അവതാരകയായും സിനിമാതാരമായും തൊട്ടതെല്ലാം പൊന്നാക്കിയാണു ജുവലിനു ശീലം. സ്േറ്റജിലേക്കു കയറിയാൽ ചുറ്റുമുള്ളവരിലേക്കും കൂടി ഊർജം പ്രസരിപ്പിക്കുന്ന ജുവലിനെയാണു കാണുക. പക്ഷേ, പെട്ടെന്നൊരു ദിവസം ജുവൽ സ്േറ്റജിൽ നിന്നും വെള്ളിത്തിരയിൽ നിന്നു തന്നെ അപ്രത്യക്ഷയായി. പിന്നെ നാം ജുവലിനെ കാണുന്നതു കാൻസറിനെ തോൽപിച്ച പോരാളിയായാണ്...തൈറോയ്ഡ് കാൻസറിനെ നേരിട്ട നാളുകളെക്കുറിച്ചും അതിജീവന വഴികളെക്കുറിച്ചും ജുവൽ മേരി   സംസാരിക്കുന്നു.
‘‘2023 ൽ മുന്നറിയിപ്പുകളൊന്നുമില്ലാതെയാണു കാൻസർ എന്നെ തേടി വന്നത്. ഏഴു വർഷത്തിലേറെയായി ഹൈപ്പോതൈറോയ്ഡിസമുണ്ട്. അതിന്റെ മരുന്ന് അഡ്ജസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായുള്ള പരിശോധനയ്ക്കു കൊച്ചിയിലെ ആസ്റ്ററിൽ പോയി. അന്നു  റുട്ടീൻ പരിശോധനയുടെ ഭാഗമായി നിർദേശിച്ച സ്കാനിൽ തൈറോയ്ഡിനു ചുറ്റും നൊഡ്യൂളുകൾ പോലെ കണ്ടു.  
ബിഎസ്‌സി നഴ്സിങ് പഠിച്ചയാളാണു ഞാൻ. നൊഡ്യൂളുകൾ എന്നു കേട്ടപ്പോഴേ ഒരു പന്തികേടു മണത്തു. അപ്പോഴാണ് അന്നുതന്നെ ബയോപ്സി എടുക്കാൻ നിർദേശിക്കുന്നത്. ബയോപ്സി എന്നു കേട്ടപ്പോഴേ എന്റെ കാലൊക്കെ നിലത്തുറഞ്ഞു പോയ പോലെയായി...കടുത്ത ആങ്സൈറ്റി പ്രശ്നമുള്ളയാളാണു ഞാൻ. ‘ബയോപ്സിയൊന്നും വേണ്ട’  എന്നൊക്കെ പറഞ്ഞു രക്ഷപെടാൻ നോക്കി. പക്ഷേ, ഒടുവിൽ എല്ലാവരും കൂടി സമാധാനിപ്പിച്ചു. ബയോപ്സി എടുത്തു. 
15 ദിവസം കഴിഞ്ഞാണു റിസൽറ്റു വരിക. റിസൽറ്റു വന്ന അന്ന് ഒരു തവണ കൂടി ബയോപ്സി ചെയ്യണമെന്ന് ആശുപത്രിയിൽ നിന്നും നിർദേശിച്ചു. അപ്പോഴേക്കും എനിക്ക് ഏതാണ്ട് ഉറപ്പായി-സംഗതി കാൻസർ തന്നെയെന്ന്. ഡോക്ടറുമായി സംസാരിച്ചപ്പോൾ അദ്ദേഹവും ഏതാണ്ടങ്ങനെയൊരു സൂചന തന്നു. അങ്ങനെ വീണ്ടും ബയോപ്സി ചെയ്തു. സ്ഥിരീകരണമായി-തൈറോയ്ഡ് കാൻസറാണ്. 
കാൻസറാണെന്ന് ഉറപ്പിച്ച ശേഷമുള്ള രണ്ടു ദിവസം ഞാനും വല്ലാതെ പതറിപ്പോയിരുന്നു. പക്ഷേ, മൂന്നാംനാൾ എവിടുന്നോ ഒരു ഉൾക്കരുത്തു കിട്ടി. നഴ്സിങ് പഠന സമയത്തൊക്കെ ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. കാൻസറാണെന്നു പറയുമ്പോഴേ എല്ലാവരും വല്ലാതങ്ങു പേടിക്കും. ആ പേടി അവരുടെ ഇമ്യൂണിറ്റിയെ തന്നെ തകർത്തു കളയുന്നതു കണ്ടിട്ടുണ്ട്. ഇങ്ങനെ പേടിച്ചു താഴെ പോകാതെ രോഗത്തെ കരുത്തോടെ നേരിടാൻ മനസ്സിനെ പരിശീലിപ്പിക്കുകയായിരുന്നു പിന്നീടു ചെയ്തത്...

 കാൻസറിനെ ജുവൽ നേരിട്ടത് എങ്ങനെ എന്നറിയാൻ മനോരമ ആരോഗ്യം ഒക്ടോബർ ലക്കം വായിക്കാം

ADVERTISEMENT
English Summary:

Jewel Mary's cancer survival journey is an inspiring tale of courage and resilience. The Malayalam actress bravely battled thyroid cancer, sharing her experiences and offering hope to others facing similar challenges.

ADVERTISEMENT
ADVERTISEMENT