Tuesday 27 February 2024 12:09 PM IST : By സ്വന്തം ലേഖകൻ

‘വിവസ്ത്രനാക്കി ബെൽറ്റ് കൊണ്ടടിച്ചു, മൂന്നു ദിവസം വെള്ളം പോലും നൽകാതെ കമ്പിയും ബെൽറ്റും ഉപയോഗിച്ച് ഉപദ്രവം’; സിദ്ധാർഥിനെ കൊന്നതാണെന്ന് വിദ്യാർഥികൾ

murr6667

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥി നെടുമങ്ങാട് കുറക്കോട് വിനോദ് നഗർ ‘പവിത്രത്തിൽ’ സിദ്ധാർഥിനെ (20) എസ്എഫ്ഐ നേതാക്കളടക്കമുള്ള സഹപാഠികൾ‌ മൂന്നു ദിവസം ഭക്ഷണവും വെള്ളവും നൽകാതെ ക്രൂരമായി മർദിച്ചുവെന്നു ബന്ധുക്കൾ. അക്രമികൾ പാർട്ടിയുടെ തണലിൽ കഴിയുകയാണെന്നും സിദ്ധാർഥിന്റെ രക്ഷിതാക്കളായ ടി. ജയപ്രകാശ്, എം.ആർ. ഷീബ എന്നിവർ ആരോപിച്ചു.

അക്രമികളിൽ പലരും രക്ഷപ്പെടാനിടയുള്ളതിനാൽ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനു സിദ്ധാർഥിന്റെ പിതാവു ജയപ്രകാശ് നിവേദനം നൽകി. ഇക്കഴിഞ്ഞ 15ന് വീട്ടിലേക്ക് വരാൻ എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയ സിദ്ധാർഥിനെ സഹപാഠികളിൽ ചിലർ തിരികെ വിളിച്ചു ഹോസ്റ്റലിൽ എത്തിക്കുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.

പാറപ്പുറത്ത് എത്തിച്ചും, വാട്ടർ ടാങ്കിനു സമീപത്തേക്കു കൊണ്ടുപോയും മർദിച്ചു. മറ്റു വിദ്യാർഥികളുടെ മുൻപിൽ വിവസ്ത്രനാക്കി ബെൽറ്റ് കൊണ്ട് അടിച്ചു. രണ്ടു ബെൽറ്റുകൾ മുറിയുന്നതു വരെ മർദിച്ചു. കമ്പിയും ബെൽറ്റും ഉപയോഗിച്ച് ക്രൂരമായി ദേഹോപദ്രവം ഏൽപിച്ചു. സീനിയേഴ്സും ജൂനിയേഴ്സും അടക്കമുള്ള സഹപാഠികൾ ഇക്കാര്യം പുറത്ത് അറിയിക്കാതെ കാഴ്ചക്കാരായി നിന്നു. 18നാണ് സിദ്ധാർഥ് മരിച്ചെന്ന വിവരം ഹോസ്റ്റലിലെ പിജി വിദ്യാർഥി സിദ്ധാർഥിന്റെ അമ്മാവൻ എം. ഷിബുവിനെ ഫോണിൽ അറിയിച്ചത്.

അന്നു രാത്രി എട്ടു മണിയോടെ ബന്ധുക്കൾ‌ വയനാട്ടിലേക്കു പുറപ്പെട്ടു. പിറ്റേന്നു രാവിലെ പൂക്കോട് എത്തിയപ്പോൾ, മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് കോളജിലെ ഡീൻ പറഞ്ഞത്. വിശദമായി അന്വേഷിക്കാൻ മുഖ്യമന്ത്രിക്കു പരാതി നൽകണമെന്നു കോളജിലെ പിടിഎ ഭാരവാഹി ഉപദേശിക്കുകയും ചെയ്തു.

സീനിയേഴ്സിൽ ചിലരാണ് സിദ്ധാർഥിനെ അടിച്ചുകൊന്നതെന്നു ചില വിദ്യാർഥികൾ പറഞ്ഞിരുന്നു. മൃതദേഹത്തിൽ കണ്ട മർദനത്തിന്റെ പാടുകളും സംശയത്തിന് അടിവരയിടുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. കുറ്റക്കാർക്കെതിരെ എത്രയും വേഗം നിയമനടപടികൾ സ്വീകരിക്കാൻ ഡിജിപിക്കു നിർദേശം നൽകുമെന്നു ഗവർണർ അറിയിച്ചതായി ജയപ്രകാശ് പറഞ്ഞു.

Tags:
  • Spotlight