പശുവിൻ പാൽ കുടിച്ചാൽ അലർജി വരുമോ? പരീക്ഷിക്കാം സസ്യങ്ങളിൽ നിന്നുള്ള പാൽ
പാൽ മികച്ചൊരു പോഷകാഹാരമാണെന്നതിൽ തർക്കമില്ല. എന്നാൽ എല്ലാവർക്കും പാൽ കുടിക്കാൻ സാധിക്കില്ല. ലാക്‌ടോസ് ഇൻടോളറൻസ് (പാലിലെ ലാക്ടോസ് എന്ന ഘടകത്തെ ദഹിപ്പിക്കാനാകാത്ത അവസ്ഥ) ഉള്ളവർ പാൽ ഒഴിവാക്കേണ്ടിവരും. കൂടാതെ വീഗൻ ഡയറ്റിന്റെ ഭാഗമായും പശു, ആട് പോലുള്ള മൃഗങ്ങളുെട പാൽ കുടിക്കാൻ സാധിക്കില്ല. ഈ കുറവു നികത്താൻ സഹായിക്കുന്നതാണു സസ്യങ്ങളിൽ നിന്നു തയാറാക്കുന്ന പാൽ അഥവാ പ്ലാന്റ് ബേസ്ഡ് മിൽക്. ബദാം പാൽ, സോയ പാൽ, ഓട്സ് പാൽ എന്നിവയാണു സാധാരണ സസ്യ പാലുകൾ.
ജനപ്രിയമായ ബദാം പാൽ
സസ്യാഹാരം കഴിക്കുന്നവർക്കും ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്കും ബദാം പാൽ സുരക്ഷിതമായി ഉപയോഗിക്കാം. ബദാം പാലിൽ സാധാരണയായി വെള്ളം, ബദാം, ഉപ്പ്, വൈറ്റമിനുകളും ധാതുക്കളും, അതിന്റെ ആയുസ്സ് മെച്ചപ്പെടുത്തുന്നതിനുള്ള പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടുതൽ പോഷകമൂല്യങ്ങൾ ലഭിക്കാനും ഊർജ നിലയ്ക്കും വൈറ്റമിൻ ഡി, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ മധുരമില്ലാത്ത ബദാം പാൽ ഉപയോഗിക്കാം. ബദാം പാൽ ഫോസ്ഫറസ് , മാംഗനീസ് , ഇരുമ്പ് , ചെമ്പ്, പൊട്ടാസ്യം , വൈറ്റമിൻ ഡി , വൈറ്റമിൻ ഇ എന്നിവയുെട സ്രോതസ്സാണ്. ബദാം പാലിൽ പഞ്ചസാരയും അന്നജവും കുറവാണ്. നട്സിനോട് അലർജിയുണ്ടെങ്കിൽ ബദാം പാൽ കുടിക്കരുത്. ബദാം പാലിൽ പശുവിൻ പാലിനെക്കാളും സോയാ പാലിനെക്കാളും പ്രോട്ടീൻ കുറവാണ്. തൈറോയ്ഡ് പ്രവർത്തനം കുറവാണെങ്കിൽ, ബദാം പാൽ ഒഴിവാക്കുക.
സോയ പാലിന്റെ മേന്മ
സോയാ പാലിലെ വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ആരോഗ്യപരമായ ഗുണങ്ങൾ നൽകും. സോയാ പാലിൽ കാണപ്പെടുന്ന വൈറ്റമിൻ ബി നാഡീകോശങ്ങളും ഡിഎൻഎയും നിലനിർത്താൻ ശരീരത്തെ സഹായിക്കുന്നതിനു പ്രധാനമാണ്. വിളർച്ച ഒഴിവാക്കാൻ സഹായിക്കും. ഇതു ക്ഷീണവും തടയും. സോയാ പാലിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, അവ ഡിമൻഷ്യ, അൽസ്ഹൈമേഴ്സ് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഏറ്റവും മികച്ച മൃഗേതര ഉറവിടങ്ങളിൽ ഒന്നാണു സോയ.
സോയാ പാലിലെ പ്രോട്ടീൻ പേശികളെയും അവയവങ്ങളെയും ആരോഗ്യമുള്ളതാക്കാൻ സഹായിക്കുന്നതാണ്. പശുവിൻപാലിന്റെ പോഷകഘടനയുമായി സോയാ പാലിനു സാമ്യമുണ്ട്. അതിനാൽ പശുവിൻ പാലിനു പകരമായും ഉപയോഗിക്കാവുന്നതാണ്. സോയാ പാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ കുറയുന്നതിനു സഹായിക്കുന്നു. കൂടുതൽ സോയ കഴിക്കുന്ന സ്ത്രീകളിൽ സ്തനാർബുദം വീണ്ടും വരാനുള്ള സാധ്യതയും കുറയുന്നു. വൃക്കകളുടെ പ്രവർത്തനത്തിനും സോയാ പാൽ സഹായിക്കുന്നു. കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ് ഫോർട്ടിഫൈഡ് സോയാ മിൽക്ക്. കുട്ടികൾക്കു സോയയോട് അലർജി ഉണ്ടാകാൻ സാധ്യതയുണ്ട്.
ഗുണമേറിയ ഒാട്സ് പാൽ
ഓട്സ് പാൽ സസ്യാധിഷ്ഠിത പാൽ ആണ്. സർട്ടിഫൈഡ് ഗ്ലൂട്ടൻ ഫ്രീ ഓട്‌സിൽ നിന്നാണു നിർമിച്ചതെങ്കിൽ, ഗ്ലൂട്ടൻ അലർജി ഉള്ളവർക്കും ഇത് അനുയോജ്യമാണ്. ഹൃദയത്തിനും അസ്ഥികൾക്കും ഒാട്സ് പാൽ ഗുണം ചെയ്യാം. സ്വാഭാവികമായും ലാക്റ്റോസ്, നട്‌സ്, സോയ എന്നിവ അടങ്ങിയിട്ടില്ലാത്തതിനാൽ ചില ഭക്ഷണ അലർജി ഉള്ളവർക്ക് ഓട്‌സ് പാൽ സുരക്ഷിതമാണ്. വൈറ്റമിനുകളുടെ മികച്ച ഉറവിടമായ ഓട്സ് പാലിൽ റൈബോഫ്ലേവിൻ (ബി 2), വൈറ്റമിൻ ബി 12 തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഓട്സ് പാലിൽ കാത്സ്യം, വൈറ്റമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുെട ആരോഗ്യത്തിനു ഗുണകരമാണ്. വിപണിയിൽ ലഭിക്കുന്ന എല്ലാ ഒാട്സ് പാലും ഗ്ലൂട്ടൻ അടങ്ങാത്തതാണ് എന്നു പറയാൻ കഴിയില്ല. ഗ്ലൂട്ടൻ അലർജി ഉള്ളവർ ഗ്ലൂട്ടൻ ഫ്രീ എന്നു രേഖപ്പെടുത്തിയിരിക്കുന്ന പാൽ മാത്രം വാങ്ങുക.
ഒാട്സ് പാലിൽ മറ്റു പാലുകളെ അപേക്ഷിച്ചു പ്രോട്ടീൻ അളവു കുറവാണ്. ഓട്‌സ് പാലിന്റെ മറ്റൊരു പോരായ്മ പശുവിൻ പാലിനേക്കാൾ വില കൂടുതലാണ് എന്നതാണ്. ഓട്സ് പാൽ കുട്ടികൾക്കു പൊതുവെ സുരക്ഷിതമാണ്. എങ്കിലും, ഇതു മുലപ്പാൽ അല്ലെങ്കിൽ പശുവിൻ പാലിനു പകരമല്ല. കാരണം അവശ്യ ശരീരവളർച്ചയ്ക്ക് ആവശ്യമായിട്ടുള്ള പോഷകങ്ങൾ ഇതിലില്ല.
തയാറാക്കിയത്
രഹന രാജൻ
സീനിയർ ക്ലിനിക്കൽ ഡയറ്റീഷൻ
ആസ്റ്റർ മെഡ്സിറ്റി, എറണാകുളം