Saturday 18 September 2021 01:03 PM IST : By സ്വന്തം ലേഖകൻ

ശക്തിയായി തലയിടിച്ചു വീണു, ഇപ്പോൾ പതിവായി തലവേദന?: എന്തു കൊണ്ട് അങ്ങനെ സംഭവിക്കുന്നു: മറുപടി

head-injured

Q ഒരു മാസം മുൻപ് കളിക്കുന്നതിനിടെ, ഗ്രൗണ്ടിൽ ശക്തിയായി തലയടിച്ചു വീണു. ഇപ്പോൾ പതിവായി തലവേദന അനുഭവപ്പെടുന്നു. വീഴ്ചയുടെആഘാതം കൊണ്ട് വരുന്ന വേദനയാണോ ഇത്? എന്താണ് ആയുർവേദ പരിഹാരം?

അനൂപ്, നെയ്യാറ്റിൻകര

A വീണപ്പോൾ നിങ്ങൾക്കു ബോധക്ഷയമോ, തലയ്ക്കു ബാഹ്യമായ പരുക്കുകളോ, ഛർദിയോ, രക്തസ്രാവമോ ഉണ്ടായതായി പറഞ്ഞിട്ടില്ല. ഒാേരാ തലവേദനയും എപ്പോൾ ഏതു സാഹചര്യത്തിലാണുണ്ടാകുന്നത്, വേദനയുടെ പ്രത്യേകതകൾ, ഒപ്പം ഉണ്ടാകുന്ന മറ്റു ശാരീരികാസ്വാസ്ഥ്യങ്ങൾ എന്നിവ വിലയിരുത്തി ഏതു രോഗം നിമിത്തമാണു തലവേദന എന്ന ലക്ഷണം പ്രത്യക്ഷപ്പെട്ടത് എന്നു നിർണയിക്കാൻ കഴിയും.

എന്നാൽ തലവേദന വിട്ടുമാറാതെ കാഠിന്യം കൂടിക്കൂടി വരിക, ഛർദി, തലച്ചോറിന്റെ പ്രവർത്തന െെവകല്യ ലക്ഷണങ്ങൾ എന്നിവ കണ്ടാൽ, അതു തലച്ചോറിലെ മുഴ, അണുബാധ, രക്തക്കുഴലുകളുടെ വീക്കം ഇവയിൽ ഏതെങ്കിലും കാരണമായുണ്ടായതാണോ എന്നു നിരീക്ഷിച്ചറിയേണ്ടതുണ്ട്.

തലവേദന എന്നു മാത്രമേ നിങ്ങളുടെ കത്തിൽ സൂചിപ്പിച്ചിട്ടുള്ളൂ. മൈഗ്രെയ്ൻ നിമിത്തമുള്ള തലവേദന, സാധാരണയായി നെറ്റിയുടെ ഒരു വശത്തോ രണ്ടു വശങ്ങളിലുമോ ചെറിയ വിങ്ങൽ പോലെ തുടങ്ങി കുറേശ്ശെ ശക്തികൂടി മണിക്കൂറുകളോളം നിലനിൽക്കാം. ഇതിൽ നെറ്റിയുടെ വശങ്ങളിലെ രക്തക്കുഴലുകൾ വിങ്ങുന്നത് െെകകൾ കൊണ്ടു സ്പർശിച്ചറിയാൻ കഴിയും. ശബ്ദവും വെളിച്ചവും അസഹിഷ്ണുത ഉണ്ടാക്കും. ഛർദിച്ചാൽ തലവേദന കുറയും. ഒന്നുറങ്ങിയാലും തലവേദന കുറയും.

ശിരസ്സിനു നേരിട്ടോ, മറ്റു ശരീരഭാഗങ്ങളിൽ ഏൽക്കുന്ന ആഘാതത്തിന്റെ ഗുരുതര സ്വഭാവം കൊണ്ടോ, ചില അവസരങ്ങളിൽ, പുറമേ മുറിവുകളുണ്ടാക്കാതെയും തലച്ചോറിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാം. തലച്ചോറിനേൽക്കുന്ന മുറിവുകളും ശക്തമായ ഉലച്ചിൽ നിമിത്തം തലയോട്ടിയുടെ ഭിത്തിയിൽ തലച്ചോർ തട്ടി ഉണ്ടാകുന്ന ക്ഷതങ്ങളും ആന്തരികമുറിവോ, ചതവോ ഞരമ്പുകൾക്കു തകരാറോ ഉണ്ടാക്കാം. അവയുടെ പരിണിതഫലമായും തലവേദന പോലുള്ള ലക്ഷണങ്ങളുണ്ടാകാം.

നിങ്ങൾക്കുണ്ടായതുപോലെ ശിരസ്സിനേൽക്കുന്ന ആഘാതങ്ങളിൽ, തലച്ചോറിനേൽക്കുന്ന ഉലച്ചിൽ അഥവാ കമ്പനമാണു സ്വാഭാവികമായും സംഭവിക്കുക. ഇവ മിക്കപ്പോഴും താൽക്കാലികമായ ചില ബുദ്ധിമുട്ടുകൾക്കുശേഷം തനിയേ സ്വാഭാവികാവസ്ഥയിൽ എത്തിപ്പെടാറുണ്ട്. നിങ്ങളുടെ ഇപ്പോഴത്തെ തലവേദനയ്ക്ക് ക്ഷീരബല 41 ആവർത്തിച്ച െെതലം കൊണ്ടുള്ള നസ്യം പ്രയോജനപ്രദമാകും. നിമ്പാമൃതാദിെെതലത്തിൽ രാസ്നാദിപൊടി ചേർത്തു ചൂടാക്കി തണുപ്പിച്ച് െെവകുന്നേരം തലയിൽ തളംവയ്ക്കുന്നത് ശിരസ്സിലെ നീർക്കെട്ട് ശമിപ്പിക്കാൻ നല്ലതാണ്. വരണാദിഘൃതം ഒരു സ്പൂൺ രാത്രി കഴിക്കുകയും ചെയ്യുക.

കടപ്പാട്:

ഡോ. കെ. മുരളീധരൻ പിള്ള

തൃശൂർ വൈദ്യരത്നം ആയുർവേദ കോളജ്
മുൻ പ്രിൻസിപ്പലും  പ്രമുഖ ചികിത്‌സകനും.  
വൈദ്യരത്നം  ആയുർവേദ ഫൗണ്ടേഷന്റെ  മുൻ
മെഡിക്കൽ ഡയറക്ടർ, kmpillai12@gmail.co