ഏറ്റവും നന്നായി മേക്കപ്പ് ചെയ്ത് സുന്ദരിയാകുക,എന്നത് സ്ത്രീകളുടെ ആഗ്രഹമാണ്. അതിനു വേണ്ടി വിലയേറിയ കോസ്മെറ്റിക്സ് വാങ്ങുന്നതിനും,എത്ര നേരം വേണമെങ്കിലും മേക്കപ്പ് ചെയ്യാനായി ചെലവിടാനും ഭൂരിഭാഗം പേർക്കും അതിയായ താല്പര്യവുമാണ്.നിശാപാർട്ടികൾക്ക് പോകുമ്പോൾ ശ്രദ്ധാകേന്ദ്രമാകാനായി പലരും ഹെവി മേക്കപ്പ് ആണ് ഉപയോഗിക്കുന്നത് . ഓഫീസ് ജോലിക്ക് പോകുമ്പോൾ എല്ലാ ദിവസവും മേക്കപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി വരികയുമാണ്.എന്നാൽ വീട്ടിൽ തിരിച്ചെത്തി കഴിഞ്ഞാൽ മേക്കപ്പ് മുഴുവനായി നീക്കം ചെയ്യാൻ പലരും ശ്രദ്ധ നൽകാറില്ല.
മേക്കപ്പ് മാറ്റാതെ ഇടയ്ക്ക് ഒന്നോ രണ്ടോ ദിവസങ്ങളിൽ കിടന്നുറങ്ങുന്നത് ചർമത്തിന് അധികം ദോഷമൊന്നും ചെയ്യണമെന്നില്ല.എന്നാൽ ഇങ്ങനെ ചെയ്യുന്നത് സ്ഥിരമാക്കിയാൽ പാർശ്വഫലങ്ങൾ ഉണ്ടാകാം.
∙ മുഖക്കുരു വരാം
ഫൗണ്ടേഷൻ ക്രീമുകൾ രാത്രി മുഴുവൻ മുഖത്ത് അണിയുകയാണെങ്കിൽ സെബേഷ്യസ് ഗ്രന്ഥികളുടെ നാളികളും രോമാകൂപങ്ങളും അടഞ്ഞ് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത ഏറും.
സ്വതവേ വരണ്ട ചർമമുള്ളവർ ഏറെനേരം മേക്കപ്പ് അണിഞ്ഞാൽ ചർമം കൂടുതൽ വരണ്ട് വിണ്ടു കീറുകയും ചുവപ്പു നിറമുള്ളതാകുകയും ചെയ്യാം.സ്ഥിരമായി മേക്കപ്പ് ധരിച്ചുകൊണ്ട് ഉറങ്ങിയാൽ,അത ചർമത്തിന്റെ ഉപരിതലത്തിലുള്ള മൃതകോശങ്ങളുടെ സ്വതവേയുള്ള പുറംതള്ളുന്നതിനെ ബാധിക്കുകയും ചർമ കോശങ്ങളുടെ പുനരുജ്ജീവനത്തെ തടയുകയും ചെയ്യും.ചിലരിൽ കറുപ്പ് നിറം വ്യാപിക്കുന്നതായും കാണാറുണ്ട്.സെൻസിറ്റീവ് ചർമമുള്ളവരിൽ ചൊറിച്ചിൽ,ചുവന്ന തടിപ്പുകൾ എന്നിവ ഉണ്ടാകാം.
കണ്ണുകളുടെ സൗന്ദര്യം വർധിപ്പിക്കാൻ ഉപയോഗിക്കുന്ന മസ്ക്കാര,ഐ ലൈനർ തുടങ്ങിയ ഏറെ നേരം ഉപയോഗിച്ചാൽ കണ്ണൻപോളുടെ വശങ്ങളിൽ കൺകുരു ഉണ്ടാകാന്‍ സാധ്യതയുണ്ട്.ഇവ കണ്ണിനുള്ളിലേക്ക് ഇറങ്ങിയാൽ കണ്ണിൽ ചുവപ്പു നിറം, ചൊറിച്ചില്‍ എന്നിവ ഉണ്ടാകാം.ചുണ്ടുകളിലെ മേക്കപ്പ് കാരണം ചുണ്ടുകൾ വരണ്ട് വിണ്ടു കീറുകയും കറുപ്പ് നിറം ബാധിക്കുകയും ചെയ്യാം.
സ്ഥിരമായി മേക്കപ്പ് ധരിച്ച് ഉറങ്ങുന്നവരുടെ ചർമത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ ചുളിവുകൾ വീഴാൻ സാധ്യതയുണ്ടെന്ന് ചില പഠനങ്ങൾ കാണിക്കുന്നു.ദീർഘനേരം അണിഞ്ഞാൽ കോസ്മെറ്റിക്കുകളിലുള്ള രാസവസ്തുക്കളായ ഫോർമാൽഡിഹൈഡ്,പാരബെൻ തുടങ്ങിയവ ചർമത്തിനുള്ളിലേക്കിറങ്ങി രക്തത്തിൽ കലരാനുള്ള വളരെ ചെറിയ ഒരു സാധ്യതയുണ്ട്.
ഇവയിൽ ചില രാസവസ്തുക്കൾ വർധിച്ച അളവിൽ ശരീരത്തിൽ എത്തുകയാണെങ്കിൽ അർബുദകാരിയായി തീരാവുന്നതാണ്.അതിനാൽ ഉറങ്ങുന്നതിന് മുൻപു മേക്കപ്പ് പൂർണമായും കഴുകി മാറ്റാനായി എല്ലാവരും എല്ലാ ദിവസവും ശ്രദ്ധിക്കേണ്ടതാണ്.ചർമത്തിന്റെ സ്വഭാവത്തിനനുസരിച്ച് വെളിച്ചെണ്ണയോ,കോൾഡ് ക്രീമുകളോ വൈപ്പുകളോ ഇതിനായി ഉപയോഗിക്കാം.ശേഷം വളരെ വീര്യം കുറഞ്ഞ് ഒരു ക്ലെൻസർ ഉപയോഗിച്ച് കഴുകുകയും വേണം.മേക്കപ്പ് ധരിക്കുന്നതിനു നൽകുന്ന അത്രയും ശ്രദ്ധ അതു മാറ്റുന്നതിനും നൽകുകയാണെങ്കിൽ നമുക്ക് സൗന്ദര്യവും ആരോഗ്യവും ഒരുപോലെയുള്ള ചർമം ഏറെക്കാലം നിലനിർത്താൻ കഴിയും.
ഡോ. സിമി എസ്. എം.
ഡെർമറ്റോളജിസ്റ്റ്
ശ്രീഗോകുലം മെഡിക്കൽ കോളജ്,തിരുവനന്തപുരം