Wednesday 17 January 2024 05:00 PM IST : By സ്വന്തം ലേഖകൻ

കളിയ്ക്കാൻ വിടാതെ കുട്ടികളെ അടച്ചിടരുത് : പഠനത്തിന് ശക്തമായ ഒരു അടിത്തറ ഉണ്ടാക്കാനും ആത്മാഭിമാനം, പരസ്പര വിശ്വാസം എന്നിവ വളർത്താനും കളികൾ നല്ലത്

play43534

കുട്ടികളെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ അടച്ചിരുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങളുെട തളച്ചിടുന്നതു കുട്ടികളുെട മാനസിക–ശാരീരിക ആരോഗ്യത്തെയാണ്. ഇതിന് പരിഹാരം ഒന്നേയുള്ളൂ.. കുട്ടികളെ കളിക്കാൻ അനുവദിക്കുക. അനേകം ഗവേഷണങ്ങൾ കാണിക്കുന്നത് കുട്ടികൾ അവരെ സ്വയമായി പരിവേഷം നടത്താനും കളിക്കാനും അനുവദിക്കുന്ന സാഹചര്യത്തിലാണ് മികച്ചതായി പഠിക്കാനും പ്രതിഭയുള്ളവരുമാക്കുന്നത് എന്നാണ്.

എന്താണ് കളികൾ?

പഠനത്തിന്റെ ഭാഗമായോ വിനോദത്തിനുവേണ്ടിയോ ഉപയോഗിക്കുന്നതും നിയമഘടനയുള്ളതുമായ പ്രവൃത്തികളെയാണ് കളികൾ (games) എന്ന് വളിക്കുന്നത്. നിയമങ്ങളും വെല്ലുവിളികളും കളിക്കാർ തമ്മിലുള്ള ഇടപെടലുകളുമാണ് കളികളുടെ പ്രധാന ഘടകങ്ങൾ. മാനസികമോ ശാരീരികമോ ആയ ഉത്തേജനം മിക്ക കളികളിലുമുണ്ട്. ചില കളികളിൽ ഇവ രണ്ടും ആവശ്യമാണ്. പല കളികളും പ്രായോഗിക ജീവിതത്തിൽ ആവശ്യമുള്ള കാര്യങ്ങളിൽ നൈപുണ്യം നേടാൻ സഹായകമാണ്. വ്യായാമം, വിദ്യാഭ്യാസം, മനഃശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രാധാന്യം കളികൾക്കുണ്ട്.

എന്തുകൊണ്ട് കളികൾ?

എല്ലാ തരം കളികൾക്കും കാൽപ്പനിക നാടകങ്ങൾ മുതൽ കബഡി വരെ, കുട്ടികളുടെ മാനസിക ശാരീരിരക വളർച്ചയിൽ നിർണ്ണായക പങ്കുണ്ട്. കളികൾ എന്ന് പറയുന്നത് കുട്ടികൾക്ക് അവരുടെ ലോകത്തുനിന്നു മറ്റുള്ളവരുടെ ലോകം നോക്കി കാണാനുള്ള ഒരു ഭൂതക്കണ്ണാടിയാണ്. കളികൾ നിഷേധിക്കപ്പെട്ട കുട്ടികൾക്ക് അവരുടെ കുട്ടിക്കാലത്തു മാത്രമല്ല ഭാവിയിലും വളരെ സ്വഭാവ–മാനസിക പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. തുണയായി മുതിർന്നവർ, വേണ്ടത്ര കളിസ്ഥലം, കളി കോപ്പുകൾ ഇവയെല്ലാമുള്ള കുട്ടികൾക്ക് സന്തോഷവാന്മാരും ആരോഗ്യമുള്ളവരും സമൂഹത്തിനു പ്രയോജനമുള്ളവരും ആയിത്തീരാൻ കഴിയും.

കളികളും തലച്ചോറും

കളികൾ തലച്ചോറിന്റെ വികസനവും വളർച്ചയും വർദ്ധിപ്പിക്കുകയും നാഡീകോശങ്ങൾ തമ്മിൽ പുതിയ പുതിയ പരസ്പര ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു. അതുവഴി കളിക്കാരെ കൂടുതൽ ബുദ്ധികൂർമ്മതയുള്ളവരാക്കി തീർക്കുന്നു. കുട്ടികൾക്ക് മറ്റുള്ളവരുടെ വൈകാരിക തലങ്ങൾ മനസ്സിലാക്കാൻ കൂടുതൽ കഴിയുകയും അതിനോട് പൊരുത്തപ്പെടാനുള്ള കഴിവ് ആർജ്ജിക്കുകയും ചെയ്യുന്നു. കളികൾ ദ്രുതഗതിയിലുള്ള മസ്തിഷ്ക വളർച്ചയുള്ള സമയങ്ങളിലാണ് ഏറ്റവും കൂടുതൽ വേണ്ടത്. മുതിർന്നവർക്കും പുതിയ നാഡീകോശബന്ധങ്ങൾ സ്ഥീപിച്ചെടുക്കാനുള്ള കഴിവുള്ളതുകൊണ്ടു അവരും കുറച്ചൊക്കെ കളികളിൽ ഏർപ്പെടേണ്ടതാണ്.

കളിയുടെ വൈകാരികപരമായ പ്രയോജനങ്ങൾ

കളികൾ കുട്ടികളിൽ ഭയം, ഉത്കണ്ഠ, സമ്മർദ്ദം, ക്ഷോഭം എന്നിവ കുറയ്ക്കുകയും തന്മൂലം സന്തോഷം, സൗഹൃദം, ആത്മാഭിമാനം എന്നിവ സൃഷ്ടിക്കുകയും ചെയ്യുന്നു.

കളിയുടെ സാമൂഹിക മേന്മകൾ

കളികൾ ആസ്വദിക്കുന്ന കുട്ടികളിൽ സഹാനുഭൂതി, അനുകമ്പ, പങ്കുവെക്കൽ എന്നീ സ്വഭാവ സവിശേഷതകൾ ഉണ്ടായിരിക്കും. നല്ലതു തിരഞ്ഞെടുക്കാനും ചീത്തയെ തിരിച്ചറിയാനും അവർക്കു കഴിയുന്നു.

ശാരീരികാരോഗ്യം

പതിവായുള്ള കളികൾ കുട്ടികളുടെ രോഗപ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിച്ചു അവരെ രോഗങ്ങളുടെ പിടിയിൽ നിന്നും അകറ്റി നിറുത്തുന്നു. കളികൾ ഹോർമോൺ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും മെച്ചപ്പെട്ട ഹൃദയാരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

മാനസികാരോഗ്യം

രസകരമായ കളികൾ കുട്ടികൾക്ക് പൊതുവെയുള്ള മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുകയും വിഷാദരോഗം അകറ്റി നിർത്തുകയും ചെയ്യും. ധാരാളം പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത് പതിവായി കളിക്കുന്ന കുട്ടികൾ കൂടുതൽ സഹകരണ മനോഭാവം കാണിക്കുന്നവരും, സ്വതന്ത്ര ചിന്തകരും, ഉയർന്ന ബുദ്ധിശക്തിയുള്ളവരും ആണെന്നതാണ്.

കളിപ്പാട്ടങ്ങൾക്കുള്ള പങ്ക്

നല്ല കളിപ്പാട്ടങ്ങൾ കുട്ടികളെ കളിക്കാൻ പ്രേരിപ്പിക്കുകയും വിരസതയില്ലാതെ കളിക്കുന്ന സമയം വളരെയധികം നീട്ടുന്നതിനും കാരണമാകുന്നതു വീടുകളിൽ നടത്തിയ ഗവേഷണങ്ങൾ പ്രകാരം ശൈശവത്തിൽ കുട്ടികളുടെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട ഏറ്റവും ശക്തമായ രണ്ടു ഘടകങ്ങൾ കളിപ്പാട്ടങ്ങളുടെ ലഭ്യതയും അമ്മമാരുടെ പങ്കുമാണ്. വിവിധതരം മേന്മയേറിയ കളിപ്പാട്ടങ്ങൾ ഉള്ള കുട്ടികൾ ധൈഷണിക നേട്ടങ്ങളുടെ ഉയർന്ന തലങ്ങളിൽ എത്താൻ താമസിക്കില്ല.

കളികൾ പലവിധം

ബാല്യകാലത്തിൽ ഉടനീളം കളിക്കുന്ന രീതിയിൽ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. മുതിർന്നവർ ഇക്കിളിപ്പെടുത്തുമ്പോഴോ അല്ലെങ്കിൽ ഒളിച്ചുകളിക്കുമ്പോഴോ ഉള്ള ചിരിയാണ് ഒരു കുഞ്ഞിന്റെ ആദ്യത്തെ കളികൾ. പക്ഷെ യഥാർത്ഥമായ ആദ്യത്തെ കളികൾ ഒറ്റയ്ക്കുള്ള ഏകാന്തമായ കളികളാണ്. രണ്ടുമൂന്നു വയസ്സിൽ മറ്റു കുട്ടികളുടെ അടുത്തിരുന്നു അവരുടെ കൂട്ടത്തിൽ കൂടാതെ സമാന്തര കളികൾ ആരംഭിക്കുകയായി. മൂന്നോ നാലോ വയസ്സിൽ മറ്റു കുട്ടികളുടെ കൂട്ടത്തിൽ കൂടി സമൂഹകളികൾ തുടങ്ങും. സമൂഹകളികൾ എന്നത് വൈവിധ്യമേറിയതും സങ്കീർണ്ണവുമാണ്. കുടിലും കൊട്ടാരവും വെച്ചു കളിക്കലും നാടൻ–മോഡേൺ കളികളും സാങ്കൽപ്പിക നാടകങ്ങളുമെല്ലാം സമൂഹകളികളാണ്. സംഘം ചേർന്നുള്ള കളികളിൽ കൂടി കുട്ടികൾക്ക് പുതിയ പുതിയ അറിവുകൾ നേടാൻ സാധിക്കും. ഓരോരോ വസ്തുക്കളുടെ പേരുകൾ അവയുടെ അക്ഷരവിന്യാസം, വ്യക്തിപരമായ പരിധികൾ, സാമൂഹിക നിയമങ്ങൾ എന്നിവ ആർജ്ജിക്കുവാൻ സാധിക്കും.വിവിധതരം കളികളിൽ ഏർപ്പെടുക വഴി കളികളിൽ നിന്നുള്ള പ്രയോജനങ്ങൾ പതിന്മടങ്ങാകും. കളികളിൽ നിന്നും കുട്ടികൾക്ക് പൂർണ്ണ പ്രയോജനം കിട്ടണമെങ്കിൽ അവർക്കു മുതിർന്നവരുടെ പൂർണ്ണ സഹകരണം വേണം. ധാരാളം കളിസ്ഥലവും വിവിധങ്ങളായി കളിപ്പാട്ടങ്ങളും പുതിയ ആശയങ്ങളും അവർക്കു നിർലോഭം ലഭിക്കണം.

കളിയും പഠനവും

വളരുന്ന കുട്ടികൾ കളികൾ വഴിയാണ് വളരെ കാര്യങ്ങൾ മനസ്സിലാക്കുന്നത്. പഠനത്തിന് ശക്തമായ ഒരു അടിത്തറ ഉണ്ടാക്കാൻ നല്ല കളികൾ സഹായിക്കുന്നു. സ്വാഭാവികത, അത്ഭുതം, സർഗാത്മകത, ഭാവന, വിശ്വാസം എന്നീ ഗുണങ്ങൾ മികച്ച കളികൾ കുട്ടികളിൽ വികസിപ്പിക്കുന്നു. കുട്ടികൾക്ക് ആത്മാഭിമാനം, പരസ്പര വിശ്വാസം ഇവ ഉരിത്തിരിഞ്ഞു വരുന്നത് കളികളിലൂടെയാണ്.

കളിയും അപകടമാവാം

അനാരോഗ്യകരമായ കളിസ്ഥലങ്ങൾ, കളി സാഹചര്യങ്ങൾ, സാഹസിക പ്രവൃത്തികൾ ചെയ്യാനുള്ള പ്രവണത എന്നിവ കളികൾക്കിടയിൽ കുട്ടികൾക്ക് അപകടം വിതയ്ക്കാം. വലിയ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ ചെറിയ കുട്ടികൾ ഉപയോഗിക്കുന്നത് മൂലമോ പൊടിക്കുഞ്ഞുങ്ങൾക്ക് ദോഷം ചെയ്യുന്ന കളിപ്പാട്ട ഭാഗങ്ങൾ കൊണ്ട് അത്യാഹിതം വരാം. കളിത്തോക്ക്, വെടിക്കോപ്പ്, കൂർത്തതോ പെട്ടെന്ന് തീ പിടിക്കാൻ സാധ്യതയുള്ളതോ വൃത്തിഹീനമായതോ ആയ കളിക്കോപ്പുകൾ മൂലവും അപകടങ്ങൾ വരാം. വൈകല്യവും, ബുദ്ധിമാന്ദ്യവും അപകടം സൃഷ്ടിക്കും.

അപകടം ഒഴിവാക്കാം

കുട്ടികളുടെ ശാരീരിക–മാനസിക വളർച്ചയ്ക്ക് അനുസൃതമായ കളിക്കോപ്പുകൾ മാത്രം തിരഞ്ഞെടുക്കുക.

വൈദ്യുതിയുമായി ബന്ധപ്പെട്ട, എളുപ്പം കത്തുന്ന, കൂർത്ത അറ്റമുള്ള, മൂർച്ചയേറിയ കളിപ്പാട്ടങ്ങൾ ഒഴിവാക്കുക.

അപകടം ഉണ്ടാകാൻ സാധ്യതയുള്ള സാമഗ്രികൾ കുട്ടികളിൽ നിന്നും അകലെ സുരക്ഷിതമായി സൂക്ഷിക്കുക.

കുട്ടികളുടെ കളി മാതാപിതാക്കൾ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും വേണം.

ടെറസ്സിൽ നിന്നും ഒരു കളിയും അനുവദിക്കാതിരിക്കുക.

ഡോ. സജികുമാർ ജെ

ശിശുരോഗ വിദഗ്ദ്ധൻ

പരബ്രഹ്മ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

ഓച്ചിറ.

Tags:
  • Manorama Arogyam