ലോകമാകെ 10 ലക്ഷം കുട്ടികളാണ് ടിബി ബാധിതരാകുന്നതെന്നാണ് കണക്കുകൾ. ഇന്ത്യയിൽ നടന്ന ആർഎൻടിപിസി സർവേ പ്രകാരം 9 ശതമാനം ടിബി രോഗബാധിതരായ കുട്ടികളിലും ചികിത്സ തുടങ്ങും മുൻപേ തന്നെ ടിബി മരുന്നിനോട് പ്രതിരോധം ഉടലെടുത്തിരിക്കുന്നു. അതായത് ഇവരെ ബാധിച്ചിരിക്കുന്നത് മരുന്നുകളോട് പ്രതിരോധമുള്ള ടിബി അണുക്കളാണ്. ഇക്കാരണങ്ങളാൽ തന്നെ കുട്ടികളിലെ ടിബി പ്രതിരോധം ഏറെ പ്രധാനമാണ്.
എന്നാൽ കൊച്ചുകുട്ടികളിൽ ടിബി തിരിച്ചറിയുന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. കാരണം, പുറമേക്കു പ്രകടമായ ലക്ഷണങ്ങൾ കുട്ടികളിൽ കുറവായിരിക്കും. മാത്രമല്ല, ടിബി തിരിച്ചറിയാനുള്ള കഫപരിശോധന (സ്പൂട്ടം ടെസ്റ്റ്) കുട്ടികളിൽ നടത്തുക അത്ര എളുപ്പമല്ല. പിന്നെയുള്ളത് ടിബി സ്കിൻ പരിശോധനയാണ്. ഈ പരിശോധന പൊസിറ്റീവ് ആയാൽ തന്നെ ടിബി അണുബാധ ഉണ്ടെന്നേ അർഥമുള്ളൂ. അത് ആക്ടീവ് ടിബി ആണോ ലേറ്റന്റ് ടിബി ആണോ എന്ന് തിരിച്ചറിയാനാവില്ല. മൈക്രോബയോളജിക്കൽ ആയ പരിശോധനകളില്ലാതെ ക്ലിനിക്കൽ പരിശോധനകളിലൂടെ മാത്രം രോഗം നിർണയിക്കുന്നത് അനാവശ്യ ചികിത്സകൾക്കിടയാക്കാൻ സാധ്യതയുണ്ടായിരുന്നു.
ടിബി ഫ്രീ എയർ
2025 ഒാടെ ടിബി വിമുക്ത കേരളം എന്ന സ്വപ്നത്തിന്റെ ഭാഗമായാണ് ഇന്ത്യൻ ആക്കാദമി ഒഫ് പീഡിയാട്രിക്സ് കേരള ഘടകം 2020ൽ ടിബി ഫ്രീ എയർ ഫോർ ചൈൽഡ് ഇൻ കേരള എന്ന പദ്ധതി നടപ്പാക്കിയത്. രോഗനിർണയത്തിലും ചികിത്സയിലും ഉള്ള ആശയക്കുഴപ്പം ഒഴിവാക്കുകയും ഏകീകരണം കൊണ്ടുവരുകയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. അതിനായി ജില്ലാതലത്തിൽ ശിശുരോഗവിദഗ്ധർക്കായി രോഗനിർണയത്തിലും ചികിത്സയിലും പ്രത്യേകം പരിശീലനം നൽകി. കുട്ടികളിലെ ടിബി പരിശോധനയ്ക്കും ചികിത്സയ്ക്കും പൊതുവായ ഒരു പ്രോട്ടോക്കോൾ കൊണ്ടുവന്നു. 5 വയസ്സിനു താഴെയുള്ള കുട്ടികളിൽ കഫപരിശോധന വഴി സാംപിൾ ശേഖരിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ പുതിയ പരിശോധനാരീതി നടപ്പാക്കി.
ടിബി പരിശോധന ഇങ്ങനെ
രണ്ട് ആഴ്ചയിൽ കൂടുതൽ പനി, 2 ആഴ്ചയായിട്ടും മാറാത്ത ചുമ, 5 ശതമാനം തൂക്കക്കുറവ് അല്ലെങ്കിൽ മൂന്നു മാസമായി തൂക്കം കൂടുന്നതേയില്ല എന്നിങ്ങനെയുള്ള ലക്ഷണങ്ങളുള്ള കുട്ടികളിൽ നെഞ്ചിന്റെ എക്സ് റേ എടുക്കണം. എക്സ് റേയിൽ എന്തെങ്കിലും മാറ്റങ്ങൾ കണ്ടാൽ കഫത്തിൽ നിന്നും സാംപിൾ എടുത്ത് സിബി–നാറ്റ് പരിശോധന നടത്തണം.
അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ ആമാശയത്തിലേക്ക് ഒരു ട്യൂബ് ഇട്ട് (Ryles’s tube) സാംപിൾ (gastric lavage sample) എടുത്ത് പരിശോധനയ്ക്ക് അയയ്ക്കുന്നു. സാംപിൾ പൊസിറ്റീവ് ആയാൽ ആക്ടീവ് ടിബി ആണെന്നുറപ്പിക്കാം.
എങ്ങനെ പകരാം?
ടിബിയുള്ള കുടുംബാംഗങ്ങളിൽ നിന്നോ മറ്റ് അടുത്തിടപഴകുന്നവരിൽ നിന്നോ കുട്ടികളിലേക്കു രോഗം പകരാം. ടിബി രോഗി ഉള്ള വീട്ടിൽ ഒരു രാത്രി തങ്ങുകയോ പകൽ ഏറെ നേരം കൂടെ ചെലവഴിക്കുകയോ ചെയ്താൽ ലക്ഷണങ്ങൾ ഇല്ലെങ്കിലും മൂന്നു മാസത്തിനുള്ളിൽ നിശ്ചയമായും കുട്ടികളിൽ ടിബി പരിശോധന നടത്തണം.
ലക്ഷണങ്ങളില്ലാതെയും രോഗം വരാം
കുട്ടികളിൽ പ്രധാനമായും രണ്ടു രീതിയിലാണ് ടിബി പ്രകടമാകുന്നത്. ആക്ടീവ് ടിബിയും ലേറ്റന്റ് ടിബിയും. ലക്ഷണങ്ങൾ പ്രകടമാകുന്ന ടിബിയാണ് ആക്ടീവ് ടിബി. ടിബിയുടെ അണുക്കൾ ശരീരത്തിൽ ഉണ്ടെങ്കിലും പുറമേക്കു ലക്ഷണങ്ങളൊന്നും പ്രകടമാകാതെ രോഗം ഉറങ്ങിക്കിടക്കുന്ന അവസ്ഥയാണ് ലേറ്റന്റ് ടിബി. പക്ഷേ, ഭാവിയിൽ എപ്പോഴെങ്കിലും രോഗപ്രതിരോധശക്തിയിൽ കുറവു വരുമ്പോൾ ടിബി ലക്ഷണങ്ങളോടെ സജീവമാകാൻ ഇടയുണ്ട്. ഇങ്ങനെയുള്ള കുട്ടികളിൽ ചുമയും പനിയും മറ്റു ലക്ഷണങ്ങളും കാണില്ല. നെഞ്ചിന്റെ എക്സ് റേയിലും പ്രശ്നമൊന്നും കാണണമെന്നില്ല. ഇവരിൽ മൈക്രോബയോളജിക്കലായ പരിശോധന കൊണ്ടു മാത്രമേ രോഗം തിരിച്ചറിയാനാകൂ.
പ്രതിരോധിക്കാൻ മരുന്ന്
അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ ടിബി രോഗം ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രതിരോധമരുന്നു നൽകാം. അഞ്ചു വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികളിൽ ലേറ്റന്റ് ടിബി അണുബാധ ഉണ്ടോയെന്നറിയാൻ പ്രത്യേക രക്തപരിശോധന നടത്തണം. ഇന്റർഫെറോൺ ഗാമ റിലീസ് അസേ എന്നാണ് പരിശോധനയുടെ പേര്. ഈ പരിശോധന പൊസിറ്റീവ് ആയാൽ ടിബിയുടെ പ്രതിരോധമരുന്ന് കൊടുക്കണം. അമ്മയ്ക്ക് ഗർഭകാലത്ത് ടിബി ഉണ്ടെങ്കിൽ നവജാതശിശുവിന് പ്രതിരോധമരുന്ന് കൊടുക്കണം.
കുട്ടിയുടെ തൂക്കം അനുസരിച്ച് രണ്ടുതരം മരുന്നുകൾ മൂന്നു മാസത്തേക്ക് നൽകുകയാണ് ചെയ്യുന്നത്. എഎൻഎച്ച്, റിഫാംപ്സിൻ എന്നീ മരുന്നുകളാണ് കൊടുക്കുന്നത്.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. ജിസ്സ് തോമസ് പാലൂക്കുന്നേൽ
ശിശുരോഗ വിദഗ്ധൻ
മാർ സ്ലീവ മെഡിസിറ്റി, പാല
വൈസ് പ്രസിഡന്റ്, ഐഎപി, കോട്ടയം