Monday 12 February 2024 02:25 PM IST

‘മൂപ്പെത്താതെ മൂക്കുന്ന’ അത്തരം ആനകൾക്കു റിസ്ക് മനോഭാവം കൂടുതൽ... ആനയെ പ്രകോപിപ്പിക്കുന്നവര്‍‌ അറിയാൻ

Roopa Thayabji

Sub Editor

elephant-guide

ഇന്നത്തെ ചെറുപ്പക്കാരെ കണ്ടിട്ടില്ലേ, എല്ലാ കാര്യങ്ങളിലും അവർക്ക് ആവേശമാണ്. എന്തിനും ചങ്കൂറ്റത്തോെട ‘ഞാന്‍ െറഡി’യെന്നു പറഞ്ഞു ചാടിയിറങ്ങും. െചറുപ്പക്കാരുെട ഈ സാഹസിക മനോഭാവമാണു നാട്ടിലിറങ്ങുന്ന ആനകളിലും കാണുന്നത്.

കാട്ടിലെ സ്വാഭാവിക സാഹചര്യത്തിൽ വളരുന്ന ആനകൾ 40 വയസ്സെങ്കിലും തികയുമ്പോഴാണ് ഒറ്റയാനായി സ ഞ്ചരിച്ചു തുടങ്ങുന്നതും ഇണചേരാനും മറ്റും തയാറാകുന്നതും. എന്നാൽ നാട്ടിലിറങ്ങുന്ന ആനകൾ 15- 20 വയസ്സിലൊക്കെ തന്നെ നാല്‍പതിന്റെ സ്വഭാവം കാണിച്ചു തുടങ്ങും. കാടിന്റെ അതിർത്തി പ്രദേശത്തുള്ള കൂടുതൽ പച്ചിലകളും പുല്ലുമൊക്കെയാണ് ഈ കരുത്തിനു പിന്നിൽ. പിന്നെ, തോട്ടങ്ങളിലെ പഴങ്ങളും വാഴപ്പഴവും അരിയുമൊക്കെ.

ഇങ്ങനെ ‘മൂപ്പെത്താതെ മൂക്കുന്ന’ ആനകൾക്കു റിസ്ക് മനോഭാവം കൂടുതലാകും. മനുഷ്യരോടു കലഹിക്കാനും അപകടത്തെ കുറിച്ചോർക്കാതെ മുന്നോട്ടു പോകാനും ആ ക്രമണത്തിനു മുതിരാനുമൊക്കെ ഇവർ സദാ റെഡിയാണ്. നാട്ടിലിറങ്ങി ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നത് അവരുടെ ജീവനു ഭീഷണിയുമാണ്. 500ലേറെ ആനകളുടെ പോസ്റ്റുമോർട്ടം ഞാൻ നടത്തിയിട്ടുണ്ട്, ഇതു ലോകറെക്കോർഡാണ്. ഇവയിൽ നിന്നു മനസ്സിലാക്കിയ ഒരു വസ്തുതയുണ്ട്, സാഹസിക മനോഭാവമുള്ള ആനകൾ മിക്കപ്പോഴും മരണപ്പെടുന്നതു വിഷം കഴിച്ചോ വെടിയേറ്റോ പടക്കമോ മറ്റോ കടിച്ചു പരുക്കേറ്റു തീറ്റയെടുക്കാനാകാതെ വന്നോ ഒക്കെയാകും. നിരന്തരം ശല്യമുണ്ടാക്കുന്ന ഇവയെ പല ത രത്തിൽ മനുഷ്യൻ തന്നെ വകവരുത്തുന്നതാണ്.

ആനയ്ക്ക് ഒരു ദിവസം 100 കിലോയിലധികം ഭക്ഷണം വേണം, 200 ലീറ്റർ വെള്ളവും. അതു തേടിയാണു നടപ്പ്. ലീഡറായ ആനയ്ക്ക് ഇവ എവിടെ കിട്ടുമെന്നു കൃത്യമായി അറിയാം. നാട്ടിലേക്കിറങ്ങുമ്പോൾ ഈ ലീഡറിനെയാകും ഞങ്ങൾ പിടികൂടുക.

രസമുള്ള ഒരോർമയുണ്ട്. മുത്തങ്ങയ്ക്കടുത്തു കല്ലൂർക്കൊമ്പൻ എന്നൊരു ആനയുണ്ടായിരുന്നു. ഏക്കറുകളോളം വയലിൽ എട്ടു വർഷത്തോളം ഇവനടക്കമുള്ള നാലു കാട്ടാനകളുടെ ശല്യം കാരണം കൃഷിയിറക്കാനായില്ല. പരാതികൾ കനത്തതോടെ പിടിക്കാൻ തീരുമാനിച്ചു. കൊമ്പനെ കൂട്ടിലാക്കിയ അന്നു രാത്രി ചിന്നംവിളി കേട്ടു ചെന്നുനോക്കുമ്പോൾ കണ്ട കാഴ്ച എല്ലാവരെയും ചിരിപ്പിച്ചു. തനിക്കു കഴിക്കാന്‍ കൂട്ടിൽ നൽകിയ ഭക്ഷണം തുമ്പിക്കൈയിലെടുത്തു പുറത്തു നിൽക്കുന്ന മൂന്നു കൂട്ടുകാർക്കും കൊടുക്കുകയാണവൻ. മൂന്നു മാസത്തോളം ഇവരെ തിരിച്ചോടിക്കുന്നതായായിരുന്നു പാപ്പാന്മാരുടെ പ്രധാന ജോലി.

ആനകളെ പിടിച്ചു മറ്റൊരിടത്തു െകാണ്ടുവിട്ടാലും അവ തിരികെ വരുമോ?

കർണാടകയിലെ കൂർഗിൽ പിടികൂടിയ ആനക്കൂട്ടം 250 കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിച്ചു തിരികെവന്ന സംഭവമുണ്ട്. ഞാനുൾപ്പെടെ വലിയൊരു ഗ്രൂപ്പാണ് ആറ് ആനകളെ പിടികൂടേണ്ട ആ ദൗത്യത്തില്‍ പങ്കെടുത്തത്.

വടക്കനാട് എന്ന സ്ഥലത്തു നാട്ടിലിറങ്ങി പ്രശ്നമുണ്ടാക്കുന്ന ഒരു മോഴയെ പിടികൂടി ശിരുവാണിയിലേക്കു മാറ്റി. കുറച്ചു ദിവസത്തിനകം അവൻ അവിടെ ജനവാസ മേഖലയിലെത്തി പ്രശ്നങ്ങളുണ്ടാക്കി. അപ്പോൾ പിന്നെ, പിടികൂടി കുങ്കിയാന ആക്കുകയേ മാർഗമുള്ളൂ.

അരിക്കൊമ്പൻ മിഷ നിലെ കുങ്കിയാനകൾ സ്റ്റാറായല്ലോ ?

കുങ്കി ഉറുദു വാക്കാണ്, മലയാളത്തിലെ താപ്പാനയാണത്. ബ്രിട്ടീഷുകാരുടെ കാലത്ത് ആനകളെ പിടികൂടാനായി കുങ്കി കമ്പനികൾ ഉണ്ടായിരുന്നത്രേ. ആളും ആരവവുമായി ആനയെ ഓടിച്ചു കൂട്ടിൽ കയറ്റുന്ന മേള ശിക്കാറായിരുന്നു ഇന്ത്യയിലെ രീതി. പിന്നെ, കുങ്കികളെ ഉപയോഗിച്ചു ചട്ടം പഠിപ്പിക്കും. കേരളത്തില്‍ വാരിക്കുഴിയിൽ വീഴ്ത്തിയാണ് ആനയെ പിടിച്ചിരുന്നത്.

നാട്ടിലിറങ്ങുന്ന ആനകളുടെ ശല്യം കൂടിത്തുടങ്ങിയ കാലത്തു കർണാടക, തമിഴ്നാട് ക്യാംപുകളിൽ നിന്നാണു കുങ്കി ടീം വന്നിരുന്നത്. പിന്നെ, മുത്തങ്ങയിൽ കേരളത്തിന്റെ സ്വന്തം ക്യാംപ് തുടങ്ങി. ഇപ്പോൾ മികച്ച പരിശീലനം നേടിയ ഏഴു കുങ്കിയാനകൾ നമുക്കുണ്ട്. പിടികൂടുന്ന എല്ലാ കാട്ടാനകളെയും കുങ്കിയാക്കാൻ പറ്റില്ല. അവയിൽ അൽപം കാടത്തം നിലനിർത്തണം. പരിശീലനം പൂർത്തിയാക്കിയ കുങ്കികളെ പകൽ കാട്ടിൽ വിടും, രാത്രി അവ തിരിച്ചുവരും.

ആനയെ പിടിക്കുക മാത്രമല്ല കുങ്കിയുടെ ജോലി. നാട്ടിലിറങ്ങുന്ന കാട്ടാനയെ തുരത്തിയോടിച്ചു കാടുകയറ്റും. കടുവയെ പിടികൂടാനും നേരിടാനുമൊക്കെ കുങ്കികളുടെ മറ വേണ്ടിവരും. പത്തു വർഷമെങ്കിലും എടുക്കും ഒരു കുങ്കിയെ പക്കാ ട്രെയ്ൻഡ് ആയി കളത്തിലിറക്കാൻ. കുങ്കികൾ തമ്മിലും നല്ല അടുപ്പവും സഹകരണവും വേണം. എ ങ്കിലേ മിഷൻ വിജയമാകൂ. ഓരോ മിഷൻ കഴിയുമ്പോഴും കുങ്കികളുടെ ആത്മവിശ്വാസവും കൂടിക്കൂടി വരും.

മനുഷ്യർക്കു പോലും ഓരോ നേരത്ത് ഓരോ സ്വഭാവമാണ്. എങ്ങനെയാണു മൃഗങ്ങളെ മനസ്സിലാക്കുന്നത് ?

ആക്രമണ മനോഭാവത്തോടെ പതുങ്ങിയിരിക്കുന്നതും മ നുഷ്യസാമീപ്യമുണ്ടായാൽ ഓടിയൊളിക്കുന്നതുമായി മൃഗങ്ങൾക്കും പല സാഹചര്യത്തിൽ പല സ്വഭാവങ്ങളുണ്ട്. പിടിക്കാനായാലും ചികിത്സിക്കാനായാലും ആ പെരുമാറ്റം നന്നായി മനസ്സിലാക്കിയ ശേഷമാകും അടുത്തു ചെല്ലുക. പരുക്കേറ്റു വേദനിച്ചു നിൽക്കുന്ന മൃഗത്തിന്റെ സ്വഭാവം വളരെ മോശമായിരിക്കും.

കടുവകളുടെ കാര്യം ഉദാഹരണമായി എടുക്കാം. രണ്ടു വയസ്സാകുമ്പോഴാണ് അമ്മക്കടുവയിൽ നിന്നു കുട്ടി വേർപെടുക. ഓരോ കടുവയ്ക്കും അതതിന്റെ ഏരിയ ഉണ്ടാകും. ഇതറിയാതെ കടന്നുചെല്ലുന്ന കടുവക്കുഞ്ഞിനെ മറ്റേതു തുരത്തും. ഇങ്ങനെ സ്വന്തമായൊരിടം തപ്പിനടന്നു വരുമ്പോഴാകും ജനവാസ മേഖലയോടു ചേർന്നുള്ള കാട് കണ്ണിൽപെടുക കുറച്ചു മാനുകളും പുല്ലു മേയുന്ന പശുക്കളുമൊക്കെ അവിടെ കാണും. അവയെ കൊന്നു തിന്നാൻ തുടങ്ങുന്നതോടെ മനുഷ്യനുമായി പ്രശ്നം തുടങ്ങും. മറ്റൊരു സാഹചര്യം പരുക്കാണ്. പല്ലു നഷ്ടപ്പെടുകയോ അംഗവൈകല്യമോ രോഗമോ വന്നാൽ മുന്നിൽ വന്നുപെടുന്ന മൃഗത്തെയാകും കടുവ ഭക്ഷണമാക്കുക.

കാടിന്റെയും കാട്ടുമൃഗങ്ങളുടെയും രീതികളെ മനുഷ്യന്റെ സ്വഭാവവുമായി താരതമ്യം ചെയ്യുന്നതു വിഡ്ഢിത്തമാണ്. ആളുകൾ കാൽപനികമായി പറയും പോലെ കൊമ്പനാനയും പിടിയാനയും കുട്ടിയാനയും പെടുന്ന കുടുംബമൊന്നും ഇല്ല. ഇണചേരാനായി പിടിയാനയ്ക്കരികിലെത്തുന്ന കൊമ്പൻ അതു കഴിഞ്ഞാൽ സ്ഥലം വിടും. പ്രസവിക്കുന്നതും ആറേഴു വയസ്സുവരെ കുട്ടിയാനയെ വളർത്തുന്നതും അമ്മയാണ്. അപ്പോൾ എവിടെയാണ് ഭാര്യയും കുടുംബവുമൊക്കെ. അമ്മ - കുഞ്ഞ് സെന്റിമെൻസും ആനയ്ക്കില്ല. കാട്ടിൽ നിന്നു കിട്ടുന്ന ആനക്കുട്ടികളിൽ മിക്കവയ്ക്കും അംഗവൈകല്യമോ ജനിതക തകരാറുകളോ ഉണ്ടാകും. ഇവയെ അമ്മയാന ഉപേക്ഷിക്കുന്നതാണ്.

മനുഷ്യന്റെ മുലപ്പാലിനോടു വളരെ സാമ്യമുണ്ട് ആനപ്പാലിന്. തായ്‌ലൻഡിൽ രാജാവിന്റെ ആനക്കുട്ടികൾക്കു മുലയൂട്ടാനായി പരിചാരികമാർ ഉണ്ടായിരുന്നത്രേ. കാട്ടിൽ നിന്നു കിട്ടുന്ന കുഞ്ഞുങ്ങളെ ഓരോ മണിക്കൂർ ഇടവിട്ടു ഫോർമുല മിൽക് കൊടുത്ത് അമ്മയെ പോലെ കൂടെനിന്നാണു വളർത്തിയെടുക്കുന്നത്. ഓസ്കർ നേടിയ ‘ദി എലിഫന്റ് വിസ്പേഴ്സ്’ എന്ന ഡോക്യുമെന്ററിയിൽ കണ്ടില്ലേ‍, ചെറിയൊരു പ്രശ്നം മതി വയറിളക്കം വന്നോ മറ്റോ ഇവ ചത്തു പോകാൻ.

കാടിനോടു പുതുതലമുറയ്ക്കു താൽപര്യമുണ്ടോ ?

2012ലാണ്, നാട്ടിലിറങ്ങിയ കടുവയുടെ ശല്യം കാരണം പന്ത്രണ്ടു ദിവസത്തോളം വയനാട്ടിൽ പല റോഡുകളും ബ്ലോക് ചെയ്യേണ്ടി വന്നു. അന്നു വൈകിട്ടു ബത്തേരി ടൗണിലൂടെ പോകുമ്പോൾ ഒരു കാഴ്ച. ‘കടുവയിൽ നിന്നു നാടിനെ രക്ഷിക്കൂ’ എന്നെഴുതിയ പ്ലക്കാർഡു പിടിച്ച കുറേ കുട്ടികൾ ജാഥയായി പോകുന്നു. കടുവാഭീതി അകറ്റണമെന്നാവശ്യപ്പെട്ടുള്ള ഒരു സ്കൂളിന്റെ പ്രതിഷേധറാലിയാണ്. നാളെ കാടിനു വേണ്ടി സംസാരിക്കേണ്ട കുട്ടികളെ ഇന്നു തന്നെ കാട്ടില്‍ നിന്ന് അകറ്റുന്ന, കാടിന്‍റെ വിരോധികളാക്കുന്ന ആ പ്രവൃത്തി കണ്ടു സങ്കടം തോന്നി.

മുത്തങ്ങയിലെ നേച്ചർ ക്യാംപിലേക്ക് അടുത്ത തവണ ആ സ്കൂളിലെ കുട്ടികളെ ക്ഷണിച്ചു വരുത്തി. വനപാലകരുമായി സംസാരിക്കാനും അവസരം െകാടുത്തു. ‘മൃഗശാലയുണ്ടല്ലോ, പിന്നെന്തിനാ കാട്ടിൽ കടുവ?’ എന്നായിരുന്നു ഒരു മൂന്നാം ക്ലാസ്സുകാരന്റെ ചോദ്യം.

‘നമുക്കു കാട്ടിലെ കടുവകളെയെല്ലാം തട്ടിക്കളയാം.’ എ ന്നു ‍ഞാൻ അവനു വാക്കുകൊടുത്തു.

‘പക്ഷേ, അപ്പോൾ കടുവ കൊന്നു തിന്നുന്ന മാന്‍ പോലുള്ള മൃഗങ്ങളുടെ എണ്ണം കൂടില്ലേ?’ എന്നായി മുതിര്‍ന്ന ഒരു കുട്ടി.

‘അവയെയും തട്ടിക്കളയാ’മെന്നു ഞാന്‍ പറഞ്ഞപ്പോള്‍ ചിലരൊക്കെ മുഖം ചുളിച്ചു, എന്തോ വശപ്പിശകുണ്ടല്ലോ എന്നവര്‍ക്കു തോന്നിക്കാണും. പിന്നെ, ഞാന്‍ വിശദമായി പറഞ്ഞു െകാടുത്തു, ‘മരങ്ങള്‍ മാത്രമല്ല കാട്. അവിടെ ഇലപ്പടർപ്പുകളും വള്ളിച്ചെടികളും കുറ്റിച്ചെടികളും ഒ ക്കെയുണ്ട്. മാന്‍ േപാലെയുള്ള സസ്യഭുക്കുകള്‍ മാത്രമാണു കാട്ടിലുള്ളതെങ്കില്‍ പച്ചപ്പ് മുഴുവനും ഇവ തിന്നു തീര്‍ക്കും. അങ്ങനെ കാട് നശിക്കും. അതുണ്ടാകാതിരിക്കാന്‍ കാരണം മാംസഭോജികളാണ്. ആ ബാലൻസ് പോയാൽ പിന്നെ, കാടില്ല.

കാട്ടിനുള്ളിൽ നിന്ന് ഒഴുകിയിറങ്ങുന്ന അരുവികളാണ് പുഴയും നദിയുമൊക്കെയാകുന്നത്. അതുകൊണ്ടു കാടില്ലെങ്കിൽ നദിയില്ല, നദിയില്ലെങ്കില്‍ വെള്ളമില്ല, വെള്ളമില്ലെങ്കിൽ മനുഷ്യനില്ല. ഒന്നുകൂടി ചുരുക്കി പറഞ്ഞാൽ കടുവയില്ലെങ്കിൽ മനുഷ്യനില്ല.’

245204248

കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

കാടു കയറുന്നതു െചറുപ്പക്കാരുെട ഹരമാണ്. പക്ഷേ, കരുതലുകളും തയാറെടുപ്പുകളും ഇല്ലാതെ കാടു കാണാനിറങ്ങുന്നതു ജീവനു പോലും അപകടമാെണന്നറിയുക. ചുവടെ പറയുന്ന നിർദേശങ്ങള്‍ ശ്രദ്ധിക്കുക.

∙ കാട്ടിലേക്കു കടക്കാൻ വനംവകുപ്പിന്റെ അനുമതി മുൻകൂട്ടി വാങ്ങണം. യാത്ര പോകാനുദ്ദേശിക്കുന്ന സ്ഥലത്തു യാത്രാനിരോധനമോ സന്ദർശനവിലക്കോ ഉണ്ടോ എന്നും അന്വേഷിച്ചറിയണം. വനംവകുപ്പ് നിശ്ചയിച്ചിട്ടുള്ള പാത വിട്ടു ട്രെക്കിങ് പാടില്ല. രാത്രി ട്രെക്കിങ് നിരോധിച്ചിട്ടുണ്ട്, ഇതു ലംഘിക്കരുത്.

∙ എവിടേക്കാണു പോകുന്നതെന്നും എന്തൊക്കെ കാണാനുണ്ടെന്നും മാത്രമല്ല, ഭൂപ്രകൃതി, കയറ്റിറക്കങ്ങൾ, ചെങ്കുത്തായ പാറയിടുക്കുകൾ, സാന്നിധ്യമുള്ള മൃഗങ്ങൾ, മറ്റു ജീവികൾ തുടങ്ങിയ കാര്യങ്ങളും വിശദമായി അറിയണം. അവിടെ അടുത്ത ദിവസങ്ങളിൽ വന്യമൃഗ ആക്രമണം ഉണ്ടായില്ലെന്നും ഉറപ്പാക്കണം.

∙ വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനു വേണ്ട സുരക്ഷാ ഉപകരണങ്ങൾ ഗൈഡിന്റെ കൈവശമുണ്ടെന്ന് ഉറപ്പാക്കണം. വേണമെങ്കിൽ സഞ്ചാരികൾക്കുള്ള ഇൻഷൂറൻസ് എടുക്കാം. വനംവകുപ്പു തന്നെ ഇതിനു സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്.

∙ കാടിനുള്ളിലേക്കു പോകുമ്പോള്‍ ഭക്ഷണവും വെള്ളവും ക്യാമറയും കൂടാതെ മറ്റു ചില സാധനങ്ങള്‍ കൂടി കയ്യില്‍ കരുതണം. ഭൂപ്രകൃതി സൂചിപ്പിക്കുന്ന മാപ്പ്, ദിശയറിയാനുള്ള കോംപസ്സ്, ജിപിഎസ് സംവിധാനമുള്ള ഫോൺ, പവർബാങ്ക്.

∙ പെട്ടെന്നു തീ പിടിക്കുന്ന വസ്തുക്കളുമായി കാടിനുള്ളില്‍ കടക്കാൻ പാടില്ലെന്നു മാത്രമല്ല, വനത്തിനുള്ളിൽ ഭക്ഷണം പാചകം ചെയ്യാനും പാടില്ല. പ്ലാസ്റ്റിക് ബാഗും കുപ്പിയുമൊക്കെ ഒഴിവാക്കുക. പ്ലാസ്റ്റിക് സാധനങ്ങള്‍ കാട്ടിൽ വലിച്ചെറിയുകയുമരുത്.

∙ കാടിനുള്ളിൽ ബഹളങ്ങളോ ഉറക്കെ സംസാരമോ പാടില്ല. മൊബൈൽ ഫോൺ ഓഫ് ചെയ്തോ സൈലന്റ് മോഡിലോ ഇടുക. ശബ്ദമുണ്ടാക്കിയാൽ മൃഗങ്ങളുടെ സാന്നിധ്യം അറിയാൻ പറ്റില്ല. കാടിന്റെ നിറങ്ങളോടു ചേർന്ന വസ്ത്രം ധരിക്കുക. ഫ്ലൂറസെന്റ് നിറങ്ങളും മൃഗങ്ങൾ പെട്ടെന്നു ശ്രദ്ധിക്കുന്ന ചുവപ്പ്, ഓറഞ്ച്, വെള്ള പോലുള്ളവയും പെർഫ്യൂമും ഒഴിവാക്കണം.

∙ മൃഗങ്ങൾ സ്ഥിരമായി കടന്നുപോകുന്ന പാതകളിലൂടെയുള്ള ട്രെക്കിങ് ഒഴിവാക്കുക. അവയുടെ സഞ്ചാരത്തിനു തടസ്സം വരാതെ നോക്കണം. കാടിനുള്ളിൽ വിശ്രമിക്കുമ്പോഴും ഇത്തരം ഇടങ്ങൾ ഒഴിവാക്കണം.

∙ ചിന്നിച്ചിതറിയാണു കേരളത്തിലെ കാടുകൾ. ഒരു കാട്ടിൽ നിന്ന് അടുത്തതിലേക്ക് ആനക്കൂട്ടവും മറ്റും കടക്കുന്നതു റോഡു ക്രോസ് ചെയ്താകും. ഈ ഇടങ്ങളിലെ സൂചനാ ബോർഡുകൾ അവഗണിക്കരുത്. വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന പെരുമാറ്റം പാടില്ല. ക്യാമറ ഫ്ലാഷ് പോലും മൃഗങ്ങളെ ആക്രമണകാരിയാക്കും.

∙ കടുവയുടെയോ മറ്റോ മുന്നിൽ പെട്ടാൽ കൈകൾ വിരിച്ചു നിൽക്കുന്നതു ഗുണം െചയ്യുമെന്നു വനമേഖലകളിലുള്ളവര്‍ കരുതുന്നുണ്ട്. ഭീമാകാരമായ എന്തോ ആണു മുന്നിലെന്നു കരുതി മൃഗങ്ങള്‍ പിന്തിരിയും. സുന്ദർബൻസ് വനത്തോടു ചേർന്നുള്ള ഗ്രാമങ്ങളിൽ വർഷത്തിൽ 200ഓളം പേരെ കടുവ പിടിച്ചു മരണപ്പെടുന്നുണ്ട്. അവിടെയുള്ളവർ പുറത്തേക്കു പോകുമ്പോൾ തലയ്ക്കു പിറകിൽ മുഖംമൂടി ധരിക്കും. പിന്നിലൂടെ പതുങ്ങിവരുന്ന കടുവ കാണുന്നതു തന്നെത്തന്നെ സൂക്ഷിച്ചുനോക്കി നിൽക്കുന്നൊരു മനുഷ്യനെയാണ്. അത് ആ മൃഗത്തെ ആക്രമണത്തിനു മുതിരുന്നതിൽ നിന്നു പിന്തിരിപ്പിക്കും.

രൂപാ ദയാബ്ജി