Saturday 30 April 2022 11:46 AM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

‘ബോർഡിൽ എഴുതിയത് വായിക്കില്ല, മൊബൈലിൽ കളിക്കുകയും ചെയ്യും’: ശ്രദ്ധിക്കുക, നിങ്ങളുടെ കുട്ടി മയോപ്പിക് ആകാം

eye3e4324

കോവിഡിനെ തുടർന്നുള്ള ലോക്‌ഡൗണിനു ശേഷം ലോകവ്യാപകമായി കുട്ടികളിൽ മയോപ്പിയ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. കിഴക്കനേഷ്യയിലും തെക്കുകിഴക്കനേഷ്യയിലും 80 മുതൽ 90 ശതമാനം വരെയുള്ള സ്കൂൾ കുട്ടികളും മയോപ്പിക് ആണെന്ന ഞെട്ടിപ്പിക്കുന്ന വിവരവും പുറത്തുവന്നു കഴിഞ്ഞു. ചൈനയിലും കാനഡയിലുമൊക്കെ നടന്ന പഠനങ്ങൾ പറയുന്നതും കുട്ടികളിലെ മയോപ്പിയയുടെ ഞെട്ടിക്കുന്ന കണക്കുകളെക്കുറിച്ചാണ്. ലോകാരോഗ്യസംഘടന പറയുന്നത് 2050 ഒാടു കൂടി ലോകത്തെ ആകെ ജനസംഖ്യയുടെ പാതിയും അടുത്തുള്ള കാഴ്ച മാത്രം കാണാവുന്നവരാകും എന്നാണ്.

ആറു മുതൽ എട്ടു വയസ്സു വരെയുള്ള കുട്ടികളിലാണ് മയോപ്പിയ ഏറ്റവും കൂടുതൽ കാണുന്നതെന്നു പഠനങ്ങളിൽ കാണുന്നു. മറ്റു പ്രായക്കാരെ അപേക്ഷിച്ച് ഒാൺലൈൻ ക്ലാസ്സുകൾ കുറവായിട്ടും ഈ പ്രായക്കാരിൽ മയോപ്പിയ വരുന്നത് എന്തുകൊണ്ട് എന്നന്വേഷിച്ച ഗവേഷകർ ചെന്നെത്തിയത് ഒരു പ്രധാന കണ്ടെത്തലിലാണ്. ദീർഘനേരം മൊബൈലിൽ വിഡിയോ ഗെയിം കളിക്കുന്നത് ഉൾപ്പെടെയുള്ള അടുത്ത കാഴ്ച പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനൊപ്പം പുറത്തിറങ്ങിയുള്ള കളികളും മറ്റും കുറഞ്ഞതു മൂലം സൂര്യപ്രകാശവുമായി സമ്പർക്കം കുറയുന്നുമുണ്ട് കൊച്ചുകുട്ടികളിൽ. സ്വാഭാവിക സൂര്യവെളിച്ചവുമായി കണ്ണുകൾ പരിചയപ്പെടുന്നത് കുട്ടികളിൽ കാഴ്ചയെ വളരെ സ്വാധീനിക്കുന്ന കാര്യമാണ്. ഈ സ്വാഭാവികപ്രകാശത്തിന്റെ അഭാവമാകാം കൊച്ചുകുട്ടികളിൽ മയോപ്പിയയ്ക്കു കാരണമാകുന്നത് എന്നു ഗവേഷകർ പറയുന്നു.

മണിക്കൂറുകൾ മൊബൈലിൽ നോക്കിയിരുന്നാൽ

‘‘ദീർഘനേരം മൊബൈൽ കണ്ണിനോട് അടുപ്പിച്ചു പിടിച്ച് വിഡിയോ കാണുന്നതും ഗെയിം കളിക്കുന്നതുമൊക്കെ മയോപ്പിയ കുട്ടികളിൽ വർധിക്കാൻ ഇടയാക്കുന്നുണ്ട്. അടുത്തുള്ള വസ്തുക്കളെ കാണാനായി കണ്ണിലെ ലെൻസ് അഡ്‌ജസ്റ്റ് ചെയ്യുന്നത് (അക്കോമൊഡേഷൻ) പതിവാകുന്നത് ലെൻസിന്റെ കട്ടി കൂടാൻ ഇടയാക്കാം. അര–മുക്കാൽ മണിക്കൂറിലധികം മൊബൈൽ ഉപയോഗം കുഞ്ഞുങ്ങളുടെ കണ്ണുകൾക്ക് നല്ലതല്ല. ഒാൺലൈൻ ക്ലാസ്സുകൾ രണ്ടും മൂന്നും മണിക്കൂർ നീളുന്ന അവസ്ഥയുണ്ട്. ഇത് ആരോഗ്യകരമായ പ്രവണതയല്ല. കൊച്ചിയിലെ മുതിർന്ന നേത്രരോഗവിദഗ്ധനായ ഡോ. ടോണി ഫെർണാണ്ടസ് പറയുന്നു.

‘‘കുട്ടി ക്ലാസ്സിൽ ബോർഡിൽ എഴുതിയിരിക്കുന്നത് വായിക്കാൻ പ്രയാസപ്പെടുകയും അതേസമയം മൊബൈലിൽ പ്രയാസം കൂടാതെ ഗെയിം കളിക്കുകയും വിഡിയോ കാണുകയുമൊക്കെ ചെയ്യുന്നതു കണ്ടാൽ ഹ്രസ്വദൃഷ്ടിയുടെ പ്രശ്നമുണ്ടെന്ന് അനുമാനിക്കാം. ഉടനെ തന്നെ ഒരു കണ്ണുരോഗവിദഗ്ധനെ കണ്ടു വിശദമായ പരിശോധന നടത്തണം.

കഴിവതും മൊബൈലിലെ ചെറിയ സ്ക്രീനിൽ ദീർഘനേരം കണ്ണുനട്ട് ഇരിക്കുന്ന സാഹചര്യം ഒഴിവാക്കണം. കംപ്യൂട്ടർ ഉപയോഗമാണ് താരതമ്യേന സുരക്ഷിതം. സ്ക്രീൻ ചെറുതാകും തോറും കണ്ണിനു സ്ട്രെയിൻ അധികമാകും. ഒാൺലൈൻ ക്ലാസ്സ് പോലെ ഒഴിച്ചുകൂടാനാവാത്ത സ്ഥിതിയാണെങ്കിൽ ഒാരോ ഒരു മണിക്കൂർ കൂടുന്തോറും 20 മിനിറ്റ് വിശ്രമം അനുവദിക്കണം. ഈ സമയത്ത് പുറത്തിറങ്ങി കാഴ്ചകൾ കണ്ടോ നടന്നോ കണ്ണിനു വിശ്രമം നൽകണം. ’’

തുള്ളിമരുന്ന് ഒഴിക്കാം

കാഴ്ചയ്ക്ക് പ്രശ്നങ്ങൾ കണ്ടുതുടങ്ങിയാൽ പിന്നെ കണ്ണട ഉപയോഗിച്ച് കാഴ്ച കൃത്യമാക്കുകയാണ് പോംവഴി. ജന്മനാ തന്നെ മയോപ്പിയ പ്രശ്നമുള്ള ചില കുട്ടികളുണ്ട്. ഇവരിൽ രോഗത്തിന്റെ തീവ്രത സാധാരണഗതിയിൽ വളരെ സാവധാനത്തിലാകും. എന്നാൽ മൊബൈലിന്റെ അമിത ഉപയോഗം ഈ കുട്ടികളിൽ മയോപ്പിയ പ്രശ്നം തീവ്രമാക്കാം. ഇതു തടയാനായി ഇങ്ങനെയുള്ള കുട്ടികളിൽ സാധാരണ നേത്രപരിശോധനയ്ക്കു മുൻപായി ഒഴിക്കാറുള്ള തരം അട്രോപിൻ തുള്ളിമരുന്നുകൾ ഒഴിച്ച് ചികിത്സിക്കുന്ന ഒരു രീതി വ്യാപകമാകുന്നുണ്ട്. ഈ തുള്ളിമരുന്നുകൾ അടുത്തുള്ള കാഴ്ചയെ അവ്യക്തമാക്കും. അങ്ങനെ സ്വാഭാവികമായി തന്നെ അടുത്തുപിടിച്ചു നോക്കാനുള്ള പ്രവണത തടയുന്നു. ബൈഫോക്കൽ ലെൻസുകൾ (ദൂരക്കാഴ്ചയും അടുത്തുള്ള കാഴ്ചയ്ക്കും ഉപകാരപ്പെടുന്നത്) ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 100 ശതമാനം വിജയകരമാണ് ഇതെന്നു പറയാനായിട്ടില്ല.

Tags:
  • Manorama Arogyam
  • Health Tips