Wednesday 20 December 2023 11:39 AM IST : By സ്വന്തം ലേഖകൻ

ബസിനും കാറിനും മുന്നിലേക്ക് കടുവ ചാടി; മേയാന്‍ കെട്ടിയിട്ടിരുന്ന പശുവിനെ വലിച്ചു കൊണ്ടുപോയി! ഭീതിയകലാതെ വയനാട്

tiger566gjjj Credit: Google Images

ബത്തേരി വാകേരി കൂടല്ലൂരിലെ കടുവ കൂട്ടിലായതിനു പിന്നാലെ നൂൽപുഴ പഞ്ചായത്തിലെ വടക്കനാട് പച്ചാടിയിലും പൂതാടി പഞ്ചായത്തിലെ മൂന്നാനക്കുഴിക്കടുത്ത പുല്ലുമലയിലും കടുവയെത്തി. വടക്കനാട് പച്ചാടി കോളനിക്കു സമീപം വനാതിർത്തിയിൽ മേയുകയായിരുന്ന പശുവിനെ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണു കടുവ പിടികൂടിയത്. കോളനിയിലെ പത്തോളം വരുന്ന കന്നുകാലികളും ആടുകളും ഒന്നിച്ചു മേയുന്നതിനിടെയാണു കെട്ടിയിട്ടിരുന്ന പശുവിനെ കടുവ പിടിച്ചത്. 

പശുവിനെ കടുവ കുറച്ചു ദൂരം വലിച്ചു കൊണ്ടു പോയി. കോളനിവാസിയായ ചോന്ദന്റേതാണ് പശു. സ്ത്രീകളടക്കം പരിസരത്തുള്ളപ്പോഴാണു കടുവ പശുവിനെ കൊന്നത്. പുല്ലുമലയിൽ ഇന്നലെ രാവിലെ ഏഴേ കാലോടെയാണു കടുവയെ നാട്ടുകാ‍ർ കണ്ടത്. ബത്തേരിയിൽ നിന്നു മാനന്തവാടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന്റെ മുൻപിലേക്ക് പുല്ലുമല ബസ് സ്റ്റോപ്പിനു സമീപം വച്ചാണു കടുവ എത്തിയത്. 

ബസ് യാത്രക്കാരും പുല്ലുമല ജംക്‌ഷനിലുണ്ടായിരുന്നവരും കടുവയെ കണ്ടു. റോഡിനു കുറുകെ കടന്ന് എസ്റ്റേറ്റിലേക്കു പോയ കടുവയെ പിന്നീട് പുല്ലുമല– കൃഷ്ണഗിരി റോഡിലും കണ്ടു. അതിനിടെ ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന വിജയന്റെ ഭർത്താവ് വിജയൻ ഓടിച്ചിരുന്ന കാറിന് മുൻപിലേക്കും കടുവ ചാടി. മാനിനെ ഓടിച്ചു വരുകയായിരുന്നു കടുവ. സ്കൂൾ വിദ്യാർഥികളും പിന്നീട് എസ്റ്റേറ്റിന് സമീപം കടുവയെ കണ്ടു. കടുവയെ കണ്ടതിനു രണ്ടു കിലോമീറ്റർ മാറിയാണു കഴിഞ്ഞ ദിവസം ഞാറ്റാടിയിൽ പശുവിനെ കൊന്നത്.

Tags:
  • Spotlight