Tuesday 27 July 2021 12:39 PM IST : By സ്വന്തം ലേഖകൻ

ലൈംഗിക ശേഷിക്കുറവിന് ഓജസ്ക്കരമായ ഔഷധക്കഞ്ഞി, വാതരോഗം ശമിക്കാൻ കുറുന്തോട്ടി കഞ്ഞി: വീട്ടിലൊരുക്കാം ഔഷധക്കൂട്ട്

porridge

ആരോഗ്യം നൽകും ഔഷധക്കഞ്ഞി തയാറാക്കുന്ന വിധം മനസ്സിലാക്കാം

കർക്കടക മാസത്തിൽ ആരോഗ്യചിട്ടകളോടൊപ്പം തന്നെ ആഹാരക്രമത്തിലും പ്രത്യേകം ശ്രദ്ധ വേണം. ഇതാ കർക്കടക മാസത്തിൽ കുടിക്കാവുന്ന ആരോഗ്യപ്രദമായ കഞ്ഞികളുെട പാചകക്കുറിപ്പുകൾ.

വാതഹരമായ കുറുന്തോട്ടി കഞ്ഞി

വാതരോഗങ്ങളുടെ അന്തകനാണ് കുറുന്തോട്ടി (Sida rhombifolia retusa) എന്ന ഒൗഷധസസ്യം. പച്ചക്കുറുന്തോട്ടി സമൂലം കഴുകി ചതച്ച് ഇടിച്ചുപിഴിഞ്ഞ നീരില്‍ (1 ലീറ്റര്‍) 50 ഗ്രാം ഞവരനെല്ലിന്റെ അരിയും 10 ഗ്രാം വീതം ജീരകം, ഉലുവ, വെളുത്തുള്ളി ഇവയും ചതച്ചു ചേര്‍ക്കുക. തൊട്ടാവാടി, ചെങ്ങലംപരണ്ട ഇവ 5 ഗ്രാം വീതം കഴുകി ചതച്ചു തുണിയില്‍ കിഴികെട്ടിയതും ഇട്ട് പാകം ചെയ്യുന്ന കഞ്ഞി ചുക്കുപൊടിയും ഇന്തുപ്പും മേമ്പൊടിയായി ചേര്‍ത്തു ചെറുചൂടോടെ 7 ദിവസം െെവകുന്നേരം കുടിക്കാം.

ഈ കുറുന്തോട്ടിക്കഞ്ഞി ഏതുതരത്തിലുള്ള വാതരോഗങ്ങളെയും നിത്യോപയോഗം കൊണ്ടു ശമിപ്പിക്കാന്‍ പ്രാപ്തിയുള്ളതാണ്.

ഓജസ്ക്കരമായ ഔഷധക്കഞ്ഞി

അശ്വഗന്ധം, കുരുമുളക്, ചുക്ക്, തിപ്പലി, ഏലയ്ക്കാ, മഞ്ഞള്‍, ഉലുവ, ശതകുപ്പ, ജീരകം, പെരുംജീരകം, മല്ലി, കടുക്, അയമോദകം, വെളുത്തുള്ളി, നറുനീണ്ടിക്കിഴങ്ങ് ഇവ 10 ഗ്രാം വീതം ഉണക്കിപ്പൊടിച്ച് 8 തുല്യഭാഗങ്ങളായി വിഭജിച്ചു പൊതികെട്ടിവയ്ക്കുക.

50 ഗ്രാം ഞവരയരി ഒരു ലീറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് അതിലേക്ക് മേല്‍ തയാറാക്കിവച്ചിട്ടുള്ള മരുന്ന് ഒരു പൊതിയും ചേര്‍ത്തു നന്നായി പാകം ചെയ്തെടുത്ത് 150 മി.ലീ. തേങ്ങാപ്പാലും ചേര്‍ത്തു വാങ്ങുക. ശേഷം ഇന്തുപ്പ്, നെയ്യ്, ശര്‍ക്കര ഇവയില്‍ ഏതെങ്കിലും ഇഷ്ടമുള്ള ഒരെണ്ണവും അൽപം ജാതിപത്രി പൊടിച്ചതും മേമ്പൊടി ചേര്‍ത്തു 8 ദിവസം സേവിക്കുക. ഒാജോവര്‍ധനവിനും ധാതുപുഷ്ടിക്കും െെലംഗികമായ ശേഷിക്കുറവിനും രോഗപ്രതിരോധങ്ങള്‍ക്കും അത്യുത്തമമാണ്

പ്രമേഹം തടയും കഞ്ഞി

ചെറുവുള, പൂവാങ്കുറുന്ദില, കിഴാര്‍നെല്ലി, ആനച്ചുവടി, തഴുതാമേര്‍, മുയല്‍ ചെവിയന്‍, തുളസിയില, തകര, നിലംപരണ്ട, മുക്കുറ്റി, വള്ളിയുഴിഞ്ഞ, തൊട്ടാവാടി, ഞാവല്‍ ഇല, ചെറുകടലാടി ഈ 14 കൂട്ടം ഇലകള്‍ (സമൂലമായി എടുക്കാം ചെറിയ ഒൗഷധസസ്യങ്ങള്‍) നന്നായി കഴുകി ചതച്ചു പിഴിഞ്ഞരിച്ചെടുത്ത ഒരു ലീറ്റര്‍ നീരില്‍ 50 ഗ്രാം നവരയരി ഇട്ടു കഞ്ഞിവച്ച് ഇന്തുപ്പും ചുക്കുപൊടിയും േമമ്പൊടി ചേര്‍ത്തു സേവിക്കുക.

പ്രമേഹം, ഹൃദ്രോഗം, വാതരോഗം, ഉദരരോഗങ്ങള്‍ എന്നിവയ്ക്ക് അത്യുത്തമം. (7 ദിവസമോ 14 ദിവസമോ സേവിക്കാം.) പതിനാലില്‍ ചിലതു ലഭിച്ചില്ലെങ്കില്‍ ബാക്കി ലഭിച്ചത് വച്ചു കഞ്ഞി തയാറാക്കാം.

രക്തം ശുദ്ധീകരിക്കാം

രാമച്ചം, ചന്ദനം, ചെറുതിപ്പലി, കാട്ടുതിപ്പലി, ഞെരിഞ്ഞില്‍, ചെറുവഴുതിനവേര്‍, ചുക്ക്, ഒാരിലവേര്‍, മൂവിലവേര്‍, ചവര്‍ക്കാരം, മുത്തങ്ങാ, ഇരുവേലി, ഇന്തുപ്പ്, വിഴാലരി, ചെറുപുന്നയരി, കാര്‍കോകിലരി, കുരുമുളക്, തിപ്പലി, കുടകപാലയരി, കൊ ത്തംബാലരി, ഏലയ്ക്കാ, ജീരകം, കരിംജീരകം, പെരുംജീരകം ഇവ ഒാരോന്നും 10 ഗ്രാം വീതം എടുത്ത് ഉണക്കിപ്പൊടിച്ച് ശീലപ്പൊടിയാക്കുക (സൂക്ഷ്മചൂര്‍ണം).

50 ഗ്രാം നവരയരി 1 ലീറ്റര്‍ വെള്ളത്തില്‍ വേവിച്ച് 250 മി.ലീ. ആക്കിയെടുത്ത് 50 ഗ്രാം പനം കല്‍ക്കണ്ടവും ചേര്‍ത്തു െെവകിട്ട് ഭക്ഷണമായി ഉപയോഗിക്കുക. രക്തശുദ്ധീകരണം നടക്കും ത്വക് രോഗങ്ങള്‍ ശമിക്കും.

തേയ്മാനം കുറയ്ക്കാന്‍

പാല്‍മുതക്കിന്‍ കിഴങ്ങ്, കുറുന്തോട്ടിവേര്‍, കരിങ്കുറിഞ്ഞി, ദേവതാരം, ചങ്ങലംപരണ്ട ഇവ 50 ഗ്രാം വീതം കഴുകി ചതച്ച് 2 ലീറ്റര്‍ വെള്ളത്തില്‍ കഷായം വച്ച് 1 ലീറ്ററായി പിഴിഞ്ഞരിച്ചെടുത്ത് 50 ഗ്രാം നവരയരി ചേര്‍ത്തു പാകം ചെയ്ത് അര ലീറ്ററാകുമ്പോള്‍ 15 ഗ്രാം എള്ളും 15 ഗ്രാം ഗോതമ്പും ചേര്‍ത്ത് വീണ്ടും പാകം ചെയ്തു 250 മി.ലീ. ആകുമ്പോള്‍ വാങ്ങിവച്ച്, ഇന്തുപ്പ്, ജീരകം, ഉലുവ ഇവ മേമ്പൊടി ചേര്‍ത്തു പതിവായി 14 ദിവസം കാലത്തു സേവിക്കുക.

അസ്ഥികളുടെ തേയ്മാനം മൂലമുണ്ടാകുന്ന വിഷമതകളും വേദനകളും ശമിക്കും.

കര്‍ക്കടക കഞ്ഞിക്കൂട്ടുകള്‍

ഏലയ്ക്കാ, കുരുമുളക്, കരിംജീരകം, ജീരകം, പെരുംജീരകം, ചെറുപുന്നയരി, കാര്‍കോകിലരി, കൊത്തമല്ലി, വിഴാലരി, അയമോദകം, ജാതിപത്രി, ഗ്രാമ്പൂ, കുടകപ്പാലയരി, ചുക്ക്, കുറുന്തോട്ടി, കാട്ടുതിപ്പലി, ചെറുവുള, തഴുതാമവേര്‍. ഈ പറയുന്ന 18 കൂട്ടം ഒൗഷധങ്ങള്‍ തുല്യാംശം എടുത്ത് കഴുകി നന്നായി ഉണക്കി സൂക്ഷ്മചൂര്‍ണമാക്കുക (െപാടിക്കുക). 15 ഗ്രാം പൊടി, 2 ലീറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് 1 ലീറ്റര്‍ ആക്കി വറ്റിച്ച് അതില്‍ 50 ഗ്രാം നവരയരി ചേര്‍ത്തു പാകം ചെയ്യുക. വാങ്ങുന്നതിനു മുൻപായി ഒരു മുറി നാളികേരത്തിന്റെ പാലും ഇന്തുപ്പും ചേര്‍ത്തു വാങ്ങി നെയ്യ് ചേര്‍ത്തു ചൂടോടെ പതിവായി െെവകിട്ട് സേവിക്കുക. രോഗപ്രതിരോധത്തിന് അതിവിശേഷമാണിത്.

ഇത്തരത്തിലുള്ള ഒൗഷധക്കഞ്ഞികളും അതിനുള്ള ഒൗഷധങ്ങള്‍ മിക്കവാറും എല്ലാ നാടുകളിലും ചെയ്തുപോരുന്നതാണ്, കേരളത്തില്‍ മാത്രമല്ല.

വിവിധയിനം ഔഷധക്കഞ്ഞികളെക്കുറിച്ചു ചരകസംഹിതയുടെ ഉപജ്ഞാതാവായ ചരകാചാര്യന്‍ തന്റെ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ഓരോ നാടുകളിലും ഒൗഷധക്കഞ്ഞികള്‍ തയാറാക്കുന്നത് പല രീതികളിലാണ് എന്നുള്ളതു പ്രത്യേകം എടുത്തുപറയേണ്ട ഒന്നാണ്.

രക്തത്തെ ശുദ്ധീകരിക്കാനും ത്വക് രോഗങ്ങൾ ശമിപ്പിക്കാനും സഹായിക്കുന്ന ഔഷധകഞ്ഞിയിൽ രാമച്ചം, ചന്ദനം, ചുക്ക് തുടങ്ങിയവയുണ്ട്

കുടിക്കാംചുക്ക് കാപ്പി

ചുക്ക് 50 ഗ്രാം, ജീരകം 50 ഗ്രാം, കുരുമുളക് 25 ഗ്രാം, ഏലയ്ക്കാ 15 ഗ്രാം, തുളസിയില 100 ഗ്രാം.

ഇവയെല്ലാം നന്നായി ഉണക്കി, സൂക്‌ഷമചൂർണമാക്കിയെടുത്ത് അതിന്റെ നേർപകുതി കാപ്പിപ്പൊടി ചേർത്ത് യോജിപ്പിക്കുക.

ഒരു കഷണം ചക്കരയിട്ട് തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളത്തിൽ ഈ പൊടി ഒരു ടീസ്പൂൺ ഇട്ട് ഇളക്കിവാങ്ങി ഉപയോഗിക്കാം

ഡോ. എം. എൻ. ശശിധരൻ ചീഫ് ഫിസിഷ്യൻ, അപ്പാവൂ വൈദ്യൻ ആയുർവേദിക് മെഡിക്കൽസ്, കോട്ടയം.