ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം പോകുന്നുണ്ടോ? മെഷ് വച്ചുള്ള സർജറി ചെയ്യാം; മുറിവു കുറവ്, പെട്ടെന്ന് ആശുപത്രി വിടാം Urination problems in Older Adults
ഇതെത്രാമത്തെ തവണയാണ് അച്ഛാ വണ്ടി നിർത്തുന്നത്? അസഹ്യതയോടെ മകൻ ചോദിച്ചു. കുടുംബസമേതം മൂന്നാർ യാത്രയ്ക്കിറങ്ങിയതാണ് അവർ. രണ്ടു മ ണിക്കൂറിനിടയിൽ ഇതിപ്പോൾ നാലാം തവണയാണ് അച്ഛനു മൂത്രശങ്ക നിവർത്തിക്കാനായി വണ്ടി നിർത്തുന്നത്...‘‘ ഇതുകൊണ്ടാണ് ഞാൻ ദൂരയാത്രയ്ക്കില്ല എന്നു പറഞ്ഞത്....’’ അച്ഛൻ ആത്മഗതം ചെയ്തു.
പ്രായമായവരിൽ വളരെ സാധാരണയായി കാണപ്പെടുന്ന മൂത്രാശയ സംബന്ധമായ ലക്ഷണങ്ങളാണ് കൂടുതൽ പ്രാവശ്യം മൂത്രം ഒഴിക്കുക, മൂത്രം പോകുവാൻ ബുദ്ധിമുട്ട്, അതുപോലെ അറിയാതെ മൂത്രം പോകുക എന്നിവ. ഇതിൽ ആദ്യത്തെ രണ്ടു ലക്ഷണങ്ങളും പുരുഷന്മാരിലും അവസാനത്തേതു സ്ത്രീകളിലുമാണു കാണപ്പെടുന്നത്.
ഇടയ്ക്കിടെയുള്ള ശങ്ക
ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നുന്നത് കൂടുതലും പുരുഷന്മാരിൽ ആണ്. ഇതു പകലും രാത്രിയിലും കാണുന്നുണ്ട്. പകൽ ഇതു പുരുഷന്മാരിൽ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് യാത്രാവേളകളിൽ. അതുപോലെ രാത്രിയിലെ ഈ ലക്ഷണം ഉറക്കത്തെയും ബാധിക്കും.
ഈ ലക്ഷണം കൂടുതലും കാണുന്നത് 45 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാരിൽ ആണ്. പ്രോസ്േറ്ററ്റ് ഗ്രന്ഥിയുടെ വളർച്ചയുടെ (ബിപിഎച്ച്) ലക്ഷണമാണിത്. മൂത്രത്തിൽ അണുബാധയുണ്ടായാലും ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട്.
പ്രോസ്േറ്ററ്റു ഗ്രന്ഥി വലുതായി മൂത്രനാളിയെ ഞെരുക്കുന്നതു കാരണമാണ് മൂത്രസംബന്ധമായ ലക്ഷണങ്ങൾ വരുന്നത്. മൂത്രധാര നേർത്തുപോവുക, മൂത്രമൊഴിച്ചു തീരാറാകുമ്പോൾ തുള്ളി തുള്ളിയായിപോവുക, അറിയാതെ മൂത്രം പോവുക എന്നീ ലക്ഷണങ്ങളും പ്രോസ്േറ്ററ്റു ഗ്രന്ഥി വലുതാകുന്നതിന്റെ ഭാഗമായി കാണാറുണ്ട്.
അതുകൊണ്ട് 45 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാർ വർഷം തോറും പ്രോസ്േറ്ററ്റ് പരിശോധനകൾ ചെയ്യേണ്ടത് ആവശ്യമാണ്. ക്ലിനിക്കൽ പരിശോധന,അൾട്രാസൗണ്ട് പരിശോധന, പിഎസ്എ (പ്രോസ്േറ്ററ്റ് സ്പെസിഫിക് ആന്റിജൻ) രക്തപരിശോധന, മൂത്രപരിശോധന എന്നീ പരിശോധനകൾ ഡോക്ടറുടെ നിർദേശമനുസരിച്ചു ചെയ്യണം.
അണുബാധയാണോ പ്രോസ്േറ്ററ്റ് പ്രശ്നമാണോ എന്ന് ഒരു മൂത്രാശയ
രോഗവിദഗ്ധനെ കണ്ട് ഉറപ്പാക്കി അതിനനുസരിച്ചുള്ള ചികിത്സ ചെയ്യണം. അണുബാധയ്ക്കു മരുന്നുചികിത്സ മതിയാകും. പ്രോസ്േറ്ററ്റ് വലുതാകലിന് ആൽഫാബ്ലോക്കറുകൾ ഉൾപ്പെടെ ഒട്ടേറെ ഫലപ്രദമായ ഔഷധങ്ങൾ ലഭ്യമാണ്. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രോസ്േറ്ററ്റ് നീക്കംചെയ്യാനുള്ള ശസ്ത്രക്രിയ ചെയ്യേണ്ടിവരും.
മൂത്രം പോകാതെ വന്നാൽ
അടുത്തതായി കാണുന്ന പ്രധാന ലക്ഷണം മൂത്രം ഒട്ടും പോകാതെ കെട്ടിക്കിടക്കുന്നതാണ്. അതും പ്രായമായ പുരു ഷന്മാരിലാണു കാണുന്നത്. ഇതു രണ്ടു തരമുണ്ട്. ഒന്ന്, വളരെ പെട്ടെന്നുസംഭവിക്കുന്നത്, രണ്ട്, വളരെ കാലമായുള്ളത്.
മൂത്രം പോകാത്തതിന്റെ ഒരു പ്രധാന കാരണം മൂത്രാശയത്തിലെ കല്ലുകളാകാം. പ്രോസ്േറ്ററ്റ് ഗ്രന്ഥിയുടെ വീക്കം കാരണവും മൂത്രം പോകാതെ കെട്ടിക്കിടക്കാം. ഈ ലക്ഷണം കണ്ടാൽ വൈകാതെ തന്നെ ഒരു യൂറോളജിസ്റ്റിനെ കണ്ട് എന്താണു കാരണമെന്നു കണ്ടെത്തി ചികിത്സിക്കണം.
അറിയാതെ മൂത്രം പോകൽ
പ്രായമായ സ്ത്രീകളിൽ കാണുന്ന ഒരു ലക്ഷണമാണ് മൂത്രം അറിയാതെ പോകുക (Urinary Incontinence). പ്രത്യേകിച്ച് ചുമയ്ക്കുകയോ തുമ്മുകയോ വ്യായാമം ചെയ്യുകയോ ചെയ്യുമ്പോൾ. കൂടുതൽ തവണ പ്രസവിച്ച സ്ത്രീകളിൽ ആണ് ഇതു സാധാരണയായി കാണുന്നത് പ്രസവങ്ങളെ തുടർന്ന് ഇടുപ്പിലെ പേശികൾക്ക് അയവു വരുന്നതു കാരണമാണ് ഈ പ്രശ്നം ഉണ്ടാകുന്നത്.
മൂത്രാശയത്തിലെ അണുബാധ കൊണ്ടും അറിയാതെ മൂത്രം പോകുന്ന അവസ്ഥയുണ്ടാകാം. അതുകൊണ്ട് നാണക്കേടു വിചാരിച്ചു ഡോക്ടറെ കാണാതിരിക്കരുത്. അണുബാധയാണെങ്കിൽ ആന്റിബയോട്ടിക് മരുന്നുകൾ കഴിച്ച് രോഗം മാറിയാൽ പ്രശ്നം പരിഹരിക്കപ്പെടും.
പേശികളെ ശക്തിപ്പെടുത്താം
ഇടുപ്പിലെ പേശികൾ (Pelvic floor muscles) അയയുന്നതു കാരണമുള്ള അറിയാതെ മൂത്രം പോകലിൽ പെൽവിക് പേശികളെ ബലപ്പെടുത്തുന്ന വ്യായാമം പതിവായി ചെയ്യുന്നതു ഫലപ്രദമാണ്. കെഗൽസ് വ്യായാമം ഉദാഹരണം. മൂത്രമൊഴിക്കുന്നതു നിർത്താനായി സഹായിക്കുന്ന പേശികളാണ് പെൽവിക് ഫ്ലോർ പേശികൾ. വ്യായാമം വഴി ശരീരപേശികളെ ദൃഢമാക്കുന്നതുപോലെ തന്നെ പെൽവിക് പേശികളെ പലതവണ മുറുക്കുകയും അയയ്ക്കുകയും ചെയ്തു ശക്തിപ്പെടുത്തുകയാണ് കെഗൽസ് വ്യായാമത്തിലും ചെയ്യുന്നത്. ഉള്ളിലുള്ള പേശികൾക്കുള്ള വ്യായാമം ആയതിനാൽ യാത്ര ചെയ്യുമ്പോഴും ടിവി കാണുമ്പോഴുമെല്ലാം ഇതു ചെയ്യാം.
അമിത ശരീരഭാരം ഉണ്ടെങ്കിൽ കുറയ്ക്കുക, കാപ്പിയുടെ ഉപയോഗം മിതമാക്കുക, ദീർഘനേരം മൂത്രമൊഴിക്കാതിരിക്കുന്ന രീതി ഒഴിവാക്കുക എന്നീ കാര്യങ്ങൾ ചെറിയതോതിലുള്ള ഇൻകോണ്ടിനൻസിൽ ഫലപ്രദമായി കാണുന്നു.
ശസ്ത്രക്രിയയും കുത്തിവയ്പും
ചിലരിൽ ശസ്ത്രക്രിയ കൊണ്ടേ പ്രശ്നം പരിഹരിക്കാനാകൂ.
∙ മിഡ് യുറീത്രൽ സ്ലിങ് സർജറി–വളരെ കുറച്ചു മുറിവുകൾ മാത്രമുള്ള, ചുരുങ്ങിയ സമയം കൊണ്ടു ചെയ്യാവുന്ന ഈ ശസ്ത്രക്രിയയിൽ മൂത്രനാളിക്കു താഴെയായി ഒരു മെഷ് വച്ചു താങ്ങു നൽകുകയാണു ചെയ്യുന്നത്. ഈ രീതിക്ക് 80–90 ശതമാനം ഫലപ്രാപ്തിയുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു.
∙ യുറീത്രൽ ബൾക്കിങ് ഇൻജക്‌ഷൻ– മൂത്രനാളിയുടെ ഭിത്തിയിലേക്കു കുത്തിവയ്പുകൾ നൽകുന്നു. ആ ശുപത്രിയിൽ വച്ച് അനസ്തീസിയ നൽകി മൂത്രാശയവും മൂത്രനാളിയും മരവിപ്പിച്ച ശേഷമാണ് ഈ കുത്തിവയ്പു ന ൽകുന്നത്. മറ്റു രോഗാവസ്ഥകൾ മൂലം ശസ്ത്രക്രിയ സാധ്യമല്ലാത്തവരിലാണ് സാധാരണ ഇതു നൽകുന്നത്. മൂത്രാശയ അണുബാധ, മൂത്രനാളിയിൽ തടസ്സം തുടങ്ങിയവ പോലുള്ള ചില രോഗാവസ്ഥകൾ ഉള്ളവർക്ക് ഈ കുത്തിവയ്പു നൽകാനാകില്ല.
ഡോ. രാജു ഏബ്രഹാം
യൂറോളജിസ്റ്റ്, കൃഷ്ണ ഹോസ്പിറ്റൽ, കൊച്ചി