Monday 12 June 2023 01:02 PM IST : By സ്വന്തം ലേഖകൻ

ആ ചിന്ന പയ്യന്‍ ഉറക്കെ വിളിച്ചുകൂവി. ''ചിറ്റപ്പന് വയ്യേ.... ബസ് നിറുത്തണേ.....ആശുപത്രിയ്ക്ക് പോണേ.....'' യാത്രക്കാര്‍ സ്തബ്ധരായി...

chiriclinic3234 ചിത്രീകരണം: ഹക്കു

കര-നാവിക-വ്യോമയാന യാത്രയ്ക്കിടയില്‍ സഞ്ചാരികള്‍ക്കാര്‍ക്കെങ്കിലും ദേഹാസ്വാസ്ഥ്യം ഉണ്ടാവുക, ഉടനെ യാത്രികര്‍ക്കിടയില്‍ ഡോക്ടര്‍മാര്‍ ആരെങ്കിലുമുണ്ടോ എന്ന് വിളിച്ചുകൂവി അന്വേഷിക്കുക, ഉറങ്ങുകയോ സ്വപ്നം കണ്ടുകൊണ്ടിരിക്കുകയോ ചെയ്യുന്ന ഒരു ഡോക്ടറെ, പ്രതിയെ പിടിച്ചേ എന്ന വികാരത്തോടെ കണ്ടുപിടിച്ച് രോഗീ സമക്ഷമെത്തിക്കുക, ഡോക്ടര്‍ ജനത്തെ വകഞ്ഞുമാറ്റി രോഗിയെ പരിശോധിക്കുക, കുറേ കഴിഞ്ഞ് എനിക്കെന്തു പറ്റി നകുലന്‍ ചേട്ടാ എന്ന മട്ടില്‍ രോഗി പ്രതിവചിക്കുക, ഇതൊക്കെ നിത്യജീവിതത്തില്‍ നമ്മളൊക്കെ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാകാം.

പക്ഷേ എന്റെ സുഹൃത്ത് ഡോ. തോമസ് വാഴത്തൊലി ഏതു യാത്ര പോയാലും യാത്രയ്ക്കിടയില്‍ ഒരു അത്യാഹിതമെങ്കിലും സംഭവിക്കുമെന്നത് വാഴത്തൊലിയുടെ അടുത്ത സുഹൃത്തുക്കളായ ഞങ്ങളുടെയിടയില്‍ ഒരു സ്ഥിരം സംസാരമാണ്.

ഒന്നുകില്‍ ബോധക്കേട് അല്ലെങ്കില്‍ നെഞ്ചുവേദന അതുമല്ലെങ്കില്‍ ജന്നി..... അങ്ങനെ ഡോക്ടര്‍ തോമസ് വാഴത്തൊലി യാത്രയ്ക്കിടയില്‍ ഒരു ദൈവദൂതനെപ്പോലെ പ്രത്യക്ഷപ്പെട്ട് ഷൈന്‍ ചെയ്യുന്ന ഒരേര്‍പ്പാടുണ്ടായിരുന്നു.

അതേസമയം ഇദ്ദേഹം തുടര്‍ച്ചയായി നടത്തിയ മൂന്ന് വിമാനയാത്രകളിലും വിമാനം നിലത്തിടിച്ചിറക്കേണ്ട സ്ഥിതിവന്നതായി അന്നു പത്രത്താളുകളില്‍ വാര്‍ത്തയും വന്നിരുന്നു.

അതിനുശേഷം ബോഡിംഗ് പാസുമായി വിമാനത്തില്‍ കയറാന്‍ ക്യൂ നിന്നിരുന്ന പലരും ഡോ. തോമസ് വാഴത്തൊലിയുടെ തല കണ്ടാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ പോലും മിനക്കെടാതെ ഓടിക്കളയുമായിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

അങ്ങനെ ഒരേസമയം ദൈവദൂതനായും യമദൂതനായും സമ്മിശ്രയശസ്സു നേടി വിരാജിച്ചിരുന്ന ഒരു കാലത്തിങ്കല്‍ നമ്മുടെ ഡോ. വാഴത്തൊലി ഒരു ചിന്ന ബസ് യാത്ര നടത്തിയപ്പോഴുണ്ടായ സംഭവമാണ് ഓര്‍മ്മയിലെത്തുന്നത്.

നല്ല തിരക്കുള്ള ബസ്. പലരും ഇരിക്കാന്‍ സീറ്റുകിട്ടാതെ കമ്പിയില്‍ തൂങ്ങിനിന്ന് യാത്ര നടത്തുന്നു.

ഒരു സ്റ്റോപ്പെത്തിയപ്പോള്‍ ഒരു സീറ്റ് ഒഴിയുകയും അതില്‍ ഒരു മദ്ധ്യവയസ്‌കനെ ഇരുത്താന്‍ കൂടെവന്ന ചെറിയ പയ്യൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് സംഭവത്തിന്റെ തിരശ്ശീല ഉയരുന്നത്.

ആ ചിന്ന പയ്യന്‍ ഉറക്കെ വിളിച്ചുകൂവി. ''ചിറ്റപ്പന് വയ്യേ.... ബസ് നിറുത്തണേ.....ആശുപത്രിയ്ക്ക് പോണേ.....''

യാത്രക്കാര്‍ സ്തബ്ധരായി. ആരോ ബെല്ലടിച്ചു, വണ്ടി നിന്നു.

അത്താഴപഷ്ണിക്കാരുണ്ടോ എന്ന മട്ടില്‍ ഉടനെ വിളി വന്നു, ഡോക്ടര്‍മാരാരെങ്കിലുമുണ്ടോ?

humrclinic5656

വിളി കേള്‍ക്കേണ്ട താമസം, ഡോ. വാഴത്തൊലി സ്പ്രിംഗ് ആക്ഷനില്‍ പ്രതികരിച്ചു.

എന്നതാടേ പ്രശ്‌നം.....? വാഴത്തൊലി തന്റെ സ്ഥിരം കൂള്‍ ശൈലിയില്‍ പയ്യനോട് തിരക്കി. 

എന്റെ ചിറ്റപ്പന് ആഞ്ചിയോ കഴിഞ്ഞതാണ്. ചെക്കപ്പു കഴിഞ്ഞു തിരികെ കൊണ്ടുപോകുകയാണ്. 

ഇപ്പോള്‍ ചിറ്റപ്പന് ഒരു സഞ്ചാരം പോലെ. വെള്ളം.....വെള്ളമെന്ന് എന്നോടു പറഞ്ഞു.

ഡോക്ടര്‍ ആദ്യ നടപടിയിലേക്കു കടന്നു. 

 പള്‍സ്......കുഴപ്പമില്ലല്ലോ? 

പോക്കറ്റിലെപ്പോഴും കരുതുന്ന സ്റ്റെതസ്‌ക്കോപ്പെടുത്ത് നെഞ്ചില്‍ വെച്ചു..... കുഴപ്പമില്ലല്ലോ? 

അപ്പോള്‍ രോഗിയായ ചിറ്റപ്പന്‍ ഡോക്ടറുടെ കൈപിടിച്ചു ഇങ്ങനെ പറഞ്ഞു.

"ഡോക്ടറെ.....എനിക്കു കുഴപ്പമൊന്നുമില്ല.... ഈ ചെക്കന്‍ കാര്യമറിയാതെ കിടന്നു നിലവിളിക്കുകയാണ്. പേടിക്കാനൊന്നുമില്ല  ഡോക്ടര്‍....."

ങേ! ഞാന്‍ പറയേണ്ട ഡയലോഗ് രോഗി എന്നോടു തന്നെ പറയുന്നോ? ഡോ. തോമസ് അത്ഭുതം കൂറി.

ചിറ്റപ്പന്‍ ഡോക്ടറിനോട് ചെവി ചോദിച്ചു, ഒരു രഹസ്യം പറയാന്‍. ഡോക്ടര്‍ തന്റെ ചെവി ചിറ്റപ്പന്റെ വായുടെ മുന്നില്‍ പൊസിഷന്‍ ചെയ്തു വെച്ചു കൊടുത്തു.

അങ്ങനെ ബസ്സില്‍ യാത്രക്കാരുടെ സാന്നിദ്ധ്യത്തില്‍ ചരിത്രത്തിലെ ആദ്യത്തെ മതേതര കുമ്പസാരം അരങ്ങേറി!

ഡോ. തോമസ് വാഴത്തൊലി ഒരു കുറ്റാന്വേഷണ വിദഗ്ദ്ധന്റെ തലയെടുപ്പോടെ, ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്ത് തീയേറ്ററിനു പുറത്തിറങ്ങുന്ന ഒരു പെരിയപുറം സര്‍ജന്റെ വിജയഭാവത്തോടെ ഉറക്കെ പ്രഖ്യാപിച്ചു. " നോ പ്രോബ്ലം. വണ്ടി വിട്ടോളൂ....."

യാത്രക്കാർ അന്തം വിട്ടു നിന്നു. ഇത്രപെട്ടെന്ന് രോഗ നിർണ്ണയവും ചികിൽസയും ? അടിപൊളി ഡോക്ടർ തന്നെ ! 

 അവരുടെ ആകാംക്ഷാനിര്‍ഭരമായ നോട്ടത്തിന് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കി.

" ഒരു സീറ്റൊഴിഞ്ഞപ്പോള്‍ ചിറ്റപ്പന്‍ വെള്ളം..... വെള്ളം എന്നുപറഞ്ഞത് എന്നാത്തീനാന്നറിയാമോ? " ജനം മൗനം പാലിച്ചു. 

" സീറ്റേല്‍ ഒരല്‍പ്പം വെള്ളം കിടക്കുവാരുന്നു..... അതാ ചിറ്റപ്പന്‍ പേഷ്യന്റ് പറയുന്ന മട്ടിൽ  വെള്ളം..... വെള്ളം എന്നു പറഞ്ഞേ.  ഇതുകേട്ട ചെക്കന്‍ പേടിച്ച് നിലവിളിച്ചതാ...."

ഡോക്ടറുടെ വിശദീകരണം കേട്ട് യാത്രക്കാര്‍ ഒന്നടങ്കം പൊട്ടിച്ചിരിച്ചു. പയ്യന്‍ ചമ്മി.

ഇനി ആരെങ്കിലുമുണ്ടോ എന്ന മട്ടില്‍ ഡോ. തോമസ് വാഴത്തൊലി ബസ്സിലും റോഡിലും മാറിമാറി നോക്കിക്കൊണ്ടിരുന്നു!

Tags:
  • Daily Life
  • Manorama Arogyam