Friday 22 October 2021 03:59 PM IST

ചിട്ടകളെല്ലാം താളം തെറ്റി, കുട്ടികളുടെ സ്വഭാവത്തിലും ഈ മാറ്റങ്ങൾ: ഓൺ‌ലൈൻ പഠനം പാളുന്നോ?

Santhosh Sisupal

Senior Sub Editor

kids-online

സങ്കടത്തോടെ പറയുവാ, കാലു പിടിച്ചു പറയുവാ ടീച്ചർമാരേ...നിങ്ങളിങ്ങനെ ചെയ്യല്ലേ... ഓൺലൈൻ ക്ലാസിലും നോട്ടെഴുത്തിലും മടുത്തു പഠനം തന്നെ വെറുത്തുപോയി – എന്നു പറയുന്ന, ഒരു കൊച്ചു കുട്ടിയുെട വീഡിയോ കഴിഞ്ഞ ആഴ്ചകളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കഴിഞ്ഞവർഷം പഠനം ഓൺലൈനിലേക്കു മാറിയപ്പോൾ സന്തോഷിച്ചവരായിരുന്നു കുട്ടികളിലേറെയും. സ്കൂളിൽ പോകേണ്ട എന്നതല്ല, ഇത്രയും കാലം നിഷേധിച്ചിരുന്ന സ്മാർട്ഫോൺ അടക്കമുള്ള സ്ക്രീൻ ഗാഡ്ജറ്റുകൾ കൈയിലേക്ക് എത്തി എന്നതായിരുന്നു അവരുടെ സന്തോഷം.

എന്നാൽ കോവിഡു കാലം നീണ്ടു പോവുകയും പഠനം ഓൺലൈനായി തുടരേണ്ടിയും വന്നതോടെ പ്രശ്നങ്ങൾ പലവിധത്തിൽ തലപൊക്കാൻ തുടങ്ങി. പഠനത്തിലെ വിരസത മുതൽ ദേഷ്യവും പിരിമുറക്കവും സ്വഭാവ വ്യതിയാനവും വരെ കുട്ടികളിൽ കൂടിയെന്ന് രക്ഷകർത്താക്കളും മനശ്ശാസ്ത്ര വിദഗ്ധരും പറയുന്നു. കുട്ടികൾ മാത്രമല്ല അധ്യാപകരും രക്ഷകർ‌ത്താക്കളുമൊക്കെ അസാധാരണമായ മാനസികാവസ്ഥയിലൂെട കടന്നു പോകുകയാണ്.

താളം തെറ്റിയ ഉറക്കം

കുട്ടികൾ പഠിക്കാനായി സ്കൂളില്‍ പോയിരുന്ന സമയത്ത് അവർ പോലും അറിയാതെ ചില ചിട്ടകളും അച്ചടക്കവും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. കൃത്യ സമയത്ത് ഉറക്കമെഴുന്നേൽക്കുന്നതു മുതൽ കുളി മുതലുള്ള ശുചിത്വശീലങ്ങൾ വരെ അതിലുൾപ്പെടും. എന്നാൽ പഠനം ഓൺലൈനും ഇ–ലേണിങ്ങുമൊക്കെ ആയതോടെ ഇത്തരം കാര്യങ്ങൾ നിർബന്ധമല്ലാതായി. തുടക്കത്തിൽ രക്ഷകർത്താക്കൾ ഇതു ഗൗരവത്തോടെ കണ്ടില്ല. ഒാൺലൈൻ ക്ലാസ് ഒൻപതു മണിക്കാണെങ്കിൽ അതുവരേയും കിടന്നുറങ്ങുന്ന കുട്ടികൾ ഇന്ന് ധാരാളം. പലരും ക്ലാസ് തുടങ്ങുന്ന സമയത്തു ചാടിയെഴുന്നേറ്റ് ക്ലാസിൽ ജോയിൻ ചെയ്ത ശേഷമായിരിക്കും പ്രഭാത കർമങ്ങൾക്കു പോലും പോകുന്നത്. വീഡിയോ ഓൺ ചെയ്യാതിരുന്നാൽ മറ്റാരും അറിയുകയുമില്ല.

മറിച്ച് ഇവർ ഉറങ്ങാൻ കിടക്കുന്നത് രാത്രി ഒരു മണിയൊക്കെ കഴിഞ്ഞശേഷമാണ്. രാത്രി 9–10 മണിവരെ ടിവിയിലെ പരിപാടികളൊക്കെ കണ്ടിരിക്കുന്നതിനാൽ നോട്ടെഴുത്തും ഹോംവർക്ക് എഴുത്തുമൊക്കെ രാത്രിയിലാണ് ചെയ്യുന്നത്. കുട്ടി പഠിക്കുകയല്ലേ എന്ന കാരണത്താൻ നേരത്തേ ഉറങ്ങാൻ പറയാനും വൈകി ഉറങ്ങുന്നതിനാൽ നേരത്തേ എഴുന്നേൽക്കാൻ പറയാനും പല രക്ഷാകർത്താക്കളും ശ്രമിക്കില്ല.

എന്നാൽ അർദ്ധരാത്രി കഴിഞ്ഞുള്ള പതിവുറക്കം ശരീരത്തിന്റെ ഉണർവ് ഉറക്ക താളക്രമങ്ങളെ (സർകാഡിയൻ റിഥം) വല്ലാതെ ബാധിക്കാമെന്നു വിദഗ്ധർ കൂട്ടിച്ചേർക്കുന്നു. ഇത് കുട്ടിയുെട ബുദ്ധിപരമായ പല മികവുകളേയും ഓർമശേഷിയേയും പ്രതികൂലമായും ബാധിക്കാം.

സ്വഭാവത്തിലെ മാറ്റം

കുട്ടികൾ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നം സമയത്തിന്റെ മാനേജ്മെന്റാണ്. സ്കൂളിൽ പോയിരുന്ന സമയത്ത് എല്ലാ കാര്യത്തിലും കൃത്യതയുണ്ടായിരുന്നു. വിവിധ പീരീഡുകളായി തിരിച്ചുള്ള വിവിധ വിഷയങ്ങളിലെ ക്ലാസുകൾ, ഇടവേളകൾ, ഭക്ഷണ സമയം... ഇങ്ങനെ എല്ലാറ്റിനും അടുക്കും ചിട്ടയും തനിയേ വന്നു േചർന്നിരുന്നത്, ഇപ്പോൾ ഇല്ലാതായി.

കുട്ടികളുെട സ്വഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റങ്ങൾ വന്നു ചേർന്നതായി രക്ഷകർത്താക്കൾ പരാതിപ്പെടുന്നുണ്ട്. വീട് ക്ലാസ് മുറിയായപ്പോൾ സാഹചര്യങ്ങൾ മാറി. കുട്ടികളുെട സ്വഭാവം രൂപീകരിക്കപ്പെടുന്നതിൽ ക്ലാസ് മുറിയിൽ ഒപ്പമുള്ള മറ്റു കുട്ടികളുടെ സ്വഭാവ പെരുമാറ്റരീതികൾക്കു വലിയ സ്വാധീനമുണ്ട്. ഉദാഹരണമായി, ക്ലാസിൽ അധ്യാപകനെ മറ്റുകുട്ടികൾ ബഹുമാനിക്കുന്നതു കണ്ടാണ് ചില കുട്ടികളെങ്കിലും ആ പെരുമാറ്റ രീതി പകർത്തി പഠിച്ചെടുക്കുന്നത്. എന്നാൽ ക്ലാസ് മുറിയിൽ നിന്നും വ്യത്യസ്തമായി വീട്ടിലെ മുറിയിൽ തനിച്ചിരുന്നു പഠിക്കുന്ന സാഹചര്യത്തില്‍ അതു സാധ്യമല്ല. വീട്ടിൽ തനിച്ചിരുന്നു പഠിക്കുന്ന കുട്ടി സ്വന്തം ശീലങ്ങൾ , സ്വഭാവങ്ങൾ എന്നിവ താരതമ്യപ്പെടുത്താനാകാതെ, അവ ശരിയായാലും തെറ്റായാലും അതേ രീതിൽ തുടർന്നുപോരും.

kids-online-1

വിവരങ്ങൾക്കു കടപ്പാട്

ഡോ. സന്ദീഷ് പി.ടി.

സീനിയർ കൺസൽറ്റന്റ് സൈക്കോളജിസ്റ്റ്,

ആരോഗ്യവകുപ്പ്, കോഴിക്കോട്.

ഡോ. ജെ. പ്രസാദ്,

ഡയറക്ടർ

എസ് സി ഇ ആർ ടി, തിരുവനന്തപുരം

ഡോ. വിധു.പി നായർ