Wednesday 16 November 2022 04:39 PM IST : By സ്വന്തം ലേഖകൻ

വ്യായാമങ്ങൾ വഴി ശ്വാസകോശത്തിന് കരുത്തേകാം; സിഒപിഡിയെ പിടിച്ചുകെട്ടാൻ വഴിയുണ്ട്

copd5434456

2022 ലെ ലോക സി.ഒ.പി.ഡി. ദിനമാണ് നവംബർ 16. എല്ലാ വർഷവും ഇങ്ങനെ ഒരു ദിനം ആചരിക്കുന്നത് ലോകത്തിലെ മനുഷ്യരുടെ രോഗാനുജന്യ മല്ലാത്ത മരണ കാരണങ്ങളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന COPD എന്ന മഹാ രോഗത്തെ കുറിച്ച് ബോധവത്കരിക്കാൻ വേണ്ടിയാണ് .ഏതാനും വർഷം മുമ്പ് വരെ COPD രോഗ മരണ പട്ടികയിൽ അഞ്ചാം സ്ഥാനത്തും പിന്നീട് നാലാം സ്ഥാനത്തും ആയിരുന്നു എന്ന് കൂടി ചേർത്ത് വായിക്കുക. മലയാളത്തിൽ പ്രത്യേകം ഒരു പേരില്ലെങ്കിലും ദീർഘ സ്ഥായിയായ ശ്വാസകോശ തടസ്സം (chronic obstructive pulmonary disease) എന്ന് വേണമെങ്കിൽ രോഗത്തെ വിവക്ഷിക്കാം. Your Lungs for Life എന്നതാണ് ഈ വർഷത്തെ സന്ദേശം. സിഒപിഡി എന്ന രോഗത്തെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും തടയാൻ സഹായിക്കുന്ന ശ്വസന വ്യായാമങ്ങളെക്കുറിച്ചും ഡോ. ജാഫർ ബഷീർ (കൺസൽറ്റന്റ് ഇൻ റെസ്പിരേറ്ററി മെഡിസിൻ, ഗവ. താലൂക്ക് ആശുപത്രി, തളിപ്പറമ്പ്) എഴുതുന്നു.

ഗർഭാവസ്ഥയിൽ നാലാമത്തെ ആഴ്ച തുടങ്ങി ജനന ശേഷം പത്താം വയസ്സിൽ പ്രാഥമിക വളർച്ചയും ഏകദേശം 25 വയസവുമ്പോൾ പൂർണ്ണ വളർച്ചയും പൂർത്തിയാകുന്ന ഇടതു വശത്ത് രണ്ടും വലത് വശത്ത് മൂന്നും അടങ്ങുന്ന സ്പോഞ്ച് പോലെ മൃദുലമായ വികസിക്കാൻ അയവും വഴക്കവും ഉള്ള ഒരു മനോഹരമായ അവയവം ആണ് ശ്വാസ കോശം.

നല്ല ആരോഗ്യ വാനായ ഒരു വ്യക്തിക്ക് ഏകദേശം 6 ലിറ്റർ വായു വരെ ശ്വാസ കോശത്തിൽ പിടിച്ചു നിൽക്കാൻ കഴിയും. ശരാശരി ഇത് 4.8 ലിറ്റർ ആണ്.

35 വയസ്സിനു ശേഷം ഈ കഴിവ് ക്രമേണ സ്വാഭാവികമായി കുറഞ്ഞു വരും. ഈ മനോഹര അവയവം മരണം വരെ ഏറ്റവും ആരോഗ്യത്തോടെ നിലനിർത്തുക എന്നത് ആണ് Your Lungs for Life എന്ന സന്ദേശത്തിലൂടെ അറിയിക്കുന്നത്. കോവിഡ് കാലവും കോവിടാനന്തരവും ശ്വാസ കോശ ആരോഗ്യത്തിന് ഏറ്റവും പ്രാധാന്യം നേടിയ ഒരു കാല ഘട്ടം ആണ്. അതിനാൽ കൂടുതലായി ശ്വാസ കോശ ആരോഗ്യത്തെ കുറിച്ച് ആളുകൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി എന്നത് നല്ല ഒരു കാര്യമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് 80 ദശലക്ഷം ആൾക്കാർ സി.ഒ.പി.ഡി രോഗബാധിതരാണ്. അതിൽ ഏകദേശം പകുതിയോളം നമ്മുടെ ഇന്ത്യയിലാണ് ഗുരുതരമായ സി.ഒ.പി.ഡി. രോഗം മൂലം മരണപ്പെടുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.

കേരള സംസ്ഥാനത്ത് ഏകദേശം 6 ലക്ഷം copd രോഗികൾ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു വർഷം 30,000ൽ അധികം ആളുകൾ ഈ രോഗം മൂലം മരണപ്പെടുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

പുരുഷന്മാരെയും സ്ത്രീകളെയും ഈ രോഗം ഒരുപോലെ ബാധിയ്ക്കുന്നു. സി.ഒ.പി.ഡി. അതിൻ്റെ പത്തോ ഫീസിയോളജി വെച്ച് പറയുക ആണെങ്കിൽ ഒരു irreversible disease ആണ്. അതിനാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. എന്നാൽ കൃത്യമായ ചികിത്സയിലൂടെ ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും അനുബന്ധ രോഗങ്ങളും രോഗ സങ്കീർണ്ണതകൾ ഉണ്ടാകുന്നത് തടയാനും സാധിക്കും.

സി.ഒ.പി.ഡി. എന്നാൽ എന്താണ്?

ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഒരു ഗുരുതര രോഗമാണ് സി.ഒ.പി.ഡി അഥവാ ക്രോണിക് ഒബസ്ട്രക്റ്റീവ് പൾമണറി ഡിസീസ്.

രോഗ ലക്ഷണങ്ങൾ, ശാരീരിക പരിശോധന,എക്സറേ, സ്പൈറോമെട്രി എന്നിവയിലൂടെ ആണ് രോഗം നിർണയിക്കുന്നത്.

സ്പയറോ മെട്രിയിലൂടെ ഒരാളുടെ ശ്വസന വ്യവസ്ഥയുടെ പ്രവർത്തനക്ഷമയാണ് പരിശോധിക്കുന്നത്.

COPD യുടെ കാരണങ്ങൾ :

പുകവലി, വായു അന്തരീക്ഷ മലിനീകരണം, വീടുകളിലും തൊഴിലിടങ്ങളിലും നിന്നുമുള്ള പുക, വിഷവാതകങ്ങൾ പൊടി പടലങ്ങൾ, കീട നാശിനികൾ, രാസവസ്തുക്കൾ, കുട്ടിക്കാലത്ത് നിരന്തരം ശ്വാസകോശത്തിലുണ്ടാവുന്ന അണുബാധകൾ, ജനിതക - പാരമ്പര്യ ഘടകങ്ങൾ എന്നിവയൊക്കെയാണ് സി.ഒ.പി.ഡി രോഗത്തിന്റെ പ്രധാന കാരണങ്ങൾ.

രോഗലക്ഷണങ്ങൾ :

Chronic bronchitis, chronic emphysema എന്നീ ഉപ രൂപങ്ങൾ copd യ്‌ക്ക് ഉണ്ട്. ക്രോണിക് ബാങ്കൈറ്റിസ്: ക്രോണിക് ബ്രോങ്കൈറ്റസിൽ, അഥവാ ചിരസ്ഥായിയായ ശ്വസനിവീക്കത്തിൽ, ശ്വാസ കോശങ്ങളിലേയ്ക്ക് വായു എത്തിക്കുന്ന ശ്വസന നാളികൾക്ക് വീക്കം (inflammation) ബാധിക്കുന്നു. വളരെയധികം കഫം ഉല്പാദിപ്പിക്കപ്പെടുന്നു. ശ്വസന നാളികൾക്ക് അങ്ങനെ ഇടുങ്ങിയതാകുന്നു, ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

ശ്വാസ നാളികളുടെ ഭിത്തികൾ തകർന്നു ശ്വാസ കോശത്തിൻെറ ഉപരിതല വ്യാസം (surface area) കുറയുന്നതും ഭിത്തികൾക്ക് ക്രമേണ കട്ടി കൂടുന്നതും ആണ് chronic emphysema യുടെ രോഗ കാരണം. എംഫിസീമ ബാധിച്ചവരിൽ, ശ്വാസകോശത്തിലെ വായുമാർഗ്ഗങ്ങളുടെ അവസാനമുള്ള വായുഅറകൾക്ക് (alveoli)

പ്രാണവായുവും കാർബൺ ഡയോക്സൈഡും കൈ മാറുന്നത് ഇവിടെ വച്ചാണ് സ്ഥിരമായ കേടുപാടുകൾ സംഭവിക്കുന്നു, വികസിക്കാനുള്ള കഴിവു നഷ്ടമാകുന്നു. വായുഅറകളിൽ വായു പുറത്തുപോകാനാകാതെ കുടുങ്ങിപ്പോകുന്നതു കൊണ്ട് കുറച്ചു വായു മാത്രമേ ശ്വാസകോശങ്ങളിൽ കടക്കുകയും പുറത്തു പോകുകയും ചെയ്യുന്നുള്ളു. ഇതുകൊണ്ടാണ് ശ്വാസവിമ്മിഷട്ടം അനുഭവപ്പെടുന്നത്.

ശ്വാസതടസ്സം, വിട്ട് മാറാത്ത ചുമ, ആയാസകരമായ ജോലികളിൽ ഏർപ്പെടുമ്പോഴുണ്ടാകുന്ന അമിതമായ കിതപ്പ് (Dyspnea on Exertion), ധാരാളം കഫത്തോടു കൂടിയ നിരന്തരമായ ചുമ , മാറാത്ത ക്ഷീണം,എന്നിവയാണ് രോഗ ലക്ഷണങ്ങൾ.

പ്രാഥമിക ഘട്ടത്തിൽ തന്നെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ പുകവലിയും പുക സമ്പർക്കവും നിയന്ത്രിക്കുകയും വേണ്ട ചികിത്സ എടുക്കുകയും ചെയ്താൽ ഈ രോഗത്തെ തടയാൻ സാധിക്കും.

അന്തരീക്ഷ മലിനീകരണമാണ് പുതിയ ലോകത്ത് ഒരു പ്രധാന രോഗ ഹേതു.

തൊഴിൽ പരമായ രോഗാവസ്ഥ (occupational causes) :

പലപ്പോഴും വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് COPD യുടെ ഈ കാരണം. വിവിധ പുക/ രാസ വസ്തുക്കൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളിലും തൊഴിൽ ശാലകളിലും ദീർഘ കാലം ജോലി ചെയ്യുന്നവർക്കും അതിൻ്റെ സമീപങ്ങളിൽ താമസിക്കുന്നവർക്കും COPD വരാൻ സാധ്യത വളരെ കൂടുതലാണ്.

ജോലിയുമായി ബന്ധപ്പെട്ട് രാസവസ്തുക്കളുടെ പുക ശ്വസിക്കേണ്ടി വരുന്നവർ സുരക്ഷാ ഉപകരണങ്ങൾ ധരിച്ചുമാത്രം ഇത്തരം ജോലികളിൽ ഏർപ്പെടുക.

ഇത്തരം സ്ഥാപനങ്ങളിൽ കൃത്യമായ ഇടവേളകളിൽ മലിനീകരണ നിയന്ത്രണ പരിശോധനകൾ ഔദ്യോഗികമായി നടക്കേണ്ടതുണ്ട്.

ഗാർഹിക പുക :

പാചകത്തിന് വിറക്, കൽക്കരി, ചിരട്ട, പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്ന സ്ത്രീകളിലാണ് COPD അധികം കണ്ട് വരുന്നത്. ഇവ ഉപയോഗിക്കാതെ LPG, സോളാർ പോലുള്ള പാരമ്പര്യേതര ഊർജ്ജ സോത്രസുകൾ ഉപയോഗിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും ആണ് വേണ്ടത്. പാചക സ്ഥലങ്ങളിൽ വായു സഞ്ചാരവും പുക പുറത്ത് പോകാനുള്ള സംവിധാനങ്ങളും ഉറപ്പ് വരുത്തേണ്ടതുണ്ട്.

രോഗ സങ്കീർണ്ണതകൾ :

സി.ഒ.പി.ഡി. വെറും ഒരു ശ്വാസകോശ സംബന്ധമായ രോഗമല്ല. സങ്കീർണമായാൽ ശ്വാസകോശ അണുബാധ, ഹൃദ്രോഗങ്ങൾ, ശ്വാസകോശ ധമനികളിൽ ഉയർന്ന രക്തസമ്മർദം (pulmonary hypertension), വിഷാദരോഗം , അസ്ഥി ശോഷണം, കാൻസർ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. ആരംഭത്തിൽ തന്നെ കണ്ട് പിടിച്ചു ചികിത്സിച്ചാൽ ഇത്തരം സങ്കീർണ്ണതകൾ ഒഴിവാക്കാം.

ചികിത്സ :

രോഗ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണിച്ചു വേണ്ട പരിശോധനകൾ നടത്തി ശരിയായ ശാസ്ത്രീയ ചികിത്സ എടുക്കണം. സ്വയം മരുന്ന് കഴിക്കരുത്. നിർദ്ദേശിക്കുന്ന മരുന്നുകൾ മാത്രം കഴിക്കുക. ദീർഘ കാല രോഗം ആയതു കൊണ്ട് ഒരേ മരുന്ന് കുറിപ്പടി ഇല്ലാതെ വീണ്ടും വീണ്ടും വാങ്ങി കഴിക്കുന്ന പ്രവണത പലപ്പോഴും കണ്ട് വരുന്നു. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുകയും വേണം. സി‌.ഒ.പി‌.ഡി രോഗനിർണയത്തിനായി x-ray, പി‌എഫ്‌ടി അല്ലെങ്കിൽ സ്പൈറോമെട്രി പോലുള്ള ടെസ്റ്റുകൾ ചെയ്യുക.

പൾമണോളജിസ്റ്റ്, ഫിസിഷ്യൻ തുടങ്ങിയ വിദഗ്ദ ഡോക്ടർമാർ നിർദ്ദേശിക്കുന്നതുപോലെ, പതിവായി ശരിയായ ഇൻഹെയ്‌ലറുകൾ ശരിയായ ഡോസിൽ ഉപയോഗിക്കുക.

ഇൻഹെയ്ൽഡ് തെറാപ്പി അഥവാ ശ്വാസ കോശത്തിൽ നേരിട്ട് മരുന്ന് എത്തിക്കുന്ന ചികിത്സാ രീതി ഒരു പരിധിവരെ സി‌.ഒ.പി‌.ഡിയിൽ നിന്നും രോഗികൾക്ക് ആശ്വാസം പകരും. രോഗാവസ്ഥ കൂടുന്നത് മന്ദീ ഭവിക്കുകയും ചെയ്യും. ശ്വാസ കോശതതിൻ്റെ ആരോഗ്യം നില നിർത്താനും രോഗം ബാധിച്ചവർക്ക് പ്രയാസങ്ങൾ ഇല്ലാതെ അവരുടെ ഉപജീവന മാർഗം ചെയ്യാനും ഇവ വളരെ സഹായകരമാണ്. മരുന്നുകളെ അപേക്ഷിച്ച് ഇവയ്ക്ക് പാർശ്വഫലങ്ങൾ കുറവാണ് താനും.

രോഗ ലക്ഷണങ്ങൾ കൂടിയ അവസ്ഥയിൽ nebulization ചികിത്സയും ഉപകാരപ്പെടും. രോഗാവസ്ഥ കൂടുന്നതിന് exacerbations അല്ലെങ്കിൽ പുതിയ രീതിയിൽ lung attack എന്ന് വിശേഷിപ്പിക്കാം. അങ്ങനെ ഉള്ള സന്ദർഭങ്ങളിൽ ഉടനെ വൈദ്യ സഹായം തേടുകയും അഡ്മിറ്റ് ചെയ്യേണ്ടതായും വരും. കഠിനമായ അണുബാധകൾ ഒഴിവാക്കാൻ ഇൻഫ്ലുവൻസ, ന്യുമോണിയ , കോവിദ് എന്നിവയ്ക്കെതിരായ കുത്തിവയ്പ്പ്കൾ ആവശ്യമാണ്. ഇത്തരം അണുബാധകൾ സി‌പി‌ഡി രോഗികളുടെ സ്ഥിതി ഗുരുതരമാക്കും.

ശ്വാസ കോശ പുനരധിവാസം (Pulmonary Rehabilitation ):

ഗുരുതരമായ COPD രോഗികൾക്ക് ആരോഗ്യ കരമായ ജീവിതവസ്ഥ യിലേക്ക് തിരിച്ചു വരാൻ വളരെ അധികം സഹായിക്കുന്ന ഒന്നാണ് pulmonary rehabilitation. ഇത് ശാസ്ത്രീയ മായി ചെയ്യുന്ന സംവിധാനങ്ങൾ സര്ക്കാർ - സ്വകാര്യ മേഖലകളിൽ ലഭ്യമാണ് . ഇതിൻ്റെ ഭാഗമായി ഉള്ള ചില ശ്വസന വ്യായാമ ങ്ങൾ ഇവിടെ പരിചയപ്പെടുത്താം. ശ്വാസകോശങ്ങളുടെ ആരോഗ്യം മെച്ച പ്പെടുത്തുവാൻ ശ്വസനവ്യായാമം സഹായിക്കും.

വായ മൂടിവച്ച് ശ്വസിക്കൽ (pursed lip breathing)

ശ്വസിക്കുക. മൂക്കിൽ കൂടി 2 സെക്കന്റ് ശ്വസിക്കുക. ചൂളം വിളിക്കാനെന്ന പോലെ ചുണ്ട് കൂർപ്പിക്കുക. ഇനി 4 സെക്കന്റ് എടുത്ത് പതുക്കെ ശ്വാസം പുറത്ത് വിടുക.

ഡയഫ്രം ഉപയോഗിച്ചുള്ള ശ്വസനം (Diaphragmatic breathing)

ഒരു കൈ വയറിന്റെ മുകളിൽ വയ്ക്കുക. ഇനി പതുക്കെ മൂക്കിലൂടെ ശ്വാസമെടുക്കുക. തുടർന്ന് വയറിലെ പേശികൾ കീഴോട്ട് അമർത്തി, വായ മൂടി വയ്ച്ച് ഉച്ഛ്വസിക്കുക.

ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഓട്ടം, നടത്തം, സൈക്ലിംഗ്, നീന്തൽ, എയ്റോബിക്സ്, വർക്ക് ഔട്ട് എന്നീ വ്യായാമങ്ങളിലൂടെ ശാരീരികക്ഷമത നിലനിർത്താവുന്നതാണ്.

Breathing

അമിതമായ ഉത്കണ്ഠ, സമ്മർദ്ദം എന്നിവ രോഗാവസ്ഥയെ വഷളാക്കും. മനസ്സിനെ ശാന്തമാക്കാൻ യോഗയോ മെഡിറ്റേഷനോ സംഗീത തെറാപിയോ ശീലമാക്കുക.

ആസ്മയും സിഒപിഡിയും (Asthma COPD Overlap Syndrome)

COPD യും ആസ്ത്മയും രണ്ടു വ്യതസ്ത രോഗങ്ങൾ ആണെങ്കിലും ഇവ രണ്ടു കൂടി ചേർന്ന Asthma COPD Overlap Syndrome (ACOS) എന്ന രോഗാവസ്ഥ ഇപ്പൊൾ ധാരാളമായി കണ്ട് വരുന്നുണ്ട്. അങ്ങനെ ഉള്ളവരിൽ താമസസ്ഥലവും ജോലിസ്ഥലവും ചുറ്റുപാടുകളും നല്ല വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പു വരുത്തുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കർട്ടൻ, കാർപെറ്റ്, ഫാൻ പോലുള്ളവയെല്ലാം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുകയും പൊടിയടിയാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. അലർജി നിയന്ത്രിക്കാൻ വേണ്ടി ആണിത്.

പുകവലിക്ക് വലിയ വില കൊടുക്കേണ്ടി വരും എന്ന് പരസ്യത്തിൽ പറയുന്നതിനേക്കാൾ COPD എന്ന രോഗം നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ വയോജനങ്ങളുടെ എണ്ണം കൂടി വരുന്ന നമ്മുടെ രാജ്യത്തിനും ലോകത്തിനും വലിയ വില കൊടുക്കേണ്ടി വരും.

brth45

ഗവൺമെൻ്റ് തലം മുതൽ ഏറ്റവും അടിസ്ഥാന തലങ്ങളിൽ വരെ കൃത്യമായ ഇടപെടലുകളും നടപടികളും ബോധവൽക്കരണവും നടന്നാൽ തീർച്ചയായും ശ്വാസകോശ ആരോഗ്യമുള്ള ഒരു സമൂഹത്തിൻ്റെയും ലോകത്തിൻ്റെയും സൃഷ്ടിക്കായി നമുക്ക് പരിശ്രമിക്കാം, പ്രതീക്ഷയോടെ കാത്തിരിക്കാം.

Tags:
  • Manorama Arogyam