വീട്ടില്‍ ബിപി നോക്കുമ്പോള്‍ അളവു ശരിയാകുന്നില്ലേ? ഇനി ഇങ്ങനെ നോക്കാം Ensuring Accuracy of Your Home Blood Pressure Monitor
മരുന്നു കൊണ്ടു അമിത ബിപി നിയന്ത്രണ ത്തിലാകുന്നുണ്ടോ എന്നറിയാൻ പരിശോധന കൂടിയേ തീരൂ. മരുന്നു കഴിച്ചു തുടങ്ങുമ്പോൾ ചിലരിൽ ബിപി അളവു കൂടിയും കുറഞ്ഞുമൊക്കെ പോകാം. ചിലരിൽ പെട്ടെന്നു ബിപി താഴ്ന്നു പോകാം. ഇടയ്ക്കിടയ്ക്കു ബിപി പരിശോധിച്ചു നോക്കിയാലേ ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയാനും ഡോക്ടറെ കണ്ട് അതനുസരിച്ചു മരുന്നുകളിൽ വ്യത്യാസം വരുത്താനും സാധിക്കൂ. ആശുപത്രിയിൽ വച്ചു നോക്കുമ്പോൾ ബിപി വർധിച്ചു കാണുന്ന വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ, മരുന്നു കഴിച്ചിട്ടും ബിപി കുറയാത്ത റെസിസ്റ്റീവ് ഹൈപ്പർടെൻഷൻ പോലെയുള്ള പ്രശ്നങ്ങളെ തിരിച്ചറിയാനും കൃത്യമായ ബിപി പരിശോധന സഹായിക്കും. അമിത രക്തസമ്മർദവുമായി ബന്ധപ്പെട്ട മറ്റു സങ്കീർണതകളിലേക്കു പോകുന്നില്ല എന്നുറപ്പാക്കാനും പരിശോധന നല്ലത്. വീട്ടില്‍ തന്നെ ബിപി നോക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം
സാധാരണ ബിപി മീറ്റർ
കൈമടക്കിന്റെ രണ്ടു വിരൽ മുകളിലായി വേണം സ്ഫിഗ്മോ മാനോമീറ്റർ കഫ് കെട്ടാൻ. കൈ വലുപ്പത്തിനനുസരിച്ച് വ്യത്യസ്തമായ കഫ് സൈസുകൾ ലഭിക്കും. അനുയോജ്യമായ കഫ് ധരിക്കുന്നത് റീഡിങ്ങ് കൂടുതൽ കൃത്യമാക്കും. കഫ് കെട്ടുന്ന ഇടതു കൈ പരന്ന പ്രതലത്തിൽ സൗകര്യപ്രദമായും റിലാക്സ്ഡ് ആയും ഹൃദയത്തിനു സമാന്തരമായി വയ്ക്കുക. കസേരയിൽ ചാഞ്ഞിരുന്ന് കാൽ തറയിൽ പതിച്ചുവയ്ക്കുക. സംസാരിക്കരുത്. ശാന്തമായി ഇരിക്കുക. കഫ് കെട്ടുന്നത് ഡ്രെസ്സിനു മുകളിലാകാതിരിക്കുന്നതാണ് കൂടുതൽ കൃത്യതയുള്ള റീഡിങ് ലഭിക്കാൻ നല്ലത്. കനം കുറഞ്ഞ വസ്ത്രമാണെങ്കിൽ പ്രശ്നമില്ല.
ഡിജിറ്റൽ ബിപി മീറ്റർ
സാധാരണ ബിപി മീറ്റർ ഉപയോഗിച്ച് റീഡിങ് എടുക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പാലിക്കുക. ഡിജിറ്റൽ ബിപി മീറ്ററിന്റെ വയർ കൃത്യമായി കൈ മടക്കിലെ പ്രധാനനാഡിയോട് തൊട്ടിരിക്കണം.
ബിപി റീഡിങ് എടുക്കുമ്പോൾ ഒരു മിനിറ്റ് ഇടവേളയിൽ മൂന്നു റീഡിങ്ങുകൾ എടുക്കുക. മൂന്നിന്റെയും വാല്യു കുറിച്ചുവയ്ക്കണം. ബിപി മരുന്നു കഴിക്കുന്നവർ രാവിലെയും വൈകിട്ടും മരുന്നു കഴിക്കുന്നതിനു മുൻപ് ബിപി നോക്കുക. വീട്ടിൽ ബിപി നോക്കുന്നവർ ഇടയ്ക്കു ബിപി മെഷീൻ ലാബിലെയോ മറ്റോ സാധാരണ ബിപി മീറ്ററുമായി ഒത്തുനോക്കി കൃത്യമാണെന്ന് ഉറപ്പാക്കണം.