മക്കളുടെ സന്തോഷവും ആരോഗ്യപൂർണമായ വളർച്ചയും അമ്മക്കാര്യം മാത്രമാണെന്നു കരുതേണ്ട. സ്കൂൾ തിരക്കുകളിൽ കുട്ടിയും ഓഫിസ് ടെൻഷനിൽ അച്ഛനും മുഴുകുമ്പോൾ മക്കളുമായുള്ള ആത്മബന്ധം മുറിയാതെ കാക്കാൻ ഇതാ ചില വഴികൾ.
ഇഷ്ടങ്ങള്‍ക്കൊപ്പം നിൽക്കാം: മക്കൾ സ്കൂൾ വിട്ടു വന്നാൽ അവരോടു സംസാരിക്കാൻ സമയം കണ്ടെത്തണം. അവരുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കി അതിനൊപ്പം നിൽക്കണം. ഡാൻസിനോടു താൽപര്യമുള്ള മകനെ നിങ്ങളുടെ താൽപര്യത്തിനനുസരിച്ച് വയലിൻ ക്ലാസിനു ചേർക്കാൻ ശ്രമിക്കരുത്. ഡാൻസ് ക്ലാസ്സിലേക്കുള്ള യാത്രയിൽ മകനൊപ്പം കൂടാം. ഒഴിവുനേരങ്ങളിലെ കുട്ടികളുടെ കളികളിൽ അവർക്കൊപ്പം ചേരുക.
എന്റെയും കൂട്ടുകാർ: തന്റെ കൂട്ടുകാരുടെ പേരുകൾ പോലും ഓർത്തിരിക്കാത്ത ഗൗരവക്കാരനായ അച്ഛനെ അല്ല, തന്റെയും കൂട്ടുകാരുടെയും ഒപ്പം ചേരുന്ന അച്ഛനെയാണ് കുട്ടികൾക്കിഷ്ടം. മക്കളുടെ സുഹൃത്തുക്കൾക്കും നിങ്ങളോടു ഫ്രീയായി ഇടപെടാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. സ്വന്തം അച്ഛനെക്കുറിച്ച് കൂട്ടുകാർ വാചാലരാകുന്നത് കേൾക്കാൻ ഏത് കുട്ടിക്കാണ് ഇഷ്ടമല്ലാത്തത്?
പഠനത്തിലെ ബോറടി മാറ്റാം: കുട്ടികളെ പഠനത്തിൽ സഹായിക്കുന്നത് അമ്മമാരുടെ മാത്രം കടമയല്ല. പഠിക്കാനിരിക്കുന്ന മക്കൾക്ക് സഹായവുമായി കൂട്ടിരിക്കാം. ഹോംവർക്കിലെ സംശയങ്ങൾ തീർത്തു കൊടുത്തും പഠനം എളുപ്പമാക്കാൻ സൂത്രപണികൾ കണ്ടെത്തിയും അവരെ സഹായിക്കാം. ജോലിത്തിരക്കു മാറ്റി വച്ച് പിടിഎ മീറ്റിങ്ങുകൾക്കു പോകാനും സമയം കണ്ടെത്തണം.
ആരോഗ്യത്തിലുമൊരു കണ്ണ്: പഠനത്തിലും സൗഹൃദത്തിലും മാത്രമല്ല, മക്കളുടെ ആരോഗ്യത്തിലും അച്ഛന്റെ ശ്രദ്ധ വേ ണം. രാവിലെ മൂടിപ്പുതച്ച് ഉറങ്ങാതെ മക്കളുമൊത്ത് മോണിങ് വോക്കിന് പോയാലോ? അവർക്കൊപ്പം സൈക്കിൾ റൈഡിനോ ബാഡ്മിന്റൺ കളിക്കാനോ പോയാലോ? ആരോഗ്യമുള്ള ശരീരം നിലനിറുത്തുന്നതിനൊപ്പം മക്കളുമായി ആത്മബന്ധം സ്ഥാപിക്കാനും ഇത് സഹായിക്കും.
പാലമായി ആരും വേണ്ട: പല കുടുംബങ്ങളിലും മക്കൾക്കും അച്ഛനുമിടയിലുള്ള പാലം അമ്മയാണ്. അമ്മയുടെ മധ്യസ്ഥതയില്ലാതെ ഒരു കാര്യവും നടക്കില്ല. കൂട്ടുകാർക്കൊപ്പം പുറത്ത് പോകാൻ അച്ഛന്റെ അനുവാദം അമ്മ വാങ്ങണം. പിക്നിക് പോകാനുള്ള പണം അച്ഛൻ അമ്മയെ ഏൽപിക്കും. എന്തിനുമേതിനും അമ്മയെ മധ്യസ്ഥയാക്കുന്നത് അച്ഛനും മക്കളും തമ്മിലുളള ബന്ധത്തിന്റെ ഊഷ്മളത കുറയ്ക്കും.