Tuesday 08 February 2022 02:08 PM IST : By ഡോ. എ.ബി. ശശിധരൻ നായർ

മഞ്ഞപ്പിത്തത്തിന് കീഴാർനെല്ലി ഫലപ്രദമോ? ഒറ്റമൂലി ചികിത്സയിലെ അപകടങ്ങളറിയാം

jaund3432

മഞ്ഞപ്പിത്ത ചികിത്സ ആയുർവേദത്തിൽ ഫലപ്രദവും ശാസ്ത്രീയവുമാണോ? മഞ്ഞപ്പിത്ത ചികിത്സ എന്ന പേരിൽ ഒട്ടനവധി ഒറ്റമൂലി പ്രയോഗങ്ങൾ നമ്മുടെ നാട്ടിൽ കണ്ടു വരുന്നു. വിദഗ്ദ്ധ വൈദ്യന്മാർ ഒറ്റമൂലി പ്രയോഗങ്ങൾ അവലംബിച്ചിട്ടുണ്ടെങ്കിലും ഒറ്റമൂലി പ്രയോഗങ്ങളുടെ മുൻപും ശേഷവും ചെയ്യുന്ന ചികിത്സാക്രമങ്ങൾ അവരെ അനുകരിക്കാൻ ശ്രമിക്കുന്ന മുറി വൈദ്യന്മാർ വിട്ടുപോകുന്നു. ചികിത്സാതത്ത്വത്തെ അടിസ്ഥാനപ്പെടുത്തിയല്ലാതെ ചെയ്യുന്ന ഒറ്റമൂലി പ്രയോഗങ്ങൾ നല്ലൊരു ശതമാനം ആളുകൾക്കും ഗുണത്തേക്കാൾ അധികം ദോഷമാണു സമ്മാനിക്കുന്നത്. ഈ ചികിത്സാപിഴവിനും രോഗോപദ്രവങ്ങൾക്കും ഇരയായവർ ആയുർവേദചികിത്സ പരാജയമാണെന്നും അതുവഴി അശാസ്ത്രീയമാണെന്നും മുദ്ര കുത്തുന്നു.

ആയുർവേദശാസ്ത്രവും മഞ്ഞപ്പിത്തവും

മഞ്ഞപ്പിത്തത്തിന്റെ കാരണങ്ങളും അതിന്റെ ഭൂരിഭാഗ ചികിത്സയും കാമല എന്ന പ്രകരണത്തിലാണ് ആയുർവേദത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. കാമലയെ രോഗത്തിന്റെ അധിഷ്ഠാനത്തെ ആധാരമാക്കി കോഷ്ഠാശ്രിതമെന്നും ശാഖാശ്രിതമെന്നും രണ്ടായി വിഭജിച്ചിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സസൂക്ഷ്മം നിരീക്ഷിച്ചാൽ കോഷ്ഠാശ്രിത കാമലയെ ഹെപ്പാറ്റിക് ജോണ്ടിസ് ആയും ശാഖാശ്രിത കാമല പോസ്റ്റ് ഹെപ്പാറ്റിക് ജോ ണ്ടിസ് / കോളിസ്റ്റാറ്റിക് ജോണ്ടിസ് ആയും മനസ്സിലാക്കാം.

കാമല എന്ന രോഗത്തിൽ പിത്തദോഷാധിക്യമാണു കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ കാമല ചികിത്സയിൽ പിത്തദോഷത്തിന്റെ ഉത്തമശോധന ചികിത്സയായ വിരേചനമാണ് സാധാരണയായി അവലംബിക്കുക. വിരേചനം ഏതുവിധേന ചെയ്യണമെന്നും, എത്രനാൾ ചെയ്യണമെന്നും, ഏതു വിരേചനൗഷധം എത്ര അളവിൽ ഉപയോഗിക്കണം എന്നുള്ളതും രോഗത്തിന്റെ തീവ്രതയേയും രോഗിയുടെ ശരീരബലത്തേയും ആധാരമാക്കിയാണ് നിർണയിക്കുന്നത്.

മഞ്ഞപ്പിത്തകാരണങ്ങളും ആയുർവേദ പ്രതിവിധികളും

വൈറൽ ഹെപ്പറ്റൈറ്റിസ് - ഹെപ്പറ്റൈറ്റിസ് എ, ഇ വൈറൽ ബാധകൾ തനിയെ ശമിക്കുന്ന രോഗങ്ങളായാണ് ആധുനിക ശാസ്ത്രം വിവരിച്ചിട്ടുള്ളത്. എന്നാൽ അസഹനീയ ക്ഷീണം, ഭക്ഷണത്തോടുള്ള വിരക്തി, വിട്ടുമാറാത്ത ഛർദ്ദി തുടങ്ങി അത്യന്തം ബുദ്ധിമുട്ടുണ്ടാക്കുന്ന ലക്ഷണങ്ങളാണ് ഈ അണുബാധയുടെ ആദ്യഘട്ടത്തിൽ കണ്ടുവരുന്നത്. ഈ തീവ്രമായ വൈഷമ്യതകളെ ലഘൂകരിക്കുവാനും രോഗശമനം എളുപ്പത്തിൽ സാധ്യമാകാനും ചുരുക്കമെങ്കിലും കണ്ടുവരുന്ന ലിവർ ഫെയ്‌ലിയർ ( liver failure) എന്ന ഉപദ്രവത്തിലേയ്ക്കു നയിക്കാതിരിക്കാനും ആയുർവേദചികിത്സ പ്രയോജനപ്പെടും.

∙ ദഹിക്കാൻ വളരെ എളുപ്പമുള്ളതായ കഞ്ഞിപോലും കണ്ടാൽ ഛർദ്ദിക്കുന്ന ഈ അവസ്ഥയിൽ ഛർദ്ദിയുടെ അഗ്ര്യഔഷധം ആയ മലർ ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാം.

∙ കൊത്തമല്ലി വറുത്തിട്ട തിളപ്പിച്ച വെള്ളം കുടിക്കാം.

∙ 50 ഗ്രാം ഉണക്കമുന്തിരിങ്ങ 200 ml തിളച്ചവെള്ളത്തിൽ മൂന്നു മണിക്കൂർ ഇട്ടു വച്ചശേഷം ഞെരടിപ്പിഴിഞ്ഞരിച്ച് ആ വെള്ളം കുടിക്കുന്നത് ക്ഷീണം മാറാൻ സഹായകമാണ്. (ഇന്നത്തെ സാഹചര്യത്തിൽ ഉണക്കമുന്തിരിങ്ങയിൽ കീടനാശിനികളുടെ അമിതപ്രയോഗം ഉള്ളതിനാൽ നന്നായി കഴുകിയശേഷം മാത്രം ഉണക്കമുന്തിരിങ്ങ ഉപയോഗിക്കുക)

∙ ഇളനീരും കഞ്ഞിവെള്ളവും ഇടയ്ക്ക് കഴിക്കാം.

ഹെപ്പറ്റൈറ്റിസ് ബി, സി

∙ ഹെപ്പറ്റൈറ്റിസ് ബി, സി ഇവ ബാധിച്ച ഏകദേശം 70 ശതമാനം ആളുകളിലും പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ ഒന്നും പ്രകടമായിരിക്കില്ല. ആകസ്മിക രക്തപരിശോധനയിലായിരിക്കും ഇതു ബാധിച്ചിട്ടുണ്ടെന്നു വ്യക്തമാകുന്നത്. 30 ശതമാനം ആളുകളിലാണ് ഇത് മഞ്ഞപ്പിത്തമായി മാറുന്നത്.

∙ പൊതുവേ രോഗപ്രതിരോധശേഷി കുറഞ്ഞവരിലോ, എച്ച്ഐവി ബാധിതരിലോ, ഡയാലിസിസ് രോഗികളിലോ ആണ് ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ അണുബാധ ദീർഘ കാലം നിലനിൽക്കുന്നത്.

∙ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധ ഏറ്റവരിൽ ലക്ഷണങ്ങൾ പ്രകടമാകുന്നുവെങ്കിൽ തക്കതായ ചികിത്സ കൊടുക്കുകയും ഒരു ലക്ഷണവും പ്രകടമാക്കാത്തവരിൽ പോലും ഭാവിയിൽ വന്നേക്കാവുന്ന ലിവർ ഫെയ്‌ലിയർ , കരളിന്റെ അർബുദം ഇവ വരാതെ തടയുകയുമാണ് പ്രധാന ലക്ഷ്യം.
വൈറൽ ഹെപ്പറ്റൈറ്റിസിന് പ്രാരംഭഘട്ടത്തിൽ രോഗിയുടെ ദഹനം മെച്ചപ്പെടുത്താനുള്ളതും ശരീരബലം കൂട്ടാനുള്ളതുമായ ഒൗഷധങ്ങൾ നൽകും. പിന്നീട് രസായനങ്ങൾക്കാണ് മുൻഗണന.

ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്

ആയുർവേദ ശാസ്ത്രത്തിൽ മദ്യത്തിനു വിഷസമാനമായ ഗുണങ്ങളാണ് പറയപ്പെട്ടിട്ടുള്ളത്. മദ്യം നിമിത്തമുള്ള രോഗങ്ങൾ വളരെ പെട്ടെന്നു തന്നെ മരണത്തിലേക്കു നയിക്കുന്നു. അതു തന്നെയാണ് ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസിന്റെ തീവ്രതയിൽ നിന്നും നമുക്ക് മനസ്സിലാകുന്നത്. മദ്യം നിമിത്തം കരളിലുണ്ടാകുന്ന വീക്കം നിയന്ത്രിക്കുക അതികഠിനമാണ്. അത് പെട്ടെന്നു സിറോസിസിലേക്കു വഴി തിരിയാം.

ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസിന്റെ പ്രധാന ചികിത്സ മദ്യത്തിന്റെ ഉപയോഗം പരിപൂർണ്ണമായും ഒഴിവാക്കുക എന്നതാണ്. ഹെപ്പറ്റൈറ്റിസിനുള്ള

പൊതുവായ ഔഷധയോഗങ്ങളും ചികിത്സാക്രമങ്ങളും രോഗാവസ്ഥയ്ക്കനുസൃതമായി ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസിൽ ഉപയോഗിക്കാം.

അമിതവണ്ണമുള്ളവരിലും, കുടവയറുള്ളവരിലും, പ്രമേഹരോഗികളിലും കൊഴുപ്പടങ്ങിയ ഭക്ഷണത്തിന്റെ അമിതോപയോഗം, വ്യായാമക്കുറവ് ഇവ മൂലം കരളിനുണ്ടാകുന്ന വീക്കം ആണ് നോൺ ആൽക്കഹോളിക് സ്‌റ്റേറ്റോ ഹെപ്പറ്റൈറ്റിസ്. ചിട്ടയായ വ്യായാമവും ശരിയായ ഭക്ഷണക്രമവും കൊണ്ട് ഈ രോഗം ഭേദപ്പെടുത്താം.

കല്ലും അർബുദവും

പിത്തത്തിന്റെ കുടലിലേക്കുള്ള മാർഗം തടസ്സപ്പെടുത്തുന്ന വിവിധ കാരണങ്ങൾ കൊണ്ടാണിതുണ്ടാകുന്നത്. പിത്തസഞ്ചിയിലോ, പിത്തനാളിയിലോ ഉണ്ടാകുന്നകല്ല്, പിത്തനാളിക്കുണ്ടാകുന്ന അർബുദം, പാൻക്രിയാസ് ഗ്രന്ഥിയ്ക്കുണ്ടാകുന്ന അർബുദം ഇവയെല്ലാം പിത്തത്തിന്റെ സ്വാഭാവിക ഗമനത്തെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് ഈ രോഗാവസ്ഥയിൽ ചികിത്സ നിശ്ചയിക്കുമ്പോൾ രോഗകാരണത്തേയും രോഗീബലത്തേയും അടിസ്ഥാനപ്പെടുത്തിയേ ചെയ്യാനാകൂ.

കീഴാർനെല്ലിയും മഞ്ഞപ്പിത്തവും

വളരെക്കാലം മുതൽക്കേ കേരളത്തിൽ മഞ്ഞപ്പിത്ത ചികിത്സയിൽ വ്യാപകമായി ഉപയോഗിച്ചിരുന്നതാണ് കീഴാർനെല്ലി. കേരളീയ ആയുർവേദ ഗ്രന്ഥമായ ചികിത്സാ മഞ്ജരിയിൽ കാമല ചികിത്സാപ്രകരണത്തിൽ കീഴാർ നെല്ലി പ്രയോഗം വിവരിക്കുന്നുണ്ട്. കീഴാർനെല്ലികൊണ്ട് മുക്കുടി ഉണ്ടാക്കി ഉപയോഗിക്കുവാനും കീഴാർനെല്ലി പാലിൽ അരച്ച് ഉപയോഗിക്കുവാനുമാണ് നിർദ്ദേശിച്ചിട്ടുള്ളത്. വൈറൽ ഹെപ്പറ്റൈറ്റിസുമായി ബന്ധപ്പെട്ട് കീഴാർനെല്ലിയിൽ ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. ട്രോപിക്കൽ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ വന്ന ഒരു പഠനത്തിൽ കീഴാർനെല്ലിയിലെ ഇലാജിക് ആസിഡ് എന്ന ഘടകം ഹെപ്പറ്റൈറ്റിസ് ബി വൈറസിന്റെ ആന്റിജൻ ശരീരത്തിൽ ഉല്പാദിപ്പിക്കുന്നതിന്റെ അളവ് ത്വരിതഗതിയിൽ കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടു.

കർണാടകയിലെ ബെൽഗാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിൽ നടന്ന പഠനത്തിൽ ഹെപ്പറ്റൈറ്റിസ് സി വൈറസ് ബാധ മൂലം കരളിലെ കോശങ്ങൾക്കു സംഭവിക്കുന്ന നാശം കീഴാർനെല്ലിയുടെ ആന്റിഓക്സിഡന്റ് ഉൽപാദനത്തിലൂടെ ഒരു പരിധിവരെ തടയാൻ കഴിഞ്ഞതായി കണ്ടു. വിദഗ്ദ്ധനായ ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം അവസ്ഥാനുസരേണ ഉപയോഗിക്കുന്നതാണ് ഉത്തമം.

മഞ്ഞപ്പിത്തം ലക്ഷണമായി കാണുന്ന ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗാവസ്ഥകളിൽ ആയുർവേദ ചികിത്സാ സിദ്ധാന്തങ്ങൾ വളരെ ഫലപ്രദമായി രോഗശമനത്തിനു പ്രയോജനപ്പെടുത്താം.

മഞ്ഞപ്പിത്ത ചികിത്സയിൽ പ്രയോജനം കാണുന്ന ആയുർവേദ ഔഷധങ്ങളുടെ ഒട്ടനവധി പഠനഫലങ്ങൾ ഇപ്പോൾ സുലഭമാണ്. ആയുർവേദ ശാസ്ത്രത്തിന് ഏറ്റവും കൂടുതൽ പേരുദോഷം ഉണ്ടാക്കുന്നത് ആയുർവേദ മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഒന്നും ഇല്ല എന്ന തെറ്റായ ധാരണയാണ്. അതുകൊണ്ടു തന്നെ മഞ്ഞപ്പിത്ത ചികിത്സയിൽ പ്രയോജനം ചെയ്യുന്നു എന്ന് ഖ്യാതിയുള്ള ഔഷധങ്ങൾ രോഗാവസ്ഥയേയോ രോഗീബലത്തേയോ നോക്കാതെ വൈദ്യനിർദ്ദേശപ്രകാരമല്ലാതെ അനിശ്ചിത അളവിൽ ദീർഘകാലയളവിലേക്ക് ഉപയോഗിക്കുന്നു. തന്മൂലം അതുപയോഗിക്കുന്നവർക്ക് രോഗമൂർച്ഛയോ മറ്റുപദ്രവങ്ങളോ സംഭവിക്കുന്നു. ഫലത്തിൽ അത് ആയുർവേദ ശാസ്ത്രത്തിന്റേയും ആയുർവേദ മരുന്നുകളുടേയും ദൂഷ്യഫലമായി വ്യാഖ്യാനിക്കപ്പെടുന്നു. അതിനാൽ വൈദ്യ നിർദ്ദേശത്താൽ മാത്രം മരുന്നുകൾ കഴിക്കുവാൻ രോഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഡോ. എ.ബി. ശശിധരൻ നായർ

ചീഫ് ഫിസിഷൻ,

അംബാ ആയുർവേദ ഹോസ്പി‌റ്റൽ, പെരുന്ന, ചങ്ങനാശ്ശേരി

Tags:
  • Manorama Arogyam