Saturday 23 July 2022 12:45 PM IST : By സ്വന്തം ലേഖകൻ

കോവിഡ് കാലത്തെ പൊട്ടാസ്യം കുറയൽ: ഉടൻ ചെയ്യേണ്ട കാര്യങ്ങളും ചികിത്സയും

fsd343

പേശികൾ, നാഡികൾ (nerves), ഹൃദയം തുടങ്ങിയവയുടെ ശരിയായ പ്രവർത്തനത്തിന് പൊട്ടാസ്യം അത്യാവശ്യമാണ്. 3.5-5.0 mEq/L ആണ് രക്തത്തിലെ പൊട്ടാസ്യത്തിന്റെ സാധാരണ നില. വാഴപ്പഴം, കരിക്കിൻ വെള്ളം,ചീര, തണ്ണിമത്തൻ, ഉരുക്കിഴങ്ങ്, മധുരക്കിഴങ്ങ്, തക്കാളി, ബീൻസ്, അണ്ടിപ്പരിപ്പ്, മാതളം, ഓറഞ്ച് എന്നിവയിലെല്ലാം പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.

ഛർദി, വയറിളക്കം, കിഡ്നി രോഗങ്ങൾ, അഡിസൺസ് ഡിസീസ്, മൂത്രം അധികമായി പോകാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ (Diuretics), വിരേചനൗഷധങ്ങൾ (laxatives),അമിതമായ മദ്യപാനം, ചില ആന്റിബയോട്ടിക്കുകളുടെ ഉപയോഗം, അനിയന്ത്രിതമായ പ്രമേഹം മൂലമുണ്ടാകുന്ന ഡയബറ്റിക് കീറ്റോ അസിഡോസിസ് (Diabetic Keto Acidosis). ശരീരത്തിന് ആവശ്യമായ മറ്റൊരു ധാതുവായ മഗ്നീഷ്യത്തിന്റെ കുറവും പൊട്ടാസ്യം കൂടുതലായി ശരീരത്തിൽ നിന്ന് നഷ്ടപ്പെടാൻ കാരണമാകുന്നു.

കോവിഡും പൊട്ടാസ്യവും

കോവിഡ് രോഗികളിൽ, പ്രത്യേകിച്ച് സ്ത്രീകളിലും മൂത്രം അധികം പോകുന്ന മരുന്നുകൾ (Diuretics) കഴിക്കുന്നവർക്കും പൊട്ടാസ്യം കുറയാൻ സാധ്യതയുണ്ടെന്ന് ലോകമെമ്പാടുമുള്ള പഠനങ്ങൾ തെളിയിക്കുന്നു. ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് നിയന്ത്രിക്കുന്നതിൽ റെനിൻ ആൻജിയോടെൻസിൻ സിസ്റ്റം(RAS-Renin Angiotensin System) സുപ്രധാന പങ്കുവഹിക്കുന്നു. കോവിഡിന് കാരണമായ SARS CoV 2 വൈറസുകൾ റെനിൻ ആൻജിയോടെൻസിൻ സിസ്റ്റത്തിലെ ACE2(Angiotensin Converting Enzyme 2 ) റിസപ്റ്ററുകളിൽ പറ്റിച്ചേർന്ന് അതിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതുമൂലമാണ് പൊട്ടാസ്യത്തിന്റെ അളവ് കോവിഡ് രോഗികളിൽ കുറയുന്നത്. തളർച്ച, പേശികൾക്ക് ബലക്കുറവ്,പേശികൾക്ക് തുടിപ്പും ഉരുണ്ടു കയറ്റവും, ഹൃദയമിടിപ്പ് താളം തെറ്റുക, മലബന്ധം എന്നിവയാണ് ലക്ഷണങ്ങൾ.

ഉടൻ ചെയ്യേണ്ടതും ചികിത്സയും

ചെറിയ തോതിലുള്ള പൊട്ടാസ്യം കുറവിന് പൊട്ടാസ്യം ക്ലോറൈഡ് സിറപ്പ് പോലെയുള്ള ഔഷധങ്ങൾ ഡോക്ടർമാരുടെ നിർദ്ദേശാനുസരണം കഴിക്കാം. പൊട്ടാസ്യം വളരെയേറെ കുറഞ്ഞ് ഹൃദയമിടിപ്പ് താളം തെറ്റുകയും ഇസിജി വ്യതിയാനം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സിരകളിലൂടെ (intravenous infusion) പൊട്ടാസ്യം നൽകേണ്ടി വരും. പൊട്ടാസ്യം കുറയാൻ കാരണമായ മരുന്നുകൾ ഒഴിവാക്കുക, പൊട്ടാസ്യം കുറയുന്നതിന് കാരണമായ രോഗത്തിന്റെ ചികിത്സ എന്നിവയും പ്രധാനമാണ്. മഗ്നീഷ്യം കുറഞ്ഞതുകാരണം പൊട്ടാസ്യം കുറയുന്നതിന് മഗ്നീഷ്യത്തിന്റെ അളവ് ശരിയാക്കാനുള്ള ചികിത്സ വേണ്ടി വരും.

ലക്ഷണങ്ങളില്ലാത്തതും ഇസിജി വ്യതിയാനങ്ങൾ ഇല്ലാത്തതുമായ ചെറിയ തോതിലുള്ള പൊട്ടാസ്യം കുറവ് കരിക്കിൻ വെള്ളം, മാതളം, ഓറഞ്ച് മുതലായവ കഴിക്കുന്നതിലൂടെ ഒരു പരിധിവരെ ശരിയാക്കിയെടുക്കാം.

പൊട്ടാസ്യം കൂടിയാൽ

വൃക്കസ്തംഭനം (Chronic Kidney Dise ase), അഡിസൺസ് ഡിസീസ്, ശരീരത്തിന്റെ കൂടുതൽ ഭാഗങ്ങളിൽ തീപ്പൊള്ളലേറ്റ അവസ്ഥ, ഹൃദയത്തിന്റെ പ്രവർത്തനത്തിന് സ്തംഭനമുണ്ടാവുക, അമിതമായ പ്രമേഹം, അ മിതമായ മദ്യപാനം, ചില മരുന്നുകൾ എന്നിവയെല്ലാം രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടാൻ (Hyperkalemia) കാരണമാകുന്നു.

പൊട്ടാസ്യം കൂടിയാൽ ഒാക്കാനം, ചർദി, വയറുവേദന, വയറിളക്കം, ഹൃദയമിടിപ്പ് കൂടിയതായി അനുഭവപ്പെടുക, ഹൃദയമിടിപ്പ് താളം തെറ്റുക, പേശികൾ ബലക്കുറവ് അനുഭവപ്പെടുക, കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടുക എന്നീ ലക്ഷണങ്ങൾ കാണാം.

പൊട്ടാസ്യത്തിന്റെ അളവിലുള്ള ഗണ്യമായ ഏറ്റക്കുറച്ചിലുകൾ ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ച് മരണം പോലും സംഭവിക്കാൻ കാരണമായേക്കാം.

പൊട്ടാസ്യം കൂടിയ അളവിലുള്ള പഴങ്ങൾ, ഉണങ്ങിയ പഴങ്ങൾ, ചീര പോലെയുള്ള ഇലക്കറികൾ, കരിക്കിൻ വെള്ളം എന്നിവയെല്ലാം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒഴിവാക്കണം. പൊട്ടാസ്യം കൂടാനുള്ള കാരണമായ രോഗത്തിനുള്ള ചികിത്സയും ആവശ്യമായി വരും.

നമ്മുടെ ശരീരത്തിനാവശ്യമായ എല്ലാ ധാതുക്കളും ശരിയായ അളവിൽ ലഭിക്കുവാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യം സമീകൃതമായ ആഹാരം (Balanced diet) ശീലിക്കുകയെന്ന
താണ്.

ഡോ. ബിജിൻ ജോസഫ്

കൺസൽറ്റന്റ് ഫിസിഷൻ

റിവർഷോർ ഹോസ്പിറ്റൽ, കോഴിക്കോട്

Tags:
  • Daily Life
  • Manorama Arogyam