സർജറിക്കുശേഷം ശബ്ദം നിലച്ചു, ഇടതുകൈക്കു ബലക്ഷയം, പക്ഷേ, ആ ചിന്ത എന്നെ മുൻപോട്ടു നയിച്ചു– തൈറോയ്ഡ് കാൻസർ അതിജീവന അനുഭവം പങ്കുവച്ച് ജുവൽ മേരി Actress Jewel Mary's Courageous Fight Against Cancer
അവതാരകയായും സിനിമാതാരമായും തൊട്ടതെല്ലാം പൊന്നാക്കിയാണു ജുവലിനു ശീലം. സ്േറ്റജിലേക്കു കയറിയാൽ ചുറ്റുമുള്ളവരിലേക്കും കൂടി ഊർജം പ്രസരിപ്പിക്കുന്ന ജുവലിനെയാണു കാണുക. പക്ഷേ, പെട്ടെന്നൊരു ദിവസം ജുവൽ സ്േറ്റജിൽ നിന്നും വെള്ളിത്തിരയിൽ നിന്നു തന്നെ അപ്രത്യക്ഷയായി. പിന്നെ നാം ജുവലിനെ കാണുന്നതു കാൻസറിനെ തോൽപിച്ച പോരാളിയായാണ്...തൈറോയ്ഡ് കാൻസറിനെ നേരിട്ട നാളുകളെക്കുറിച്ചും അതിജീവന വഴികളെക്കുറിച്ചും ജുവൽ മേരി സംസാരിക്കുന്നു.
‘‘2023 ൽ മുന്നറിയിപ്പുകളൊന്നുമില്ലാതെയാണു കാൻസർ എന്നെ തേടി വന്നത്. ഏഴു വർഷത്തിലേറെയായി ഹൈപ്പോതൈറോയ്ഡിസമുണ്ട്. അതിന്റെ മരുന്ന് അഡ്ജസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായുള്ള പരിശോധനയ്ക്കു കൊച്ചിയിലെ ആസ്റ്ററിൽ പോയി. അന്നു റുട്ടീൻ പരിശോധനയുടെ ഭാഗമായി നിർദേശിച്ച സ്കാനിൽ തൈറോയ്ഡിനു ചുറ്റും
നൊഡ്യൂളുകൾ പോലെ കണ്ടു.
ബിഎസ്‌സി നഴ്സിങ് പഠിച്ചയാളാണു ഞാൻ. നൊഡ്യൂളുകൾ എന്നു കേട്ടപ്പോഴേ ഒരു പന്തികേടു മണത്തു. അപ്പോഴാണ് അന്നുതന്നെ ബയോപ്സി എടുക്കാൻ നിർദേശിക്കുന്നത്. ബയോപ്സി എന്നു കേട്ടപ്പോഴേ എന്റെ കാലൊക്കെ നിലത്തുറഞ്ഞു പോയ പോലെയായി...കടുത്ത ആങ്സൈറ്റി പ്രശ്നമുള്ളയാളാണു ഞാൻ. ‘ബയോപ്സിയൊന്നും വേണ്ട’ എന്നൊക്കെ പറഞ്ഞു രക്ഷപെടാൻ നോക്കി. പക്ഷേ, ഒടുവിൽ എല്ലാവരും കൂടി സമാധാനിപ്പിച്ചു. ബയോപ്സി എടുത്തു.
15 ദിവസം കഴിഞ്ഞാണു റിസൽറ്റു വരിക.
റിസൽറ്റു വന്ന അന്ന് ഒരു തവണ കൂടി ബയോപ്സി ചെയ്യണമെന്ന് ആശുപത്രിയിൽ നിന്നും നിർദേശിച്ചു. അപ്പോഴേക്കും എനിക്ക് ഏതാണ്ട് ഉറപ്പായി–സംഗതി കാൻസർ തന്നെയെന്ന്. ഡോക്ടറുമായി സംസാരിച്ചപ്പോൾ അദ്ദേഹവും ഏതാണ്ടങ്ങനെയൊരു സൂചന തന്നു. അങ്ങനെ വീണ്ടും ബയോപ്സി ചെയ്തു. സ്ഥിരീകരണമായി–തൈറോയ്ഡ് കാൻസറാണ്.
ശബ്ദമില്ലാത്ത നാളുകൾ
കാൻസറിന്റെ ചികിത്സ ചെയ്തതു ലേക്‌ഷോറിലാണ്. ഉടൻ തന്നെ സർജറി വേണമായിരുന്നു. തൈറോയ്ഡും ചുറ്റുമുള്ള നോഡുകളും ഉൾപ്പെടെ നീക്കി. സർജറിക്കു ശേഷം ഒാരോ ദിവസവും ഒരുപാടു പ്രശ്നങ്ങളുമായി യുദ്ധക്കളത്തിലായിരുന്നു ഞാൻ. ശസ്ത്രക്രിയ കഴിഞ്ഞ് ഇടതുകൈക്കു ബലക്ഷയം പോലെ വന്നു. കൈ ഉയർത്താൻ പറ്റുമായിരുന്നില്ല. ശബ്ദം ഏതാണ്ടു പൂർണമായും പോയി. ഫിസിയോതെറപ്പി ചെയ്തു കൈക്കു ചലനശേഷി തിരികെ കിട്ടി.
ശബ്ദം പോയതാണ് എന്നെ ഏറെ വിഷമിപ്പിച്ചത്. എല്ലാ വിഷമവും തീർക്കുന്നതു പാട്ടുപാടിയാണ്. പാട്ടും നിന്നുപോയി.
ആ സമയത്ത് ഒരുപാടു മാനസിക പ്രയാസങ്ങളുണ്ടായിരുന്നു. പക്ഷേ ‘നമുക്കു നമ്മളേയുള്ളൂ...സ്വയം കൈവിട്ടാൽ എല്ലാം പോയി’ എന്നൊരു ബോധം ഉള്ളിലുണ്ടായിരുന്നു. സ്പീച്ച് തെറപ്പിയും വോക്കൽ എക്സർസൈസും വോയിസ് റെസ്റ്റും ഒക്കെയായി ഞാൻ നല്ല എഫർട്ട് എടുത്തു... ഒന്നര മാസം കൊണ്ടു ശബ്ദം ശരിയായി.
സർജറിക്കു ശേഷം നടത്തിയ പരിശോധനകളിലെല്ലാം രോഗം പൂർണമായും മാറിയതായാണു കണ്ടത്. തൈറോയ്ഡ് കാൻസർ പൊതുവേ നല്ല ചികിത്സാവിജയം ഉള്ള കാൻസറാണ്. എന്റെ പരിശോധനാഫലങ്ങളെല്ലാം നോക്കിയിട്ട്, കാൻസർ തിരിച്ചു വരാൻ സാധ്യത വളരെ കുറവാണെന്നാണു ഡോക്ടർ പറഞ്ഞത്.
പേടിക്കാതെ നേരിടാം
നഴ്സിങ് പഠന സമയത്തൊക്കെ ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. കാൻസറാണെന്നു പറയുമ്പോഴേ എല്ലാവരും വല്ലാതങ്ങു പേടിക്കും. ആ പേടി അവരുടെ ഇമ്യൂണിറ്റിയെ തന്നെ തകർത്തു കളയുന്നതു കണ്ടിട്ടുണ്ട്. ഇങ്ങനെ പേടിച്ചു താഴെ പോകാതെ രോഗത്തെ കരുത്തോടെ നേരിടാൻ മനസ്സിനെ പരിശീലിപ്പിക്കണം.
പറയാനെളുപ്പമാണെന്നു തോന്നാം. കാൻസറാണെന്ന്
ഉറപ്പിച്ച ശേഷമുള്ള രണ്ടു ദിവസം ഞാനും വല്ലാതെ പതറിപ്പോയിരുന്നു. പക്ഷേ, മൂന്നാംനാൾ എവിടുന്നോ ഒരു ഉൾക്കരുത്തു കിട്ടി. ഒരു ദിവസം എല്ലാവരും മരിക്കും. പക്ഷേ, മരിക്കുമ്പോൾ മരിച്ചാൽ മതിയല്ലൊ. അതുവരെ ഒരു ദിവസം അല്ലെങ്കിൽ ഒരു മണിക്കൂർ... ആസ്വദിച്ചു സന്തോഷത്തോടെ ജീവിക്കാമെന്നങ്ങ് ഉറപ്പിച്ചു. അന്നു മുതൽ സർജറി വരെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു ഭയങ്കര സന്തോഷത്തിലാണു ഞാൻ നടന്നത്. സർജറിക്കു മുൻപ് അനസ്തീസിയ നൽകുമല്ലൊ. ആ സമയത്തും ‘താങ്ക്യൂ ഫോർ എവരിതിങ്...’എന്നു മനസ്സു നിറഞ്ഞു പറഞ്ഞുകൊണ്ടാണു ഞാൻ കണ്ണുകളടച്ചത്.
സർജറി കഴിഞ്ഞിട്ടും കൊച്ചു കൊച്ചു കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ ബോധപൂർവം ശ്രമിച്ചുകൊണ്ടിരുന്നു. സർജറിയുടേതു വലിയ മുറിവായിരുന്നു. കഴുത്തിനു താഴെ വീർത്തിട്ടുണ്ടായിരുന്നു. ഡ്രെയിനും പ്ലാസ്റ്ററും എല്ലാമുണ്ട്. ആ ദിവസങ്ങളിലും ഉണർന്നയുടൻ തന്നെ മുഖം കഴുകി കണ്ണ് എഴുതി ലിപ്സ്റ്റിക് ഇട്ട് സുന്ദരിയായി ഇരിക്കുമായിരുന്നു. ആരു കണ്ടാലും രോഗത്തെ കാണരുത്. എന്നെ കണ്ടാൽ മതി എന്നെനിക്കു നിർബന്ധമായിരുന്നു. ഈ കൊച്ചുകാര്യങ്ങളൊക്കെ തിരികെ ജീവിതത്തിലേക്കുള്ള വരവിന് എന്നെ സഹായിച്ചിട്ടുണ്ട്.
ശബ്ദം പോയ സമയത്ത് എനിക്ക് എന്നെ തന്നെ കേൾക്കാം. പക്ഷേ, നമ്മുടെ ഉള്ളിലുള്ള ‘എക്കോസ്’
കേട്ടിരിക്കുക എന്നത് ഒരുപാടു ട്രോമറ്റൈസിങ് ആയിരുന്നു. ആ സമയത്ത് തെറപ്പിയും മൈൻഡ്ഫുൾനെസ്സും എന്നിലേക്കു തന്നെയുള്ള നടത്തവും ഒക്കെ സഹായിച്ചിട്ടുണ്ട്. പക്ഷേ, ഞാൻ സ്വന്തമായി കണ്ടെത്തിയ ഒരു വലിയ തുറവിയായിരുന്നു എഴുത്ത്. എഴുത്തെന്നെ ശരിക്കും താങ്ങിനിർത്തി എന്നു പറയാം. സർജറിക്കു ശേഷം വൈകാതെ കഥക് നൃത്തപഠനം തുടർന്നു. അതും
അതിജീവനത്തിനു സഹായിച്ചു.
ആരെയും അറിയിക്കാതെ
കാൻസറാണെന്നു പുറത്തു പറയാതിരുന്നതു ബോധപൂർവം ആയിരുന്നു. മനുഷ്യരുടെ ഉള്ളിൽ ഈ രോഗത്തെക്കുറിച്ചു പേടിയും ആകുലതയുമൊക്കെ ഉണ്ട്. അതുമുഴുവൻ അവർ നമ്മുടെ മേൽ കുടഞ്ഞിടും. ചികിത്സ സംബന്ധിച്ച് ഒരു നൂറുകൂട്ടം ഉപദേശങ്ങളും കേൾക്കേണ്ടി വരും. ഇതിന്റെയൊന്നും ആവശ്യമില്ല.
നമുക്കു നല്ല വിശ്വാസം തോന്നുന്ന ഒരു ഡോക്ടറെ കണ്ടുപിടിക്കുക, അദ്ദേഹം പറയുന്നത് അക്ഷരംപ്രതി പാലിച്ചു ചികിത്സ പൂർത്തിയാക്കുക. ആശ്വസിപ്പിക്കുമെന്ന് ഉറപ്പുള്ളവരോടു മാത്രം കാര്യങ്ങൾ തുറന്നുപറയുക. എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കൾ, കുടുംബം...ഇവരോടു മാത്രമേ ഞാൻ രോഗവിവരം പറഞ്ഞുള്ളു. പൂർണമായി രോഗമുക്തയായി, മാനസികമായും കരുത്തുനേടി റെഡിയായ ശേഷം മാത്രമാണു രോഗവിവരം പൊതുസമൂഹത്തെ അറിയിക്കുന്നത്.
വ്യായാമം കൃത്യമാക്കി
ഞാൻ അത്യാവശ്യം ഫിറ്റ്നസ്സ് നോക്കുന്നയാളാണ്. ജിമ്മിൽ പോകും. വ്യായാമം ചെയ്യും. ഒരുവിധം ആരോഗ്യകരമായി ഭക്ഷണം കഴിക്കും. മുൻപു ഭക്ഷണകാര്യത്തിലൊക്കെ കുറച്ചൊക്കെ ഉഴപ്പുണ്ടായിരുന്നു. ഇനി കുറച്ചുകൂടി ആരോഗ്യം ശ്രദ്ധിക്കണമെന്നാണ്. മെലിഞ്ഞു നേർത്തിരിക്കാനല്ല ശ്രമം. ശരീരത്തിനു മസിൽ മാസ് കുറവാണെങ്കിൽ നാളെ ഒരു അസുഖം വന്നാൽ പ്രതിരോധിച്ചു നിൽക്കാനുള്ള ശക്തിയുണ്ടാകില്ല. അതുകൊണ്ടു വെയ്റ്റ് ട്രെയിനിങ്ങും ചെയ്യുന്നു.
മനസ്സിനെ കരുതണം
വിവാഹമോചനം നടന്നുകിട്ടാൻ വർഷങ്ങളെടുത്തു. ആ സമയങ്ങളിൽ അനുഭവിച്ച സ്ട്രെസ്സായിരിക്കാം ഈ രോഗത്തിനു കാരണം എന്നു തോന്നാറുണ്ട്. നമ്മുടെ ശരീരത്തിൽ ഏതു ഭാഗത്താണോ ട്രോമകളെല്ലാം അടിഞ്ഞുകൂടുന്നത്, അവിടെ രോഗം വരാമെന്നു ഞാൻ വായിച്ചിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയതയെക്കുറിച്ചൊന്നും എനിക്കറിവില്ല കേട്ടോ... പക്ഷേ, എന്റെ കാര്യത്തിൽ ശരിയാണെന്നു തോന്നിയിട്ടുണ്ട്. ഒരു ഫിസിഷനെ കാണുന്നതുപോലെയാണു ഞാനൊരു സൈക്യാട്രിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ കാണുന്നത്.
ഇപ്പോൾ ഞാൻ വളരെ ഹാപ്പിയാണ്. ഒരിക്കലും ഒറ്റയ്ക്ക് ജീവിയ്ക്കാനാകില്ല എന്നൊരു പേടി ബാക്കിയുണ്ടായിരുന്നു. ഇപ്പോൾ ഞാൻ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്തു താമസിക്കുകയാണ്. കൂടെ ഹൈക്കു എന്ന പഗ്ഗ് ഡോഗുണ്ട്. വീടു നിറച്ചു ചെടികളുണ്ട്. ചില ദിവസങ്ങളിൽ രാവിലെ ഉണർന്നു നോക്കുമ്പോഴായിരിക്കും ചെടിയിൽ ഒരു പുതുനാമ്പ് തളിർത്തതു കാണുക. അല്ലെങ്കിൽ ഒരു പൂ വിരിഞ്ഞിരിക്കുന്നു... അതിന്റെ സന്തോഷത്തിലാണു അന്നന്നത്തെ കാര്യങ്ങളിലേക്കു കടക്കുക. ലൈഫ് ഈസ് ബ്യൂട്ടിഫുൾ...ശരിക്കും.’’മനസ്സു
നിറഞ്ഞു ജുവൽ ചിരിക്കുന്നു.