Tuesday 18 January 2022 12:42 PM IST : By സ്വന്തം ലേഖകൻ

ചുണ്ടുകൾ, നെഞ്ച്, പിൻഭാഗം... നല്ല സ്പർശനവും ചീത്ത സ്പർശനവും മക്കളെ ഇങ്ങനെ പഠിപ്പിക്കണം

bad-touch

ഒരുപൂവ് വിടരുന്നതുപോലെ ശലഭം വർണച്ചിറകു വിടർത്തുംപോലെ പെൺകുഞ്ഞ് സ്ത്രീത്വത്തിലേക്ക് പരിവർത്തന പ്പെടുന്നത് മനോഹരമായ കാഴ്ചയാണ്. ആ പൂവിതളുകളിൽ പുഴുക്കുത്തുകൾ വീഴാതെ കാക്കാൻ മാതാപിതാക്കളുടെ ജാഗ്രത വേണം. അതിലേറ്റവും പ്രധാനം ശരിയായ അറിവു പകർന്നുകൊടുക്കലാണ്. ഒാരോ പ്രായത്തിലും ജീവിതത്തിലെ ഒാരോ വഴിത്തിരിവിലും സ്വയംസുരക്ഷിതയായി ജീവിക്കാൻ അതവളെ പ്രാപ്തയാക്കും. അറിവിന്റെ വിരൽത്തുമ്പ് പിടിച്ച് തെറ്റുകളിൽ നിന്ന് അവൾ അകന്നു നിൽക്കും. അതിനു സഹായിക്കുന്ന ചില സാധാരണ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ചുവടെ. അമ്മമാർ മക്കളോടൊപ്പമിരുന്ന് ഇത് വായിക്കുമല്ലൊ.

Qഎപ്പോൾ മുതലാണ് കുട്ടികൾക്ക് ലൈംഗികവിദ്യാഭ്യാസം നൽകി തുടങ്ങേണ്ടത്?

Aലൈംഗികതയോടു മുഖം തിരിക്കുന്ന ഒരു സമൂഹമാണ് നമ്മളുടേത്. െെലംഗികമായ അറിവു സുഹൃത്തുക്കളില്‍ നിന്നോ പുസ്തകങ്ങളില്‍ നിന്നോ മാത്രം ലഭിക്കേണ്ട ഒന്നാണ് എന്ന തെറ്റിദ്ധാരണ വച്ചുപുലര്‍ത്തുന്നവരാണ് ഒട്ടുമിക്ക മാതാപിതാക്കളും. അതിനാലാണ് സെക്സ് സംബന്ധിച്ച് ഏറെ അബദ്ധധാരണകൾ നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കുന്നത്.

ഏകദേശം അഞ്ചു വയസ്സ് തൊ ട്ട് കുഞ്ഞുങ്ങള്‍ ആണ്‍പെണ്‍ വ്യത്യാസം തിരിച്ചറിയുന്നു. വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും കളിക്കുന്ന രീതികളിലും ഉള്ള വ്യത്യാസങ്ങളാണ് ഇതിനു കുട്ടികളെ സഹായിക്കുന്നത്. ഈ സമയം തുടങ്ങി സ്വന്തം ലൈംഗിക അവയവങ്ങളെ കുറിച്ചും മറ്റു കുട്ടികളുടേതിനെ കുറിച്ചുമെല്ലാം ചോദ്യങ്ങൾ ഉണ്ടാകാം. അത് സ്വാഭാവികമാണ്. കുട്ടി ഇത്തരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യപ്പെടുകയോ അസ്വസ്ഥരാവുകയോ അല്ല ചെയ്യേണ്ടത്.

ചോദ്യങ്ങൾക്ക് എപ്പോഴും പ്രായത്തിന് അനുസരിച്ചുള്ള ഉത്തരം നൽകുക. അമിതമായി വിശദാംശങ്ങൾ നൽകുന്നതും ഒന്നും പറഞ്ഞുകൊടുക്കാതിരിക്കുന്നതും ഒരേപോലെ ദോഷമാണ്.

Qനല്ല സ്പർശനത്തെക്കുറിച്ചും ചീത്ത സ്പർശനത്തെ കുറിച്ചും ഏതു പ്രായത്തിൽ പറഞ്ഞുകൊടുക്കണം?

Aകുട്ടിക്ക് മൂന്നു വയസ്സാകുമ്പോൾ മുതൽ നല്ല സ്പർശനവും ചീത്ത സ്പർശനവും തിരിച്ചറിയാൻ പഠിപ്പിച്ചു കൊടുക്കാം. ശാരീരിക ചൂഷണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ഇതു സഹായിക്കും. ഒരു പാവയെ കാണിച്ച് ലളിതമായി പറഞ്ഞുകൊടുക്കാം. പാവയുടെ മുഖം ത്രികോണത്തിന്റെ മുകളറ്റവും കാൽമുട്ട് ത്രികോണത്തിന്റെ താഴ്ഭാഗവും ആണെന്നു കരുതുക. ത്രികോണത്തിന്റെ ഉള്ളിൽ വരുന്ന ഭാഗങ്ങളിൽ (ചുണ്ടുകള്‍, നെഞ്ച്, കാലിനിടയില്‍ ഉള്ള ഭാഗം, പിന്‍വശം) തൊടാനോ തലോടാനോ സമ്മതിക്കരുത്. അത് ചീത്ത സ്പർശനമാണ് എന്നു പറഞ്ഞു മനസ്സിലാക്കിക്കുക. തല്ലുന്നതുപോലെയോ ഇടിക്കുന്നതുപോലെയോ വേദനിപ്പിക്കുന്ന ഒരു കാര്യമാണ് അതെന്നു പറയുക.

കുളിപ്പിക്കുമ്പോള്‍ അമ്മമാരല്ലാതെ ആരെങ്കിലും ഇതിനു ശ്രമിച്ചാല്‍ മാതാപിതാക്കളോടോ ടീച്ചറോടോ ഈ വിവരം ഉടന്‍ തന്നെ അറിയിക്കുക എന്നതും കുട്ടിയെ ധരിപ്പിക്കുക. ചെയ്യരുതാത്തവയെ കുറിച്ച് കുട്ടികളോട് പറയുമ്പോൾ എപ്പോഴും ഒരൊറ്റ അടിസ്ഥാന നിയമം വയ്ക്കുക. ഈ അങ്കിളാണെങ്കിൽ കുഴപ്പമില്ല, ആ അങ്കിളാണെങ്കിൽ വേണ്ട എന്നിങ്ങനെയുള്ള തരംതിരിവുകൾ ഈ പ്രായത്തിൽ കുട്ടികൾക്ക് മനസ്സിലാകണമെന്നില്ല.

മൂന്നു നാലു വയസ്സുള്ള കുട്ടികൾക്ക് ശാസ്ത്രീയ വിവരണങ്ങൾ നൽകുന്നതിലും നല്ലത് ഒരു കഥ പോലെ പറഞ്ഞുകൊടുക്കുന്നതാണ്. ഞാനെങ്ങനെയാണ് ഉണ്ടായത് എന്നു ചോദിക്കുമ്പോൾ പുളിങ്കുരു കൊടുത്തു വാങ്ങിച്ചതാണ് എന്ന മട്ടിലുള്ള കഥകളല്ല, കാര്യമുള്ള കഥകൾ.

Qഞാനെങ്ങനെയാണ് ഉണ്ടായത് എന്ന് 4 വയസ്സുകാരി ചോദിക്കുന്നു. എന്ത് മറുപടി കൊടുക്കണം?.

A അമ്മയുടെ വയറ്റിൽ ഗർഭപാത്രം എന്നൊരു അറയുണ്ട്. അതിൽ 10 മാസം മോളെ കൊണ്ടുനടന്നു. മോൾ വലുതായി കഴിഞ്ഞ് പുറത്തെടുത്തു എന്നു പറഞ്ഞുകൊടുക്കാം. കുട്ടിയുടെ പ്രായത്തിന് അനുസരിച്ചുള്ള വിശദാംശങ്ങൾ കൂട്ടിച്ചേർക്കാം.

Qകുട്ടി ഇടയ്ക്ക് ലൈംഗിക അവയവങ്ങളെ സ്പർശിക്കുന്നതായി കാണുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ?

Aചെറിയ പ്രായത്തിൽ പ്രായത്തില്‍ ശരീരാവയവങ്ങളോട് ജിജ്ഞാസ വര്‍ധിക്കുകയും ലൈംഗിക അവയവങ്ങളില്‍ തൊടുന്നതും മറ്റും തികച്ചും സ്വാഭാവികമാണ്. ഇതൊക്കെ കണ്ട് ഒരിക്കലും ബഹളം വയ്ക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യരുത്. അങ്ങനെ ചെയ്താൽ താൻ എന്തോ വലിയ തെറ്റ് ചെയ്തു എന്നാകും കുട്ടി കരുതുക. ആ പ്രവൃത്തിയെ ശ്രദ്ധിച്ചതായി പോലും ഭാവിക്കരുത്. പകരം അങ്ങനെ ചെയ്യുന്ന സമയത്ത് കുട്ടിയുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് തിരിച്ചുവിടുക.

Qഅപരിചിതരോടുള്ള കൊച്ചുകുട്ടികളുടെ അടുപ്പത്തിന് എത്ര അതിർവരമ്പ് വയ്ക്കണം?

A അച്ഛന്റെയും അമ്മയുടെയും സാന്നിധ്യത്തിൽ മാത്രം അപരിചിതരോട് ഇടപഴകാൻ അനുവദിക്കുക. കുട്ടിയെ ഉമ്മ വയ്ക്കുക, മടിയില്‍ ഇരുത്തുക എന്ന രീതികളെയൊക്കെ നിരുത്സാഹപ്പെടുത്തുക. വീട്ടിൽ വരുന്നത് എത്ര അടുത്ത ബന്ധത്തിൽ പെട്ട സന്ദർശകരായാലും അപ്രകാരം പെരുമാറാൻ കുട്ടിയെ നിർബന്ധിക്കുകയുമരുത്.

Qഅച്ഛനും അമ്മയും തമ്മിലുള്ള ലൈംഗികബന്ധം കുട്ടി അബദ്ധവശാൽ കണ്ടുപോയി. എന്തു ചെയ്യണം?

Aകുട്ടികള്‍ കൂടെയുള്ളപ്പോള്‍ െെലംഗികബന്ധത്തിന്റെ കാര്യത്തിൽ മാതാപിതാക്കള്‍ അതീവ ശ്രദ്ധ പാലിക്കണം. അഥവാ അബദ്ധം പറ്റി കുട്ടി കണ്ടുപോയാലും പരിഭ്രാന്തരാകുകയോ കുട്ടിയുടെ നേരേ ഒച്ചയിടുകയോ വഴക്കുപറയുകയോ ചെയ്യരുത്. സാധാരണ രീതിയിൽ പെരുമാറുക. ചെറിയ കുട്ടി അതിനേക്കുറിച്ചു ചോദിച്ചാൽ അതത്ര വലിയ കാര്യമൊന്നുമല്ല, ഒരു കളിയായിരുന്നു എന്ന രീതിയിൽ പറയാം. മാതാപിതാക്കൾ തമ്മിലുള്ള വഴക്കാണെന്നു വിചാരിച്ച് ചില കുട്ടികൾ സങ്കടപ്പെടാം. അങ്ങനെയല്ല അച്ഛനും അമ്മയും തമ്മിലുള്ള സ്നേഹപ്രകടനം ആയിരുന്നെന്നു പറയാം. ചില കുട്ടികൾക്ക് ഇത്തരം കാഴ്ചകൾ വലിയ ഷോക്ക് ആകാം. കുട്ടി ഷോക്കിലാണ് എന്നു തോന്നിയാൽ ഒരു മനശ്ശാസ്ത്ര വിദഗ്ധന്റെ സഹായം തേടുന്നതാകും ഉചിതം.

ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ അഞ്ചു വയസ്സിനുശേഷം കുട്ടികളെ ഒറ്റയ്ക്കു കിടന്നുറങ്ങാന്‍ പ്രോത്സാഹിപ്പിക്കുക. ആദ്യം മുറിയിൽ തന്നെ മറ്റൊരു കട്ടിലിൽ കിടത്തിയിട്ട് പതിയെ വേറെ മുറിയിലേക്ക് മാറ്റാം. പെട്ടെന്നുള്ള മാറ്റിക്കിടത്തൽ സങ്കടമാകാതിരിക്കാൻ ഒരു പാവയോ ടെഡി ബെയറോ തലയിണയോ കൂട്ട് നൽകാം. രാത്രി കുട്ടി അതു കെട്ടിപ്പിടിച്ചു കിടന്നുറങ്ങിക്കൊള്ളും.

Qകുട്ടിയുടെ മുൻപിൽ വച്ച് അച്ഛനും അമ്മയും ലൈംഗിക ചുവയില്ലാത്ത സ്നേഹപ്രകടനങ്ങൾ നടത്തുന്നത് തെറ്റാണോ?

A അതിൽ തെറ്റൊന്നുമില്ല. മാതാപിതാക്കള്‍ തമ്മിലുള്ള െെലംഗികച്ചുവയില്ലാത്ത സ്നേഹപ്രകടനങ്ങള്‍ക്ക് സാക്ഷിയാകുന്നതു വഴി കുട്ടികള്‍ക്കു ഭാവിയില്‍ ബന്ധങ്ങളുടെ മൂല്യങ്ങള്‍ മനസ്സിലാക്കാൻ സാധിക്കുന്നു. ദാമ്പത്യത്തിൽ ഇണകൾ തമ്മിൽ എങ്ങനെ സ്നേഹത്തോടെ പെരുമാറണമെന്നുള്ളതിന് മാതൃകയുമാകും.

Qബലാത്സംഗം, പീഡനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള കൊച്ചുകുട്ടികളുടെ സംശയങ്ങൾക്ക് എന്തു മറുപടി നൽകണം?

A ഒരു ദിവസം 90 പെൺകുട്ടികൾ റേപ്പ് ചെയ്യപ്പെടുന്നുവെന്നാണ് 2017–ലെ ഇന്ത്യയിലെ കണക്ക്. അതുകൊണ്ട് ഇത്തരം വാർത്തകൾ ഒരു അവസരമാണ്. പെൺകുട്ടികളോട് സ്വയം സുരക്ഷയെക്കുറിച്ച് പറഞ്ഞുകൊടുക്കാനുള്ള അവസരം. പ്രായത്തിന് അനുസൃതമായ രീതിയില്‍ അവരുടെ ആകാംക്ഷ നിറഞ്ഞ സംശയങ്ങള്‍ക്ക് (ഉദാ: പീഢനം, ബലാല്‍സംഗം) ഉത്തരം പറയുക. കൊച്ചുകുട്ടികളാണെങ്കിൽ ഇതുപോലെയുള്ള സന്ദര്‍ഭങ്ങളില്‍ നല്ല സ്പര്‍ശനം, ചീത്ത സ്പര്‍ശനം എന്നിവയെപ്പറ്റി ആവര്‍ത്തിക്കുക, മുതിർന്ന പെൺകുട്ടികളോട് സമൂഹത്തിലുള്ള ചതിക്കെണികളെ കുറിച്ച് സംസാരിക്കുക. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കരുത് എന്നു പറയുക.

Qമകൾക്ക് 12 വയസ്സ്. അവൾക്ക് എന്തൊക്കെ കാര്യങ്ങളാണ് ഈ പ്രായത്തിൽ പറഞ്ഞുകൊടുക്കേണ്ടത്?.

A12–17 പ്രായത്തില്‍ െെലംഗികതയെ പറ്റിയും പ്രത്യുല്‍പാദനത്തിനെ പറ്റിയും ഉള്ള അടിസ്ഥാന വിദ്യാഭ്യാസം കുട്ടികള്‍ക്കു സ്കൂളില്‍ നിന്നുതന്നെ ലഭിച്ചിട്ടുണ്ടാകും. അനുദിനം മാറുന്ന ശാരീരികായവങ്ങളും മാനസികാവസ്ഥയും ലൈംഗികതയെപ്പറ്റി കുട്ടികളെ കൂടുതല്‍ ജിജ്ഞാസുക്കള്‍ ആക്കാറുണ്ട്. അമ്മമാര്‍ ആര്‍ത്തവത്തെയും ആര്‍ത്തവശുചിത്വത്തെയും, മാറിവരുന്ന ശാരീരിക അവസ്ഥയെയും പറ്റി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. ഇതിനെപ്പറ്റി വ്യക്തമായ ഒരു ധാരണ അമ്മമാര്‍ക്ക് ഉണ്ടായാലേ പറഞ്ഞുകൊടുക്കാനാകൂ. അങ്ങനെ പറഞ്ഞുകൊടുക്കാനുള്ള അറിവില്ലെങ്കിൽ കുട്ടിയുടെ ടീച്ചറിന്റെ സഹായം തേടാം. അല്ലെങ്കിൽ ഒരു ഡോക്ടറുടെ സഹായവും തേടാം. ശരിയായ വിവരങ്ങൾ പകർന്നുകൊടുക്കുക എന്നത് പ്രധാനമാണ്.

Qആർത്തവമായ പെൺകുട്ടിയോട് ഗർഭധാരണത്തിന്റെ സാധ്യതയെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നത് അധിക വിവരം നൽകലാകുമോ?

Aഒരിക്കലുമില്ല. തീർച്ചയായും പറഞ്ഞുകൊടുക്കുകയാണ് വേണ്ടത്. ആർത്തവം എന്നത് അമ്മയാകാനുള്ള ശരീരത്തിന്റെ മുന്നൊരുക്കമാണെന്നും ഈ ഘട്ടമെത്തുന്നതോടെ ശരീരം പ്രത്യുൽപാദനക്ഷമമായ അവസ്ഥയിലാണെന്നും മനസ്സിലാക്കി കൊടുക്കുക. ലൈംഗികമായി പ്രവർത്തികളിൽ ഏർപ്പെടുന്നത് ഗർഭധാരണത്തിന് ഇടയാക്കിയേക്കാമെന്നും പറയുക. വിവാഹത്തിനു മുൻപുള്ള ലൈംഗികബന്ധത്തിന്റെ വരുംവരായ്കകളെ കുറിച്ചും സാമൂഹിക വീക്ഷണത്തെക്കുറിച്ചും സംസാരിക്കാം.

Qലൈംഗികതയെക്കുറിച്ചുള്ള മിഥ്യാധാരണകളെക്കുറിച്ച് പറഞ്ഞു കൊടുക്കണോ?

Aഉമ്മ വച്ചാൽ ഗർഭിണി ആകുമോ, ആൺകുട്ടികൾ കുളിക്കുന്ന പുഴയിൽ കുളിച്ചാൽ ഗർഭിണിയാകും എന്ന മട്ടിലുള്ള തെറ്റിധാരണകൾ ഇന്നത്തെ പെൺകുട്ടികൾക്ക് കുറവാണ്. ഇത്തരം കാര്യങ്ങളിൽ യാതൊരു ശാസ്ത്രീയത ഇല്ലെന്നു കുട്ടിയോടു പറയുക. ലിംഗ–യോനി സംയോജനം നടന്നാലേ ഗർഭിണി ആവുകയുള്ളു. പക്ഷേ, ചുംബനം വഴി ഉമിനീർ കലർന്ന് എച്ച് ഐ വി പോലുള്ള ലൈംഗികരോഗങ്ങൾ പകരാനുള്ള സാധ്യത ഉണ്ടെന്നു കൂടി പറഞ്ഞുകൊടുക്കണം.

Qസ്തനത്തിനു വലുപ്പം കുറവാണെന്ന മനോവിഷമത്തിലാണ് മകൾ. എന്തു ചെയ്യണം?

Aസ്തനവലിപ്പവും സ്തനവളര്‍ച്ചയും ആര്‍ത്തവവും ഒരോരുത്തരിലും വ്യത്യസ്തമാണ്. ഏറിയ പങ്കും അക്കാര്യം ജനിതകമായി തീരുമാനിക്കപ്പെടുന്നു. അതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. ശരീരപുഷ്ടി ഉണ്ടാകുന്നതിന് ആനുപാതികമായി സ്തനവലുപ്പവും വർധിക്കും. ശാരീരിക ഘടനയോ സ്തനവലിപ്പമോ വച്ച് അന്യോന്യം കളിയാക്കരുതെന്ന തിരിച്ചറിവു കുട്ടികള്‍ക്കു പകര്‍ന്നുനല്‍കണം. ഇതൊക്കെ പറഞ്ഞിട്ടും കുട്ടി വലിയ മാനസിക വിഷമത്തിലാണെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിന്റെ അടുക്കൽ പോയി സംശയനിവാരണം വരുത്താം. ആവശ്യമെങ്കിൽ കൗൺസലിങ്ങ് സഹായവും തേടണം.

Qഈയടുത്ത് മകൾ കാമുകനുമായി ലൈംഗികചുവ കലർന്ന രീതിയിൽ സംസാരിക്കുന്നത് കേട്ടു. ഇതു തെറ്റാണെന്ന് എങ്ങനെ പറഞ്ഞുകൊടുക്കാം?

Aദേഷ്യപ്പെട്ടതുകൊണ്ടോ രണ്ട് തല്ലു കൊടുത്ത് ഫോൺ വാങ്ങിവച്ചതുകൊണ്ടോ പ്രശ്നത്തിന് പരിഹാരമാകില്ല. പകരം ഉദാഹരണ സഹിതം െെലംഗികച്ചുവയുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും െെകമാറുന്നതിന്റെ സാമൂഹ്യവിപത്തിനെ പറ്റി കുട്ടികളോട് വിവരിക്കുക. ഇത്തരം സംഭാഷണങ്ങൾ റെക്കോഡ് ചെയ്ത് വയ്ക്കപ്പെടാമെന്നും ഭാവിയിൽ ബ്ലാക്ക് മെയിലിങ്ങിന് ഉപയോഗിച്ചേക്കാമെന്നും സൂചിപ്പിക്കുക. അത്തരം വാർത്തകൾ കാണുമ്പോൾ കുട്ടിയുടെ ശ്രദ്ധയിലും പെടുത്തുക. മാതാപിതാക്കൾ പറഞ്ഞിട്ടു കാര്യമില്ലെങ്കിൽ കുട്ടി ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മറ്റേതെങ്കിലും മുതിർന്ന ആളുടെ സഹായം തേടുക. സംസാരം നിർത്താനാവാത്ത രീതിയിൽ അഡി‌ക്‌ഷനായിട്ടുണ്ടെങ്കിൽ വിദഗ്ധ സഹായം തേടാൻ മടിക്കേണ്ടതില്ല.

Qയോനീസ്രവങ്ങളെക്കുറിച്ച് എന്തൊക്കെ ശ്രദ്ധിക്കണ?

Aസാധാരണ സുതാര്യവും ഗന്ധമില്ലാത്തതുമാകും യോനീസ്രവം. മങ്ങിയ വെളുപ്പുനിറത്തിലായിരിക്കും അസുഖങ്ങളൊന്നും ഇല്ലാത്ത അവസ്ഥയില്‍ കാണുക. ഇതില്‍ വ്യത്യാസമുണ്ടാകുന്നത് പലപ്പോഴും പലതരത്തിലുള്ള അനാരോഗ്യസൂചനകള്‍ നല്‍കുന്നു. സാധാരണയില്‍ കൂടുതല്‍ കട്ടിയും പശിമയുമുണ്ടാകുന്നത് അണ്ഡോല്‍പാദനത്തിനെ സൂചിപ്പിക്കുന്നു. രണ്ടു വിരലുകള്‍ ചേര്‍ത്തു പിടിച്ചാല്‍ കൂടുതല്‍ വലിയുന്ന രീതിയിലായിരിക്കും അത്. അണ്ഡവിസർജനത്തിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ ഇതു െവള്ളം പോലെയും ഒാവുലേഷന്‍ നടക്കുമ്പോള്‍ കൂടുതല്‍ കട്ടിയുള്ളതും ആകുന്നു.

Qയോനീസ്രവത്തിലെ നിറവ്യത്യാസങ്ങളിലൂടെ അണു ബാധ തിരിച്ചറിയാൻ കഴിയുമോ?

Aതീർച്ചയായും. സ്രവത്തിന്റെ നിറം, ഗന്ധം എന്നിവയെല്ലാം അണുബാധയുടെ സൂചനയാകാം.

∙ വെളുപ്പ്, മഞ്ഞ, ചാര നിറങ്ങളിലുള്ള സ്രവം ബാക്ടീരിയല്‍ വജൈനോസിസ് എന്ന രോഗം കാരണമാകാം.

∙കട്ടി കൂടിയ വെളുത്ത നിറമോ, െെതരുപോലെയുള്ള സ്രവമാണെങ്കില്‍ യീസ്റ്റ് അണുബാധയാകാം.

∙പച്ചയോ, പച്ചകലര്‍ന്ന മഞ്ഞനിറത്തിലോ ഉള്ള സ്രവം െെട്രകോമോണിയാസിസ് രോഗലക്ഷണമാണ്.

∙ യോനീസ്രാവത്തിന് ദുര്‍ഗന്ധമോ ചൊറിച്ചിലോ ഉണ്ടെങ്കിലും അണുബാധ സംശയിക്കാം.

Qസ്വകാര്യഭാഗങ്ങളിലെ നിറംമാറ്റം–കറുപ്പ് എന്നിവ എന്തുകൊണ്ടാണ് വരുന്നത്?

Aസ്വകാര്യഭാഗത്തെ കറുപ്പുനിറത്തിന് പ്രധാന കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്. സാധാരണയായി ഗര്‍ഭാവസ്ഥയിലും പ്രസവശേഷവുമെല്ലാം ഈ ഭാഗത്ത ഇരുണ്ടനിറം അധികരിക്കുന്നു. എന്നാല്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാേയക്കാം ഇത്തരത്തിലുള്ള നിറവ്യത്യാസം. ഉദാഹരണമായി പ്രമേഹരോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാകാം. െെവറ്റമിന്‍ കുറവുകളും ഭാരക്കൂടുതല്‍, അടിക്കടി ചെയ്യുന്ന ഷേവിങ്, സിന്തറ്റിക് അടിവസ്ത്രങ്ങളോടുള്ള അലര്‍ജി, പോളിസിസ്റ്റിക് ഒാവറി എന്നിവയുമാകാം കറുപ്പുനിറത്തിനു കാരണങ്ങള്‍.

Qലൈംഗികതയിലൂടെ പകരുന്ന രോഗങ്ങൾ ഏതൊക്കെ?.

A എച്ച്ഐവി, സിഫിലിസ് ഉൾപ്പെടെ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ ഒട്ടേറെയുണ്ട്. ഒന്നിലധികം പങ്കാളികൾ ഉള്ളതും ഉറ പോലുള്ള സുരക്ഷിത മാർഗങ്ങൾ ഉപയോഗിക്കാതെ അപരിചിതരുമായി ബന്ധപ്പെടുന്നതും രോഗസാധ്യത വർധിപ്പിക്കുന്നു. രക്തം, ശുക്ലം, പ്രീസെമിനല്‍ സ്രവം, മലാശയത്തില്‍ നിന്നുള്ള ദ്രാവകങ്ങള്‍, യോനീസ്രവങ്ങള്‍, മുലപ്പാല്‍ എന്നിവയിലൂടെ എച്ച് ഐവി പകരാം. സാധാരണ ചുംബനത്തിലൂടെയോ ഹസ്തദാനത്തിലൂടെയോ കെട്ടിപ്പിടിത്തത്തിലൂടെയോ ഭക്ഷണം പങ്കുവയ്ക്കുന്നതിലൂടെയോ ലൈംഗികരോഗങ്ങൾ പകരാൻ സാധ്യതയില്ല.

Qസെൽഫി എടുത്ത് പോസ്റ്റ് ചെയ്യുന്നത് കുട്ടിക്ക് ഹരമാണ്. നവമാധ്യമങ്ങളിലൂടെ ചിത്രങ്ങൾ മോശമായി പ്രചരിപ്പിക്കുന്നതിനെ കുറിച്ച് കേട്ടതിൽ പിന്നെ ഭയമാണ്?

A സെൽഫി എടുക്കുന്നതിലോ പോസ്റ്റ് ചെയ്യുന്നതിലോ തടയേണ്ട കാര്യമില്ല. പക്ഷേ, ഏതുതരം സെൽഫി പോസ്റ്റ് ചെയ്യാം എന്നതിനെ കുറിച്ച് വ്യക്തമായി പറഞ്ഞുകൊടുക്കണം. എതിർലിംഗത്തിലുള്ളവരുമായി അടുത്തിട് ഇടപഴകുന്ന തരം ചിത്രങ്ങൾ, അർധനഗ്ന സെൽഫികൾ എന്നിവ നിരുത്സാഹപ്പെടുത്തണം. സെൽഫി എടുക്കുമ്പോൾ പശ്ചാത്തലവും ശ്രദ്ധിക്കാൻ പറയണം. ട്രയൽ റൂമുകൾ പോലെ കണ്ണാടി പശ്ചാത്തലമായുള്ളവ, ബെഡ് റൂമിൽ നിന്നോ ബാത് റൂമിൽ നിന്നോ ഉള്ള സെൽഫികൾ എന്നിവയും ചിലപ്പോൾ ഉദ്ദേശിക്കാത്ത രീതിയിലുള്ള അപകടങ്ങൾക്ക് കാരണമാകാം. സോഷ്യൽ മീഡിയ വഴി നഗ്നത പ്രദര്‍ശിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍, െെലംഗികച്ചുവയുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും െെകമാറുന്നതിന്റെ സാമൂഹ്യവിപത്തിനെ പറ്റി കുട്ടികളോട് വിവരിക്കുക. അത്തരത്തില്‍ ആരെങ്കിലും നിര്‍ബന്ധിക്കുന്നെങ്കില്‍ അതേക്കുറിച്ചു രക്ഷിതാക്കളോടു െെധര്യമായി സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുക.

Qകുട്ടി സ്വയംഭോഗം ചെയ്യുന്നത് കണ്ടാൽ എങ്ങനെ പ്രതികരിക്കണം?.

A സ്വയംഭോഗം പാപമാണെന്ന് ചിലരെങ്കിലും ധരിച്ചുവച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തരം സന്ദർഭത്തെ സമചിത്തതയോടെ കൈകാര്യം ചെയ്തെന്നു വരില്ല. കുട്ടിയുടെ മനസ്സ് മുറിപ്പെടുത്തുന്ന രീതിയിൽ അവഹേളിച്ച് സംസാരിക്കുന്നതോ പാപമാണെന്ന് ഭയപ്പെടുത്തുന്നതോ ശരിയല്ല. ഇതൊരു തെറ്റല്ല എന്ന് ആദ്യം മനസ്സിലാക്കുക. ലോകാരോഗ്യസംഘടന (WHO) പറയുന്നതു പ്രകാരം സ്വയംഭോഗം ഏറ്റവും സുരക്ഷിതമായ ഒരു െെലംഗികപ്രവൃത്തിയാണ്. ഇതുകൊണ്ടു മറ്റൊരാളിന് ഉപദ്രവമുണ്ടാകുന്നില്ല, ഗര്‍ഭധാരണം ഉണ്ടാകുന്നില്ല, െെലംഗികരോഗങ്ങള്‍ പകരാനുള്ള സാധ്യതയും കുറവാണ്.

ഇത് പ്രശ്നമാകുന്നത് അമിതമാകുമ്പോഴോ അനാരോഗ്യകരമാകുമ്പോഴോ ആണ്. പ്രത്യേകിച്ച് പെൺകുട്ടികൾ അണുബാധയെ സൂക്ഷിക്കണം. എന്തെങ്കിലും വസ്തുക്കൾ കടത്തി സ്വയംഭോഗം ചെയ്യുന്നത് അപകടമുണ്ടാക്കാം.

സ്വയംഭോഗത്തിനു ശേഷം വെള്ളം ഉപയോഗിച്ചു സ്വകാര്യഭാഗങ്ങള്‍ കഴുകണമെന്നും െെലംഗികാവയവങ്ങള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അണുബാധയ്ക്ക് സാധ്യതയുണ്ടെന്നും കുട്ടി അറിഞ്ഞിരിക്കണം. സ്വകാര്യഭാഗങ്ങളില്‍ ചൊറിച്ചില്‍, നീറ്റല്‍, മൂത്രകടച്ചില്‍, സാധാരണയല്ലാത്ത വിധത്തിലുള്ള യോനീസ്രവം എന്നിവയാണു അണുബാധയുടെ ലക്ഷണങ്ങള്‍. ഇവ കണ്ടാൽ എത്രയും വേഗം ഡോക്ടറെ കണ്ടു പ്രതിവിധി തേടുക. ആര്‍ത്തവസമയത്തു സ്വയംഭോഗം ഒഴിവാക്കുന്നതാണ് നല്ലതെന്നു പറഞ്ഞുകൊടുക്കാം.

Qകുട്ടികൾ ലൈംഗികചൂഷണത്തിന് ഇരയായോ എന്ന് എങ്ങനെ തിരിച്ചറിയാം?

A വീണ്ടും വീണ്ടും വരുന്ന ശാരീരിക പ്രശ്നങ്ങള്‍, (വയറുവേദന, മൂത്രാശയ സംബന്ധമായ പ്രശ്നങ്ങള്‍), മാനസ്സിക പ്രശ്നങ്ങള്‍ (ദേഷ്യം, കരച്ചില്‍, ഉള്‍വലിയല്‍, പഠനത്തില്‍ പിന്നോക്കാവസ്ഥ) എന്നിവ, പ്രത്യേകിച്ചും പെട്ടെന്നു തുടങ്ങിയാല്‍ രക്ഷകര്‍ത്താക്കള്‍ നല്ലവണ്ണം ശ്രദ്ധിക്കണം. തീരെ ദേഷ്യപ്പെടാതെ, ഒരു സൃഹൃത്തിനോടെന്നപോലെ ഈ പ്രവര്‍ത്തികള്‍ എവിടെ നിന്നു കേട്ടു, ആരെങ്കിലും കുട്ടിയെ മോശപ്പെട്ട രീതിയില്‍ സ്പര്‍ശിച്ചിട്ടുണ്ടോ, െെലംഗിക സ്വഭാവമുള്ള ചിത്രങ്ങളോ, വീഡിയോകളോ കാണിച്ചിട്ടുണ്ടോ എന്ന് ആരായുക. കുട്ടിക്ക് ഉടനെ െെവദ്യസഹായം ഉറപ്പുവരുത്തുക.

അമിതമായ െെലംഗിക പ്രവര്‍ത്തികളും (ഉദാ: വീണ്ടും വീണ്ടും ഉള്ള സ്വയംഭോഗം, െെലംഗികച്ചുവയുള്ള സംഭാഷണം, പൊതുസ്ഥലങ്ങളില്‍ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുക) എന്നിവ കണ്ടാലും വിദഗ്ധ സഹായം തേടണം.

വിവരങ്ങൾക്ക് കടപ്പാട്;

1. ഡോ. മിനു ജയൻ
കൺസൽറ്റന്റ്
സൈക്യാട്രിസ്റ്റ്
മേയ്ത്ര ഹോസ്പിറ്റൽ
കോഴിക്കോട്

2. ഡോ. രേഷ്മ റഷീദ്
കൺസൽറ്റന്റ്
ഗൈനക്കോളജിസ്റ്റ്
മേയ്ത്ര ഹോസ്പിറ്റൽ