പ്രമേഹത്തെ വരുതിയിലാക്കാൻ മരുന്ന് മാത്രം പോരാ... ഭക്ഷണവും ഒരു ചികിത്സയാണ് World Diabetes Day 2025
പ്രമേഹം പോലുള്ള ഗുരുതരമായ രോഗം ബാധിച്ചവർ മരുന്നിനൊപ്പം ഭക്ഷണവും ശ്രദ്ധിക്കണം. അനാരോഗ്യകരമായ ഭക്ഷണക്രമം ഉപേക്ഷിച്ചാൽ തന്നെ പ്രമേഹത്തെ വരുതിയിലാക്കാൻ സാധിക്കും.
പ്രീ ഡയബറ്റിസ് അവസ്ഥയിൽ ഉള്ളവർക്കും ചിട്ടയായ ഭക്ഷണരീതി പ്രയോജനകരമാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.
∙ ചിട്ടയില്ലാത്ത ഭക്ഷണശീലം അമിതഭാരം സമ്മാനിക്കും. പ്രമേഹരോഗികൾ അമിതവണ്ണം കുറയ്ക്കുന്നതിലൂെട പ്രമേഹനിയന്ത്രണം എളുപ്പമാക്കാം. അമിതവണ്ണം ഹൃദയത്തെയും ദോഷകരമായി ബാധിക്കുമെന്ന് ഒാർക്കുക.
∙ ഒാരോ ഭക്ഷണപദാർഥത്തിന്റെയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്താനുള്ള ശേഷിയെയാണ് ഗ്ലൈസീമിക് ഇൻഡെക്സ് (ജിഐ) എന്നു പറയുന്നത്. ജിഐ കുറഞ്ഞ പദാർഥങ്ങൾ രക്തത്തിലെ ഗ്ലൂക്കോസ് കുറച്ചു മാത്രമെ വർധിപ്പിക്കൂ. റവ, മൈദ പോലുള്ള സംസ്കരിച്ച ധാന്യങ്ങളിൽ ജിഐ കൂടുമെന്നതിനാൽ കുറച്ചു മാത്രം ഉപയോഗിക്കുക.
∙ നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ 70 ശതമാനവും അന്നജമാണ്. ചോറാണ് അന്നജത്തിന്റെ പ്രധാന ഉറവിടം. ചോറ് പൂർണമായി ഉപേക്ഷിക്കാൻ സാധിക്കാത്തവർ അളവു കുറച്ചാൽ മതി. വെള്ളച്ചോറിനെക്കാൾ തവിട് നീക്കാത്ത കുത്തരിയാണ് ഉത്തമം.
∙ സ്റ്റാർച്ച് കൂടുതലടങ്ങിയ കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ഉരുളക്കിഴങ്ങ് പോലുള്ളവ ഒഴിവാക്കണം. ഇവ അമിതമായി കഴിച്ചാൽ ഷുഗർ കൂടും.
∙ നാരുകൾ രക്തത്തിലെ ഗ്ലൂക്കോസ് കൂടാതിരിക്കാൻ സഹായിക്കും. തവിട് നീക്കാത്ത ധാന്യങ്ങൾ. തവിട് കളയാത്ത ഒാട്സ്, നുറുക്ക് ഗോതമ്പ്, കുവരക് എന്നിവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. പച്ചക്കറികളിലും നാരുകൾ ഉണ്ട്. പ്രമേഹരോഗികൾ രാത്രി പച്ചക്കറികൾ കഴിക്കുന്നതാണു നല്ലത്.
∙ അമിതമായ അളവിലുള്ള മാംസാഹാരം, ശരീരത്തിൽ കൊഴുപ്പിന്റെ അളവു കൂട്ടും. ബീഫ്, മട്ടൻ, മുട്ടയുെട മഞ്ഞ കുറയ്ക്കാം. ചെറുമത്സ്യങ്ങൾ നല്ലതാണ്. തൊലി നീക്കിയ കോഴിയിറച്ചിയാണ് പ്രമേഹരോഗികൾക്ക് ഉത്തമം. മീനായാലും മാംസമായാലും വറുത്തു കഴിക്കരുത്.
∙ പഴങ്ങൾ പൂർണമായി ഒഴിവാക്കണ്ട. മധുരം കുറവുള്ള പഴങ്ങൾ – പേരയ്ക്ക, അധികം പഴുക്കാത്ത പപ്പായ എന്നിവ കഴിക്കാം, അളവു കുറച്ചു മതി. പ്രധാന ഭക്ഷണമായി പഴങ്ങൾ കഴിക്കരുത്. പഴങ്ങൾ ജൂസായും കഴിക്കരുത്.
∙ അപകടകരമായ പൂരിത കൊഴുപ്പ് അടങ്ങിയ വെണ്ണ, ഡാൽഡ, പാംഒായിൽ എന്നിവ കഴിവതും ഒഴിവാക്കണം. ഒഴിവ് ഒായിൽ, സസ്യഎണ്ണ, സോയ എണ്ണ എന്നിവ നല്ലതാണ്.
∙ പ്രമേഹരോഗി ആഹാരം മുടക്കരുത്. കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കണം. ഒരു നേരം കഴിക്കാതെ ഇരുന്നശേഷം അടുത്തനേരം കൂടുതൽ കഴിക്കുന്നത് അപകടമാണ്.
∙ ദിവസവും വ്യായാമത്തിനായി സമയം മാറ്റിവയ്ക്കുക. നടത്തമാണ് എല്ലാവർക്കും െചയ്യാൻ പറ്റിയ ലളിതമായ വ്യായാമം. ഹൃദ്രോഗികൾ ഡോക്ടറുെട നിർദേശപ്രകാരം വ്യായാമം െചയ്യുക.