Tuesday 03 August 2021 04:25 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

ഡെൽറ്റ വകഭേദം ചിക്കൻപോക്സ് പോലെ പടരുന്നത്; കോവാക്സീൻ ഫലപ്രദം

covidtfty

കൊറോണ വൈറസിന്റെ ഡെൽറ്റാ വകഭേദം മുൻപുള്ള വകഭേദങ്ങളേക്കാൾ തീവ്രതയേറിയതാണെന്നും ചിക്കൻപോക്സ് രോഗത്തെ പോലെ എളുപ്പത്തിൽ പടർന്നുപിടിക്കാവുന്നതാണെന്നും വിദഗ്ധ പഠനം. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിഭാഗം വിദഗ്ധരാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ മാസ്ക് ധരിക്കുക, കൈകൾ സാനിറ്റൈസ് ചെയ്യുക, വാക്സീൻ എടുക്കുക എന്നീ പ്രതിരോധനടപടികൾ കൂടുതൽ പ്രാധാന്യത്തോടെ കാണണമെന്നും ഗവേഷകർ പറയുന്നു.

ഡെൽറ്റ വകഭേദത്തിന്റെ വരവോടെ കോവിഡിനെതിരെയുള്ള യുദ്ധം തന്നെ മാറിമറിഞ്ഞിരിക്കുകയാണെന്നു സിഡിസി വിദഗ്ധർ നിരീക്ഷിക്കുന്നു. ഡെൽറ്റ വകഭേദത്തിന്റെ അതിവ്യാപനശേഷി കണക്കിലെടുക്കുമ്പോൾ വാക്സിനേഷൻ തന്നെയാണ് ഏറ്റവും മികച്ച പ്രതിരോധമാർഗ്ഗം. പക്ഷേ, ഡെൽറ്റ വകഭേദം ബാധിച്ചവർ, വാക്സീൻ എടുത്തവരാണെങ്കിൽ പോലും വൈറസിനെ എളുപ്പത്തിൽ മറ്റുള്ളവരിലേക്ക് പകർത്താൻ സാധ്യതയുണ്ട്. ഡെൽറ്റ വകഭേദം ബാധിച്ച വാക്സീൻ എടുക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റ വകഭേദം ബാധിച്ച, വാക്സീൻ എടുത്തിട്ടുള്ളവരിൽ ഗണ്യമായ അളവിൽ വൈറൽ ലോഡ് ഉള്ളതായി കാണുന്നു.

ഞെട്ടിക്കുന്ന ഈ ഗവേഷണഫലങ്ങളെ തുടർന്ന് വാക്സീൻ എടുത്തവർക്കായുള്ള മാർഗനിർദേശങ്ങളിൽ സിഡിസി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിലേറ്റവും പ്രധാനം വാക്സീൻ എടുത്തവരാണെങ്കിൽ പോലും മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തരുത് എന്നതാണ്. കോവിഡ് കേസുകൾ വർധിതമായുള്ള ഇടങ്ങളിൽ താമസിക്കുന്നവർ , വാക്സീൻ എടുത്തവരാണെങ്കിൽ പോലും, വീടിനകത്ത് പൊതുവായി ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം എന്നതാണ് മറ്റൊരു മാർഗനിർദേശം. വാക്സീൻ എടുത്തവരാണെങ്കിലും , വയോജനങ്ങളോ കൊച്ചുകുട്ടികളോ പോലെ പെട്ടെന്നു രോഗംബാധിക്കാൻ ഇടയുള്ള ആളുകൾ വീട്ടിലുണ്ടെങ്കിൽ, വീടിനുള്ളിൽ മാസ്ക് ധരിക്കുന്നതാണ് ഉത്തമം എന്നും സിഡിസി നിർദേശിച്ചിരുന്നു.

ഇതിനിടയിൽ ഐസിഎംആർ അടുത്തിടെ നടത്തിയ പഠനത്തിൽ ഭാരത് ബയോടെക്കിന്റെ വാക്സീനായ കോവാക്സീൻ കോവിഡിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കോവാക്സീൻ, ലക്ഷണങ്ങളോടു കൂടിയ കോവിഡിനെതിരൈ 77.8 ശതമാനവും ‍െഡൽറ്റ വകഭേദത്തിനെതിരെ 65.2 ശതമാനം ഫലപ്രദവുമാണെന്നായിരുന്നു മുൻപ് പറഞ്ഞിരുന്നത്.

Tags:
  • Manorama Arogyam
  • Health Tips