There really are places in the heart you don’t even know exist until you love a child.... ( Anne Lamott) ഒരു കുഞ്ഞിനെ സ്നേഹിച്ചു തുടങ്ങുന്നതു വരെ അറിയാതിരുന്ന ചില ഇടങ്ങൾ‍ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും... 35 വർഷങ്ങളായി കുട്ടികൾക്കിടയിലാണു ഡോ.സച്ചിദാനന്ദ കമ്മത്തിന്റെ ജീവിതം. ശൈശവത്തിന്റെയും

There really are places in the heart you don’t even know exist until you love a child.... ( Anne Lamott) ഒരു കുഞ്ഞിനെ സ്നേഹിച്ചു തുടങ്ങുന്നതു വരെ അറിയാതിരുന്ന ചില ഇടങ്ങൾ‍ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും... 35 വർഷങ്ങളായി കുട്ടികൾക്കിടയിലാണു ഡോ.സച്ചിദാനന്ദ കമ്മത്തിന്റെ ജീവിതം. ശൈശവത്തിന്റെയും

There really are places in the heart you don’t even know exist until you love a child.... ( Anne Lamott) ഒരു കുഞ്ഞിനെ സ്നേഹിച്ചു തുടങ്ങുന്നതു വരെ അറിയാതിരുന്ന ചില ഇടങ്ങൾ‍ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും... 35 വർഷങ്ങളായി കുട്ടികൾക്കിടയിലാണു ഡോ.സച്ചിദാനന്ദ കമ്മത്തിന്റെ ജീവിതം. ശൈശവത്തിന്റെയും

There really are places in the heart you don’t even know exist until you love a child.... ( Anne Lamott)

ഒരു കുഞ്ഞിനെ സ്നേഹിച്ചു തുടങ്ങുന്നതു വരെ അറിയാതിരുന്ന ചില ഇടങ്ങൾ‍ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും...

35 വർഷങ്ങളായി കുട്ടികൾക്കിടയിലാണു ഡോ.സച്ചിദാനന്ദ കമ്മത്തിന്റെ ജീവിതം. ശൈശവത്തിന്റെയും ബാല്യത്തിന്റെയും കൗമാരത്തിന്റെയും ജൈവഭാവങ്ങളെ കണ്ടും കേട്ടും സ്പർശിച്ചും ഹൃദയം കൊണ്ട് ഒരേ സമയം അച്ഛനും അമ്മയുമായി മാറുന്ന ഒരു ഡോക്ടർ. കുട്ടികളുടെ ഡോക്ടറാകണം എന്നതു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നുവെന്ന് അദ്ദേഹം പറയുമ്പോൾ വാക്കുകളിലും ആ വാത്സല്യം നിറഞ്ഞു തുളുമ്പുന്നുണ്ട്. കൊച്ചി കടവന്ത്രയിലെ ഇന്ദിരാഗാന്ധി കോ ഒാപ്പറേറ്റീവ് ഹോസ്പിറ്റലിലെ സീനിയർ കൺസൽറ്റന്റ് പീഡിയാട്രീഷനായ ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത് ഒാർമകളെ ആർദ്രമാക്കുന്ന ചികിത്സാനുഭവങ്ങളെക്കുറിച്ചു മനസ്സു തുറക്കുന്നു.

കടലോളം വാത്സല്യം

കുട്ടികളോടൊപ്പം അവരുടെ ലോകത്ത് ആയിരിക്കാനാണ് എന്നും ഞാൻ ആഗ്രഹിച്ചിട്ടുള്ളത്. കുട്ടികളോടുള്ള അതിയായ വാത്സല്യവും സ്നേഹവും തന്നെയാണ് അതിനു പിന്നിൽ. പാരമ്പര്യമായി ബിസിനസ് കുടുംബമാണ്. എന്നിട്ടും ഞാനും ജ്യേഷ്ഠനും ഡോക്ടർമാരാകണമെന്ന് അച്ഛനു നിർബന്ധം ആയിരുന്നു. അച്ഛന്റെ ആഗ്രഹം പോലെ ഞാൻ ഡോക്ടറായി. അനുഭവങ്ങളുടെ കളരി തന്നെയായിരുന്നു എന്റെ പഠനകാലം. ഒരു ശരാശരി വിദ്യാർഥി എന്ന് എന്നെ വിലയിരുത്താനാണ് എനിക്കിഷ്ടം. കഴിവിന്റെ പരമാവധി പഠിച്ച് ഒാരോ ഘട്ടവും വിജയകരമായി കടന്നു. പിജി പഠനം പൂർത്തിയായത് 1989ലാണ്. അതേ വർഷം കൊച്ചിയിൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ കരിയർ ആരംഭിച്ചു.. 2000–ൽ സെന്റ ് ജോസഫ്സ് ഹോസ്പിറ്റൽ വൈറ്റിലയിലെ വെൽകെയർ ആശുപത്രിയായി. 2019–ലാണു ഞാൻ ഇന്ദിരാഗാന്ധി കോ ഒാപ്പറേറ്റീവ് ആശുപത്രിയിലേക്കു വരുന്നത്.

18 രൂപ ഫീസ്

സെന്റ് ജോസഫ്സിൽ ജോലി തുടങ്ങുമ്പോൾ ആദ്യകാലത്ത് 18 രൂപയായിരുന്നു കൺസൽറ്റേഷൻ ഫീസ്. വെൽകെയർ ഹോസ്പിറ്റൽ ആയപ്പോൾ അവിടെ 30 വർഷത്തോളം ജോലി ചെയ്തു. നാട്ടുകാരുമായി മനസ്സു കൊണ്ട് ഏറെ അടുത്ത കാലമായിരുന്നു അത്. ആ കാലത്തു നിയോനേറ്റോളജി എന്ന സ്പെഷൽറ്റി ആരംഭിച്ചിട്ടില്ല. പക്ഷേ പഠനകാലത്തു നിയോനേറ്റോളജിയിൽ പരിശീലനം ലഭിച്ചതു ചികിത്സയിൽ ഗുണം ചെയ്തു. കാലം എത്ര മാറി. അന്നത്തെ നവജാത പരിചരണം അല്ല, ഇന്നുള്ളത്. അന്ന് ‘ ക്ലോസ്‌ഡ് ഇൻക്യൂബേറ്ററാണ്’ ഉപയോഗിക്കുന്നത്. ഫോട്ടോതെറപ്പിയ്ക്കു വലിയ ചെലവാണ്. ചെറിയ ട്യൂബ്‌ലൈറ്റ് ഉപയോഗിച്ചു നവജാതശിശുക്കൾക്കു യെല്ലോ ഫോട്ടോതെറപ്പി ചെയ്തിരുന്ന കാലം ഒാർമയിലുണ്ട്. രണ്ടു കുഞ്ഞുങ്ങളെ ഒരു ഇൻക്യുബേറ്ററിൽ ആക്കിയിട്ടുണ്ട്. ഇന്ന് ഞാൻ ആ റിസ്ക് എടുക്കില്ല.

900 ഗ്രാം ഭാരമുള്ള കുഞ്ഞ്

1990കളിലാണ്. 900 ഗ്രാം ഭാരമുള്ള ഒരു കുഞ്ഞിനെ സെന്റ ്  ജോസഫ്സിൽ വച്ചു ചികിത്സിച്ചിരുന്നു.അമ്മയ്ക്ക് എക്ലാംപ്സിയ ആയിരുന്നു. അടിയന്തരമായി സിസേറിയൻ ചെയ്തതാണ്. അന്നു വെന്റിലേറ്റർ ഒന്നുമില്ല. പക്ഷേ കുഞ്ഞിനു നേർത്തൊരു ശ്വാസമുണ്ട്. ട്യൂബിന്റെ സഹായം നൽകി. പതിയെ ആവശ്യമായ ശരീരഭാരം നേടി കുഞ്ഞു മെച്ചപ്പെട്ടു വന്നു. ഈ കുഞ്ഞിനെ ജീവിതത്തിലേക്കു കൊണ്ടു വരാനാകുമോ എന്നൊക്കെ ആശങ്കകൾ ഉണ്ടായിരുന്നു. ചെറുപ്രായത്തിൽ തലച്ചോറിലെ ഒാക്സിജൻ ലഭ്യത കുറഞ്ഞാൽ ആ പ്രതിസന്ധി ഒരിക്കലും മാറാൻ പോകുന്നില്ല. ആ കുഞ്ഞിന് അതു വന്നിട്ടുണ്ടോ എന്ന് അറിയാൻ മാത്രം പരിശോധനാരീതികൾ വികസിതവും ആയിരുന്നില്ല. അവർ ഡിസ്ചാർജ് ആയി. ഇടയ്ക്കു കുട്ടിയുടെ മാതാപിതാക്കൾ വിളിക്കും. കുശലാന്വേഷണം നടത്തും. ആ കുഞ്ഞ് എൻജിനീയറിങ് ബിരുദത്തിനൊപ്പം നൃത്തത്തിലും സംഗീതത്തിലും കഴിവു തെളിയിച്ചു മിടുക്കിയായി വളർന്നു. വിവാഹത്തിന് എന്റെ അനുഗ്രഹവും തേടി. കതിർമണ്ഡപത്തിൽ അവൾ വധുവായി നിന്നപ്പോൾ എന്റെ ഹൃദയവും നിറഞ്ഞു.

കരയാതിരുന്ന കുരുന്ന്

2000ലാണ്. മാസം തികയാതെ പ്രസവിച്ച ഒരു കുഞ്ഞ്. വളരെ പെട്ടെന്നാണു പ്രസവം നടന്നത്. ഫീറ്റൽ ഹാർട്ട് കുറവായിരുന്നു. ആ കുഞ്ഞു കരയുന്നുണ്ടായിരുന്നില്ല. അതിലോലമായ ഒരു ശബ്ദം മാത്രം. ആ കുഞ്ഞ് നഷ്ടപ്പെട്ടു എന്നു തന്നെയായിരുന്നു മിക്കവരുടെയും ചിന്ത. മാത്രമല്ല, കുറേ സങ്കീർണതകളും ഉണ്ടായിരുന്നു. ഞങ്ങൾ ചെയ്യാവുന്നതെല്ലാം ചെയ്തു. പിന്നീട് ആ കുഞ്ഞിനെയുമായി കാറിൽ ഞാനും മെഡിക്കൽ ടീമും നിയോനേറ്റോളജി സൗകര്യമുള്ള അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്കു പോയി. അവിടെ നല്ല പരിചരണം ലഭിച്ചു. ആ കുഞ്ഞും ജീവിതത്തിലേയ്ക്കു തിരികെയെത്തി. സ്കൂളിലും കോളജിലും ക്രിക്കറ്റിൽ മികവു തെളിയിച്ച ആ കുട്ടി ഇന്നു ക്രിക്കറ്റ് രംഗത്ത് അറിയപ്പെടുന്ന ഒരാളാണ്. ഏതു പ്രതികൂല സാഹചര്യത്തിലും ചെയ്യാനുള്ളതിന്റെ പരമാവധി ചെയ്യാനാണു ശ്രമിക്കാറുള്ളത്.

ആ തലവേദന തിരിച്ചറിഞ്ഞു

ചില സമയങ്ങളിൽ ലക്ഷണങ്ങൾ കേൾക്കുമ്പോൾ തന്നെ അസാധാരണമായ എന്തോ ഒരു പ്രശ്നം ഇതിനു പിന്നിലുണ്ടല്ലോ എന്നു തോന്നും. ഒരിക്കൽ ആറു വയസ്സുള്ള ഒരു കുട്ടി വന്നു.അവന് അസഹ്യമായ തലവേദനയാണ്. എന്നാൽ കാലു തളരുക, ഫിറ്റ്സ് അങ്ങനെ ലക്ഷണങ്ങളൊന്നുമില്ല– അതായതു സിടി സ്കാൻ ചെയ്യാനുള്ള കാരണങ്ങളൊന്നുമില്ല. എന്നിട്ടും സിടി സ്കാൻ ചെയ്യണമെന്നൊരു തോന്നൽ എനിക്കുണ്ടായി. അതൊരു ‘ഇന്റ്യൂഷൻ’ ആയിരുന്നു. സി‌ടി സ്കാനിൽ തലച്ചോറിൽ ട്യൂമറിന്റെ ആരംഭഘട്ടമെന്നു കണ്ടു.ചികിത്സ തുടങ്ങി. നാലു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അവൻ മിടുക്കനായി പഠിക്കുന്നു.

അവർ ജീവിതത്തിലേക്ക്

കഴിഞ്ഞ തിരുവോണത്തിന്റെ തലേന്നു രാത്രി. എനിക്കു സുഖമില്ലാതായി ഇൻജക്ഷനെടുത്ത് ആശുപത്രിയിൽ കിടക്കുകയാണ്. നടക്കാൻ ബുദ്ധിമുട്ടാണ്. ലേബർ റൂമിൽ നിന്നു പെട്ടെന്നു വരണമെന്നു പറഞ്ഞു കോൾ വന്നു. ഇട്ടിരുന്ന ഡ്രിപ് മാറ്റി ഞാൻ അവിടെയെത്തി. അമ്മയുടെയും കുഞ്ഞിന്റെയും സ്ഥിതി അൽപം സങ്കീർണമാണ്. അമ്മയ്ക്ക് അനിയന്ത്രിത രക്തസ്രാവം. ബിപിയും പൾസും ഒന്നുമില്ല. കുഞ്ഞ് കരയുന്നുമില്ല. അനസ്തെറ്റിസ്‌റ്റ് ചികിത്സ തുടങ്ങി വച്ചു. അതിന്റെ ബാക്കി കാര്യങ്ങൾ തുടരാൻ എനിക്കു സാധിച്ചു. മറ്റൊരു പീഡിയാട്രീഷനും നിയോനേറ്റോളജിസ്‌റ്റും പെട്ടെന്ന് എത്തി.എല്ലാവരും ഒന്നിച്ചു പ്രവർത്തിച്ചു. ഇരുവരെയും ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരാനായി. അതിൽ വലിയൊരു സന്തോഷം മറ്റെന്താണ്? കൂട്ടായ ആ ഉദ്യമത്തിൽ എന്റെ
എളിയ പങ്കും ചേർത്തു വയ്ക്കാനായി.

പദവികൾ ജന്മപുണ്യം

2015 –ൽ ഇന്ത്യൻ അക്കാദമി ഒാഫ് പീഡിയാട്രിക്സിന്റെ 52–ാമത്തെ ദേശീയ പ്രസിഡന്റ ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 45,000–ത്തോളം അംഗങ്ങളാണ് െഎഎപിയിൽ ഉള്ളത്. കൂടെയുള്ളവരുടെ പിന്തുണ കൊണ്ടു മാത്രമെ െഎഎപിയുടെ പ്രസിഡന്റ ് ആകാനാകൂ. കേരളത്തിലെ സുഹൃത്തുക്കളായ ഡോക്ടർമാരുടെയെല്ലാം സ്നേഹവും കരുതലും അതിനു പിന്നിലുണ്ട്. ഇന്ത്യാ ടുഡേ മാഗസിൻ 2022–ൽ സൗത്ത് ഇന്ത്യയിലെ മികച്ച പീഡിയാട്രീഷനായി എന്നെ തിരഞ്ഞെടുത്തിരുന്നു. 2011–ൽ കേരള സർക്കാർ ‘ബെസ്‌റ്റ് ഡോക്ടർ’ പുരസ്കാരം നൽകി. എന്നെ ഞാനാക്കിയവർ കൂടെയുള്ളവരെല്ലാമാണ്. എന്റെ പ്രഫസറായിരുന്ന അല്ലഡി വെങ്കിടേഷ്, ഡോ. എംകെസി നായർ, ഡോ. വി.പി. ഗംഗാധരൻ അവരൊക്കെ വഴികാട്ടിയവരാണ്. കുടുംബത്തിന്റെ പിന്തുണയും വലിയ കരുത്തേകുന്നു. ഒരു ഡോക്ടറെ സംബന്ധിച്ചു ശ്രദ്ധയോടെ രോഗിയെ കേൾക്കുക ഏറെ പ്രധാനമാണെന്നു തോന്നിയിട്ടുണ്ട്. കുട്ടികൾ രോഗത്തെക്കുറിച്ചു പറയുന്നതു തള്ളിക്കളയേണ്ടതില്ല. മാതാപിതാക്കളും കുട്ടികളും പറയുന്നതു ശ്രദ്ധിച്ചു മനസ്സിലാക്കുക. രോഗനിർണയത്തിലേക്ക് എത്താൻ കൂടുതൽ എളുപ്പമാകും.

ഇന്ദിരാഗാന്ധി കോ ഒാപ്പറേറ്റീവ് ഹോസ്പിറ്റലിനെ പരിമിതമായ സൗകര്യങ്ങളിൽ നിന്നു കൈ പിടിച്ചുയർത്താനായി എന്നതു വലിയൊരു സന്തോഷമാണ്. ഞാനുൾപ്പെടുന്ന ഡയറക്‌ടർ ബോർഡിന്റെ ഏകമനസ്സോടെയുള്ള പ്രവർത്തനം 32 െഎസിയു ബെഡ്, 20ഒാളം വെന്റിലേറ്ററുകൾ, അഞ്ചു തിയറ്ററുകൾ എന്ന നിലയിലേക്ക് ഈ ആശുപത്രിയെ ഉയർത്തി. നന്നായി കഠിനാധ്വാനം ചെയ്യാനുള്ള മനസ്സു മാത്രമാണ് എന്റെ കൈമുതൽ. ഫോൺ നമ്പർ രോഗികൾക്കെല്ലാം കൊടുക്കാറുണ്ട്. കോൾ എടുക്കാൻ സാധിച്ചില്ലെങ്കിൽ തിരികെ വിളിക്കും. ഡോക്ടറെന്ന ജീവിതത്തിൽ കുറേ ബുദ്ധിമുട്ടുകളുണ്ടാകും. അത് ഉൾക്കൊള്ളുക പ്രധാനമാണ്.

തലമുറകളിലേക്ക്

മനോരമയുടെ വിദ്യാരംഭത്തിൽ 400 ഒാളം കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിച്ചിട്ടുണ്ട്. രോഗികളായി വന്ന കുട്ടികൾ മക്കളുമായി വിദ്യാരംഭത്തിന് എത്താറുണ്ട്. അന്നത്തെ കുട്ടികൾ അവരുടെ മക്കളുമായി ഇന്ന് ഒപിയിലെത്തുമ്പോൾ സ്നേഹബന്ധം തലമുറകളിലേക്കും പടി കടന്ന് എത്തുകയാണ്. ഈ സ്നേഹബന്ധങ്ങളും സൗഹൃദങ്ങളുമാണ് എന്റെ ബാലൻസ് ഷീറ്റ്...

ഒരു കുഞ്ഞിനെ സ്നേഹിക്കുമ്പോൾ നാം ഹൃദയത്തിൽ ചില പുതിയ ഇടങ്ങൾ കണ്ടെത്തുകയാണ്. അതു വരെ അറിയാതിരുന്ന, അതിമനോജ്ഞമായ ഇടങ്ങൾ. അത്തരം ഇടങ്ങൾ തിരിച്ചറിയുമ്പോൾ വാത്സല്യത്തിന്റെ ഒരു കടൽ ഇരമ്പിയുണരും. ആ കടൽ ശാന്തമാകുന്നേയില്ല....

 

 

ADVERTISEMENT
ADVERTISEMENT