Friday 24 September 2021 02:24 PM IST : By സ്വന്തം ലേഖകൻ

‘കുട്ടി ലൈംഗിക അവയവങ്ങൾ സ്പർശിക്കുന്നതായി കാണുന്നു’; അമ്മയുടെ ആശങ്കയും ഡോക്ടറുടെ മറുപടിയും

sex-edu

പൂവ് വിടരുന്നതുപോലെ ശലഭം വർണച്ചിറകു വിടർത്തുംപോലെ പെൺകുഞ്ഞ് സ്ത്രീത്വത്തിലേക്ക് പരിവർത്തന പ്പെടുന്നത് മനോഹരമായ കാഴ്ചയാണ്. ആ പൂവിതളുകളിൽ പുഴുക്കുത്തുകൾ വീഴാതെ കാക്കാൻ മാതാപിതാക്കളുടെ ജാഗ്രത വേണം. അതിലേറ്റവും പ്രധാനം ശരിയായ അറിവു പകർന്നുകൊടുക്കലാണ്. ഒാരോ പ്രായത്തിലും ജീവിതത്തിലെ ഒാരോ വഴിത്തിരിവിലും സ്വയംസുരക്ഷിതയായി ജീവിക്കാൻ അതവളെ പ്രാപ്തയാക്കും. അറിവിന്റെ വിരൽത്തുമ്പ് പിടിച്ച് തെറ്റുകളിൽ നിന്ന് അവൾ അകന്നു നിൽക്കും. അതിനു സഹായിക്കുന്ന ചില സാധാരണ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ചുവടെ. അമ്മമാർ മക്കളോടൊപ്പമിരുന്ന് ഇത് വായിക്കുമല്ലൊ.

Qഎപ്പോൾ മുതലാണ് കുട്ടികൾക്ക് ലൈംഗികവിദ്യാഭ്യാസം നൽകി തുടങ്ങേണ്ടത്?

Aലൈംഗികതയോടു മുഖം തിരിക്കുന്ന ഒരു സമൂഹമാണ് നമ്മളുടേത്. െെലംഗികമായ അറിവു സുഹൃത്തുക്കളില്‍ നിന്നോ പുസ്തകങ്ങളില്‍ നിന്നോ മാത്രം ലഭിക്കേണ്ട ഒന്നാണ് എന്ന തെറ്റിദ്ധാരണ വച്ചുപുലര്‍ത്തുന്നവരാണ് ഒട്ടുമിക്ക മാതാപിതാക്കളും. അതിനാലാണ് സെക്സ് സംബന്ധിച്ച് ഏറെ അബദ്ധധാരണകൾ നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കുന്നത്.

ഏകദേശം അഞ്ചു വയസ്സ് തൊ ട്ട് കുഞ്ഞുങ്ങള്‍ ആണ്‍പെണ്‍ വ്യത്യാസം തിരിച്ചറിയുന്നു. വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും കളിക്കുന്ന രീതികളിലും ഉള്ള വ്യത്യാസങ്ങളാണ് ഇതിനു കുട്ടികളെ സഹായിക്കുന്നത്. ഈ സമയം തുടങ്ങി സ്വന്തം ലൈംഗിക അവയവങ്ങളെ കുറിച്ചും മറ്റു കുട്ടികളുടേതിനെ കുറിച്ചുമെല്ലാം ചോദ്യങ്ങൾ ഉണ്ടാകാം. അത് സ്വാഭാവികമാണ്. കുട്ടി ഇത്തരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യപ്പെടുകയോ അസ്വസ്ഥരാവുകയോ അല്ല ചെയ്യേണ്ടത്. ചോദ്യങ്ങൾക്ക് എപ്പോഴും പ്രായത്തിന് അനുസരിച്ചുള്ള ഉത്തരം നൽകുക. അമിതമായി വിശദാംശങ്ങൾ നൽകുന്നതും ഒന്നും പറഞ്ഞുകൊടുക്കാതിരിക്കുന്നതും ഒരേപോലെ ദോഷമാണ്.

Qനല്ല സ്പർശനത്തെക്കുറിച്ചും ചീത്ത സ്പർശനത്തെ കുറിച്ചും ഏതു പ്രായത്തിൽ പറഞ്ഞുകൊടുക്കണം?

Aകുട്ടിക്ക് മൂന്നു വയസ്സാകുമ്പോൾ മുതൽ നല്ല സ്പർശനവും ചീത്ത സ്പർശനവും തിരിച്ചറിയാൻ പഠിപ്പിച്ചു കൊടുക്കാം. ശാരീരിക ചൂഷണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ഇതു സഹായിക്കും. ഒരു പാവയെ കാണിച്ച് ലളിതമായി പറഞ്ഞുകൊടുക്കാം. പാവയുടെ മുഖം ത്രികോണത്തിന്റെ മുകളറ്റവും കാൽമുട്ട് ത്രികോണത്തിന്റെ താഴ്ഭാഗവും ആണെന്നു കരുതുക. ത്രികോണത്തിന്റെ ഉള്ളിൽ വരുന്ന ഭാഗങ്ങളിൽ (ചുണ്ടുകള്‍, നെഞ്ച്, കാലിനിടയില്‍ ഉള്ള ഭാഗം, പിന്‍വശം) തൊടാനോ തലോടാനോ സമ്മതിക്കരുത്. അത് ചീത്ത സ്പർശനമാണ് എന്നു പറഞ്ഞു മനസ്സിലാക്കിക്കുക. തല്ലുന്നതുപോലെയോ ഇടിക്കുന്നതുപോലെയോ വേദനിപ്പിക്കുന്ന ഒരു കാര്യമാണ് അതെന്നു പറയുക.

കുളിപ്പിക്കുമ്പോള്‍ അമ്മമാരല്ലാതെ ആരെങ്കിലും ഇതിനു ശ്രമിച്ചാല്‍ മാതാപിതാക്കളോടോ ടീച്ചറോടോ ഈ വിവരം ഉടന്‍ തന്നെ അറിയിക്കുക എന്നതും കുട്ടിയെ ധരിപ്പിക്കുക. ചെയ്യരുതാത്തവയെ കുറിച്ച് കുട്ടികളോട് പറയുമ്പോൾ എപ്പോഴും ഒരൊറ്റ അടിസ്ഥാന നിയമം വയ്ക്കുക. ഈ അങ്കിളാണെങ്കിൽ കുഴപ്പമില്ല, ആ അങ്കിളാണെങ്കിൽ വേണ്ട എന്നിങ്ങനെയുള്ള തരംതിരിവുകൾ ഈ പ്രായത്തിൽ കുട്ടികൾക്ക് മനസ്സിലാകണമെന്നില്ല.

മൂന്നു നാലു വയസ്സുള്ള കുട്ടികൾക്ക് ശാസ്ത്രീയ വിവരണങ്ങൾ നൽകുന്നതിലും നല്ലത് ഒരു കഥ പോലെ പറഞ്ഞുകൊടുക്കുന്നതാണ്. ഞാനെങ്ങനെയാണ് ഉണ്ടായത് എന്നു ചോദിക്കുമ്പോൾ പുളിങ്കുരു കൊടുത്തു വാങ്ങിച്ചതാണ് എന്ന മട്ടിലുള്ള കഥകളല്ല, കാര്യമുള്ള കഥകൾ.

കുട്ടി ഇടയ്ക്ക് ലൈംഗിക അവയവങ്ങളെ സ്പർശിക്കുന്നതായി കാണുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ?

Aചെറിയ പ്രായത്തിൽ പ്രായത്തില്‍ ശരീരാവയവങ്ങളോട് ജിജ്ഞാസ വര്‍ധിക്കുകയും ലൈംഗിക അവയവങ്ങളില്‍ തൊടുന്നതും മറ്റും തികച്ചും സ്വാഭാവികമാണ്. ഇതൊക്കെ കണ്ട് ഒരിക്കലും ബഹളം വയ്ക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യരുത്. അങ്ങനെ ചെയ്താൽ താൻ എന്തോ വലിയ തെറ്റ് ചെയ്തു എന്നാകും കുട്ടി കരുതുക. ആ പ്രവൃത്തിയെ ശ്രദ്ധിച്ചതായി പോലും ഭാവിക്കരുത്. പകരം അങ്ങനെ ചെയ്യുന്ന സമയത്ത് കുട്ടിയുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് തിരിച്ചുവിടുക.

മകൾക്ക് 12 വയസ്സ്. അവൾക്ക് എന്തൊക്കെ കാര്യങ്ങളാണ് ഈ പ്രായത്തിൽ പറഞ്ഞുകൊടുക്കേണ്ടത്?.

A12–17 പ്രായത്തില്‍ െെലംഗികതയെ പറ്റിയും പ്രത്യുല്‍പാദനത്തിനെ പറ്റിയും ഉള്ള അടിസ്ഥാന വിദ്യാഭ്യാസം കുട്ടികള്‍ക്കു സ്കൂളില്‍ നിന്നുതന്നെ ലഭിച്ചിട്ടുണ്ടാകും. അനുദിനം മാറുന്ന ശാരീരികായവങ്ങളും മാനസികാവസ്ഥയും ലൈംഗികതയെപ്പറ്റി കുട്ടികളെ കൂടുതല്‍ ജിജ്ഞാസുക്കള്‍ ആക്കാറുണ്ട്. അമ്മമാര്‍ ആര്‍ത്തവത്തെയും ആര്‍ത്തവശുചിത്വത്തെയും, മാറിവരുന്ന ശാരീരിക അവസ്ഥയെയും പറ്റി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. ഇതിനെപ്പറ്റി വ്യക്തമായ ഒരു ധാരണ അമ്മമാര്‍ക്ക് ഉണ്ടായാലേ പറഞ്ഞുകൊടുക്കാനാകൂ. അങ്ങനെ പറഞ്ഞുകൊടുക്കാനുള്ള അറിവില്ലെങ്കിൽ കുട്ടിയുടെ ടീച്ചറിന്റെ സഹായം തേടാം. അല്ലെങ്കിൽ ഒരു ഡോക്ടറുടെ സഹായവും തേടാം. ശരിയായ വിവരങ്ങൾ പകർന്നുകൊടുക്കുക എന്നത് പ്രധാനമാണ്.

Qഅപരിചിതരോടുള്ള കൊച്ചുകുട്ടികളുടെ അടുപ്പത്തിന് എത്ര അതിർവരമ്പ് വയ്ക്കണം?

A അച്ഛന്റെയും അമ്മയുടെയും സാന്നിധ്യത്തിൽ മാത്രം അപരിചിതരോട് ഇടപഴകാൻ അനുവദിക്കുക. കുട്ടിയെ ഉമ്മ വയ്ക്കുക, മടിയില്‍ ഇരുത്തുക എന്ന രീതികളെയൊക്കെ നിരുത്സാഹപ്പെടുത്തുക. വീട്ടിൽ വരുന്നത് എത്ര അടുത്ത ബന്ധത്തിൽ പെട്ട സന്ദർശകരായാലും അപ്രകാരം പെരുമാറാൻ കുട്ടിയെ നിർബന്ധിക്കുകയുമരുത്.

വിവരങ്ങൾക്ക് കടപ്പാട്;
1. ഡോ. മിനു ജയൻ
കൺസൽറ്റന്റ്
സൈക്യാട്രിസ്റ്റ്
മേയ്ത്ര ഹോസ്പിറ്റൽ
കോഴിക്കോട്

2. ഡോ. രേഷ്മ റഷീദ്
കൺസൽറ്റന്റ്
ഗൈനക്കോളജിസ്റ്റ്
മേയ്ത്ര ഹോസ്പിറ്റൽ
കോഴിക്കോട്