്പോൾ സൂര്യൻ പടിഞ്ഞാറേക്ക് ചാഞ്ഞു തുടങ്ങിയിരുന്നു. സബർമതി നദിയുടെ ഓരം പറ്റി നീണ്ട റോഡ്, സ ഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന റിവർഫ്രണ്ട് പാർക്ക് ആണ് ഏറെ ദൂരം റോഡിനെ അനുഗമിച്ചത്. നിരത്തുകൾ വീതിയേറിയവ ആയിട്ടും വാഹനത്തിരക്കിൽ മുങ്ങിത്താഴ്ന്ന കാർ പത്തു കിലോമീറ്റർ പിന്നിടാൻ അര മണിക്കൂർ എടുത്തു. പരമ്പരാഗതമായ ഗുജറാത്തി ഭക്ഷണശാലയെ അനുസ്മരിപ്പിക്കുന്ന ഓലമേഞ്ഞ പന്തലിനു സമീപം ടിക്കറ്റെടുത്ത് അകത്തേക്ക് നടന്നു. പരമ്പരാഗത ശൈലിയിൽ നിർമിച്ച മണ്ണുകൊണ്ട് നിർമിച്ച കെട്ടിടത്തിന്റെ പൂമുഖത്തേക്കാണ് എത്തിയത്.

കലം നിറയെ കാഴ്ചകൾ

കലങ്ങൾ, കുടങ്ങൾ, കലശങ്ങൾ, കുറ്റികൾ, ചരുവങ്ങൾ... എത്ര പേരിട്ടാലും തികയാത്തത്ര വൈവിധ്യമാണ് ജലസംഭരണികളുടേത്. ജലം ശേഖരിച്ച് കൊണ്ടുവരാനുള്ളവ, വീടുകളിൽ സംഭരിച്ച് സൂക്ഷിക്കാൻ, അടുപ്പിൽ വയ്ക്കാൻ പാകത്തിലുള്ളവ, പിടിക്കാൻ കാതുള്ളവ അങ്ങനെ എത്രവിധം. ചെമ്പും പിച്ചളയും ഓടും ഉപയോഗിച്ച് നിർമിച്ചവയാണ് ഇവ ഏറെയും.

ഉത്തരേന്ത്യയുടെ പലഭാഗത്തും കുടിവെള്ളം ഏറെ അ കലെനിന്ന് ശേഖരിച്ച് കൊണ്ടുവരേണ്ട അവസ്ഥ ഇന്നും നിലനിൽക്കുന്നു. സന്ദർശകരിൽ കൗതുകം തോന്നിപ്പിക്കുന്ന കലങ്ങളുടെ ഒരു ‘സെറ്റ്’ കുടിവെള്ളശേഖരണത്തിനുള്ളതാണ്. ഒന്നിനു മുകളിൽ ഒന്നായി വയ്ക്കുന്ന ഏഴുകലങ്ങൾ, ഏറ്റവും താഴെ അവയെ ബാലൻസ് ശരിയാക്കി വ യ്ക്കാൻ പാകത്തിൽ, തിരിക പോലെ ഓടുകൊണ്ട് നിർമിച്ച ആമയുടെ രൂപത്തിലുള്ള ചെറു പീഠം.

മറ്റൊരു വിശേഷപാത്രമാണ് താംബകുണ്ഡി എന്നു പേരുള്ള, ചെമ്പിൽ നിർമിച്ച ബക്കറ്റ്. ഗുജറാത്ത് പ്രദേശത്ത് കാലങ്ങളായി പ്രചാരത്തിലിരുന്നതും കുലീനതയുടെ ചിഹ്നമായി കണക്കാക്കിയിരുന്നതുമാണ് ഈ പാത്രം. വൃത്താകൃതിയുള്ള, നടുഭാഗം പുറത്തേക്ക് അൽപം തള്ളി നിൽക്കുന്ന, അധികം ഉയരമില്ലാത്ത പാത്രമാണിത്.

കൃഷിക്കാലത്തെ പാത്രങ്ങൾ

ജലം കഴിഞ്ഞാൽ കൃഷി. സൈന്ധവ നാഗരികതയുടെ ശേഷിപ്പുകളിൽ കണ്ടെടുത്ത നെന്മണികൾ മുതൽ ഇന്നും രാജ്യമെമ്പാടും ഹരിതാഭ പടർത്തുന്ന പാടശേഖരങ്ങളോളം തുടരുന്നതാണ് കാർഷിക പാരമ്പര്യം. എന്നാൽ കാളയും കലപ്പയും കുട്ടയും വട്ടിയും ഉപയോഗിച്ചിരുന്ന പഴയകാലത്തിനും ട്രാക്ടറും കൊയ്ത്ത് മെഷീനുകളും പ്രവർത്തിക്കുന്ന ഇന്നത്തെ കാലത്തിനും ഇടയിൽ എന്തൊക്കെ സംഭവിച്ചിരിക്കാം?

തടികൊണ്ടും കല്ലുകൊണ്ടും ചെമ്പുകൊണ്ടും നിർമിച്ച ധാന്യം സംഭരിക്കുന്ന പാത്രങ്ങൾ, ധാന്യം പൊടിക്കാനുപയോഗിച്ചിരുന്ന തിരികല്ല് തുടങ്ങി അക്കാലത്തെ കായിക വിനോദങ്ങൾക്ക് ഉപയോഗിച്ചിരുന്ന ഗദ വരെ ഈ ശേഖരത്തിന്റെ ഭാഗമാണ്.

കാർഷിക സംസ്കൃതിയുടെ അവിഭാജ്യഘടകമായിരുന്നു പശുവളർത്തൽ. പാൽ കറന്നൊഴിക്കാന്‍ മാത്രം ഉപയോഗിച്ചിരുന്ന കലങ്ങൾ ഈ ശേഖരത്തിൽ സുലഭമാണ്. ഉയരം കുറഞ്ഞ്, വലിയ വാവട്ടവും അസാമാന്യ വലിപ്പമുള്ള അടിവശവും ഈ കലങ്ങളുടെ പ്രത്യേകതയാണ്. ഇവയുടെ പലവിധ രൂപങ്ങൾ കാണിക്കുന്നത് അനുഭവപാഠങ്ങളിലൂടെ കൂടുതൽ സൗകര്യപ്രദമായ പാത്രങ്ങൾ നിർമിച്ച മനുഷ്യന്റെ ആസൂത്രണമികവിനെയാണ്. ധാന്യങ്ങളും വിത്തുകളും സൂക്ഷിക്കാനുള്ള പ്രത്യേക പാത്രങ്ങളും പെട്ടികളും താലങ്ങളും വൈവിധ്യം മാത്രമല്ല കലാപരമായ സവിശേഷതകളും കൂടി ഒത്തുചേർന്നവ ആയിരുന്നു,

veechar-4

ഇതെന്ത് കടകോൽ

ഇക്കൂട്ടത്തിൽ കൗതുകകരമായ കാഴ്ച അസാധാരണ വലുപ്പമുള്ള മത്തും കടകോലുമാണ്. പശുപാലകരായ ക ർഷകർ പാലില്‍ നിന്ന് തൈരും മോരും വെണ്ണയുമൊക്കെ വീടുകളിൽ തന്നെ തയാറാക്കിയിരുന്നു. അവരുടെ സംസ്കൃതിയുടെ ഭാഗമായ, ഒരാൾ പൊക്കമുള്ള കടകോലും അതിനൊത്ത വലുപ്പമുള്ള കലവും കാണാം. ചീനഭരണിപോലെ വലുപ്പമുള്ള കലവും തൂണിനൊപ്പം പോന്ന കടകോലും ഉപയോഗിച്ചു കടഞ്ഞെടുക്കുന്ന വെണ്ണയുടെ രുചിയും നെയ്യ് വേറിട്ട മോരിനെ സംഭാരമാക്കി ദാഹശമനത്തിന് എടുക്കുന്നതും ഓർത്തപ്പോൾ... ആഹാ! എത്ര നല്ല കാലമായിരുന്നിരിക്കും അത്.

മലയാളികൾക്ക് ഏറെ പരിചിതമായ കിണ്ടി പോലെ ജലമോ പാനീയങ്ങളോ ഒഴിക്കാനുള്ള പാത്രങ്ങളുടെ ശേഖരം ആരേയും അമ്പരപ്പിക്കും. വലുപ്പംകൊണ്ടും രൂപവൈവിധ്യംകൊണ്ടും ഇവ ശ്രദ്ധേയമാണ്. ജലത്തിന്റെ ദുർ‍വിനിയോഗം ഒഴിവാക്കാൻ ഏറെ സഹായിക്കുന്നതാണ് വാൽക്കിണ്ടികൾ. ഇന്നത്തെ ഉസ്ബക്കിസ്ഥാനിലെ സമർഖണ്ഡിൽ നിന്നു ലഭിച്ച സമാനമായ പാത്രങ്ങളുടെ ശേഖരവും കൗതുകക്കാഴ്ചയാകുന്നു.

കുഞ്ഞുങ്ങൾക്ക് പാലും വെള്ളവും നൽകുന്നതിനുള്ള വാലുള്ള മൊന്തകളാണ് മറ്റൊരു കൗതുകം. ടോലി എന്നു വിളിക്കുന്ന ഇവയുടെ വിശേഷത അരയന്നങ്ങളുടെ കഴുത്തുപോലുള്ള നീണ്ട വാലാണ്.

veechar-3 നൂറ്റാണ്ടുകൾ പഴക്കമുള്ള ‘അടുക്കള’

വച്ചു വിളമ്പിയ പാത്രങ്ങൾ

എട്ടുകെട്ടും പതിനാറ് കെട്ടും പോലെ തോന്നിക്കുന്ന കെട്ടിടങ്ങളുടെ ഒരു ഭാഗത്തു നിന്നു മറ്റൊരു ഭാഗത്തേക്കു കടക്കുമ്പോൾ വൈവിധ്യമുള്ള കാഴ്ചകളാണ് നിറയുന്നത്. വ യ്ക്കാനും വിളമ്പാനും അളക്കാനും നുറുക്കാനും തുടങ്ങി അടുക്കള ആവശ്യങ്ങൾക്കു മാത്രമുള്ള പാത്രങ്ങളുടെയും ഉപകരണങ്ങളുടെയും ശേഖരം ഏറെ ബൃഹത്താണ്. ഉണ്ണിയപ്പം വറുത്തെടുക്കുന്ന അപ്പക്കാര, ചുരണ്ടിയ തേങ്ങ ശേഖരിക്കാനുള്ള പാത്രം സഹിതം കലാപരമായി തടിയിൽ നിർമിച്ച ചിരവ തുടങ്ങിയവ കേരളത്തിൽ നിന്നുള്ള സഞ്ചാരികളിൽ കൗതുകം നിറയ്ക്കും.

ബ്രിട്ടിഷ് ഭരണകാലത്തെ ടാപ്പ് ഘടിപ്പിച്ച പാത്രങ്ങൾ, ഇന്നത്തെ അടുക്കളകളിൽ കാണുന്ന നന്നേ ഭാരം കുറഞ്ഞ ഓരോ പാത്രത്തിന്റെയും ഓടുകൊണ്ടും ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടുമുള്ള പഴയ രൂപങ്ങൾ തുടങ്ങി കണ്ടറിയാൻ ഒട്ടേറെയുണ്ട് ഈ ‘അടുക്കള ഭാഗത്ത്’.

ആചാരം മുതൽ സ്ത്രീധനം വരെ

ഹിന്ദുവിശ്വാസ പ്രകാരമുള്ള ആരാധനകൾക്കും പൂജാദി കർമങ്ങൾക്കും ഉപയോഗിച്ചിരുന്ന സാമഗ്രികളുടെ ശേഖരവും കാണാം. പലവിധം വിളക്കുകൾ മുതൽ വിശുദ്ധ ഗ്രന്ഥങ്ങൾ വയ്ക്കുന്നതിനുള്ള പുസ്തകപ്പലകകൾ വരെ അ ക്കൂട്ടത്തിലുണ്ട്. ഗംഗാജലം സംഭരിച്ച് സൂക്ഷിക്കാൻ മാത്രം ഉപയോഗിക്കുന്ന ‘ഗംഗാ കലശ്’ എന്ന പ്രത്യേക മൊന്തകളും ഒട്ടേറെയുണ്ട്.

veechar-1 പരമ്പരാഗത മുറി

വിനോദങ്ങളില്ലാതെ മനുഷ്യജീവിതമില്ല. കുട്ടികളുടെ വിനോദങ്ങൾക്ക് ഉപകരിച്ചിരുന്ന കളിപ്പാട്ടങ്ങളുടെ ശേഖരമാണ് വേറിട്ട മറ്റൊരു കാഴ്ച. മഷി തീരുന്നതിനെപ്പറ്റി വേവലാതിപ്പെടാതെ ഉപയോഗിക്കാവുന്ന പേനകളുടെ കാലത്ത് കലം–ദവാത് അഥവാ മഷിക്കുപ്പിയും പേനയും മറ്റെവിടെയും കാണാൻ ഇടയില്ലാത്ത കാഴ്ചയാണ്.

veechar-2

വിവാഹശേഷം വധുവിനെ വരന്റെ ഗൃഹത്തിലേക്ക് യാത്രയാക്കുമ്പോൾ അവൾക്ക് ആഭരണങ്ങളും ധനവും നിറച്ച് നൽകുന്ന ദഹേജ് കി ഡിബ്ബ, സ്ത്രീധനപ്പെട്ടിയാണ് അ വസാന കാഴ്ചകളിൽ അദ്ഭുതപ്പെടുത്തുന്ന ഒന്ന്. വെയിൽ മങ്ങി, ഇരുട്ടു പരന്നതോടെ ആ പ്രദേശത്ത് പ്രകാശത്തിനായി റാന്തൽ വിളക്കുകൾ തെളിഞ്ഞു. പുറത്തിറങ്ങി പരമ്പരാഗത ഗുജറാത്തി ഭക്ഷണമുറിയുടെ ശൈലിയിൽ ഒരുക്കിയ ഭക്ഷ്യശാലയിലേക്ക് നടന്നു. ഗോതമ്പും പഞ്ചസാരയും ചേർത്ത നാടൻ വിഭവം ധോക്‌ലയുടെ രുചി നാവിൽ അലിഞ്ഞതിനൊപ്പം വിചാർ മ്യൂസിയം കാഴ്ചകളുടെ ഓർമ മനസ്സിൽ മധുരം നിറച്ചു.

Info

veecha-r-7 ആയിരം വർഷം പഴക്കമുള്ള പാത്രം, കലങ്ങളുടെ സെറ്റ്

ഗുജറാത്തി ഭക്ഷണത്തെ ഗ്രാമീണമായ അന്തരീക്ഷത്തിൽ വിളമ്പുക എന്ന ലക്ഷ്യത്തോടെ വിശാല റസ്റ്ററന്റ് ആരംഭിച്ച സുരേന്ദ്ര പട്ടേലാണ് വിചാർ മ്യൂസിയത്തിന്റെ സ്ഥാപകൻ.
അഹമ്മദാബാദ് റയിൽവേ സ്‌റ്റേഷനിൽ നിന്ന് ഒൻപത് കിലോമീറ്റർ.  ചൊവ്വ മുതൽ ഞായർ വരെ 3 pm –10.30 pm ആണ് പ്രവർത്തന സമയം. തിങ്കൾ അവധി.
ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 50 രൂപ, കുട്ടികൾക്ക് 20 രൂപ.

എഴുത്തും ചിത്രങ്ങളും: ഈശ്വരൻ ശീരവള്ളി