Monday 20 September 2021 05:28 PM IST : By സ്വന്തം ലേഖകൻ

അൽസ്ഹൈമേഴ്സ് രോഗിയെ വീട്ടിൽ പരിചരിക്കുമ്പോൾ....

alzr3453

ഓർമ്മകൾ നശിച്ചു പോവുകയും ചിന്തകൾ ശൂന്യമാവുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ച് ഓർത്തു നോക്കിയിട്ടുണ്ടോ?   അള്‍സ്ഹൈമേഴ്സ്  രോഗത്തിന്റെ ഒരു പ്രധാന ലക്ഷണം ഈ സ്മൃതി നാശമാണ്. അള്‍സ്ഹൈമേഴ്സ്  രോഗത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെയും അറിവായിട്ടില്ല. എന്നാല്‍ ലഭ്യമായ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മസ്തിഷ്‌കകോശങ്ങളിലെ ന്യൂറോണുകള്‍ തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതാണ് രോഗാവസ്ഥയ്ക്ക് കാരണമെന്ന് പറയാം. ഇങ്ങനെ ന്യൂറോണുകള്‍ മരിക്കുന്നു, അതോടൊപ്പം തന്നെ മസ്തിഷ്‌ക കോശത്തിനു ചുറ്റും അമിലോയ്ഡ് പ്ലേക്‌സ് എന്നും ടാങ്ക്ള്‍സ് എന്നും വിളിക്കപ്പെടുന്ന അസാധാരണമായ പ്രോട്ടീന്‍ നിക്ഷേപം പെരുകുകയും ചെയ്യുന്നു. ഇതു തന്നെയാണ് ന്യൂറോണുകളുടെ മരണത്തിനു കാരണമാകുന്നതും. ജനിതക കൈമാറ്റത്തിലൂടെയും ഈ രോഗത്തിനു നിദാനമായ അവസ്ഥയുണ്ടാകാമെന്നും പഠനങ്ങള്‍ പറയുന്നു.

അസുഖം മൂര്‍ച്ഛിച്ച അവസ്ഥയില്‍ രോഗിയെ വീട്ടില്‍ പരിചരിക്കുക പലപ്പോഴും വെല്ലുവിളി നിറഞ്ഞതായിരിക്കും. ദീര്‍ഘകാല ശുശ്രൂഷ ലഭിക്കുന്ന ഡിമന്‍ഷ്യ ഹോമുകള്‍ രാജ്യത്ത് പലയിടത്തുമുണ്ട്. ടെലിമെഡിസിന്‍, വീട്ടിലെത്തുന്ന വിദഗ്ധഡോക്ടറുടെ സേവനങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാം. 

വീട്ടുകാര്‍ക്കും പരിശീലനം

എന്നാല്‍ ഏറ്റവും ഫലപ്രദമായ പരിഹാരം  അള്‍സ്ഹൈമേഴ്സ് പോലുള്ള ഗുരുതരമായ രോഗങ്ങള്‍ നേരിടുന്നവരെ അവരവരുടെ വീടുകളില്‍ തന്നെ പരിചരിക്കാവും വിധത്തില്‍ വീട്ടിലുള്ളവര്‍ക്ക് പരിശീലനം ലഭ്യമാക്കുകയാണ്. ഇത്തരം പരിചരണത്തിന് സന്‍മനസ്സു കാണിക്കുന്നവര്‍ക്ക് മികച്ച പരിശീലനം നല്‍കാനുള്ള സംവിധാനങ്ങളാണ് നമുക്ക് ആവശ്യം. അടുത്ത ബന്ധമുള്ളവരാണെങ്കിലും  അള്‍സ്ഹൈമേഴ്സ്  പോലുള്ള രോഗമുള്ളവരെ കൈകാര്യം ചെയ്യാന്‍ അസാമാന്യമായ ക്ഷമ അനിവാര്യമാണ്. പരിചാരകര്‍ക്ക് ഉണ്ടായേക്കാവുന്ന മാനസികസമ്മര്‍ദ്ദം നേരിടാന്‍, രോഗം ശക്തമാകാനുള്ള സാധ്യതകള്‍, ശരാശരി 9 മുതല്‍ 15 വര്‍ഷം വരെ മാത്രമാണ്  അള്‍സ്ഹൈമേഴ്സ്  രോഗം ബാധിച്ച ശേഷം അവര്‍ ജീവിക്കുക.

രോഗാവസ്ഥയിലുള്ള അമിത പ്രതീക്ഷകളില്ലാതെ പരിചരിക്കാന്‍ സാധിക്കും വിധത്തില്‍ വീട്ടിലുള്ളവരെ പരിശീലിപ്പിക്കണം. കുടുംബാംഗങ്ങളില്‍ ഒരാള്‍ മാത്രമല്ലാതെ, മറ്റുള്ളവരും പരിചരണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കണം. അതീവ ഗുരുതരാവസ്ഥയിലേക്ക് രോഗി കടക്കുന്ന പക്ഷം ആശുപത്രി കേന്ദ്രീകൃതമായ ചികിത്സയിലേക്ക് മാറുക തന്നെ വേണം.

കുടുംബങ്ങള്‍ അവരുടെ സാമൂഹ്യജീവിതം മറന്നു പോകാത്ത വിധത്തില്‍ സമൂഹത്തില്‍ ഇടപെടണം. രോഗികള്‍ക്കിടയില്‍ പരസ്പര സഹായ സംഘങ്ങളോ, സംവിധാനങ്ങളോ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാവുന്നതാണ്. ലഭ്യമായതില്‍ ഏറ്റവും മികച്ച ചികിത്സ ഇത്തരം രോഗികള്‍ക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്താന്‍ കുടുംബത്തിനെന്ന പോലെ സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്. 

പൊതു ജനങ്ങളില്‍ ബോധവത്കരണം, രോഗബാധ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ നല്‍കുക, വീട്ടില്‍ ലഭിക്കുന്ന പിന്തുണ ശക്തമാക്കുക, പരിചരണം നല്‍കുന്നവര്‍ക്ക് ശക്തി പകര്‍ന്നു നല്‍കും വിധമുള്ള സാഹചര്യം ഒരുക്കുക, വീട്ടിലോ, ആശുപത്രിയിലോ ഇത്തരം രോഗികള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, പരിചരണം ഏകോപിത സ്വഭാവത്തിലുള്ളതാക്കുക, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം മികവുറ്റതാക്കുക, രോഗിയുടെ പുരോഗതി വിലയിരുത്തുക, ഗവേഷണത്തിനുള്ള പ്രാധാന്യം വര്‍ധിപ്പിക്കുക, നൂതനസാങ്കേതിക വിദ്യകളുടെ സാധ്യത കണ്ടെത്തുക എന്നിങ്ങനെ പത്തു കാര്യങ്ങളാണ് ആഗോള തലത്തില്‍ അള്‍സൈമേഴ്‌സ് പോലുള്ള മറവി രോഗങ്ങള്‍ കൈകാര്യം ചെയ്യാനായി ആരോഗ്യവിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നത്.

ഡോ. പ്രശാന്ത്‌. വി

സീനിയർ കൺസൽട്ടന്റ്‌- ജനറൽ മെഡിസിൻ, 

തലശ്ശേരി മിഷൻ ഹോസ്പിറ്റൽ

Tags:
  • Manorama Arogyam
  • Health Tips