വണ്ണം കൂടിയാലും കുറച്ചാലും ക്ഷീണിക്കും , അതിനു പിന്നിലുണ്ട് പല കാരണങ്ങൾ Obesity and Fatigue
അമിതവണ്ണവും വണ്ണം കുറയ്ക്കലും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണു ക്ഷീണത്തിനു കാരണമാകുന്നത്. കൃത്യമായ ഇടപെടലുകൾ ഈ രണ്ടു തലത്തിലും നടത്തിയില്ലെങ്കിൽ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.
പൊണ്ണത്തടി ക്ഷീണത്തിലേക്ക്
ഒബിസിറ്റി അഥവാ പൊണ്ണത്തടി ഉള്ളവരിൽ അധികമായി ക്ഷീണം കണ്ടുവരുന്നുണ്ട്. അവരിൽ പ്രകടമാകുന്ന ക്ഷീണത്തിനു പല കാരണങ്ങളുണ്ട്. അമിതഭാരത്തിന്റെ സ്ട്രെസ്സ് അഥവാ സമ്മർദം ഇവരുടെ ശരീരത്തിന് അനുഭവപ്പെടുന്നു. അതിന്റെ ഭാഗമായി കൂടുതൽ ഊർജം ഉപയോഗിക്കപ്പെടുന്നു. അതു ക്ഷീണത്തിലേക്കു നയിക്കുന്നു.
അമിതമായി വണ്ണമുള്ളരിൽ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്നൊരു രോഗാവസ്ഥ കണ്ടു വരാറുണ്ട്. അവരുടെ ഉറക്കം ഒട്ടും തന്നെ ഗുണമേന്മ ഉള്ളതായിരിക്കില്ല. ഇവർക്ക് ഒട്ടേറെ ഉറക്കപ്രശ്നങ്ങളും ഉണ്ടാകും. ഇവരിൽ പകൽ സമയത്തും ക്ഷീണം അനുഭവപ്പെടാറുണ്ട്. അമിതവണ്ണം എന്നതു കുറഞ്ഞ നിലയിൽ നീർക്കെട്ട് അഥവാ ലോ ഗ്രേഡ് ഇൻഫ്ലമേഷൻ ഉള്ള ഒരു അവസ്ഥയാണ്. അതു കൊണ്ടു തന്നെ ഈ ഇൻഫ്ലമേഷൻ ക്ഷീണത്തിനു കാരണമാകും.
പൊണ്ണത്തടിയുള്ളവരിൽ ഇൻസുലിൻ റെസിസ്റ്റൻസ് എന്നൊരു അവസ്ഥയുണ്ട്. ഇൻസുലിൻ െറസിസ്റ്റൻസ് ഉള്ള ആളുകളുടെ കോശങ്ങൾ ഇൻസുലിനോടു പ്രതികരിക്കുന്നതിൽ പരാജയപ്പെടുന്നു. അങ്ങനെ ഗ്ലൂക്കോസിന്റെ അളവു വർധിക്കുന്നതിനും അതു വഴി ക്ഷീണം ഉണ്ടാകാനും കാരണമാകുന്നു. കാർബോഹൈഡ്രേറ്റ് കൂടുതലടങ്ങിയ ഡയറ്റു കഴിക്കുന്നതും ശരീരഭാരം വർധിപ്പിക്കും.
പോഷകക്കുറവും കാരണം
അമിതവണ്ണം ഉള്ളവരിൽ പോഷക അപര്യാപ്തത, ധാതുക്കളുടെ അപര്യാപ്തത എന്നിവ കാണാറുണ്ട്. വൈറ്റമിൻ എ, ഡി, ബി കോംപ്ലക്സ് എന്നിവയുടെ അപര്യാപ്തതയും ഇവരെ ക്ഷീണത്തിലേക്കു നയിക്കാം. പൊണ്ണത്തടി ഉള്ളവരുടെ കായികമായ ക്ഷമതക്കുറവ് അഥവാ കുറഞ്ഞ കായികാധ്വാനവും ക്ഷീണത്തിനു കാരണമാകാം. അധികശരീരഭാരം ഹോര്‍മോൺ ഉൽപാദനത്തെ സ്വാധീനിക്കാനിടയുണ്ട്. അത് ഊർജനിലയെ കുറയ്ക്കാനിടയാകും.
അമിതവണ്ണമുള്ളതു കാരണമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും ക്ഷീണത്തിലേക്കു നയിക്കാം. ഈ വ്യക്തികൾക്കു സ്വയം മതിപ്പു തീരെ കുറവായിരിക്കും. ഇതിന്റെ ഭാഗമായി ചിലരിൽ വിഷാദവും ഉത്കണ്ഠയും കാണാറുണ്ട്. അവരിൽ അതു ക്ഷീണത്തിനു കാരണമാകുന്നു.
ശരീരഭാരം കുറയ്ക്കുമ്പോൾ
എന്നാൽ അമിതമായി ശരീരഭാരം കുറയ്ക്കുന്നതും ക്ഷീണത്തിനു കാരണമാകാം. ഇതിനുള്ള ഡയറ്റിങ് പ്രക്രിയയുടെ ഭാഗമായും ക്ഷീണം വരാൻ സാധ്യതയുണ്ട്. ഒന്നാമതായി പറയേണ്ടത് ഊർജം അഥവാ കാലറിയുടെ നിയന്ത്രണമാണ്.കാലറിയുടെ അളവു കുറയ്ക്കുന്ന ആദ്യഘട്ടത്തിൽ ശരീരത്തിനു കടുത്ത ക്ഷീണം ഉണ്ടാകാം.
ഡയറ്റ് പദ്ധതി പ്രകാരമുള്ള കുറഞ്ഞ കാലറി, ആഹാരനേരങ്ങൾക്കിടയിലെ ദീർഘമായ ഇടവേള എന്നിവ ക്ഷീണത്തിലേക്കു നയിക്കും.ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി വ്യായാമം തുടങ്ങുമ്പോഴും ക്ഷീണം ഉണ്ടാകാം. വ്യായാമം തുടങ്ങുന്ന ആദ്യഘട്ടത്തിലാകട്ടെ ഈ വ്യക്തികൾ നന്നേ ക്ഷീണിതരാകാം.
ഹോളിസ്റ്റിക് സമീപനം വേണം
ഇവിടെയൊക്കെ ഹോളിസ്റ്റിക് സമീപനമാണ് പ്രധാനം. വ്യായാമങ്ങളിൽ വിവിധ തരത്തിലുള്ള വ്യായാമ രീതികൾ ഉൾപ്പെടുത്തണം. എയ്റോബിക്, സ്ട്രെച് ട്രെയ്നിങ്, യോഗ, സ്ഥിരതയോടുള്ള പരിശീലനം, കൃത്യമായ ആഹാരക്രമം എന്നിവയെല്ലാം ചേർന്ന സമഗ്ര സമീപനമാണ് ഇവിടെ ആവശ്യം. ഉറക്കവും പ്രധാനമാണ്. അമിതമായ വ്യായാമം ക്ഷീണത്തിനു കാരണമാകും.
മെലിഞ്ഞവരും ക്ഷീണിതരാണ്
നന്നേ മെലിഞ്ഞിരിക്കുന്നവരിലും ക്ഷീണം കാണപ്പെടാം. മെലിയുന്നതു പോഷകങ്ങളുടെയും വൈറ്റമിനുകളുടെയും അഭാവം കൊണ്ടാണ്. മാത്രമല്ല, ശരീരം മെലിഞ്ഞിരിക്കുന്നവരിൽ ഉത്കണ്ഠയും സമ്മർദവും ഒക്കെയുണ്ടാകും. വിദഗ്ധ ഡോക്ടറെ സമീപിച്ചു മെലിയാൻ കാരണമായ രോഗാവസ്ഥകളുണ്ടോ എന്നറിയേണ്ടതു പ്രധാനമാണ്. തുടർന്ന് പോഷകങ്ങളുൾപ്പെടുന്ന ആഹാരം ശരീരത്തിലേക്ക് എത്തുകയും വേണം.
ബുളീമിയ എന്നത് ഒരു ഈറ്റിങ് ഡിസോഡറാണ്. ശരീരഭാരം കൂടാതിരിക്കാനാണ് ഇവരുടെ പരിശ്രമം. പക്ഷേ, ആഹാരം കുറയ്ക്കാൻ ശ്രമിക്കില്ല. പലതവണ കഴിക്കുകയും ചെയ്യും. എന്നാൽ അധികമായി ആഹാരം കഴിച്ചശേഷം അതു ഛർദിച്ചു കളയാനാണ് ശ്രമിക്കുക. അല്ലെങ്കിൽ അതു വയറിളക്കി കളയുകയോ ഡൈയൂററ്റിക്സ് കഴിക്കുകയോ ചെയ്യും. ഇവർ ഫാസ്‌റ്റിങ്ങോ അമിതവ്യായാമമോ ചെയ്യാറുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനു വേണ്ടിയും ശ്രമിക്കും. ഇത്തരം പ്രവർത്തനങ്ങൾ വ്യക്തികളെ നയിക്കുന്നതു പോഷക അപര്യാപ്തതയിലേക്കും ക്ഷീണത്തിലേക്കുമാണ്.
വിവരങ്ങൾക്കു കടപ്പാട്
ഡോ. ശ്രീജിത് കെ.
പ്രൊഫസർ ആൻഡ് ഹെഡ്, ഫിസിക്കൽ മെഡിസിൻ
 ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം
 ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട്