പൊടിപ്പാലിൽ പഞ്ചസാര ചേർക്കരുത്.. തയാറാക്കിയ പാൽ രണ്ടു മണിക്കൂറിനുള്ളിൽ നൽകുക.. കുഞ്ഞിനു പൊടിപ്പാൽ നൽകുമ്പോൾ
കുഞ്ഞിന് ആറു മാസമാകുംവരെ മുലപ്പാൽ മാത്രമെ നൽകാൻ പാടുള്ളൂ. എന്നാൽ മുലയൂട്ടൽ സാധിക്കാത്ത ഒട്ടേറെ സന്ദർഭങ്ങളിൽ അമ്മമാർക്കു കൃത്രിമ പാൽപ്പൊടിയെ ആശ്രയിക്കേണ്ടി വരും. ഇത്തരം പാൽപ്പൊടികൾ വാങ്ങുമ്പോഴും നൽകുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിഞ്ഞിരിക്കാം.
ശുചിത്വം പ്രധാനം
പാൽപ്പൊടി ഉപയോഗിക്കും മുൻപു പൊടി കാലഹരണപ്പെട്ടതല്ല എന്നും ടിൻ നല്ല രീതിയിൽ സീൽ െചയ്തിട്ടുള്ളതാണെന്നും ഉറപ്പാക്കുക. ടിന്നിൽ പൊട്ടലോ തുരുമ്പിച്ച പാടുകളോ കാണാൻ പാടില്ല. പാൽ തയാറാക്കുന്നതിനു മുൻപു പാൽപാത്രങ്ങൾ വയ്ക്കുന്ന പ്രതലം വൃത്തിയാക്കിയതിനുശേഷം സോപ്പും ചെറുചൂടുവെള്ളവും ഉപയോഗിച്ചു കൈകൾ കഴുകുക. ചൂടുവെള്ളത്തിൽ ഇട്ടു തിളപ്പിച്ച പാത്രങ്ങൾ മാത്രം ഉപയോഗിക്കുക. പൊടിപ്പാലിൽ കലർത്താൻ സുരക്ഷിതമായ ഉറവിടത്തിൽ നിന്നുള്ള വെള്ളമേ ഉപയോഗിക്കാൻ പാടുള്ളൂ. കിണർ /പൈപ്പു വെള്ളം ഉപയോഗിക്കുകയാണെങ്കിൽ രണ്ടു മിനിറ്റു തിളപ്പിച്ചശേഷം മാത്രം വെള്ളം അളക്കുക. പാൽക്കുപ്പി ഒഴിവാക്കി ഒരു ബൗളിൽ പാലെടുത്തു സ്പൂൺ ഉപയോഗിച്ചു നൽകുക. ഗോകർണം പോലുള്ള ചെറിയ പാത്രങ്ങളും ഉപയോഗിക്കാം.
അളവും വെള്ളവും
പാൽപ്പൊടിയുടെ ടിന്നിലെ നിർദേശങ്ങളിൽ പറഞ്ഞിട്ടുളള കൃത്യമായ അളവിലുള്ള വെള്ളവും പാൽപ്പൊടിയും ഉപയോഗിക്കുക. എല്ലായ്പ്പോഴും ആദ്യം വെള്ളം അളക്കുക. തുടർന്നു പാൽപ്പൊടി ചേർക്കുക. അധികം വെള്ളം ചേർത്ത് ഒരിക്കലും പാൽ നേർപ്പിക്കരുത്. ഒരു അടച്ച പാത്രത്തിൽ ഒഴിച്ചു കുലുക്കി വേണം വെള്ളവും പൊടിയും മിശ്രിതമാക്കേണ്ടത്. പാലിൽ പഞ്ചസാരയോ മറ്റു ധാന്യങ്ങളോ ചേർക്കരുത്. ഇപ്രകാരം തയാറാക്കിയ പാൽ രണ്ടു മണിക്കൂറിനുള്ളിൽ കുഞ്ഞിനു കൊടുക്കണം. അതിനു സാധിക്കുന്നില്ലെങ്കിൽ ഉടൻ തന്നെ അതു ഫ്രിജിൽ വച്ചു 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കുക. കുഞ്ഞിനു നൽകുന്നതിനു മുൻപു പാൽ ചൂടാക്കേണ്ടതില്ല. ചെറുചൂടുള്ള വെള്ളത്തിൽ പാൽ ഒഴിച്ചുവച്ച പാത്രം രണ്ടു മിനിറ്റു വച്ചു തണുപ്പു മാറ്റിയെടുക്കാം. കൈത്തണ്ടയുെട പുറത്തു കുറച്ചു പാൽത്തുള്ളികൾ ഇട്ടുകൊണ്ടു പാലിന്റെ താപനില അളക്കാം. ഇളംചൂടു മാത്രം മതി. മൈക്രോവേവിൽ പാൽ ചൂടാക്കരുത്. കുഞ്ഞുകുടിച്ചതിനുശേഷം പാൽ അവശേഷിക്കുന്നുണ്ടെങ്കിൽ അത് ഉപേക്ഷിക്കുക. ഉപയോഗിച്ച പാത്രങ്ങൾ നന്നായി വൃത്തിയാക്കുക.
ഡോ. ജെ. സജികുമാർ
കൺസൽറ്റന്റ് പീഡിയാട്രീഷൻ
പരബ്രഹ്മ സ്പെഷാലിറ്റി ഹോസ്പിറ്റൽ, ഒാച്ചിറ