കുഞ്ഞ് ശ്വസിക്കാൻ ബുദ്ധിമുട്ടുന്നോ ? പിന്നിലുണ്ടാകാം ഈ വില്ലൻ ... Symptoms and Treatments of Adenoid Problems
രണ്ടു മുതൽ പത്തു വയസ്സു വരെ പ്രായമുള്ള കുട്ടികളിൽ മൂക്കിന്റെ പിൻഭാഗത്തു കാണുന്ന ഒരു ഗ്രന്ഥിയാണ് അഡിനോയ്ഡ്. അതിന് ആൺകുട്ടി – പെൺകുട്ടി എന്ന ഭേദമില്ല. മൂന്നു വയസ്സു മുതൽ എട്ടു വരെ പ്രായമുള്ള കുട്ടികളിലാണ് അഡിനോയ്ഡുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ സാധാരണ കാണാറുള്ളത്. അഡിനോയ്ഡ് ഗ്രന്ഥി ക്രമാതീതമായി വളരുന്ന അവസ്ഥയാണ് അഡിനോയ്ഡ് ഹൈപ്പർട്രഫി.
അലർജി, പാരമ്പര്യം, മുലപ്പാൽ കുടിക്കാത്ത സാഹചര്യം, അന്തരീക്ഷ മലിനീകരണം എന്നിവയെല്ലാം ഇതിനുകാരണമായി പറയുന്നു. മൂക്കിൽ കൂടി ശ്വാസമെടുക്കാൻ കഴിയാതെ വരുന്നതാണു പ്രശ്നകാരണം. ഈ കുട്ടികളിൽ ഒബ്സ്ട്രക്‌റ്റീവ് സ്ലീപ് അപ്നിയ എന്ന രോഗാവസ്ഥയും പ്രകടമാകുന്നു. മൂക്കടപ്പ്, കൂർക്കംവലി, ഉറക്കത്തിൽ തിരിയുകയും മറിയുകയും ചെയ്യുക, ശ്വാസം കിട്ടാെത ഉറക്കത്തിൽ നിന്നുണരുക, ആഹാരം വിഴുങ്ങുന്നതിനു ബുദ്ധിമുട്ട് എന്നിവയാണു ലക്ഷണങ്ങൾ. ഈ രോഗാവസ്ഥയുടെ ഭാഗമായി കുട്ടികൾക്കു മറ്റു പ്രശ്നങ്ങൾ അനുഭവപ്പെടാം. നന്നായി ഉറങ്ങാൻ സാധിച്ചില്ലെങ്കിൽ കുട്ടിയുടെ ഗ്രോത് ഹോർമോൺ സ്രവിക്കൽ ശരിയാകില്ല. അതു കുട്ടിയുടെ വളർച്ചയെ ബാധിക്കാം. മുഖാകൃതിയിൽ മാറ്റങ്ങൾ വരുന്നു. പല്ല് മുൻപിലേക്കു തള്ളി വരാം. അഡിനോയ്ഡ് ഗ്രന്ഥി വലുതായിരുന്നാൽ ചെവിയിലേക്കു യൂസ്‍റ്റേഷ്യൻ ട്യൂബ് വഴി വായു കയറില്ല. അങ്ങനെ വന്നാൽ ഈ കുട്ടികൾക്കു കേൾവിക്കുറവ് അനുഭവപ്പെടാം. പഠനത്തിൽ പിന്നാക്കാവസ്ഥയിൽ എത്താനുമിടയുണ്ട്.
ചികിത്സയും പരിഹാരങ്ങളും
എക്സ്റേ അല്ലെങ്കിൽ നേസൽ എൻഡോസ്കോപ്പി വഴിയാണു രോഗ നിർണയം. പ്രാരംഭഘട്ടത്തിൽ മൂക്കിൽ സ്റ്റിറോയ്ഡ് നേസൽ സ്പ്രേ ചെയ്യുക,ആന്റിബയോട്ടിക്കുകൾ നൽകുക എന്നിവ ചെയ്യാറുണ്ട്. അഡിനോയ്ഡ് മൂന്നുമാസം വരെ മരുന്നും മറ്റും കൊണ്ടു നിയന്ത്രിക്കാൻ ഡോക്ടർമാർ ശ്രദ്ധിക്കാറുണ്ട്. ഇതിലൂടെ മാറ്റം വന്നില്ലെങ്കിൽ തീർച്ചയായും അഡിനോയ്ഡെക്‌റ്റമി ശസ്ത്രക്രിയ വേണ്ടി വരും. ഈ ശസ്ത്രക്രിയയിലൂടെ അഡിനോയ്ഡിന്റെ വലുപ്പം കുറയ്ക്കുകയാണു ചെയ്യുന്നത്.
അനസ്തീസിയ നൽകി യാണു ശസ്ത്രക്രിയ ചെയ്യുന്നത്. മൈക്രോഡിബ്രൈഡർ, കോബ്ലേറ്റർ എന്നിങ്ങനെ പല ഉപകരണങ്ങൾ ഇതിന് ഉപയോഗിക്കാറുണ്ട്. ഏതു രീതിയിൽ ശസ്ത്രക്രിയ ചെയ്താലും രക്തസ്രാവം, ശസ്ത്രക്രിയയ്ക്കു ശേഷമുള്ള അണുബാധ എന്നിവ പ്രധാന സങ്കീർണതകളായി പ്രകടമാകാം. വേദനയും ഉണ്ടാകാം. ശസ്ത്രക്രിയ കഴിഞ്ഞ് 1–2 ദിവസം കഴിഞ്ഞാണു സാധാരണ ഡിസ്ചാർജു ചെയ്യുന്നത്.
കോബ്ലേറ്റർ എന്ന ഉപകരണം ഉപയോഗിച്ചു ശസ്ത്രക്രിയ ചെയ്യുന്നതിലൂടെ അന്നു വൈകുന്നേരം തന്നെ വീട്ടിൽ പോകാനാകും. മൈക്രോഡിബ്രൈഡർ– കോബ്ലേറ്റർ എന്നിവ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയ്ക്കു ചെലവു കൂടുതലാകാം. ശസ്ത്രക്രിയ കഴിഞ്ഞു കുട്ടിയുടെ സ്വരത്തിനു ചെറിയ വ്യത്യാസം പ്രകടമാകാം. ഇത്രയും നാൾ മൂക്കടഞ്ഞ് ഇരിക്കുകയായിരുന്നല്ലോ. അഡിനോയ്ഡ് വീണ്ടും വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതു പ്രതിരോധിക്കുന്നതിനുള്ള മരുന്നുകൾ കൂടി ശസ്ത്രക്രിയയ്ക്കു ശേഷം നൽകാം.
വിവരങ്ങൾക്കു കടപ്പാട്
ഡോ. അനീഷ് പി. അസീസ്
അസി. പ്രഫസർ
ഇഎൻടി വിഭാഗം
ഗവ. മെഡി. കോളജ് , തിരുവനന്തപുരം