Saturday 23 October 2021 03:02 PM IST : By സ്വന്തം ലേഖകൻ

ഡയപ്പർ ഉപയോഗിക്കുമ്പോൾ കുഞ്ഞാവയുടെ ശരീരം ചുവന്നു തടിക്കുന്നു; ഡയപ്പർ റാഷ് വന്നാൽ ശ്രദ്ധിക്കേണ്ടത്

diaper

Q രണ്ടു വയസ്സുള്ള ആൺകുഞ്ഞിനെ രാത്രിയിൽ ഉറക്കത്തിൽ ഡയപ്പർ കെട്ടിക്കാറുണ്ട്. ചില ദിവസങ്ങളിൽ കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങൾ ചുവന്നു തടിച്ചു കാണുന്നു. ചൊറിയുന്നുമുണ്ട്. ആവർത്തിച്ചു ഡയപ്പർ റാഷ് വരുന്നത് കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ ബാധിക്കുമോ?

പൂർണിമ, കാഞ്ഞിരപ്പള്ളി

A കഴിഞ്ഞ 40 വർഷമായി, ഡയപ്പർ ഉപയോഗിച്ചാൽ കുഞ്ഞുങ്ങൾക്കു ഡയപ്പർ റാഷ് വരുമെന്നും അതിനാൽ ഡയപ്പർ ഉപയോഗിക്കരുതെന്നും പഠിപ്പിച്ചിട്ടുള്ള ആളാണു ഞാൻ. എന്നാൽ എന്റെ പേരക്കുട്ടിക്ക് അവളുടെ അച്ഛനും അമ്മയും ഡയപ്പർ ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് ഇതുവരെ പ്രശ്നം ഒന്നും ഉണ്ടാകാത്തതിനാൽ ഇന്നു കിട്ടുന്ന ഡയപ്പറുകൾക്ക് കുറച്ചുകൂടി ഗുണനിലവാരം ഉണ്ടെന്നു പറയാം. എന്നാൽ എവിടെ നനവുണ്ടോ, കാറ്റു കടക്കുന്നില്ലയോ അവിടെ പൂപ്പൽ അണുബാധയുണ്ടാകാനും ചുവന്നു തടിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടു െബഡ്ഷീറ്റിനു മുകളിൽ റബർ ഷീറ്റ് ഇട്ട് മൂത്രം ഒഴിക്കുന്ന ഭാഗത്ത് അൽപംകട്ടിയായി തുണി വയ്ക്കുന്നതാണ് ഉത്തമം. പക്ഷേ, രാത്രിയിൽ ഉണർന്ന് അതു മാറ്റുന്ന പ്രശ്നം ഉണ്ടാകും. പ്രശ്നം വന്ന സ്ഥിതിക്ക് ഒരു കാരണവശാലും ഡയപ്പർ ഉപയോഗിക്കരുത്. കട്ടിലിൽ കാൽ വയ്ക്കുന്ന ഭാഗത്തു ഫാൻ വച്ച് കുട്ടികളുടെ സ്വകാര്യഭാഗത്തു ധാരാളം കാറ്റടിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക. ശിശുരോഗവിദഗ്ധനെ കാണിച്ച് പൂപ്പലിനെതിരായ മരുന്നു പുരട്ടുക. പ്രശ്നം മാറിയാലും ഒരു മാസത്തേക്കെങ്കിലും തുടർന്നും മരുന്നുപുരട്ടുക. പൂപ്പൽ രോഗം മുത്തങ്ങ പോലെയാണ്. ഉണങ്ങിപ്പോയി എങ്കിലും അടുത്ത മഴയ്ക്കു വീണ്ടും കിളിർക്കും.

വിവരങ്ങൾക്ക് കടപ്പാട്; േഡാ. എം. കെ. സി. നായർ
വൈസ് ചാൻസലർ,
ആരോഗ്യ സർവകലാശാല,
പ്രശസ്ത ശിശുരോഗവിദഗ്ധനും മനശ്ശാസ്ത്രജ്ഞനും.
cdcmkc@gmail.co

Tags:
  • Baby Care