കോട്ടയത്തു വാഴൂരിനടുത്ത് 19-ാം മൈലിൽ റോഡരികത്തു തന്നെ കാണാം വലിയ ബോർഡ്. ഏഞ്ചൽസ് ഷോപ് ആൻഡ് ബേക്കറി...മാലാഖമാരുടെ ബേക്കറി.. ബേക്കറിയിലേക്കു കടന്നു ചെല്ലുമ്പോൾ ചുണ്ടിൽ ‘തിങ്കൾതെല്ലിനു തുല്യമൊരു പുഞ്ചിരിയുമായി’ മൂന്നു പേരെ കാണാം. ടിൻസ് കുര്യാക്കോസ്, അമൽ ടി. ജോൺ, അഖിൽ ടി. ജോൺ...അമലും അഖിലും സഹോദരങ്ങളാണ്.

തേച്ചു വടിവൊപ്പിച്ച യൂണിഫോം ധരിച്ച് ആത്മവിശ്വാസത്തോടെ നമ്മുടെ മുൻപിൽ നിൽക്കുമ്പോൾ അവരൊരു സ്വപ്നസാഫല്യത്തിന്റെ നിമിഷത്തിലാണ്. ‘എന്റെ കുഞ്ഞിനു തുണയാരാണു നാളെ’ എന്നു വേവുന്ന ഒരു കൂട്ടം അമ്മമാരുടെ സ്വപ്നസാഫല്യം... മന്ദബുദ്ധിയെന്നു വിളിച്ചു സമൂഹം മാറ്റിനിർത്തിയതു പോലും തിരിച്ചറിയാതെ നിഷ്ക്കളങ്കമായി ചിരിക്കുന്ന ഒരുകൂട്ടം നിസ്സഹായർക്കു നഷ്ടമായ അന്തസ്സു തിരികെ കൊടുക്കണമെന്ന ചില നല്ല മനുഷ്യരുടെ സ്വപ്നസാഫല്യം.

ADVERTISEMENT

ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള ഏഞ്ചൽസ് വില്ലേജ് എന്ന സ്വപ്നസംരംഭത്തിന്റെ ഭാഗമാണ് ഏഞ്ചൽസ് ഷോപ് ആൻഡ് ബേക്കറി. ഫാ. റോയ് മാത്യു വടക്കേലാണ് ഈ സംരംഭത്തിന്റെ ഡയറക്ടർ. ‘‘ഏഞ്ചൽസ് വില്ലേജിൽ തന്നെയുള്ള ആശാനിലയം സ്പെഷൽ സ്കൂളിൽ വരുന്ന മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും ഒക്കെ ഉപയോഗപ്രദമായ ഒരു സംരംഭം എന്ന നിലയിലാണു ബേക്കറി തുടങ്ങിയത്. ബൗദ്ധികവെല്ലുവിളിയുള്ള കുട്ടികൾ തന്നെ നടത്തുന്ന സംരംഭമായാൽ ഇങ്ങനെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കു വലിയ പ്രചോദനമായിരിക്കും എന്നു തോന്നി.’’
ഫാ. റോയ് പറയുന്നു.

‘‘ അമലും അഖിലും ഡൗൺ സിൻഡ്രമുള്ളവരാണ്. ടിൻസ് മൈൽഡ് ബൗദ്ധികവെല്ലുവിളിയുള്ള ആളും. മൂന്നുപേർക്കും ബേസിക് അക്കാദമിക് ശേഷികളുമുണ്ട്. വായിക്കാനറിയാം. ടിൻസ് ചെറുപ്പം മുതലേ ആശാ നിലയം സ്കൂളിലാണു പഠിച്ചത്. അമലും അഖിലും ഇവിടെ എത്തിയിട്ടു മൂന്നു നാലു വർഷമേ ആയുള്ളൂ. വളരെ കൃത്യമായ കരിക്കുലം അടിസ്ഥാനമാക്കിയുള്ള പരിശീലനം നൽകിയ ശേഷമാണു ഇവരെ ഷോപ്പിൽ നിയമിച്ചത്.

ADVERTISEMENT

മാസം തോറും നിശ്ചിത തുക കുട്ടികളുടെ അക്കൗണ്ടിലേക്കാണു നൽകുക. ടിൻസിന് അമ്മ മാത്രമേയുള്ളൂ. വീട്ടിലെ ചെലവുകളെല്ലാം അവനാണു നടത്തുന്നത്. ഒന്നിനും കൊള്ളാത്തവരെന്നു സമൂഹം മുദ്ര കുത്തുന്ന വിഭാഗത്തിലുള്ള ഒരു കുട്ടി കുടുംബത്തിന്റെ ബ്രെഡ് വിന്നർ ആവുക നിസ്സാര കാര്യമല്ലല്ലൊ. ’’ഫാദറിന്റെ വാക്കുകളിൽ അഭിമാനം.

‘‘നിസ്സാര കാര്യങ്ങൾ പോലും ഇവരെ പല ആവർത്തി പറഞ്ഞും കാണിച്ചും കൊടുത്തു പരിശീലിപ്പിക്കണം. പക്ഷേ, പരിശീലിച്ചു കഴിഞ്ഞാൽ പിന്നെ ജോലിയിൽ മറ്റുള്ളവരേക്കാൾ മിടുക്കരായിരിക്കും.’’ ഇവരെ പരിശീലിപ്പിച്ച സ്പെഷൽ എജ്യുക്കേറ്റർ ഷൈനി പറയുന്നു.

ADVERTISEMENT

‘‘ യൂണിഫോം ധരിച്ചു കടയിൽ ചെല്ലുന്നതു മുതൽ കട വൃത്തിയാക്കുക, കസ്റ്റമറുെട ആവശ്യങ്ങൾ ചോദിച്ചറിയുക, നിർമാണ തീയതിയും അവസാന ഉപയോഗ തീയതിയും പരിശോധിച്ചു സാധനങ്ങൾ നൽകുക, വില പറയുക എന്നിങ്ങനെ ചെറിയ കാര്യങ്ങൾ തുടങ്ങി സങ്കീർണമായവ വരെ പഠിപ്പിക്കുന്നു.

ഫാ. റോയ് വടക്കേല്‍

കസ്റ്റമറുടെ ഭാഗത്തു നിന്നും അവഗണനയോ മോശം പെരുമാറ്റമോ ഉണ്ടായാൽ അതവരുടെ മൂഡിനെ ബാധിക്കാം. സാധാരണക്കാരുടെ പോലെ അതു മറച്ചുവച്ചു പെരുമാറാൻ അവർക്കറിയില്ല. അത്തരം മോശം സാഹചര്യങ്ങളെയും നേരിടാനും പരിശീലിപ്പിക്കാറുണ്ട്. ’’

മാലാഖമാർക്ക് ഒരു ഗ്രാമം

1979 ൽ ആശാനിലയം എന്ന ഒരു സ്പെഷൽ സ്കൂൾ മാത്രമായിട്ടാണു തുടക്കം. സ്കൂളും ബോർഡിങ്ങും മാത്രമല്ല വ്യത്യസ്തമായ കാര്യങ്ങൾ ഇവർക്ക് ആവശ്യമുണ്ടെന്ന തോന്നിയപ്പോഴാണു കൂടുതൽ സ്ഥലം വാങ്ങിയതെന്നു ഫാ. റോയ് പറയുന്നു. ഏഴു വർഷം കൊണ്ടു 14 ഏക്കറോളം സ്ഥലം വാങ്ങി ഏഞ്ചൽസ് വില്ലേജ് എന്നു പേരിട്ടു. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള സ്പെഷൽ സ്കൂൾ (ആശാനിലയം), ഒാട്ടിസം
തെറപ്പി സെന്റർ, ബൗദ്ധികവെല്ലുവിളി നേരിടുന്ന മുതിർന്നവർക്കുള്ള
താമസസൗകര്യം (ആശാ നികേതൻ), അഗ്രോ ഫാം സ്കൂൾ, തൊഴിൽ പരിശീലനകേന്ദ്രങ്ങൾ എന്നിങ്ങനെ 11 വ്യത്യസ്ത സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്.

അമ്മയുടെ ഉദരത്തിൽ ഇങ്ങനെയൊരു കുഞ്ഞു പിറക്കും മുതൽ മരണം വരെ (വൂംബ് ടു ടൂംബ്) ഒാരോ ഘട്ടത്തിലും അവർക്കു വേണ്ടുന്ന പരിപാലനവും മാനസികÐസാമൂഹിക പിന്തുണകളുമൊക്കെ കൊടുത്ത്, അവരുടെ ജീവിതത്തിന് ആശ്രയമാകുക എന്നതാണ് ഏഞ്ചൽസ് വില്ലേജ് കൊണ്ടുദ്ദേശിക്കുന്നതെന്നു
ഫാ. റോയ് പറയുന്നു.

ആശാനിലയം

പിറന്നു മാസങ്ങൾ മാത്രമുള്ള കുഞ്ഞുങ്ങൾക്കു മുതലുള്ള തെറപ്പികൾ ഇവിടെ നൽകുന്നുണ്ട്. സ്പീച്ച് തെറപ്പി, ഫിസിയോതെറപ്പി, സെൻസറി ഇന്റഗ്രേഷൻ, എന്നിങ്ങനെ ഒട്ടേറെ തെറപ്പികളുണ്ട്.

18 വയസ്സു കഴിഞ്ഞവർക്കായി രണ്ടു തൊഴിൽപരിശീലന കേന്ദ്രങ്ങളുമുണ്ട്. ആശ്വാസ് എന്ന തൊഴിൽ പരിശീലനകേന്ദ്രത്തിൽ കവർ നിർമാണം, സ്ക്രീൻ പ്രിന്റിങ്, മാലിന്യ പുനരുപയോഗം, ശിൽപകല, പെയിന്റിങ്, ക്രാഫ്റ്റ്, തയ്യൽ പരിശീലനം എന്നിങ്ങനെ 72 ഒാളം പ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്നു.

പ്രകൃതിയോടിണങ്ങി ജീവിക്കുന്നതും കൃഷി ചെയ്യുന്നതുമൊക്കെ (ഹോർട്ടികൾച്ചർ തെറപ്പി) ഇവരുടെ മാനസിക-ബൗദ്ധിക മെച്ചപ്പെടലിന് ഇടയാക്കാമെന്നാണ്. ഇതിന്റെ ഭാഗമായി കൃഷി, മൃഗപരിപാലനം എന്നിവയിൽ പരിശീലനം നൽകുന്ന അഗ്രോ ഫാം സ്കൂളുണ്ട്. രണ്ടു ബാന്റ് ടീമുകളിലായി 34 കുട്ടികളുണ്ട്.

‘പൊതുവെ ചെറിയ തോതിലുള്ള (മൈൽഡ്) ബൗദ്ധികവെല്ലുവിളിയുള്ള കുട്ടികളെ പരിശീലിപ്പിക്കാനാണ് എളുപ്പം. ഒാരോ കുട്ടിയുടെയും അഭിരുചി, കുടുംബത്തിൽ പരിചയിച്ചിട്ടുള്ള തൊഴിൽ സാഹചര്യം എന്നിവ കണക്കിലെടുത്താണു പരിശീലനം നൽകുന്നത്. മോഡറേറ്റ്, സിവിയർ വിഭാഗത്തിലുള്ളവർക്കും അവരവരുടെ കഴിവിന് അനുസരിച്ചുള്ള കാര്യങ്ങളിൽ പരിശീലനം നൽകുന്നു. കഴിഞ്ഞ വർഷം മാത്രം വിവിധ തൊഴിൽ പരിശീലനങ്ങളുടെ ഭാഗമായി 116 പേർക്കു ചെറിയൊരു തുകയാണെങ്കിലും പ്രതിഫലമായി നൽകാനായെന്നു ഫാ. റോയ് പറയുന്നു.

ബൗദ്ധികവെല്ലുവിളികൾ അനുഭവിക്കുന്നവരെ, ഇരുട്ടിൽ തളച്ചിടുകയല്ല, അലിവോടെ ചേർത്തുപിടിക്കുകയാണു നാമുൾപ്പെടുന്ന സമൂഹം ചെയ്യേണ്ടത്. അതിനുള്ള തുടക്കമാകട്ടെ ഇത്തരം സംരംഭങ്ങൾ.

ADVERTISEMENT