കുഞ്ഞുങ്ങൾ വളർച്ചയുടെ ഒാരോ ഘട്ടങ്ങളും കടന്നു പോകുന്നത് ഒരു സുന്ദരമായ യാത്ര പോലെ തന്നെയാണ്. അത് കണ്ടിരിക്കുക എന്നതോ അതീവ ഹൃദ്യവുമാണ്. കുഞ്ഞു പുഞ്ചിരിയിൽ തുടങ്ങി കമിഴ്ന്നും ഇരുന്നും എഴുന്നേറ്റും പിച്ച നടന്നും ജീവിതത്തിലേക്കുള്ള ഇളം ചുവടുവയ്പുകൾ അവർ ആരംഭിക്കുകയാണ്.
ജനനം മുതൽ ഒരു വയസ്സു വരെയുള്ള കാലഘട്ടത്തിൽ കുഞ്ഞിന്റെ വളർച്ചാഘട്ടങ്ങൾ വളരെ നിർണായകമാണെന്നു പറയുന്നത് തലച്ചോറിന്റെയും പേശികളുടെയും വളർച്ച ഉൾപ്പെടെ, ഭാഷയും ആശയവിനിമയവുമൊക്കെ രൂപപ്പെട്ടു വരുന്നത് ഈ കാലത്തായതിനാലാണ്. കൃത്യസമയത്തു തന്നെ വളർച്ചാ നാഴികക്കല്ലുകൾ കടന്നു പോവുക എന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യജീവിതത്തിന്റെ അടയാളം കൂടിയാണ്.
നാലു വിഭാഗങ്ങളിലായാണ് പ്രധാനമായും കുഞ്ഞിന്റെ വളർച്ചാഘട്ടങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. പേശികളുടെ വളർച്ച അഥവാ ഗ്രോസ് മോട്ടോർ സ്കിൽ ഡവലപ്മെന്റ്, കൈകാലുകളുടെയും കണ്ണിന്റെയുമൊക്കെ ഏകോപന ശേഷികൾ ഉൾപ്പെടുന്ന ഫൈൻ മോട്ടോർ സ്കിൽ ഡവലപ്മെന്റ് , അമ്മയോടും കുടുംബാംഗങ്ങളോടും മറ്റുള്ളവരോടും ഇടപഴകുന്ന, ആശയവിനിമയം നടത്തുന്ന പേഴ്സണൽ – സോഷ്യൽ ഡവലപ്മെന്റ് , സംസാരം അഥവാ ഭാഷ രൂപപ്പെടുന്ന സ്പീച്ച് ആൻഡ് ലാങ്ഗേ്വജ് ഡവലപ്മെന്റ് എന്നിവയാണവ. കുഞ്ഞിന്റെ ജനനം മുതൽ ഒരു വയസ്സുവരെയുള്ള കാലഘട്ടത്തിൽ വളർച്ച എങ്ങനെയാണ് ? ഏതെങ്കിലും നാഴികക്കല്ലുകൾ വൈകുന്നുണ്ടോ? എന്നതെല്ലാം മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. വളർച്ചാ നാഴികക്കല്ലുകൾ വൈകുന്നതായി കാണുന്നുവെങ്കിൽ ശിശുരോഗ വിദഗ്ധന്റെ അഭിപ്രായം തേടാൻ വൈകരുത്.
ഒരു വയസ്സു വരെയുള്ള കുഞ്ഞുങ്ങളുടെ വളർച്ചാ ഘട്ടങ്ങളെക്കുറിച്ച് മാതാപിതാക്കൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ വിശദമാക്കുന്നത് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ശിശുരോഗവിഭാഗം മേധാവിയായ ഡോ. ജിസ് തോമസാണ്.
വിഡിയോ കാണാം.