കൃത്യസമയത്തു ശരിയാംവണ്ണം ചികിത്സിച്ചാൽ വലിയ സങ്കീർണതകളുണ്ടാക്കാതെ വേഗം സുഖമാകുന്ന ഒന്നാണു പനി. എന്നാൽ, ഇതേ പനി തന്നെ ചികിത്സിക്കാതെ വച്ചുകൊണ്ടിരുന്നാൽ മരണകാരണമായേക്കാം. അതിനു പ്രധാനകാരണം പനി ഒരു രോഗമല്ല, ചില രോഗങ്ങളുടെ ആരംഭലക്ഷണമാണ് എന്നുള്ളതാണ്. അണുബാധയുണ്ടായാൽ ശരീരം താപനില വർധിപ്പിച്ചു പ്രതിരോധിക്കും. ഇതാണു പനിയായി പ്രകടമാകുന്നത്. മഞ്ഞപ്പിത്തം, തലച്ചോറിലുള്ള ചില അസുഖങ്ങൾ, കാൻസർ എന്നിവയുടെയെല്ലാം ആരംഭലക്ഷണമായും പനി വരാം.

മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലും സൂര്യപ്രകാശത്തിന്റെ അളവു കുറവും ആയിരിക്കും. ഭൂമി നനഞ്ഞിരിക്കുന്നതിനാലും മാലിന്യങ്ങളുള്ളതിനാലും വൈറസും ബാക്ടീരിയയും പോലുള്ള രോഗാണുക്കൾക്ക് പെറ്റുപെരുകാൻ അനുയോജ്യമായ സാഹചര്യം ലഭിക്കും. അതുകൊണ്ടാണ് മഴക്കാലത്തു പനി പോലുള്ള സംാക്രമികരോഗങ്ങൾ കൂടുന്നത്.

ADVERTISEMENT

പനി തന്നെ പലതരമുണ്ട്. സാധാരണ ജലദോഷപ്പനി തൊട്ടു ഡെങ്കിപ്പനി വരെ... ഇക്കൂട്ടത്തിൽ ലക്ഷണങ്ങളുടെ സമാനത കൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന മൂന്നു പനികളുണ്ട്– ജലദോഷപ്പനി, വൈറൽ പനി, ഇൻഫ്ളുവൻസ അഥവാ ഫ്ളൂ. അവയെക്കുറിച്ചു വിശദമായറിയാം.

ADVERTISEMENT

∙ ജലദോഷപ്പനി
നമ്മൾ സാധാരണ കോമൺ കോൾഡ് എന്നു പറയുന്ന പനിയാണിത്. ഹൊറൈസ വൈറസ് എന്ന ചെറുതരം വൈറസാണ് ഈ പനിയുണ്ടാക്കുന്നത്.
തലവേദന, മൂക്കടപ്പ്, തുമ്മൽ, മൂക്കൊലിപ്പ്, ശരീരവേദന, നേരിയ പനി എന്നിവയുണ്ടാകും. തൊണ്ടയ്ക്ക് ചെറിയൊരു കാറലും പിടുത്തവും അനുഭവപ്പെടാം, കഫമില്ലാത്ത ചുമയും ഉണ്ടാകും. സാധാരണ അഞ്ച് ആറ് ദിവസത്തിൽ കൂടുതൽ പനി തുടരാറില്ല.

മാറാൻ ഏഴു ദിവസം

ADVERTISEMENT

ജലദോഷപ്പനിക്ക് പ്രത്യേകിച്ച് മരുന്നിന്റെ ആവശ്യവുമില്ല. ജലദോഷം ചികിത്സിച്ചാൽ ഒരാഴ്ച കൊണ്ടു മാറും, ചികിത്സിച്ചില്ലെങ്കിൽ ഏഴു ദിവസം കൊണ്ടും എന്നു കേട്ടിട്ടില്ലേ? ആവി പിടിക്കുക– മൂക്കടപ്പു മാറും. കോൾഡ് മരുന്നെന്നു വാങ്ങാൻ കിട്ടുന്നവ പലതും പാരസെറ്റമോളും ആന്റി ഹിസ്റ്റമിനും വേദനസംഹാരികളും ചേർന്ന കോമ്പിനേഷൻ മരുന്നുകളാണ്. എല്ലാവർക്കും അതിന്റെ ആവശ്യമില്ല.

പനിയും ശരീരവേദനയും കൂടുതലുണ്ടെങ്കിൽ പാരസെറ്റമോൾ ഗുളിക കഴിക്കാം. അസഹ്യമായ തുമ്മലും മൂക്കടപ്പും മാത്രമേയുള്ളുവെങ്കിൽ ആന്റി ഹിസ്റ്റമിൻ മരുന്നുകൾ കഴിക്കാം, ആന്റിഹിസ്റ്റമിനുകൾ എടുത്തു കഴിഞ്ഞാൽ മൂക്കിനെ നനഞ്ഞതാക്കുന്ന നീരൊഴുക്കു നിലയ്ക്കും. അങ്ങനെ മൂക്കു വരണ്ട് അസ്വസ്ഥതയുണ്ടാകാം, ആവി പിടിച്ചാൽ ഇതു മാറും.

സങ്കീർണതകളെ സൂക്ഷിക്കുക

ഇനി 5–6 ദിവസമായിട്ടും പനി മാറുന്നില്ലെങ്കിലോ തൊണ്ടവേദന കലശലാവുക, മൂക്കിൽ നിന്നുള്ള ദ്രവം കൊഴുത്തു കട്ടിയാവുക, കടുത്ത മഞ്ഞനിറമോ രക്തരാശിയോ കാണുക, ചുമ ശക്തിയാവുക എന്നിവ കണ്ടാൽ അത് ദ്വിതീയ അണുബാധ (സെക്കൻഡറി ഇൻഫക്ഷൻ)യുടെ സൂചനയാണ്. വൈറസു മൂലം പ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന ശരീരത്തെ ബാക്ടീരിയ പോലുള്ള മറ്റ് അണുക്കൾക്ക് ആക്രമിക്കാൻ എളുപ്പമാണല്ലോ? അതുകൊണ്ട് മേൽപറഞ്ഞ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ വൈകാതെ തന്നെ ഡോക്ടറെ കാണണം. ചിലപ്പോൾ അണുബാധ സുഖമാകാൻ ആന്റിബയോട്ടിക്കുകൾ വേണ്ടിവന്നേക്കാം.

വൈറൽ പനി

നല്ല പനിയും ശരീരവേദനയുമാണു ലക്ഷണങ്ങൾ. ശ്വാസകോശങ്ങളെ വൈറസ് ബാധിക്കുന്നു എന്നതാണ് വൈറൽ പനിയുടെ പ്രത്യേകത. ആദ്യത്തെ രണ്ടു ദിവസം നല്ല ശരീരവേദനയും പനിയും ചെറിയൊരു തലചുറ്റലും തൊണ്ടവേദനയുമേ കാണൂ. മൂന്നു ദിവസം കഴിയുന്നതോടെ വൈറസ് ശ്വാസകോശത്തെ ബാധിച്ചതിന്റെ സൂചനകളായി കഫത്തോടു കൂടിയ ചെറിയ ചുമ പ്രത്യക്ഷപ്പെടും. തുമ്മലും മൂക്കൊലിപ്പും ഇല്ലാതിരിക്കുകയോ ലഘുവായി മാത്രം കാണുകയോ ചെയ്യാം.

25 ശതമാനം രോഗികളിൽ കടുത്ത ശ്വാസകോശപ്രശ്നങ്ങളുണ്ടാകാം. പ്രത്യേകിച്ച് ആസ്മ, സിഒപിഡി രോഗികളിൽ ശ്വാസംമുട്ട്. ചുമ എന്നിവ ശക്തിയായി അനുഭവപ്പെടാം. ഇവരെ ഉടനെ തന്നെ ഡോക്ടറെ കാണിക്കണം.

ലക്ഷണങ്ങൾ കുറയ്ക്കാൻ ചികിത്സ

പലതരം വൈറസുകൾക്ക് പ്രത്യേകമായുള്ള ആന്റിവൈറൽ മരുന്നുകൾ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വൈറൽ പനി വൈറസുകൾക്കും മരുന്നില്ല. ലക്ഷണങ്ങളെ ശമിപ്പിക്കാനുള്ള ചികിത്സ നൽകുകയാണ് ചെയ്യാറ്. പാരസെറ്റമോൾ, ആന്റിഹിസ്റ്റമിൻ, വേദനാസംഹാരികൾ എന്നിവയൊക്കെ ലക്ഷണങ്ങളനുസരിച്ച് നൽകും.

കഫം അധികം ഇല്ലാത്ത ചുമ, വഴുവഴുപ്പില്ലാത്ത കട്ടികുറഞ്ഞ കഫം എന്നിവയ്ക്ക് ചുമ കുറയ്ക്കാനുള്ള (കഫ് സപ്രസന്റ്സ്) സിറപ്പുകൾ നൽകും. ചുക്കു കാപ്പി, കുരുമുളകു കാപ്പി, തുളസിക്കഷായം എന്നീ വീട്ടുമരുന്നുകളും ഇത്തരം ചുമ ശമിക്കാൻ നല്ലതാണ്.

കഫം പഴുത്താൽ അവയെ അലിയിച്ചു പുറത്തു കളയാൻ എക്സ്പെക്റ്ററന്റ് വിഭാഗത്തിലുള്ള സിറപ്പുകളാണ് നൽകുക. ടോൺസിൽ പഴുത്ത് വീങ്ങി നിൽക്കുകയാണെങ്കിലോ കഫം കണ്ടിട്ട് ബാക്ടീരിയ അണുബാധയുണ്ടെന്നു തോന്നിയാലോ ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ നിർദേശിക്കാറുണ്ട്.

ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയും അതു വരുത്തുന്ന സങ്കീർണതകൾ മാരകമാവുകയും ചെയ്യാമെന്നതാണ് അപകടം.

വൈറൽ പനി മൂർച്ഛിച്ച് വൈറൽ ന്യൂമോണിയ വരാം. മൂന്നു ദിവസം കഴിഞ്ഞിട്ടും പനി മാറുന്നില്ലെങ്കിലോ ശരീരക്ഷീണവും ശ്വാസകോശ സംബന്ധിയായ വിഷമതകളും അനുഭവപ്പെട്ടാലോ അടിയന്തിരമായി വൈദ്യസഹായം തേടണം.

ഫ്ളൂ പനി

ഫ്ളൂ എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഇൻഫ്ളുവൻസ പനിക്കു കാരണം ഇൻഫ്ളുവൻസ സി വൈറസാണ്. ഫ്ളൂവിനെ തടയാൻ വാക്സീൻ സഹായിക്കുമെങ്കിലും ഫ്ളൂ തടയാൻ പൊതുവായ ഒരൊറ്റ വാക്സീനില്ല. പനി വല്ലാതെ പടരുന്ന സമയത്ത് ഏതുതരം ഇൻഫ്ളുവൻസ വൈറസാണ് ഉള്ളത് എന്നുനോക്കി അതിനു ചേരുന്ന വാക്സീൻ തയാറാക്കി നൽകുകയാണു ചെയ്യുക.

നമ്മുടെ നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ചു വന്നുപോയ എച്ച്1എൻ1 (പന്നിപ്പനി), പക്ഷിപ്പനി (എച്ച1എൻ2) എന്നിവയൊക്കെ ഒാരോതരം ഇൻഫ്ളുവൻസ വൈറസുകളാണ്.

പനി, ശരീരവേദന, സന്ധികൾക്ക് വേദന, ക്ഷീണം, ബിപി കുറയുക എന്നിവയാണു പൊതുവായ ലക്ഷണങ്ങൾ.

മൂന്നു ദിവസം മരുന്ന്

സാധാരണ ഫ്ളൂവിന് മൂന്നു ദിവസം മരുന്നു കഴിച്ചാൽ മതിയാകും. എന്നാൽ പന്നിപ്പനി (എച്ച്1എൻ1) യിൽ ശ്വാസകോശങ്ങളുടെ പ്രവർത്തനം തകരാറിലാകാം, മിക്കവർക്കും കൃത്രിമമായി ശ്വാസം കൊടുക്കേണ്ടി വരാം. തീവ്രപരിചരണവിഭാഗത്തിൽ അനുനിമിഷം ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സിക്കേണ്ടിവരും. അതിനാൽ പന്നിപ്പനി പടരുന്ന ചുറ്റളവിൽ താമസിക്കുന്നവർ പനി ഉണ്ടെന്നു കണ്ടാൽ ഒരു ഡോക്ടറെ കണ്ട് സാധാരണ പനി തന്നെയാണോ എന്നുറപ്പാക്കണം.

പന്നിപ്പനിക്കും പക്ഷിപ്പനിക്കുമൊക്കെ ടമിഫ്ളൂ (Tamiflu)എന്ന കൃത്യമായ ആന്റിവൈറൽ മരുന്നുകൾ ലഭിക്കും. പന്നിപ്പനിയും പക്ഷിപ്പനിയും പോലുള്ള പനികളിൽ രോഗതീവ്രതയോ മരുന്നില്ലാത്തതോ അല്ല, തക്കതായ ചികിത്സ എടുക്കാൻ വൈകുന്നതാണ് മരണകാരണമാകുന്നത്.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ടി. എസ്. ഫ്രാൻസിസ്, പ്രഫസർ, മെഡിസിൻ, എംഒഎസ്‌സി മെഡി. കോളജ്, കോലഞ്ചേരി

 

English Summary:

Fever is often an early symptom of various diseases and can be managed effectively with timely treatment. This article discusses different types of fever like the common cold, viral fever, and influenza, highlighting their symptoms, treatments, and when to seek medical attention.

ADVERTISEMENT