അർധരാത്രിയോ പുലർച്ചെയോ കുഞ്ഞ് നിർത്താതെ കരയുന്നത് അവഗണിക്കേണ്ട. ചെവിവേദനയോ വയറിൽ ഗ്യാസ് കെട്ടിക്കിടക്കുന്നതോ ആകാം കാരണം. ചെറിയ കുഞ്ഞുങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകളുടെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞു വേണ്ട കരുതൽ നൽകാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...
രാത്രിയിൽ കരയുന്നത്
ചെറിയ കുഞ്ഞുങ്ങൾ പല കാരണങ്ങൾ കൊണ്ടു രാത്രിയിൽ കരയാം. വയർ നിറയെ പാലൂട്ടിയിട്ടും കുഞ്ഞ് കരയുന്നുണ്ടെങ്കിൽ ഗ്യാസ് കെട്ടിക്കിടക്കുന്നതു മൂലമുള്ള വയറുവേദനയാകാം കാരണം. അമ്മയുടെ ഭക്ഷണത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടാകുമ്പോൾ കുട്ടിയുടെ വയറിന് അസ്വസ്ഥത തോന്നാം. കൂർക്ക പോലെ ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണ പദാർഥങ്ങൾ അമ്മ കഴിച്ചാൽ കുട്ടിക്കും പ്രശ്നമുണ്ടാകും.
പനിയോ ജലദോഷമോ മൂലം മൂക്കടഞ്ഞിരുന്നാലുള്ള അ സ്വസ്ഥതയിലും കുഞ്ഞുങ്ങൾ കരയാറുണ്ട്. ഇത്തരം അവസ്ഥയിൽ കുഞ്ഞിനു പാൽ വലിച്ചു കുടിക്കാൻ ബുദ്ധിമുട്ടുണ്ടാകും. കുഞ്ഞിനു മൂക്കടപ്പ് കാരണമുള്ള ബുദ്ധിമുട്ടാണെങ്കിൽ സലൈൻ വാട്ടർ മൂക്കിലൊഴിക്കാം. ചെറിയ തോതിൽ ആവി പിടിക്കുന്നതും നല്ലതാണ്. മുതിർന്നവർ ആവി പിടിക്കുന്നതു പോലെ കുഞ്ഞുങ്ങളെ നേരിട്ട് ആവി പിടിപ്പിക്കുകയല്ല വേണ്ടത്. കൈ കൊണ്ട് വീശി ചെറുതായി ആവി മൂക്കിന്റെ ഭാഗത്തേക്ക് വിടുക. ഇത് കുഞ്ഞിന് ആശ്വാസമേകും.
ചെവിവേദന
കൂടുതലും പുലർച്ചെയാണു ചെറിയ കുട്ടികൾ ചെവിവേദന മൂലമുള്ള അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നത്. ജലദോഷമുള്ള കുട്ടികൾക്കു ചെവിവേദനയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചെവിവേദനയുള്ളപ്പോൾ കുട്ടികൾ നിർത്താതെ കരയും. കുഞ്ഞുങ്ങൾ കരയുന്നതിനിടെ ചെവിയിൽ പിടിച്ചു വലിക്കുന്നുണ്ടെങ്കിൽ ചെവിവേദനയാകാം കാരണം. ചെവിയിലെ അണുബാധയും കുഞ്ഞുങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കും. ഈ അവസ്ഥയിൽ ചെവിയിൽ നിന്നു പഴുപ്പ് വരുകയും ചെയ്യും. കുഞ്ഞിനു ചെവിവേദനയുണ്ടെന്നു തോന്നിയാൽ വേഗം േഡാക്ടറെ കണ്ടു മരുന്നു വാങ്ങാൻ ശ്രദ്ധിക്കണം. മൂക്കടപ്പ് മൂലം ചെവിവേദന ഉള്ള കുഞ്ഞുങ്ങൾക്ക് ആവി പിടിക്കാം. മൂക്കടപ്പ് മാറുമ്പോൾ ഇത്തരം ചെവിവേദന കുറേയൊക്കെ മാറും.
ചുമ ആവർത്തിച്ചാൽ
ചില കുട്ടികളിൽ രാവിലെ മാത്രമായോ ഇടയ്ക്ക് ഒന്നോ ര ണ്ടോ തവണയായോ ചുമയുണ്ടാകാം. ചെറിയ ചുമ കുഴപ്പമില്ല. പക്ഷേ, ആവർത്തിച്ചു ചുമയുണ്ടെങ്കിൽ വിദഗ്ധ പരിശോധന നടത്തി കാരണമെന്തെന്നു കണ്ടെത്താൻ ശ്രദ്ധിക്കണം.ചില കുഞ്ഞുങ്ങളിൽ ജലദോഷം മൂലം ചുമയുണ്ടാകും. കഫം മൂക്കിന്റെ മുൻവശത്തേക്ക് ഒഴുകി വരുന്നതിനു പകരം പിന്നിലേക്ക് ഒഴുകി തൊണ്ടയിൽ തട്ടുമ്പോൾ ചുമയുണ്ടാകാം. സൈനസൈറ്റിസ്, തൊണ്ടയിലെ അണുബാധ, ചെസ്റ്റ് ഇൻഫെക്‌ഷൻ ഇവയും ചുമയ്ക്കു കാരണമാകും. പൊടി പോലുള്ളവയുടെ അലർജി കാരണവും ചുമയുണ്ടാകും.
പാൽ തികട്ടി വരിക
ആറുമാസം വരെ മുലപ്പാൽ മാത്രം െകാടുക്കുന്നതാണ് ഉത്തമം. രണ്ടു മണിക്കൂർ കൂടുമ്പോൾ കുഞ്ഞിനു മുലപ്പാൽ നൽകാം. ഈ കാലയളവിൽ മുലയൂട്ടി കുറച്ചു നേരം കഴിയുമ്പോൾ പല കുഞ്ഞുങ്ങളിലും പാൽ തികട്ടി വരും. ഓേരാ തവണ പാൽ കൊടുത്ത ശേഷവും കുഞ്ഞിനെ മടിയിൽ കിടത്തി വയർ അമരും വിധം ചേർത്തു പിടിച്ചു തോളിൽ തട്ടണം. പാൽ കുടിക്കുമ്പോൾ കുഞ്ഞിന്റെ ഉള്ളിലേക്കു കടക്കുന്ന വായു കെട്ടിക്കിടക്കും. ഗ്യാസ് പുറത്തു പോകാതിരുന്നാൽ പാൽ തികട്ടി വരും. മടിയിൽ കിടത്തി പുറത്തു തട്ടുമ്പോൾ ഗ്യാസ് പുറത്തു പോകും. അമിതമായി പാൽ നൽകുന്നതും തികട്ടി വരാനിടയാക്കും. ചില കുഞ്ഞുങ്ങളിൽ ജിആർഇ എന്ന അവസ്ഥ കാരണവും പാൽ തികട്ടി വരാം.
അലർജി
തുമ്മൽ, മൂക്കൊലിപ്പ്, ഇടയ്ക്കിടെ കണ്ണ് തിരുമ്മുക ഇവയെല്ലാം അലർജി മൂലമാകും. സിമന്റിന്റെ പൊടി, പെയിന്റിലുള്ള രാസവസ്തുക്കൾ, തടി ചീകുമ്പോഴുള്ള പൊടി ഇവയെല്ലാം അലർജിക്കു കാരണമാകും. സോഫ്റ്റ്ടോയ്സ് പോലെയുള്ള പൊടി അടിയുന്ന തരം കളിപ്പാട്ടങ്ങൾ അലർജിയുള്ള കുട്ടികൾക്കു നൽകുന്നത് ഒഴിവാക്കുക. മുറികളും കളിപ്പാട്ടങ്ങളും പൊടി അടിയാതെ സംരക്ഷിക്കണം. ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റുകളും തലയണ കവറുകളും വൃത്തിയാക്കുക. വളർത്തുമൃഗങ്ങളുമായുള്ള അടുത്ത സമ്പർക്കം അലർജിയുള്ള കുഞ്ഞുങ്ങൾക്കു ദോഷകരമാണ്. ഇവയെ വീടിനുള്ളിൽ കയറ്റുന്നത് ഒഴിവാക്കണം.
പാസീവ് സ്മോക്കിങ് അലർജിയുടെ പ്രധാന കാരണമാണ്. ആരെങ്കിലും പുക വലിക്കുന്നതു ശ്വസിക്കാനിടയായാൽ കുട്ടിക്ക് അലർജിയുണ്ടാകും. ചില പുരുഷന്മാർ വീടിനു പുറത്തു പോയി പുക വലിച്ച ശേഷം തിരികെ വന്നു കുട്ടിയെ എ ടുക്കും. ഇവരുടെ ശ്വാസത്തിൽ നിന്നു പുറന്തള്ളുന്ന അപകടകാരിയായ നിക്കോട്ടിൻ കുട്ടിക്ക് അലർജിയുണ്ടാക്കാനിടയുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ മുതിർന്നവർ ശ്രദ്ധിക്കണം.
പനിയുള്ളപ്പോൾ
പനിയുള്ളപ്പോൾ കുഞ്ഞിന്റെ വായ, ഉള്ളംകൈ, കാൽവെള്ള എന്നിവിടങ്ങളിലും ശരീരത്തിലും ചൂടുണ്ടാകും. മുലയൂട്ടുന്ന സമയത്തു കുഞ്ഞുങ്ങളുടെ വായയിൽ ചൂടുണ്ടെങ്കിൽ അമ്മയ്ക്ക് അറിയാനാകും. അർധരാത്രിയോ പുലർച്ചെയോ ആവാം ചിലപ്പോൾ കുഞ്ഞുങ്ങളിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. നല്ല ചൂടുണ്ടെങ്കിൽ ഇളംചൂട് വെള്ളത്തിൽ തുണി നനച്ചു ദേഹം തുടച്ചു കൊടുക്കുക. കുഞ്ഞിന്റെ േദഹം തണുപ്പിക്കുകയല്ല വേണ്ടതെന്നോർമിക്കുക. നനഞ്ഞ തുണി ദേഹത്തിടുകയും ചെയ്യരുത്. നനഞ്ഞ തുണി കൊണ്ടു തുടയ്ക്കാൻ കുട്ടി സമ്മതിക്കുന്നില്ലെങ്കിൽ നന്നായി കഴുകി വൃത്തിയാക്കിയ അമ്മയുടെ കൈകൾ ഇളംചൂട് വെള്ളത്തിൽ മുക്കി കുഞ്ഞിന്റെ ദേഹം തുടച്ചാലും മതി. പതിവായി കാണിക്കുന്ന ഡോക്ടറുടെ നിർദേശപ്രകാരം പാരസെറ്റമോൾ സിറപ്പ് സൂക്ഷിച്ചു വയ്ക്കുന്നതു നല്ലതാണ്. എക്സ്പെയറി ഡേറ്റ് കഴിഞ്ഞ മരുന്ന് ഒഴിവാക്കുകയും വേണം.
നാവിൽ വെളുത്ത പൂപ്പൽ
കുപ്പിപ്പാൽ കുടിക്കുന്ന കുട്ടികളിലാണ് കൂടുതലായും ഇങ്ങനെ വായിൽ പൂപ്പൽ പോലെ കാണുന്നത്. പാൽ കുടിച്ചു കിടന്നുറങ്ങുമ്പോൾ വായിൽ പാലിന്റെ അംശം ബാക്കിയാകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുക. ബോട്ടിലിന്റെ നിപ്പിളിൽ പാലിെന്റ അംശം ഇരിക്കുന്നതു മൂലം ഫംഗസ് ഉണ്ടാകുന്നതും ഇതിനു കാരണമാകും. കുപ്പിപ്പാൽ കുടിച്ചു കൊണ്ട് ഉറങ്ങുന്ന ശീലം മാറ്റിയെടുക്കണം. പാൽക്കുപ്പി ഉപയോഗത്തിനു മുൻപും ശേഷവും വെള്ളത്തിലിട്ടു തിളപ്പിച്ച് അണുവിമുക്തമാക്കിയെടുക്കാൻ ശ്രദ്ധിക്കുക.
മുലയൂട്ടുന്ന ചില അമ്മമാരിൽ പാലിന്റെ അളവ് കൂടുതലാകും. അമിതമായി പാൽ ഒഴുകുന്നതു മൂലം ഇവരുടെ മുലഞെട്ടിൽ ഫംഗൽ ഇൻഫെക്‌ഷൻ ഉണ്ടാകാനിടയുണ്ട്. ഇത് കുഞ്ഞിന്റെ നാവിൽ ഫംഗൽ ഇൻഫെക്‌ഷൻ ഉണ്ടാകാൻ കാരണമാകും. രാത്രി പാൽ കുടിച്ചു കൊണ്ട് കിടക്കാൻ അനുവദിക്കരുത്. എണീപ്പിച്ചു പാൽ കൊടുത്ത ശേഷം കിടത്തുകയാണു പരിഹാരം.
വിവരങ്ങൾക്കു കടപ്പാട് : ഡോ. സുജ വേണുഗോപാൽ, പീഡിയാട്രീഷൻ, ഇഎസ്ഐ ആശുപത്രി, വടവാതൂർ, കോട്ടയം